ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വർഷം വിജയകരമായി പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി 2025-ലെ വാർഷിക ഡിന്നറും ഫാമിലി നെറ്റും നവംബർ 23 ഞായറാഴ്ച വിപുലമായി സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 23-ന് ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് (Tyson Center, 26 N Tyson Ave, Floral Park, NY 11004) വാർഷിക ആഘോഷം അതി വിപുലമായി നടത്തുന്നതിനാണ് പ്രസിഡൻറ് സജി എബ്രഹാമിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് കമ്മറ്റി ആസൂത്രണം ചെയ്യുന്നത്.
സ്വാർഥ താൽപ്പര്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ സംഘടനയുടെ സുഗമമായ നടത്തിപ്പിനും പുരോഗതിക്കുമായി വിശാല ചിന്താഗതിയോടെ സമയം ചിലവഴിച്ച് കഴിഞ്ഞ ഒരു വർഷം സംഘടനയെ നയിച്ച പ്രസിഡൻറ് സജി എബ്രഹാമിന്റെ സംഘടനാ പാടവത്തിന്റെയും നേതൃത്വ വൈഭവത്തിന്റെയും പൂർത്തീകരണമാണ് വാർഷിക ഡിന്നർ-ഫാമിലി നൈറ്റിലൂടെ പ്രകടമാകുവാൻ പോകുന്നത്. പ്രസിഡൻറ് സജിയോട് കൈകോർത്ത് ട്രസ്റ്റി ബോർഡ് ചെയർമാൻ വിൻസെൻറ് സിറിയക്, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടീര, ട്രഷറർ വിനോദ് കെആർക്കേ, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയാ, മറ്റ് കമ്മറ്റി അംഗങ്ങൾ, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ സഫലീകരണമാണ് ഈ വർഷത്തെ സമാജത്തിൻറെ വിജയപ്രദമായ പ്രവർത്തന നേട്ടം.
"അൻപത്തിമൂന്ന് വർഷം പ്രവർത്തന പാരമ്പര്യമുള്ള ഈ സംഘടനയുടെ പ്രസിഡന്റായി ഒരു വർഷം പ്രവർത്തിക്കുവാൻ ലഭിച്ച അവസരം ജീവിതത്തിൽ നല്ലൊരു അനുഭവമായിരുന്നു. പ്രാദേശികമായി വളർന്നു വരുന്ന നമ്മുടെ സമൂഹത്തിലെ നേതാക്കളെ അതിഥികളായി ക്ഷണിക്കുന്നത് സമാജത്തിൻറെ ഉത്തരവാദിത്വം ആണെന്ന് കരുതുന്നതിനാൽ മാധ്യമ മേഖലയിൽ മൂന്നു പതിറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടിയ സുനിൽ ട്രൈസ്റ്റാർ എന്നറിയപ്പെടുന്ന ശാമുവേൽ ഈശോയെയാണ് വാർഷിക ഡിന്നറിൻറെ മുഖ്യാതിഥിയായി ക്ഷണിക്കുവാൻ ആഗ്രഹിച്ചത്. എല്ലാവർക്കും സുപരിചിതനാണ് സുനിൽ. മാധ്യമ രംഗത്തെ പ്രമുഖൻ. മലയാള ഭാഷയിലെ അമേരിക്കയിലെ ഏക ടി.വി. ചാനലായ "പ്രവാസി ചാനലി"ൻറെ സാരഥി. എന്തുകൊണ്ടും ഫാമിലി നൈറ്റിന് മുഖ്യാതിഥിയാകുവാൻ തികച്ചും യോഗ്യനായ വ്യക്തി." പ്രസിഡൻറ് സജി എബ്രഹാം പറഞ്ഞു.
കേരളത്തിലെ മുഖ്യധാരാ ടി.വി. ചാനലായ ഏഷ്യാനെറ്റ് ചാനലിനെ അമേരിക്കൻ മണ്ണിൽ കൊണ്ടുവന്ന മാധ്യമ പ്രവത്തകനാണ് സുനിൽ ട്രൈസ്റ്റാർ. മാധ്യമ പ്രവർത്തകരുടെ അമേരിക്കയിലെ ഏറ്റവും പ്രശസ്‌ത സംഘടനയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ കഴിഞ്ഞ രണ്ടു വർഷത്തെ നാഷണൽ പ്രസിഡന്റായിരുന്നു സുനിൽ. സംഘടനാ പാടവത്തിൻറെ കുലപതിയാണ് സുനിൽ. ഈക്കഴിഞ്ഞ ഒക്ടോബർ മാസം ന്യൂജേഴ്‌സിയിൽ നടന്ന പ്രസ് ക്ലബ്ബിന്റെ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ വൻ വിജയം സുനിലിന്റെ സംഘടനാ വൈഭവത്തിൻറെ ഏറ്റവും അവസാനത്തെ തെളിവാണ്. മനോരമ ന്യൂസിലെ ന്യൂസ് ഡയറക്ടറും മാധ്യമ കുലപതിയുമായ ജോണി ലൂക്കോസ്, ന്യൂസ് 18 കേരളായുടെ കൺസൾട്ടിങ് എഡിറ്റർ ലീൻ ബി. ജസ്മസ്, 24 -ന്യൂസ് ചാനലിലെ ജനപ്രിയ അവതാരകൻ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, റിപ്പോർട്ടർ ചാനലിലെ തീപ്പൊരി കോർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി, ഏഷ്യാനെറ്റിലെ പ്രമുഖ ന്യൂസ് എഡിറ്റർ അബ്‌ജോദ് വർഗ്ഗീസ്, മാതൃഭൂമി ചാനലിലെ പ്രശസ്ത സീനിയർ സബ് എഡിറ്റർ മോത്തി രാജേഷ് എന്നീ അര ഡസൻ മാധ്യമ പ്രവത്തകരെ അണി നിരത്തി അടുക്കും ചിട്ടയോടും കൂടി നടത്തിയ പ്രസ്സ് ക്ളബ്ബ് ഇന്റർനാഷണൽ മീഡിയാ കോൺഫറൻസിലൂടെ സുനിൽ ട്രൈസ്റ്റാറിന്റെ പ്രശസ്തി കൊടുമുടിയോളം ഉയർന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെട്ട് കഴിഞ്ഞ വർഷം കേരളത്തിൽ നടത്തിയ പ്രസ് ക്ളബ്ബിന്റെ "മാധ്യമശ്രീ അവാർഡ്" ദാന ചടങ്ങിന്റെ സംഘാടകരിൽ പ്രമുഖനും സുനിൽ ട്രൈസ്റ്റാർ ആയിരുന്നു.
പ്രസിഡൻറ് സജി എബ്രഹാമിനും ടീം അംഗങ്ങൾക്കും ഒപ്പം കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, ഷാജി വർഗ്ഗീസ്, ഹേമചന്ദ്രൻ, മാമ്മൻ എബ്രഹാം, തോമസ് വർഗ്ഗീസ്, ബാബു പാറക്കൽ, പ്രകാശ് തോമസ്, ചാക്കോ കോയിക്കലത്ത്, ജോയ്‌സൺ വർഗ്ഗീസ്, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ വർഗ്ഗീസ് കെ. ജോസഫ്, പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ് എന്നിവരും ഫാമിലി നൈറ്റ് ഏറ്റവും ഭംഗിയാക്കുന്നതിന് പ്രവർത്തിക്കുന്നു. പ്രസ്തുത ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൻറെ ചീഫ് എഡിറ്റർ ലീലാ മാരേട്ട്, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ മാമ്മൻ എബ്രഹാം, തോമസ് പ്രകാശ് എന്നിവർ സുവനീർ പ്രകാശനം സംബന്ധിച്ച പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. എല്ലാ സമാജം അംഗങ്ങളും വാർഷിക ഡിന്നർ-ഫാമിലി നെറ്റിൽ പങ്കെടുത്ത് ആഘോഷം വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെആർക്കേ എന്നിവർ സംയുക്തമായി അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1). Saji Abraham, President - 917-617-3959 (2). Mathewkutty Easow, Secretary - 516-455-8596 (3). Vinod Kearke, Treasurer - 516-633-5208 (4). Benny Itteera, Vice President - 516-859-5756 (5). Josy Skaria, Joint Secretary - 516-675-9592 (6). Vincent Syriac, BOT Chairman - 516-508-8297 (7). Leela Marett, Souvenir Chief Editor - 646-539-8443.