കോൺഗ്രസിൽ പതിറ്റാണ്ടുകൾക്ക് മുൻപ് ലീഡർ കെ. കരുണാകരന്റെയും മുതിർന്ന നേതാവ് എ.കെ ആന്റണിയുടെയും പേരിൽ ഐ, എ എന്നീ ഗ്രൂപ്പുകൾ സജീവമായിരുന്നു. വ്യക്തിപരമോ അധികാരത്തിന്റെയോ പേരിലല്ല രണ്ടു ചേരികൾ രൂപപ്പെട്ടത്. മറിച്ച് ആശയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനങ്ങളായിരുന്നു അത്. കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള പാർട്ടിയാണ്. സി.പി.എമ്മിനെയും ബി.ജെ.പിയെയും പോലെ നിയതമായ ചട്ടക്കൂടിൽ നിന്ന് മാത്രമേ അഭിപ്രായം പറയാൻ പാടുള്ളൂ എന്നില്ല. അതുകൊണ്ടാണ് ഒരു പാർട്ടിയിലെ വ്യത്യസ്ത നിലപാടുകൾ പരസ്യമായി ഏറ്റുമുട്ടിയത്. പക്ഷെ, അത് പാർട്ടിയുടെ കെട്ടുറപ്പിനെ തകർക്കുകയോ അണികളുടെ ഊർജത്തെ കെടുത്തുകയോ ചെയ്തില്ല. വ്യക്തമായതും ചിലപ്പോൾ വൻപിച്ച ഭൂരിപക്ഷത്തോടെയും യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തിന് കഴിഞ്ഞു. കരുണാകരനും ആന്റണിയും തമ്മിൽ പരസ്പര ബഹുമാനം നിലനിർത്തുകയും ചെയ്തിരുന്നു. കരുണാകരൻ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ടുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലാതായി. എ.കെ ആന്റണി തന്റെ ആദർശത്തിൽ അടിയുറച്ചു നിന്ന് പാർട്ടി പ്രവർത്തനം എളിമയോടെ തുടരുന്നു.ഇത്രയും പറഞ്ഞത് കോൺഗ്രസിൽ പുതിയതായി ഉടലെടുക്കാൻ വെമ്പിനിൽക്കുന്ന ചില ശാക്തിക ചേരികളുടെ അപകടത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനും യു.ഡി.എഫിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വിജയത്തിന്റെ നേരവകാശികളായി സാാരണ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾവരെയുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ക്യാപ്ടൻ എന്ന്ചില മാധ്യമങ്ങളും ചില സ്ഥാപിത താല്പര്യക്കാരും വിശേഷിപ്പിച്ചു. യു.ഡി എഫിലെ ഐക്യം തകർക്കാൻ നടത്തിയ ശ്രമത്തിൽ ചിലരെങ്കിലും വീണു പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് നിലമ്പൂർ വിജയത്തിന്റെ ശോഭകെടുത്തുമെന്നായപ്പോൾ കെ.പി.സി.സി ഇടപെട്ടു.ക്യാപ്ടനും മേജറും അല്ല സോൾജിയർ ആണ് വേണ്ടതെന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കിയാൽ ഇനിയും അവർക്ക് നല്ലത്. സഹ പ്രവർത്തകരെ കൂടെ കൂട്ടി നിലമ്പൂർ മോഡൽ കേരളത്തിൽ ഇനിയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടാകുമെന്നതിൽ സംശയമില്ല. സംസാരത്തിൽ ധാർഷ്ട്യം ഒഴിവാക്കി ജനഹിതം അറിഞ്ഞു മുന്നോട്ട് പോയാൽ ജനം കൂടെ നിൽക്കും. അല്ലെങ്കിൽ ജനം വീണ്ടും മൂലക്കിരുത്തുമെന്ന് ഇനിയെങ്കിയും മനസ്സിലാക്കിയാൽ നന്നായായിരിക്കും. ജയിച്ചാലും തോറ്റാലും ഉത്തരവാദിത്വം എല്ലാവർക്കും ആണ്. സംസാരത്തിൽ ഒളിയമ്പുകൾ മാറ്റി നിർത്തി സീനിയേഴ്‌സ് ഉം ജൂനിയേഴ്‌സുവും സോൾജിയർ ആകാനുള്ള മനസുണ്ടായാൽ ജനം കൂടെ നിൽക്കും.അടുത്തതവണ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രിപദം നേടിയെടുക്കാനുള്ള രാഷ്ട്രീയ കളികളാണ് ഇതിന്റെയൊക്കെ പിന്നിൽ. കോൺഗ്രസിൽ മുഖ്യമന്ത്രിമാരാകാൻ പലരും യോഗ്യരാണ്. എന്നാൽ, ഒരാൾക്കേ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്നയാഥാർത്ഥ്യം മുന്നിലുണ്ട്. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജനഹിതം അറിഞ്ഞ് പാർട്ടിയുടെ കൂട്ടായ തീരുമാനത്തിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കേണ്ടത്. കസേര പിടിക്കാൻ മുൻകൂട്ടിയുള്ള കളികൾ കോൺഗ്രസിനെ നാശത്തിലക്ക് നയിക്കുകയും ഇടതുപക്ഷത്തിന് തുടർഭരണവും ബി.ജെ.പിക്ക് കടന്നുകയറാനുള്ള അവസരം ഒരുക്കുകയും ചെയ്യും. അതുകൊണ്ട് സാധാരണകോൺഗ്രസ് പ്രവർത്തകരായ താഴേത്തട്ടിലെ സൈനികരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ക്യാപ്ടൻമാരെയും മേജർമാരെയുമാണ് കോൺഗ്രസിന് ആവശ്യം. വ്യക്തിപമായ ആക്രമണങ്ങൾ ഒഴിവാക്കി ഒരേ ടീംസ്പിരിറ്റോടെ മുന്നോട്ടുപോകാൻ സൈനികരുടെ മനോവീര്യമാണ് നേതാക്കൾ പ്രകടിപ്പിക്കേണ്ടത്.
