ന്യൂയോർക്ക്: സ്പോർട്സ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റിൽ കാണികളെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തി വാശിയേറിയ മത്സരത്തിലൂടെ ചിക്കാഗോ കൈരളി ലയൺസ് വിജയികളായി ട്രോഫി കരസ്ഥമാക്കി. സ്മാഷുകളും ബ്ലോക്കുകളും പ്രതിരോധവും തീർത്ത് ഇഞ്ചോടിഞ്ച് വാശിയോടെ നടന്ന ഫൈനൽ മത്സരത്തിൽ മൂന്ന് റൗണ്ടുകളിൽ രണ്ടിലും ഫിലാഡൽഫിയ ഫിലി സ്റ്റാർസിനെ പിൻതെള്ളിക്കൊണ്ടാണ് ചിക്കാഗോ കൈരളി ലയൺസ് വിജയക്കൊടി പാറിച്ചത്. ഫിലി സ്റ്റാർസിന് രണ്ടാം സമ്മാനം ലഭിച്ചു. അണ്ടർ 18 വിഭാഗത്തിൽ ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ് വിജയികളായി ഒന്നാം സ്ഥാനവും, ഹ്യൂസ്റ്റൺ ചലഞ്ചേഴ്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഫിലി സ്റ്റാർസ് ചാമ്പ്യന്മാരായി. കാനേഡിയൻ വാരിയേഴ്‌സ് റണ്ണർ അപ്പുമായി.
അമേരിക്കയിലെ മലയാളീ വോളീബോൾ മത്സരങ്ങളുടെ ചരിത്രത്തിലാദ്യമായി 25 വോളീബോൾ ടീമുകളെ അണിനിരത്തി രാവിലെ 8 മണിമുതൽ വൈകിട്ട് 6:30 വരെയുള്ള പത്തു മണിക്കൂർ സമയത്തിൽ 5 കോർട്ടുകളിലായി 53 മത്സരങ്ങൾ നടത്തിയാണ് റെക്കോർഡ് സൃഷ്‍ടിച്ചത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കാനഡയുടെ പ്രൊവിൻസുകളിൽ നിന്നും എത്തിച്ചേർന്ന ഓപ്പൺ കാറ്റഗറിയിലും 18 വയസ്സിനു താഴെയുള്ളവരുടെ അണ്ടർ 18 കാറ്റഗറിയിലും 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലുമായാണ് 25 ടീമുകൾ മാറ്റുരച്ചത്.
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻറെ ആതിഥേയത്വത്തിലായിരുന്നു പതിനെട്ടാമത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ ടൂർണമെന്റ് ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ ബെത്‌പേജിലുള്ള സ്പോർടൈം ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഞായറാഴ്ച ദിവസമായിരുന്നതിനാൽ നൂറുകണക്കിന് കാണികളാണ് മത്സരം കാണുവാൻ സ്റ്റേഡയത്തിൽ തടിച്ചുകൂടിയത്. എല്ലാ മത്സരങ്ങളും ഒന്നിനോടൊന്ന് മെച്ചപ്പെട്ടതായിരുന്നു. വാശിയേറിയ മത്സരങ്ങളിൽ ഭൂരിഭാഗം മത്സരങ്ങളിലും മൂന്ന് റൌണ്ട് മത്സരങ്ങൾ നടത്തേണ്ടതായി വന്നു. സ്റ്റേഡിയത്തിലെ 5 കോർട്ടുകളിലായി നടന്ന മത്സരങ്ങൾ കാണൂവാൻ ഒഴുകിയെത്തിയ കാണികൾക്ക് കൺകുളിർക്കെ കണ്ടാസ്വദിക്കുവാനായി ആവേശത്തിരയിളക്കിയുള്ള മത്സരങ്ങളാണ് ഓരോ കോർട്ടിലും ടീമുകൾ കാഴ്ച വച്ചത്. പതിനെട്ട് വയസ്സിൽ താഴെയുള്ള വളർന്നു വരുന്ന കൗമാരക്കാരുടെ നെറ്റിന് മുകളിലേക്ക് കുതിച്ചുയർന്ന് നടത്തിയ സ്മാഷുകൾ കാണികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. മാതൃനാട്ടിൽ കണ്ട് ശീലിച്ചതിനേക്കാൾ ഗംഭീരമായ കളികളായിരുന്നു അവയിൽ മിക്കതും.
കാനഡ, നയാഗ്ര, കാലിഫോർണിയ, ഡാളസ്, ഹ്യൂസ്റ്റൺ, ഫ്ലോറിഡ, വാഷിംഗ്‌ടൺ, വിർജീനിയ, ബാൾട്ടിമോർ, ഫിലാഡൽഫിയ, ബോസ്റ്റൺ, ന്യൂജേഴ്‌സി, ന്യൂയോർക്കിലെ റോക്‌ലാൻഡ്, ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് എന്നിവടങ്ങളിൽ നിന്നുള്ള മൂന്നു വിഭാഗത്തിൽ പെട്ട കളിക്കാരാണ് ഈ ഏകദിന മാമാങ്കത്തിൽ പങ്കെടുത്തത്. ഓരോ ടീമിന്റെയും കളികൾ കാണുമ്പോൾ ആര് വിജയികളാകും എന്ന് കാണികൾക്ക് പ്രവചിക്കുവാൻ കഴിയാത്തവിധത്തിലുള്ള മത്സരങ്ങളാണ് നടന്നത്.
പാലാ എം. എൽ. എ. മാണി സി. കാപ്പൻ, കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. രാവിലെ 8 മണിക്ക് കളികൾ ആരംഭിച്ചെങ്കിലും ഉച്ചക്ക് ഒരു മണിയോടെയാണ് ടീമുകളുടെ മാർച്ച്പാസ്റ്റും ഉൽഘടനവും നടന്നത്. സ്റ്റേഡിയത്തിലെ പടിഞ്ഞാറ് ഭാഗത്തെ കവാടത്തിൽ നിന്നും മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സ്റ്റേഡിയത്തിന്റെ മദ്ധ്യഭാഗത്തായി എത്തിച്ചേർന്ന മാർച്ച്പാസ്റ്റിന് മാണി സി. കാപ്പൻ, മോൻസ് ജോസഫ്, ഫോമാ നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേൽ, നാഷണൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, നാഷണൽ ട്രഷററും വോളീബോൾ കളിക്കാരനായ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമാ മെട്രോ റീജിയൻ വൈസ് പ്രസിഡന്റും സംഘാടകാംഗവുമായ മാത്യു ജോഷ്വ, നാഷണൽ അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ് ഫോമാ മുൻ പ്രസിഡന്റും സ്ഥാപക നേതാവുമായ ശശിധരൻ പിള്ള, ഫോമാ മുൻ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ്, ഫോമാ മുൻ ട്രഷറർമാരായ ബിജു തോണിക്കടവിൽ, തോമസ് ടി. ഉമ്മൻ, മെട്രോ റീജിയൻ ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്, റീജിയൻ സെക്രട്ടറി ബോബി, ടൂർണമെന്റ് കൺവീനറും സംഘാടകനും മെട്രോ റീജിയൻ ട്രഷറുമായ ബിഞ്ചു ജോൺ, ഫോമാ ബൈലോ കമ്മറ്റി വൈസ് ചെയർമാനും സുവനീർ കമ്മറ്റി കോർഡിനേറ്ററുമായ സജി എബ്രഹാം, സുവനീർ കമ്മറ്റി കൺവീനർ മാത്യുക്കുട്ടി ഈശോ, ടൂർണമെന്റ് കോർഡിനേറ്റർ അലക്സ് സിബി, ഫോമാ ജുഡീഷ്യറി കൌൺസിൽ അംഗം ലാലി കളപ്പുരക്കൽ, കംപ്ലയൻസ് കൌൺസിൽ അംഗം വർഗ്ഗീസ് കെ. ജോസഫ്, ക്രെഡൻഷ്യൽ കമ്മറ്റി ചെയർ വിജി എബ്രഹാം, ഹെല്പിങ് ഹാൻഡ്സ് ചെയർ ബിജു ചാക്കോ, ഫോമാ മുൻ പ്രസിഡൻറ് ബേബി ഊരാളിൽ, മുൻ നേതാക്കളായ മാത്യു വർഗ്ഗീസ് (ജോസ്) ഫ്ലോറിഡ, ജോൺ സി. വർഗ്ഗീസ് (സലിം), ടൂർണമെന്റ് കമ്മറ്റി അംഗങ്ങൾ, സുവനീർ കമ്മറ്റി അംഗങ്ങൾ ഫോമായുടെ മുൻ ഭാരവാഹികൾ, എൻ. കെ. ലൂക്കോസ് മെമ്മോറിയൽ സ്പോർട്സ് ഫൗണ്ടേഷൻ അംഗങ്ങൾ, പരേതനായ എൻ. കെ. ലൂക്കൊസിന്റെ സഹധർമ്മിണി ഉഷ, മക്കളായ സിറിൽ, സെറീൻ, ഫൗണ്ടേഷൻ പ്രസിഡന്റ് മനോജ് നടുപ്പറമ്പിൽ തുടങ്ങി അനവധി നിരവധി നേതാക്കളും സ്പോർട്സ് പ്രേമികളും വിവിധ സ്പോൺസർമാരും മാർച്ച് പാസ്റ്റിലും ഉദ്ഘാടനത്തിലും പങ്കെടുത്തു.
മത്സരങ്ങൾക്ക് ശേഷം എൽമോണ്ട് മലങ്കര കത്തോലിക്ക കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികളും, ക്യാഷ് അവാർഡുകളും മറ്റ് സമ്മാനങ്ങളും നൽകി. ഓപ്പൺ വിഭാഗത്തിൽ പങ്കെടുത്ത 12 ടീമുകളിൽ നിന്നും ഏറ്റവും മൂല്യമുള്ള താരമായി ചിക്കാഗോ കൈരളി ലയൺസിലെ സനിൽ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല ആക്രമണ കളിക്കാരനായി (ഒഫൻസ് പ്ലെയർ) ഫിലി സ്റ്റാർസിലെ സനൂപ് ജോസി, ഏറ്റവും നല്ല പ്രതിരോധ കളിക്കാരനായി (ഡിഫെൻസ്സീവ് പ്ലെയർ) സനിൽ കദളിമറ്റം (ചിക്കാഗോ), ബെസ്‌റ്റ് സെറ്ററായി ജോഫി ജോസഫ് (ഫിലാഡൽഫിയ) എന്നിവർ സമ്മാനാർഹരായി. അണ്ടർ 18 വിഭാഗത്തിൽ 5 ടീമുകൾ മത്സരിച്ചു. പ്രസ്തുത വിഭാഗത്തിൽ ഏറ്റവും മൂല്യമുള്ള കളിക്കാരൻ - ആരോൺ മൂലപ്പറമ്പിൽ (ന്യൂയോർക്ക്), ബെസ്ററ് ഒഫൻസ് - ലിയോ സിബി (ഹ്യൂസ്റ്റൺ), ബെസ്റ്റ് ഡിഫെൻസ് - ഡേയ്‌ലൻ ജേക്കബ് (ന്യൂയോർക്ക്), ബെസ്റ്റ് സെറ്റെർ നിക്കോളാസ് ജേക്കബ് (ന്യൂയോർക്ക്), റൂക്കീ ഓഫ് ദി ഇയർ - മാത്യു ജോസഫ് (ന്യൂയോർക്ക്) എന്നിവർ സമ്മാനാർഹരായി. നാൽപ്പത് വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ 8 ടീമുകളാണ് പങ്കെടുത്തത്. അതിൽ ഏറ്റവും മൂല്യമുള്ള കളിക്കാരൻ - ബൈജു വർഗ്ഗീസ് (ഫിലാഡൽഫിയ), ബെസ്റ്റ് ഒഫൻസീവ് കളിക്കാരൻ - അനൂപ്, (കാനഡ). ബെസ്റ്റ് സെറ്റെർ ഷാജി വർഗ്ഗീസ് (ഫിലാഡൽഫിയ).
ലൂക്കോസ് സ്പോർട്സ് ഫൗണ്ടേഷൻ വിവിധ വിജയികൾക്കായി അയ്യായിരം ഡോളറാണ് ക്യാഷ് പ്രൈസ് ആയി നൽകിയത്. വിജയികൾക്ക് എം. എൽ. എ മോൻസ് ജോസഫ്, ഫോമാ ചുമതലക്കാർ, ഫൗണ്ടേഷൻ ഭാരവാഹികൾ, സ്‌പോൺസർമാർ എന്നിവർ ചേർന്ന് ട്രോഫികളും ക്യാഷ് സമ്മാനങ്ങളും നൽകി.
