തൃശൂര്‍ : പച്ച ടീഷര്‍ട്ടും വെള്ളത്തൊപ്പിയും ധരിച്ചു സ്ത്രീകള്‍ അടക്കമുള്ള പ്രഭാത നടത്തക്കാര്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന സന്ദേശവുമായി മണ്‍സൂണ്‍ വാക്ക് നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ വള്ളുവനാട് പ്രൊവിന്‍സ് സംഘടിപ്പിച്ച മഴക്കാല നടത്തത്തില്‍ വിവിധ പ്രദേശങ്ങളിലെ പ്രഭാത നടത്ത സംഘങ്ങളിലെ എഴുന്നൂറോളം പേര്‍ പങ്കാളികളായി. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ മണികണ്ഠനാല്‍ത്തറയ്ക്കരികില്‍ തൃശൂര്‍ എസിപി സലീഷ് എന്‍. ശങ്കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തെരുവുനായ് ഭീഷണിക്കെതിരേ പ്രചാരണം നയിക്കുന്ന ജോസ് മാവേലി, ആ. രാജീവ് തുടങ്ങിയവരെ ആദരിച്ചു.
പൂമലയിലേക്കു 14 കിലോമീറ്ററായിരുന്നു നടത്തം. പൂമലയിലെ റിച്ച് ഇന്ത്യ റിസോര്‍ട്ടില്‍ കൂട്ടനടത്തം സമാപിച്ചു. മെഗാ സൂംബാ ഡാന്‍സും അവതരിപ്പിച്ചു. പങ്കെടുത്തവര്‍ക്കു ടീ ഷര്‍ട്ടും തൊപ്പിയും ലഘുഭക്ഷണവും സൗജന്യമായി നല്‍കി. തെരുവുനായ്ക്കളുടെ ശല്യത്തിനെതിരേ അവബോധം സൃഷ്ടിക്കാനുള്ള പൈലറ്റ് പ്രൊജക്ടായാണ് മണ്‍സൂണ്‍വാക്ക് നടത്തിയത്. തെരുവുനായ്ക്കള്‍ക്കു ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ രണ്ട് ഏക്കര്‍ സ്ഥലം ലഭിച്ചാല്‍ വിദേശങ്ങളിലേതുപോലെ സൗകര്യങ്ങളുള്ള ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചു പരിപാലിക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നിലുണ്ടാകുമെന്ന് വള്ളുവനാട് പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് പുതുക്കാടന്‍ അറിയിച്ചു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ എ.എസ്. രാജീവ്, സുജിത് ശ്രീനിവാസന്‍, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സുരേന്ദ്രന്‍ കണ്ണാട്ട്, പ്രൊവിന്‍സ് പ്രസിഡന്റ് ജെയ്‌സണ്‍ സെക്രട്ടറി ചന്ദ്രപ്രകാശ് എടമന, ട്രഷറര്‍ രാജാഗോപാലന്‍, എംഎംഎ റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളിലെ പ്രശസ്തരായ അഡ്വ. ഷാജി കോടങ്കണ്ടത്ത്, രഞ്ജി മഞ്ഞില, ടൈനി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
