ഫൊക്കാനയുടെ 2026 -2028 ഭരണസമിതിയിൽ കാനഡയിൽ നിന്ന് ആർ.വി.പി ആയി ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിൽ പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലതാ മേനോൻ മത്സരിക്കുന്നു. കാനഡ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ലതാ മേനോൻ ബ്രാംറ്റൺ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാനഡ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലതാ മേനോന് സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. കേരളാ ലോകകേരള സഭയിൽ അംഗമായ ലത മേനോൻ കേരള ഗവൺമെന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.
മേനോൻ ലോ പ്രഫഷനൽ കോർപറേഷന്റെ സ്ഥാപകയാണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത മേനോൻ ICW എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയാണ്. പ്രഫഷണലായ ആയിരത്തിൽ അധികം സ്ത്രികൾ അംഗങ്ങളായ സംഘടനയാണിത്. എംപവർ , എൻഗേജ് , എൻകറേജ് , എൻറ്ർപ്രൈസ് എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.
കർണ്ണാടകയിൽ വിമെൻസ് ഡേയ്ക്ക് 125 പേരെ തിരെഞ്ഞെടുത്ത് ആദരിച്ചപ്പോൾ അതിൽ ഒരാളായിരുന്നു ലതാമേനോൻ . പ്രഗത്ഭയായ ബാരിസ്റ്ററും, സോളിസിറ്ററും സജീവ കമ്മ്യൂണിറ്റി പ്രവർത്തകയുമായ ലതാ മേനോൻ ഒന്റാറിയോയിലെയും, കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിളെയും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോ യിൽ ഉപരി പഠനം പൂർത്തിയാക്കി.
ബെംഗളുരൂവിൽ വളർന്ന ലത മേനോന്റെ ഭർത്താവു ജയ്മോഹൻ മേനോൻ. മക്കൾ : ഡോ . ത്രിശാല മേനോൻ , അർജുൻ മേനോൻ.
ലതാമേനോന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനക്കും മലയാളി സമൂഹത്തിനും വലിയ നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്, സന്തോഷ് നായർ എന്നിവർ അഭിപ്രായപ്പെട്ടു.