advertisement
Skip to content

അമ്മയോർമ്മകൾ (രാജു മൈലപ്ര)

'അമ്മ'- എത്ര സുന്ദരമായ പദം. ഓമനപ്പൈതലിന്റെ ഇളം ചുണ്ടുകളില്‍ ആദ്യം വിരിയുന്ന വാക്ക്. ഏതു തെറ്റിനും മാപ്പു കൊടുക്കുന്ന കോടതി. പിറന്ന വീടിനോടും വളര്‍ന്ന നാടിനോടും നമ്മളെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന സ്‌നേഹച്ചരട്. മക്കളുടെ തളര്‍ച്ചയില്‍ ആത്മാര്‍ത്ഥമായി ദുഃഖിക്കുകയും, വളര്‍ച്ചയില്‍ അളവില്ലാതെ ആഹ്ലാദിക്കുകയും ചെയ്യുന്ന കാപട്യമില്ലാത്ത ഹൃദയത്തിന്റെ ഉടമ. മരണത്തിന്റെ ചിറകില്‍ പറന്നുയര്‍ന്നു പരലോകത്തു ചെല്ലുമ്പോള്‍, മക്കളെ സ്വീകരിക്കുവാന്‍ സ്വര്‍ഗ്ഗവാതില്‍ക്കല്‍ കാത്തിരിക്കുന്ന കാവല്‍ മാലാഖ-അമ്മ.

അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ടു ദശകങ്ങള്‍ കഴിയുന്നു. അവസാന നിമിഷങ്ങളില്‍ അമ്മയോടൊപ്പം ചിലവഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. ആ തണുത്ത വിറങ്ങലിച്ച മുഖത്ത് അന്ത്യ ചുംബനം അര്‍പ്പിച്ച് തൃപ്തിപ്പെടുവാനുള്ള അവസരമേ ലഭിച്ചുള്ളൂ. എങ്കിലും ശാന്തത നിഴലിച്ചിരുന്ന ആ മുഖത്ത് 'ഏതായാലും നീ വന്നല്ലോ!' എന്നുള്ളൊരു സംതൃപ്തി ഞാന്‍ തിരിച്ചറിഞ്ഞു.

അമേരിക്കയില്‍ വന്നു കുറച്ചു കാലം കഴിഞ്ഞതിനു ശേഷമാണ് 'മദേഴ്‌സ് ഡേ' എന്ന ആഘോഷദിനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അങ്ങിനെ ആണ്ടിലൊരിക്കല്‍ ഒരു ദിനം അമ്മമാര്‍ക്കു വേണ്ടി മാറ്റിവെച്ചിരിക്കുന്നതിന്റെ പൊരുള്‍ എന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു പിടി കിട്ടിയില്ല.

പക്ഷേ കാലം കുറേ കഴിഞ്ഞപ്പോള്‍ അങ്ങിനേയും ഒരു ദിനം ആവശ്യമാണെന്നൊരു ബോധ്യം എനിക്കുണ്ടായി. അമ്മമാരെ ഓര്‍ക്കുവാനും, അവര്‍ നമുക്കു വേണ്ടി അനുഭവിച്ചിട്ടുള്ള ത്യാഗങ്ങള്‍ അനുസ്മരിക്കുവാനും, അതിനുള്ള നന്ദി പ്രകടിപ്പിക്കുവാനുള്ള ഒരു ദിവസം.
ഞങ്ങളുടെ വീട്ടിലെ മുഖ്യമന്ത്രി പദവിയോടൊപ്പം ധനകാര്യവും കൈകാര്യം ചെയ്തിരുന്നത് എന്റെ പിതാവാണ്. എന്നാല്‍ പ്രധാന വകുപ്പായ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് അമ്മയാണ്. അതായത് ക്രമസമാധാനത്തിന്റെ ചുമതല. ശാസനയേക്കാള്‍ ഏറെ നല്ലത് ശിക്ഷയാണെന്നായിരുന്നു അമ്മയുടെ വിശ്വാസം എന്നാണു ഞാന്‍ കരുതുന്നത്. എന്തു കുറ്റം ചെയ്തിട്ടാണെന്ന് ഓര്‍മ്മയില്ല, എങ്കിലും വല്ലപ്പോഴുമൊക്കെ അടി കിട്ടിയിട്ടുള്ള ഒരു ചെറിയ ഓര്‍മ്മയുണ്ട്.

'ഞാന്‍ അടിച്ചപ്പോള്‍ മോനു നൊന്തതായിരുന്നോ?'-  കുറച്ചു കഴിയുമ്പോള്‍ അമ്മ ചോദിക്കും.
'ശരിക്കും നല്ല വേദനയെടുത്തു-' എന്റെ പരിഭവം. 'നോവാനാ മോനേ ഞാന്‍ നിന്നെ അടിച്ചത്.' അതു പറഞ്ഞിട്ട് അമ്മ ഒന്നു ചിരിക്കും. ആ ചിരിയില്‍ പങ്കു ചേരുമ്പോള്‍ വേദനയുടെ കാര്യം ഞാന്‍ മറക്കും. അടുത്ത തല്ലു കിട്ടുന്നതു വരെ- അമ്മയുടെ കിഴക്കേവീട്ടില്‍ കുടുംബ്ക്കാര്‍ക്കെല്ലാം നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ളവരാണ്. ചിരിയാണ് അവരുടെ മുഖമുദ്ര!
ഹോമിയോ ഡോക്ടറായിരുന്ന അച്ചായന്‍ ഡിസ്‌പെന്‍സറിയില്‍ പോയി കഴിഞ്ഞാല്‍, ചില സന്ദര്‍ശകരെത്തും. സന്ദര്‍ശകരുടെ നിലവാരമനുസരിച്ച്, അവരെ സ്വീകരിക്കുന്നതില്‍ അമ്മ ഒരു മടിയും കാണിച്ചിരുന്നില്ല. അവരില്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന ചില സ്ത്രീസമാജക്കാരുമുണ്ടായിരുന്നു.

ലോകത്തിലുള്ള സകല പ്രശ്‌നങ്ങളുടേയും പരിഹാരത്തിനായി അവര്‍ ദൈവത്തോട് അപേക്ഷിക്കുമായിരുന്നു. പ്രാര്‍ത്ഥനയുടെ ഒരു ഭാഗത്ത്, 'കര്‍ത്താവേ! ലോകത്തിലുള്ള എല്ലാവരേയും രോഗപീഢബാധകളില്‍ നിന്നും കാത്തു കൊള്ളണമേ! എന്നൊരു അപേക്ഷയും കാണും.

പ്രാര്‍ത്ഥന കഴിയുമ്പോള്‍ അമ്മ അവരോടു ശാന്തമായി പറയും:  'നിങ്ങള്‍ ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത് അനുഗ്രഹപ്രദവും, എനിക്കു സന്തോഷവുമാണ്. എന്നാല്‍ ആര്‍ക്കും രോഗം വരുത്തരുതേ കാത്തു കൊള്ളണമേ എന്നുള്ള ഭാഗം ദയവായി ഒഴിവാക്കണം. വല്ല പിള്ളേര്‍ക്കും പനിയും ചുമയും വരുന്നതു കൊണ്ടാ ഞങ്ങള്‍ ജീവിച്ചു പോകുന്നത്- ആര്‍ക്കും അസുഖം ഒന്നും വന്നില്ലെങ്കില്‍ ഞാനും പിള്ളേരും പട്ടിണി ആയിപ്പോകും-'

ഞാന്‍ അമേരിക്കയില്‍ എത്തുന്ന കാലത്ത്, നമ്മുടെ നാട്ടില്‍ 'ഫോണ്‍' അത്ര പ്രചാരത്തിലായിരുന്നില്ല. കത്തുകളായിരുന്നു പ്രധാന കമ്മ്യൂണിക്കേഷന്‍ മാര്‍ഗ്ഗം. തുടക്കത്തില്‍ ആഴ്ചയില്‍ ഒരു എഴുത്തു വീതം എഴുതിയിരുന്നത് കാലക്രമേണ മാസത്തിലൊന്നായി. പി്ന്നീട് 'വല്ലപ്പോഴുമൊരിക്കല്‍' എന്ന അവസ്ഥയിലേക്കു ചുരുങ്ങി.

'സമയം കിട്ടാത്തതിനാലാണ് ഞാന്‍ കൂടെക്കൂടെ എഴുതാത്തത്- ഇവിടെ പ്രത്യേകിച്ചു വിശേഷമൊന്നുമില്ല' കത്തിന്റെ ഉള്ളടക്കം രണ്ടു മൂന്നു വാചകങ്ങളില്‍ ഒതുങ്ങി.
'നിന്റെ സമയത്തിനു ഇത്രയധികം വിലയുണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. മാസത്തില്‍ ഒരു പത്തുമിനിറ്റഅ, അമ്മയ്‌ക്കൊരു എഴുത്തു എഴുതുവാന്‍ പോലും കിട്ടുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമവുമുണ്ട്-' അകലങ്ങളിലിരുന്നു കൊണ്ട്, എനിക്കു തന്ന ഒരു അടിയായിരുന്നു അമ്മയുടെ ആ മറുപടി.

കോളേജില് പഠിക്കുവാന്‍ തുടങ്ങിയ കാലത്ത്, മറ്റുള്ളവരേപ്പോലെ തന്നെ, എനിക്കു പേരിനു വേണ്ടി ഒരു പ്രേമമുണ്ടായിരുന്നു. ഈ വിവരം ആരോ അമ്മയുടെ ചെവിയിലെത്തിച്ചു.

അമ്മയുടെ പ്രതികരണം വളരെ ശാന്തമായിരുന്നു. 'അതൊന്നും വലിയ കാര്യമല്ല- പക്ഷെ, ആ പെണ്‍കൊച്ചിന്റെ ഭാവിയോര്‍ക്കുമ്പോഴാ എനിക്കു സങ്കടം'- നോക്കണേ, മകനേക്കുറിച്ചുള്ള അമ്മയുടെ ആ മതിപ്പ്- ചില സാധുസ്ത്രീകള്‍, അമ്മയെ കാണാന്‍ വരുമ്പോള്‍ ചേനത്തണ്ട്, വാഴക്കൂമ്പ് തുടങ്ങിയ ചില കാഴ്ച വസ്തുക്കള്‍ കൊണ്ടുവരുമായിരുന്നു.

'എന്റെ കല്യാണി, എത്ര നാളുകൊണ്ട് ഒരു ചേനത്തണ്ടു തോരന്‍ വെച്ചു കഴിക്കണമെന്നു കരുതി ഞാന്‍ കൊതിച്ചിരിക്കുകയായിരുന്നു. ഏതായാലും നീ ്അതു കൊണ്ടു വന്നല്ലോ- സന്തോഷമായി.'

കല്യാണി, തന്റെ വിഹിതവും വാങ്ങി കണ്‍വെട്ടത്തു നിന്നു മറഞ്ഞു കഴിയുമ്പോള്‍, അമ്മ തന്റെ സഹായി കൊച്ചുറാണിയെ വിളിക്കും:
'എടീ, നീ ഈ ചേനത്തണ്ടു ദൂരെ എവിടെയെങ്കിലും കൊണ്ടു കളയണം. ഒന്നാമതു മനുഷ്യന്റെ നാക്കിനു ചൊറിച്ചിലാ- അപ്പോഴാ, അവരെ ഒരു ചേനത്തണ്ട്. '

അമ്മയുടെ സഹായത്തിനു നില്‍ക്കുന്നത്, അമ്മയേക്കാള്‍ പ്രായമുള്ള സ്ത്രീയാണ്. കൊച്ചുനാരായണി എന്ന 'ഫുള്‍ നൈം' ഉള്ള അവരെ ഞങ്ങളെ 'റാണി' എന്നാണു വിളിക്കുന്നത്.
എണ്‍പതു വയസു കഴിഞ്ഞിട്ടും റാണിയുടെ മുടിയൊന്നും നരച്ചിട്ടില്ല. ഒരു തവണ ഞാന്‍ അമ്മയോടു ചോദിച്ചു:
'എന്താ അമ്മേ, ഈ റാണിയുടെ മുടിയൊന്നും നരക്കാത്തത്?'
'എടാ-അവള്‍ തലകൊണ്ടൊന്നും ചിന്തിക്കുന്നില്ലല്ലോ! ഞാന്‍ എന്തെങ്കിലും ജോലി ചെയ്യുന്നു. അവള്‍ അതു ചെയ്യുന്നു. അവളുടെ തലച്ചോറിനു പ്രത്യേകിച്ചു ജോലിയൊന്നുമില്ലല്ലോ! ചിന്തിക്കാത്തവരുടെ മുടി നരയ്ക്കില്ല. അതാണ് അതിന്റെ രഹസ്യം.'
എന്റെ ചിരിയില്‍ റാണിയും പങ്കു ചേര്‍ന്നു.

പ്രായം കുറച്ചുകൂടി കൂടിയപ്പോള്‍ അമ്മ ഒന്നു തെന്നിവീണു കിടപ്പിലായി. അപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം കൂടി. ആശ്വാസത്തിനും സൗഖ്യത്തിനുമായി പലരും ചുറ്റും നിന്നും പ്രാര്‍ത്ഥിച്ചു. അമ്മയക്കു അതത്ര കണ്ടു സന്തോഷമുള്ള ഒരു കാര്യമായിരുന്നെില്ലെങ്കിലും, പുറമേ അസന്തുഷ്ടി ഒന്നും പ്രകടിപ്പിച്ചില്ല.

രണ്ടാം റൗണ്ടിനു പ്രാര്‍ത്ഥനയ്ക്കു വന്ന പാപ്പി ഉപദേശി അമ്മയോടു ചോദിച്ചു: 'കഴിഞ്ഞ തവണ ഞാന്‍ പ്രാര്‍ത്ഥിച്ചു പോയതിനു ശേഷം വേദനക്കു കുറവുണ്ടോ കൊച്ചമ്മേ?'
'എന്റെ പൊന്നു ഉപദേശി-ഉപദേശിയുടെ ആ പ്രാര്‍ത്ഥക്കു ശേഷം എന്റെ വേദന പൂര്‍ണ്ണമായി മാറി. തന്നെയുമല്ല, എന്റെ കൊഴിഞ്ഞു തുടങ്ങിയ മുടിയൊക്കെ ഇപ്പോള്‍ നല്ലതുപോലെ വളരുവാനും തുടങ്ങി!'

പാപ്പി ഉപദേശി, പിന്നീട് അതു വഴി വന്നില്ല.

ഞങ്ങളുടെ അച്ചായന്റെ മരണത്തിനു ശേഷം, മൈലപ്രായിലുള്ള വീട്ടില്‍ അമ്മ കുറേ നാള്‍ ഒറ്റയ്ക്കായിരുന്നു താമസം- വേലക്കാരുടെ സഹായത്തോടെ!

സഹായം തേടി വരുന്ന ആരേയും, അമ്മ വെറും കൈയോടെ മടക്കി അയച്ചിട്ടില്ല. തന്റെ വരുമാനത്തില്‍ നിന്നും ഏറിയ പങ്കും അര്‍ഹിക്കുന്നവര്‍ക്കു കൊടുക്കുന്നതില്‍ അമ്മ മടി കാണിച്ചിട്ടില്ല. പലരും തങ്ങള്‍ക്കു ലഭിച്ച സഹായങ്ങള്‍ ഓര്‍ത്ത് മരണസമയത്ത് വിലപിച്ചപ്പോള്‍, അമ്മയുടെ പുത്രനായി ജനിച്ചതില്‍ ഞാന്‍ അഭിമാനം കൊണ്ടു- ഒറ്റക്കു താമസിച്ചു പോന്ന അമ്മ, കാലക്രമേണ ആരും അറിയാതെ മൈലപ്രാക്കാരുടെ സ്വന്തം അമ്മയായി മാറുകയായിരുന്നു.
നമ്മുടെ അപ്പനമ്മാര്‍ ആരോഗ്യത്തോടെ, ജീവനോടെ ഇരിക്കുമ്പോള്‍, അവസരം കിട്ടുമ്പോഴൊക്കെ നാട്ടില്‍പ്പോയി അവരോടൊപ്പം കുറച്ചു ദിവസം താമസിക്കണം. അവരുമൊത്ത് ബന്ധുവീടുകളിലെ ആഘോഷങ്ങളിലൊക്കെ പങ്കെടുക്കണം. കാലം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുന്നില്ല. കുറഞ്ഞ പങ്കം കുറച്ചു നല്ല ഓര്‍മ്മകളെങ്കിലും നമ്മുടെ മനസ്സില്‍ ബാക്കി നിര്‍ത്താമല്ലോ!

'ഇത്തവണ മദേഴ്‌സ് ഡേക്കു എനിക്കു എ്തു ഗിഫ്റ്റാണു തരുന്നത്?'- ചോദ്യം എ്‌ന്റെ ഭാര്യയുടേതാണ്.

ഇവള്‍ എ്ന്നു മുതലാണോ, എന്റെ അമ്മയുടെ സ്ഥാനം ഏറ്റെടുത്തത്? 
എല്ലാ അമ്മമാര്‍ക്കും, സന്തോഷപ്രദമായ ഒരു മാതൃദിനം ആശംസിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest