മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: വിധിയുടെ ക്രൂരതയാൽ വിവിധ അപകടങ്ങളിൽപ്പെട്ടും തടയാനാവാത്ത രോഗങ്ങൾ മൂലവും കാലുകൾ നഷ്ടപ്പെട്ട ഹതഭാഗ്യർക്ക് താങ്ങായി കൃത്രിമക്കാലുകൾ നൽകിവരുന്ന "ലൈഫ് ആൻഡ് ലിംബ്" (Life and Limb) എന്ന ചാരിറ്റബിൾ പ്രസ്ഥാനം 2025-ൽ രണ്ടാംഘട്ടമായി 41 പേർക്ക് കൃത്രിമക്കാലുകൾ നൽകുന്നു. ജനുവരി 9 വെള്ളിയാഴ്ച ഉച്ചക്ക് 1:30-ന് കോട്ടയം കോടിമതയിലുള്ള വിൻസർ കാസ്റ്റിൽ റിസോർട്ടിൽ വച്ചാണ് അടുത്ത 41 പേർക്ക് കൃത്രിമക്കാലുകൾ നൽകുന്നത്. 2025-ൽ ആദ്യ ഘട്ടമായി ഓഗസ്റ്റ് 2 ശനിയാഴ്ച കോട്ടയം കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ച് ഫൊക്കാനയുടെ (FOKANA – Federation of Kerala Associations of North America) കൺവെൻഷനോട് അനുബന്ധിച്ച് കൃത്രിമക്കാലുകൾ നൽകി 40 പേരെയാണ് ലൈഫ് ആൻഡ് ലിംബ് പുതിയൊരു ജീവിതത്തിലേക്ക് പിടിച്ചുയർത്തിയത്.
ഇത്തവണ 2026 ജനുവരി 9, 10, 11 തീയതികളിൽ കോടിമത വിൻസൻ കാസ്റ്റിൽ റിസോർട്ടിൽ (Windsor Castle Resorts, Kodimatha, Kottayam) വച്ച് നടത്തപ്പെടുന്ന ഫോമാ കേരളാ കൺവെൻഷൻറെ (FOMAA – Federation of Malayali Associations of Americas) ചടങ്ങിൽ വച്ചാണ് കൃതിമക്കാലുകൾ നൽകുന്നത്. ഇതോടെ 385 ജീവിതങ്ങളെയാണ് ലൈഫ് ആൻഡ് ലിംബ് കൃത്രിമക്കാലുകൾ നൽകി പുതിയൊരു ജീവിതത്തിലേക്ക് നയിക്കുന്നത്. നിരവധി അപേക്ഷകരിൽ നിന്നും സൗജന്യ കൃത്രിമക്കാലുകൾ ലഭിക്കുവാൻ അർഹരായവരെ തിരഞ്ഞെടുത്താണ് ലൈഫ് ആൻഡ് ലിംബ് അവരുടെ നിബൻധനകൾക്ക് അനുശ്രുതമായി അവ നൽകുന്നത്. ഏകദേശം 2000 ഡോളറാണ് ഒരു കൃത്രിമക്കാലിന് ചെലവ് വരുന്നത് .
വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളുടെ മഹനീയ സാന്നിധ്യത്തിലാണ് കൃത്രിമക്കാലുകൾ നൽകുന്ന ചടങ്ങ് നടത്തുന്നത്. ജനുവരി 9-ന് നടക്കുന്ന ചടങ്ങിൽ മുൻ കേരളാ ചീഫ് സെക്രട്ടറി ജിജി തോംസൺ, IAS, ലോക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, സിനിമാ സംവിധായകൻ ബ്ലെസ്സി, എം. എൽ. എ. പി. സി. വിഷ്‌ണുനാഥ്, മുൻ എം. എൽ. എ. രാജു എബ്രഹാം, KSDAWC ചെയർപേഴ്‌സൺ അഡ്വ. ജയഡാലി, അഡ്വ. വർഗ്ഗീസ് മാമ്മൻ, ഫോമായുടെ വിവിധ നാഷണൽ നേതാക്കൾ, ഫൊക്കാനയുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ആൻഡ് ലിംബ് ചെയർമാൻ ജോൺസൻ ശാമുവേലാണ് പ്രസ്തുത ചടങ്ങുകൾ ക്രമീകരിക്കുന്നത്.
കാലുകൾ നഷ്ടപ്പെട്ട നിർധനരായവർക്ക് 2026-ൽ കൃത്രിമക്കാലുകൾ ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിബന്ധനകൾക്ക് അനുസരിച്ച് അർഹരായവരെ തെരഞ്ഞെടുത്താണ് കാലുകൾ നകുന്നത്. ലൈഫ് ആൻഡ് ലിംബിന്റെ വെബ്സൈറ്റിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യുവാൻ www.lifeandlimbs.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.