ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കാ (FOMAA) യുടെ 2026-2028 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്നതിന് പോൾ പി ജോസിനെ ഫോമാ ന്യൂയോർക്ക് റീജിയൺ മുൻകൂട്ടി തന്നെ നാമനിർദ്ദേശം ചെയ്തു. നിലവിൽ നാഷണൽ ജോയിൻറ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പോളിൻറെ പ്രവർത്തന മികവും ജനസമ്മതിയും കണക്കിലെടുത്താണ് മെട്രോ റീജിയൺ അപ്രകാരമൊരു തീരുമാനം ഇത്രയും നേരത്തേ തന്നെ കൈക്കൊണ്ടത്. ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ന്യൂയോർക്ക് ഫ്ലോറൽ പാർക്കിലുള്ള സന്തൂർ റെസ്റ്റോറന്റിൽ കൂടിയ റീജിയണൽ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

ഏറ്റെടുത്ത ചുമതലകളിലെല്ലാം അത്യപൂർവ്വമായ പ്രവർത്തന മികവും സംഘടനാ പാടവവും അർപ്പണവും അമേരിക്കൻ മലയാളികൾക്കിടയിൽ തെളിയിച്ചു കാണിച്ച വ്യക്തിയാണ് പോൾ. ഫോമായുടെ നിലവിലെ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറി എന്ന പദവി ഏറ്റെടുത്തതിനു ശേഷം ചുരുങ്ങിയ കാലയളവിൽ അദ്ദേഹം തൻറെ പ്രവർത്തന മികവ് തെളിയിച്ചതാണ്. 2024 അവസാന മാസങ്ങളിലും 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിലും ഫോമാ നടപ്പിലാക്കിയ നവീന പദ്ധതികളായ "അമ്മയോടൊപ്പം", "ഉന്നതി", "ഹെൽപ്പിംഗ് ഹാൻഡ്‌സ്" ചാരിറ്റി, നിർധനർക്കുള്ള "ഭവന പദ്ധതി", "ഫോമാ ഹെൽത്ത് കാർഡ് സ്കീം" തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോമാ ജോയിൻറ് സെക്രട്ടറി ആകുന്നതിന് മുമ്പുളള കാലയളവിൽ മെട്രോ റീജിയൺ വൈസ് പ്രസിഡന്റായി തിളങ്ങി ശോഭിച്ച വ്യക്തിയാണ് പോൾ. അദ്ദേഹത്തിൻറെ ഇത്തരം കഴിവുകളും പ്രശംസനീയ പ്രവർത്തന ശൈലിയും സംഘടനാ പാടവവും കണക്കിലെടുത്താണ് മെട്രോ റീജിയൺ അദ്ദേഹത്തെ ഫോമായുടെ അടുത്ത കാലയളവിലെ ജനറൽ സെക്രട്ടറിയായി ചുമതല ഏൽപ്പിക്കണം എന്ന് ചിന്തിച്ചത്. ഫോമായുടെ ഭാവി വളർച്ചയ്ക്കും ഐക്യതക്കും അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു മുതൽക്കൂട്ടായിരിക്കും എന്ന ഉറച്ച വിശ്വാസത്താലാണ് മുൻകൂട്ടി തന്നെ അങ്ങനെ ഒരു തീരുമാനം മെട്രോ റീജിയൺ കൈക്കൊണ്ടത്.

''ഫോമായുടെ 2024-26 കാലഘട്ടത്തിലെ എക്‌സിക്യൂട്ടീവിന്റെ ഭാഗമായതിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ വികാരങ്ങള്‍ മനസിലാക്കുവാനും അതുവഴി കൂടുതല്‍ ചാരിറ്റികള്‍ക്കും മറ്റു സാമൂഹിക പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. പ്രസ്തുത ചുമതലയിലെ അനുഭവ സമ്പത്തും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഉപദേശ നിര്‍ദേശങ്ങളും എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. വാക്കുകളെക്കാളും വാഗ്ദാനങ്ങളെക്കാളും ഉപരി പ്രവർത്തനത്തിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്. അത് ഫോമാ അംഗങ്ങളും മറ്റ് പൊതു സമൂഹവും ഇതിനോടകം എന്നിൽ നിന്ന് മനസ്സിലാക്കി കഴിഞ്ഞു എന്നതാണ് വസ്തുത.'' പോള്‍ പി ജോസ് പറഞ്ഞു.
വളരെ ചുരുങ്ങിയ കാലം കൊണ്ട്തന്നെ മലയാളീ സമൂഹത്തിലെ പൊതുരംഗത്ത് ശോഭിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മാതൃ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപതാമത് പ്രസിഡന്റായി ചുമതലയേറ്റ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാജത്തിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതി ചേർക്കുവാൻ പോളിൻറെ നേതൃത്വത്തിന് സാധിച്ചു. കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സെക്രട്ടറി, ട്രസ്റ്റീ ബോർഡ് അംഗം എന്നീ നിലകളിലെ പദവികളിലും പ്രശംസനീയമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായ പോൾ ഔദ്യോഗിക ചുമതലകളോടൊപ്പം ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കാത്തലിക് അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻറ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ, നോർത്ത് ഹെംപ്സ്റ്റഡ് മലയാളി അസോസ്സിയേഷൻ ജോയിന്റ് ട്രഷറർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) സെക്രട്ടറി, വൈസ് മെൻസ് ക്ലബ്ബ് ട്രഷറർ എന്നിങ്ങനെയുള്ള വിവിധ സാമൂഹിക സേവനങ്ങളിലും വ്യാപൃതനാണ്. എപ്പോഴും സുസ്മേരവദനനായി കാണപ്പെടുന്ന പോൾ ആഗോള തലത്തിൽ വലിയൊരു സുഹൃത്ത് സമ്പത്തിന്റെ ഉടമയാണ്.
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബോബി, ട്രഷറർ ബിഞ്ചു, മുൻ നാഷണൽ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ്, നിലവിലെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി.പി.എ എബ്രഹാം ഫിലിപ്പ്, ജോസ് വർഗ്ഗീസ്, ബെലോ കമ്മറ്റി അംഗം സജി എബ്രഹാം, ജുഡീഷ്യറി കൗൺസിൽ അംഗം ലാലി കളപുരക്കൽ, റീജിയണൽ ചെയർമാൻ ഫിലിപ്പോസ് കെ ജോസഫ്, വൈസ് ചെയർമാൻ ജെസ്വിൻ ശാമുവേൽ, ജോയിന്റ് ട്രഷറർ റിനോജ് കോരുത്, കൾച്ചറൽ പ്രോഗ്രാം ചെയർമാൻ തോമസ് ഉമ്മൻ, യൂത്ത് ഫോറം ചെയർമാൻ അലക്സ് സിബി, ചാരിറ്റി ചെയർമാൻ രാജേഷ് പുഷ്പരാജൻ, പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, കമ്മറ്റിഅംഗങ്ങളായ ഷാജി വർഗ്ഗീസ്, തോമസ് പൈക്കാട്ട്, തോമസ് പ്രകാശ്, വിമൻസ് ഫോറം സെക്രട്ടറി ഷേർളി പ്രകാശ്, ന്യൂയോർക്ക് മലയാളീ അസോസ്സിയേഷൻ പ്രസിഡൻറ് ബിബിൻ മാത്യു, കേരളാ സെന്റർ പ്രസിഡൻറ് അലക്സ് എസ്തപ്പാൻ, മലയാളീ സമാജം ഓഫ് ന്യൂയോർക്ക് പ്രസിഡൻറ് തോമസ് കോലടി തുടങ്ങിയവർ ഏകകണ്ഠമായാണ് പോൾ പി ജോസിനെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നനനിർദ്ദേശം ചെയ്തത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടർ നടപടികൾ സമയാധിഷ്ഠിതമായി ഭാവിയിൽ തുടരണമെന്ന് യോഗം തീരുമാനിച്ചു.
