ബരാമതി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു. അജിത് പവാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി ഡി.ജി.സി.എ (ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) സ്ഥിരീകരിച്ചു. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു.
അജിത് പവാറിന്റെ നില ഗുരുതരമാണെന്നാണ് ആദ്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീടാണ് സ്ഥിരീകരണം വരുന്നത്. പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാനാണ് അജിത് പവാര്‍ എത്തിയത്.
ലാന്‍ഡിംഗ് ഘട്ടത്തിലാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അപകടത്തിന് പിന്നാലെ സ്ഥലത്ത് അഗ്‌നിശമന സോനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.