ന്യൂമെക്സിക്കോ :അമേരിക്കയിലെ അൽബുക്കർക്കിയിൽ ഭിന്നശേഷിക്കാരിയായ 16 വയസ്സുകാരിയെ ക്രൂരമായ അവഗണനയിലൂടെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കാഴ്ചശക്തിയില്ലാത്തതും അപസ്മാര രോഗിയുമായിരുന്ന മരിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. മരിക്കുമ്പോൾ വെറും 18 കിലോ (40 പൗണ്ട്) മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തിൽ ഒട്ടും കൊഴുപ്പോ പേശികളോ അവശേഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി.
പെൺകുട്ടി മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുറിയിൽ ഈച്ചകളും രക്തവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. അഞ്ചോ ആറോ ദിവസത്തോളം നീണ്ടുനിന്ന കടുത്ത അവഗണനയാണ് മരണകാരണമെന്ന് ജഡ്ജി നിരീക്ഷിച്ചു.
താൻ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അധ്വാനിയായ അമ്മയാണെന്നും മകളുടെ മരണം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതിയിൽ എസ്പിനോസ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ ഇതൊരു അപകടമല്ലെന്നും ബോധപൂർവമായ പീഡനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും, കുട്ടി അനുഭവിച്ച വേദന അതിഭീകരമാണെന്ന് വിലയിരുത്തിയ കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.