advertisement
Skip to content

41 പേർക്ക് കൃത്രിമ കാലുകൾ ഒരുക്കി ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റ്

കോട്ടയം: കാലുകൾ നഷ്ടപ്പെട്ട ഒട്ടേറെ പേർക്ക് കൃത്രിമക്കാലുകൾ നല്കി ശ്രദ്ധേയമായ പ്രമുഖ ചാരിറ്റി സംഘടനയായ ലൈഫ് ആൻഡ് ലിംബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് അർഹരായ 41 പേർക്ക് കൃത്രിമക്കാലുകൾ നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് കോട്ടയം, കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ  നടക്കുന്ന ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക) കൺവെൻഷനിൽ ആണ് വിതരണ ചടങ്ങ് നടക്കുന്നത്.

കാലുകൾ നഷ്ടപ്പെട്ടവർക്ക് കൃത്രിമക്കാലുകൾ നൽകി, അവർക്ക് ചലനശേഷിയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുവാനും കഴിയുന്ന ഒരു മഹത്തായ പദ്ധതിയാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലൈഫ് ആൻഡ് ലിംബ് ചെയ്തു വരുന്നത്.

അമേരിക്കൻ മലയാളിയായ ജോൺസൺ സാമുവൽ ആണ് ഈ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. 2011 ൽ തന്റെ സ്വന്തം സാമ്പത്തികം ഉപയോഗിച്ച് 20 പേർക്ക് കൃത്രിമക്കാലുകൾ നൽകിക്കൊണ്ട് ആരംഭിച്ച ഈ സംരംഭം, പിന്നീട് സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സാമ്പത്തിക സഹായത്താൽ കൂടുതൽ പേർക്ക് എല്ലാവർഷവും സഹായം എത്തിക്കുവാൻ കഴിയുന്നു. ഇതുവരെ 304 ആളുകളെയാണ് ഏറ്റവും മികച്ച ഓട്ടോ ബോക്ക് എന്ന ജർമ്മൻ കമ്പനിയുടെ കൃത്രിമക്കാൽ നൽകി സഹായിച്ചത്.

2023 നവംബറിൽ, മാവേലിക്കരയിലെ വെട്ടിയാറിൽ 'ലൈഫ് ആൻഡ് ലിംബ്' എന്ന പേരിൽ ഒരു ക്ലിനിക്കിന് തുടക്കം കുറിച്ചു. അന്നുമുതൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് കൂടുതൽ മികച്ച സേവനം നൽകാൻ കഴിയുന്നു.

ഈ വർഷം രണ്ട് ഘട്ടമായി കാലുകൾ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് ഓഗസ്റ്റിൽ കുമരകത്ത് നടക്കുന്ന ഫൊക്കാന കൺവൻഷനിൽ 41 പേർക്കായി 43 കാലുകൾ നൽകുന്നത്.

ഫൊക്കാന കൺവെൻഷൻ സാധാരണയായി ഒരു വർഷം കേരളത്തിൽ, അടുത്തവർഷം അമേരിക്കയിൽ എന്ന നിലയിലാണ് നടക്കുന്നത്. ഈ വർഷത്തെ കൺവെൻഷൻ കോട്ടയത്ത്  നടത്തപ്പെടുന്നു. വിവിധ കലാപരിപാടികൾ, സെമിനാറുകൾ, സംവാദങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികൾക്കാണ് ഈ കൺവെൻഷൻ വേദിയാകുന്നത്. പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന, അവരുടെ സംസ്കാരം സംരക്ഷിക്കുന്ന, സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ സംഘടനയാണ് ഫോക്കാന.
മുൻ വർഷങ്ങളിലെതു പോലെ, ഇത്തവണയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും, മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ' ലൈഫ് ആൻഡ് ലിംബ്' കൃത്രിമക്കാലുകൾ നൽകുന്നത്. മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , ഗോപിനാഥ് മുതുകാട് (DAC Founder), കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ.ഡേവിസ് ചിറമേൽ, ചാണ്ടി ഉമ്മൻ (MLA), അഡ്വ.വർഗീസ് മാമൻ, രാജു ഏബ്രഹാം (Ex. MLA), അഡ്വ. ജയഡാലി(ചെയർപേഴ്സൺ KSDAWC),  സജിമോൻ ആന്റണി (ഫൊക്കാന പ്രസിഡന്റ്),  പോൾ കറുകപ്പള്ളി (ഫൊക്കാനാ മുൻ പ്രസിഡണ്ട്) തുടങ്ങിയവർ പങ്കെടുക്കും

അടുത്ത തവണയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തീരെ നിർധനരായ ആളുകളും, കാല് വെച്ച് നടക്കുവാൻ ആരോഗ്യമുള്ളവരുമായ അപേക്ഷകരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിലുള്ള ആവശ്യക്കാർക്ക്, www.lifeandlimbs.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.

വാർത്ത: സജി മത്തായി കാതേട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest