advertisement
Skip to content

വിവാദങ്ങളിൽ ജീവിക്കുന്ന കേരളവും ഷംസീറും ഗണപതിയും പിന്നെ സുകുമാരൻ നായരും

രാജേഷ് തില്ലങ്കേരി

രാജേഷ് തില്ലങ്കേരി

വിവാദങ്ങളൊന്നുമില്ലെങ്കിൽ പിന്നെ എന്ത് മലയാളി എന്ന അവസ്ഥയിലായി കേരളത്തിലെ കാര്യങ്ങൾ. എന്തെങ്കിലും വിവാദം ഇങ്ങനെ മുകളിൽ കത്തിക്കൊണ്ടിരിക്കണം. അതിന്റെ ചൂടിലാണ് നമ്മുടെ ജീവിതം. അത് വിശ്വാസത്തിന്റേതാവാം, രാഷ്ട്രീയത്തിന്റേതാവാം അങ്ങിനെ പലതുമാവാം.
കേരളത്തിൽ കൊടുമ്പിരിക്കൊണ്ട വിവാദങ്ങളൊക്കെ പിന്നെ തണുത്ത് ആവിയായി മാറുന്നതും നമ്മൾ കണ്ടതാണ്. വിശ്വാസവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചിലപ്പോൾ അങ്ങ് വല്ലാതെ കത്തിപ്പടരും, അത് വിശ്വാസം വൈകാരികമാവുന്നതിനാലാണ്. അതുകൊണ്ടാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവിവാദം കത്തിപ്പടർന്നതും, എൽ ഡി എഫിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റുമാത്രമായി ചുരുങ്ങേണ്ടിവന്നതും.

സോളാർ വിവാദം, ബാർക്കോഴ വിവാദം എന്നിവ കത്തിച്ച ചൂടിലാണല്ലോ എൽ ഡി എഫ് സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തുന്നത്. ക്ഷമിക്കണം എൽ ഡി എഫ് സർക്കാർ എന്നു പറയുന്നതിൽ അർത്ഥമില്ല പിണറായി സർക്കാർ എന്നു തന്നെ വ്യക്തമായി പറയണം. സോളാർ വിവാദം കത്തിയതും അതിന്റെ പുകപടലം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയതും നാം മറന്നിട്ടില്ല. അക്കാലത്തെ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും രാഷ്ട്രീയമായി തകർക്കാൻ ഉണ്ടാക്കിയെടുത്ത ഒന്നാന്തരം വാളായിരുന്നു അത്. ഇതിൽ പലരും കടപുഴകിവീണു. ഉമ്മൻ ചാണ്ടി രാഷ്ട്രീയമായി ഏറെക്കുറെ ശരശയ്യയിലായി. കേസ് സി ബി ഐക്കുവരെ വിട്ട് രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയം നേടാൻ പിണറായി വിജയന് കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മരണത്തോടെയാണ് ചിലരൊക്കെ ആ സത്യം തുറന്നു പറഞ്ഞത്. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസ് നായിക ഉയർത്തിയ ലൈംഗീകാരോപണകേസിൽ ഉണ്ടായ വിവാദങ്ങളും കോലാഹലങ്ങളും കേരളം കണ്ടതാണ്. ഉമ്മൻ ചാണ്ടി നിരപരാധിയായിരുന്നു എന്നും അതെല്ലാം രാഷ്ട്രീയ നേട്ടത്തിനായി ഉയർത്തിയ വിവാദങ്ങളായിരുന്നു എന്നും പിന്നീട് പൊതുജനം അറിയുന്നു. ജസ്റ്റിസ് ശിവരാജന് മാത്രമാണ് ഈ വിവാദം കൊണ്ട് ആകെ ഗുണമുണ്ടായത്.

ബാർ കോഴവിവാദം, കോഴപ്പണം എണ്ണാനായി ധനമന്ത്രിയായിരുന്ന കെ എം മാണി പാലായിലെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം വാങ്ങിയത്. കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തൽ , നിയമസഭാ കയ്യാങ്കളി എ്ന്നിവ ബൈപ്രൊഡക്റ്റ്. എന്നിട്ടോ ആ മാണിയുടെ മകൻ ഇടതുചേരിയിൽ അഭയം തേടുന്നതാണ് നാം പിന്നീട് കണ്ട കാഴ്ച.

കേരളാ കോൺഗ്രസ് ബി നേതാവായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ ഇടമലയാർ അഴിമതിക്കേസിൽ ജയിലിൽ അയച്ചപാർട്ടി തന്നെ ഒടുവിൽ അദ്ദേഹത്തെ മുന്നോക്കവികസന കോർപ്പറേഷൻ ചെയർമാനാക്കി. മകനെ പത്തനാപുരത്ത് ജയിപ്പിച്ച് സ്വന്തം കീശയിലുമാക്കിയെന്നതും പിന്നീടുള്ള ചരിത്രം,

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായ ഏറ്റവും വലിയ വിവാദമായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിവാദം. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഒരു ഉത്തരേന്ത്യക്കാരി നൽകിയ ഹർജി സുപ്രിംകോടതി കേസ് പരിഗണിക്കവെ സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്ന് കേരള സർക്കാർ സത്യവാഗ്മൂലം നൽകി. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥരായ ദേവസ്വം വകുപ്പ് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നു മാത്രമല്ല വിശ്വാസികളെ രണ്ടു തട്ടുകളിലാക്കുന്ന നയം നടപ്പാക്കി. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചതോടെ കേരളത്തിലെ ബി ജെ പി സംഘപരിവാർ ഗ്രൂപ്പുകൾ വിശ്വാസ സംരക്ഷകരായി രംഗത്തെത്തി. നാമജപഘോഷയാത്രയും മറ്റുമായി വിശ്വാസികൾ രംഗത്തെത്തി. പുരോഗമനവാദികളായ ഇടതുപക്ഷക്കാർ അരയും തലയും മുറുക്കി ഇതിനെ നേരിടാൻ രംഗത്തിറങ്ങി. വിവാദം കൊടുമ്പിരിക്കൊണ്ടു. നാടെങ്ങും പ്രതിഷേധം, ശബരിമലയിൽ അറസ്റ്റ് , പിക്കറ്റിംഗ് . പൊലീസിന്റെയും മറ്റും സഹായത്തോടെ രണ്ട് യുവതികളെ ശബരിമലയിൽ എത്തിച്ചു.

പ്രൈസ് വാട്ടർ കൂപ്പർ, റെഡ്ക്രസന്റ് ഫണ്ട് തട്ടിപ്പ്, വടക്കാഞ്ചേരിയിലെ പാവങ്ങൾക്കായി നിർമ്മിക്കുന്ന ഫ്‌ളാറ്റ് തട്ടിപ്പ്, ശിവശങ്കരന്റെ അറസ്റ്റ്, ചോദ്യം ചെയ്യൽ, അന്ന് മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ ഖുറാൻ വിവാദം, ഇഡിയുടെ ചോദ്യംചെയ്യലും വടക്കാഞ്ചേരിയിലെ കോഴപ്പണം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതുമൊക്കെ കേരളം ഏറെ ചർച്ച ചെയ്ത വിവാദങ്ങളാണ്. ഇതിൽ എം ശിവശങ്കരൻ ഏറെ നാൽ ജയിലിൽ കഴിഞ്ഞു, കഴിഞ്ഞ ദിവസം ആൾ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിവാദങ്ങൾ ഇപ്പോഴും എയറിൽ നിൽക്കുകയാണ്.

വിശ്വാസികൾ ഒരു ഭാഗത്ത്, മറുഭാഗത്ത് പുരോഗമനവാദികൾ സ്ത്രീ മതിൽ തീർക്കുന്നു. ഒടുവിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റുകൾ നഷ്ടപ്പെട്ടപ്പോഴാണ് കാര്യം മനസിലായിത്. വയനാട്ടിൽ രാഹുൽ മത്സരിക്കാനായി എത്തിയതാണ് സകല കുഴപ്പങ്ങൾക്കും കാരണമെന്നായിരുന്നു സി പി എമ്മിന്റെ വാദം. എന്തായാലും സോളാർ പോലെ, അതിനപ്പുറം കത്തിനിന്ന മറ്റൊരു വിവാദമായിരുന്നല്ലോ സ്വപ്‌ന സുരേഷിന്റെ നയതന്ത്രബാഗ് സ്വർണക്കടത്ത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന എം ശിവശങ്കരൻ ഐ എ എസിനും എതിരെയുർന്ന ആരോപണങ്ങൾ കൊറാണക്കാലത്തെ ഏറ്റവും വലിയ വിവാദമായി. കൊറോണക്കാലമായിട്ടും പ്രതിഷേധങ്ങളും മറ്റും സംസ്ഥാനത്ത് അരങ്ങേറി. എന്നാൽ അതിനെയൊക്കെ നേരിടാൻ കൊറോണ കിറ്റിന് കഴിഞ്ഞതിനാൽ തിരിച്ചടികളുണ്ടാവാതെ എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയെന്നത് മറ്റൊരു ചരിത്രം.

ശബരിമലയിൽ തിരിച്ചടി കിട്ടയതിന്റെ ഓർമ്മയിലാണെന്നു തോന്നുന്നു സ്പീക്കർ എ എൻ ഷംസീർ ഉയർത്തിയ 'ഗണപതി വെറും മിത്ത് ' എന്ന പരിപാടിയിൽ പെട്ടെന്ന് വെള്ളം ചേർക്കാൻ സി പി എം തയ്യാറായത്.


ശാസ്ത്രമാണ് പരിപോഷിപ്പിക്കേണ്ടത് എന്ന ഷംസീറിന്റെ വാദം ശരിയാണ്. പക്ഷേ, ഷംസീർ നിലവിൽ കേരള നിയമസഭയിലെ സ്പീക്കറാണ്. ജനങ്ങളുടെ സ്വത്തിനും വിശ്വാസത്തിനും സംരക്ഷണം കൊടുക്കാൻ ബാധ്യസ്ഥരായ സർക്കാറിന്റെ തലവനാണിദ്ദേഹം എന്നത് മറന്നതാണ് വിഷയം. യുക്തിവാദികൾക്കും, സി പി എം, സി പി ഐ തുടങ്ങിയ പുരോഗമന പാർട്ടികൾക്കും ഇത്തരം വാദങ്ങൾ നിരത്താം, ആരും അതിനൊന്നും എതിർപ്പ് പ്രകടിപ്പിക്കില്ല. എന്നാൽ സ്പീക്കർ നടത്തിയ ഗണപതി മിത്തെന്ന പരാമർശം കേരളത്തിൽ കഴിഞ്ഞ ദിവസം കണ്ട ഏറ്റവും വലിയ വിവാദമായി. ഒരു പക്ഷേ, അത്ര പെട്ടെന്ന് അണയാൻ സാധ്യതയില്ലാത്ത വിവാദമായി അത് മാറി. അപകടം മണത്ത് ന്യായീകരണവുമായി രംഗത്തെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഡൽഹിയിൽ എത്തിയപ്പോൾ ന്യായവാദങ്ങളെല്ലാം തിരുത്തുന്നതാണ് നാം കണ്ടത്. എൻ എസ് എസ് ജന. സെക്രട്ടറിയെ മുന്നിലിറക്കി സംഘപരിവാർ ശക്തികൾ രംഗത്തിറങ്ങയപ്പോൾ കോൺഗ്രസും അൽപ്പം ഭയന്നു. വിവാദം ഉടൻ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇപ്പോഴും പ്രതിപക്ഷനേതാവായി അഭിനയിക്കുന്ന രമേശ് ചെന്നിത്തലയും രംഗത്തെത്തി.

പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഗണപതി എയറിൽ നിന്നാൽ കുഴപ്പമാണ് എന്ന് ഇടതനും വലതനും വ്യക്തം. ഇത്തവണ വയനാട്ടിൽ രാഹുൽ മത്സരിക്കാൻ എത്തില്ലെന്നായിരുന്നു സി പി എമ്മിന്റെ ചിന്തകൾ. എന്നാൽ അയോഗ്യനാക്കിയ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ വയനാട്ടിൽ ഇത്തവണയും രാഹുൽതന്നെയായിരിക്കും മത്സരിക്കുക.

ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ഇൻഡ്യാ സഖ്യത്തിന്റെ ദേശീയ നേതാവായ രാഹുലിനെതിരെ അതേ സഖ്യത്തിലുള്ള സി പി എം എന്ത് നിലപാട് സ്വീകരിക്കുമെന്നതും ചിന്താ വിഷയമാണ്.

💡
ഗോവിന്ദൻ മാഷിന് ബോധോദയം ഉണ്ടാവാൻ ഡൽഹിവരെ പോവേണ്ടിവന്നു. വിശ്വാസികൾക്ക് എതിരല്ല ഞങ്ങളുടെ പാർട്ടിയെന്നും, ഗണപതി മിത്തെല്ല എന്നു പറഞ്ഞിട്ടില്ലെന്നുമാണ് മാഷ് പറയുന്നത്. മാഷ് ഒരു പഴയ പി ടി ട്രെയിനറാണ്. കായിക പരിശീലനം നിരവധി ദിവസങ്ങളിലൂടെ കടന്നുപോവുന്ന ഒരു എക്‌സർസൈസാണ്. പരിശീലനത്തിന് ഒരുവിലാണ് ചാമ്പ്യനാവുക. മാഷ് ഇപ്പോഴും പരിശീലനത്തിലാണ്. ചാമ്പ്യനാവണമെങ്കിൽ ഇനിയും കുറേ കാലം മാഷ് ട്രെനിംഗ് തുടരേണ്ടിവരും എന്ന് സാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest