വാഷിംഗ്‌ടൺ ഡി സി : 'ലയൺസ് റോർ' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ ഇസ്രായേൽ പ്രതിരോധ സേനയും അമേരിക്കൻ സൈന്യവും ഇറാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ആക്രമണം നടത്തി. ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പരമോന്നത നേതാവ് അലി ഖമേനിയുടെ ഓഫീസ്, ആണവോർജ്ജ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ബോംബാക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
"ഇറാന്റെ ഭീകരഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് ഈ നീക്കം" എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ ആണവായുധ മോഹങ്ങൾ അനുവദിക്കില്ലെന്നും ഇറാനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിനുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ നിന്നുള്ള തിരിച്ചടി പ്രതീക്ഷിക്കുന്നതിനാൽ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്കൂളുകൾക്കും തൊഴിലിടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത മുറികൾക്ക് സമീപം തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ മുൻകൂട്ടി തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ 'പ്രീ-എംപ്റ്റീവ്' (Pre-emptive) സ്ട്രൈക്ക് നടത്തിയത്. ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും വലിയ സ്ഫോടനങ്ങൾ ഉണ്ടായതായും സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.