advertisement
Skip to content

മദർ തെരേസ നാഷണൽ എക്സലൻസ് അവാർഡ് ഫോർ പീസ് & ഹാർമണി ഷാജി എണ്ണശ്ശേരിലിന്

ന്യൂഡൽഹി: ക്രിസ്ത്യൻ പീസ് മിഷന്റെ പതിനേഴാമത് വാർഷികാഘോഷം 2026 ഫെബ്രുവരി 14-ന് വൈകിട്ട് 5.30-ന് ന്യൂഡൽഹിയിലെ ശ്രീനിവാസപുരിയിൽ വച്ച് നടക്കും. ഈ ചടങ്ങിൽ മദർ തെരേസ നാഷണൽ എക്സലൻസ് അവാർഡ് ഫോർ പീസ് & ഹാർമണി-യിലേക്ക് തെരഞ്ഞെടുത്ത ഷാജി എണ്ണശ്ശേരിക്ക് അവാർഡ് സമ്മാനിക്കും. ഡൽഹിയിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിന്നുള്ള മന്ത്രിമാർ, എം.എൽ.എമാർ, ബിഷപ്പുമാർ, പുരോഹിതർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ഷാജി എണ്ണശ്ശേരി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലായി വ്യാപിച്ച അനവധി സേവനപ്രവർത്തനങ്ങളുടെ മുഖ്യശക്തിയാണ്. കഴിഞ്ഞ ഇരുപത് വർഷങ്ങളിലധികമായി തുടരുന്ന ‘ഫുഡ് ഫോർ ഹംഗർ’ എന്ന ദൗത്യത്തിലൂടെ, ദിവസേന രണ്ടു നേരം ആഹാരം ലഭിക്കാത്തവർക്ക് ഭക്ഷണമെത്തിക്കുക, ഫുഡ് കിറ്റുകൾ തയ്യാറാക്കി വീടുകളിലെത്തിക്കുക തുടങ്ങിയ സേവനങ്ങൾ അദ്ദേഹം സജീവമായി നടത്തിവരുന്നു. ഡൽഹി കേന്ദ്രമാക്കി പാസ്റ്റർ എം. പി. ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഡൽഹിയിലെ എയിംസ്, സഫ്ദർജംഗ് ആശുപത്രി എന്നിവിടങ്ങളിലേക്കും മറ്റു നിരവധി ആശുപത്രികളിലേക്കും എത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപൊതികൾ വിതരണം ചെയ്യുന്ന സേവനങ്ങളും ഈ മിനിസ്ട്രിയുടെ ഭാഗമാണ്.

അമേരിക്കയിലും ഷാജി എണ്ണശ്ശേരി നടത്തിയ സേവനങ്ങൾ ശ്രദ്ധേയമാണ്. കോവിഡ് കാലഘട്ടത്തിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആവശ്യക്കിറ്റുകൾ ഒരുക്കി ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമായി വിതരണം ചെയ്തു. ഈ പ്രവർത്തനങ്ങളിൽ കോശി തോമസ്, ഷാജി എബ്രഹാം, (പരേതനായ) ജോർജ് കൊട്ടാരത്തിൽ, കോശി ഉമ്മൻ, രാജു എബ്രഹാം, ജോർജ് ജോസഫ്, അജിത് കുമാർ, ഫാഹിൻ, മുഹമ്മദ് അലി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.

നിസ്വാർത്ഥ സേവനത്തിലൂടെ സമൂഹത്തിൽ വലിയ അംഗീകാരം നേടിയ വ്യക്തിത്വമാണ് ഷാജി എണ്ണശ്ശേരിൽ. സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടി അദ്ദേഹം നടത്തി വരുന്ന ഈ മഹത്തായ പ്രവർത്തനങ്ങൾക്ക് ഈ അവാർഡ് പുതിയ പ്രചോദനമാകട്ടെ; അദ്ദേഹത്തിന്റെ ഭാവിയിലെ സേവനയാത്രയ്ക്ക് പുതിയ ദിശകൾ തുറക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest