advertisement
Skip to content

ഓണം: കാലം മായ്ക്കാത്ത പൂക്കാലം ബാബു പി സൈമൺ, ഡാളസ്

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ... ഈ വരികൾ കേൾക്കുമ്പോൾത്തന്നെ മനസ്സിൽ നിറയുന്നത് സ്വർഗ്ഗതുല്യമായ ഒരു കാലഘട്ടമാണ്. ഓണം എന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ നൽകുന്ന ഒരു ആഘോഷമാണ്. കൂട്ടുകാരുമൊത്ത് പൂക്കളം ഒരുക്കുന്നതിന് പൂക്കൾ ശേഖരിക്കാനായി അടുത്ത വീടുകളിലേക്ക് ഓടിപ്പോയിരുന്ന കാലം. ആ ഓട്ടത്തിനിടയിൽ വീണ കാൽമുട്ടിലെ മുറിവ് വേദന പോലും അറിയാതെ, വീണ്ടും ലക്ഷ്യത്തിലേക്ക് ഓടുന്ന സുഹൃത്തുക്കൾ. തിരിച്ച് കൈകളിൽ നിറയെ പൂക്കളുമായി വരുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷത്തിന് അതിരുകളില്ലായിരുന്നു. വ്യത്യസ്തങ്ങളായ പൂക്കളുടെ ഇതളുകൾ വച്ചുകൊണ്ട് വളരെ മനോഹരമായി ഉണ്ടാക്കിയെടുത്ത പൂക്കളങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്. പൂക്കൾ ശേഖരിക്കാനുള്ള ഓട്ടത്തിനിടയിൽ കൂട്ടുകാർ എന്നതായിരുന്നു എല്ലാറ്റിനും ഉപരിയായി ചിന്തിച്ചിരുന്നത്. നിഷ്കളങ്കമായ ഹൃദയത്തോടെ കൂട്ടുകാരെ ആലിംഗനം ചെയ്ത ഒരു നല്ല കാലം. മനസ്സുതുറന്ന് ചിരിക്കാനും സംസാരിക്കാനും പഠിപ്പിച്ച ഒരു നല്ല ഓണത്തിന്റെ കാലഘട്ടം. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത സൗഹൃദത്തിന്റെയും നിഷ്കളങ്കതയുടെയും കഥകൾക്ക് ഓണത്തിന്റെ ആ അവധിക്കാലങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു.

ഇന്ന് കാലം ഒരുപാട് മാറിയിരിക്കുന്നു. ഒരുകാലത്ത് ഗ്രാമങ്ങളിലെ എല്ലാ വീടുകൾക്കും മുൻപിലുണ്ടായിരുന്ന പൂക്കളം ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളുടെ വീടുകൾക്ക് മുൻപിൽ മാത്രമായി ഒതുങ്ങിയപ്പോൾ ബന്ധങ്ങൾ തകർക്കപ്പെട്ടോ എന്ന് തോന്നിപ്പോവുകയാണ്. ആ കാലത്ത് എല്ലാ വീടുകളിലും പൂക്കളമിട്ടത് കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു. ഇന്ന് അയൽക്കാർ പോലും പരസ്പരം മിണ്ടാത്ത അവസ്ഥയിൽ പൂക്കളമിടുന്നത് ഒരു ചടങ്ങായി മാത്രം മാറുന്നു.

ഓണത്തിൻ്റെ മറ്റൊരു പ്രധാന സന്തോഷം ഓണസദ്യയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനേക്കാൾ ആനന്ദം അത് ഒരുക്കുന്നതിലൂടെ ലഭിച്ചിരുന്നു. ഒരുമയുടെയും സ്നേഹത്തിൻ്റെയും സദ്യയാണത്. ദിവസങ്ങൾക്ക് മുൻപ് തന്നെ വീട് മുഴുവൻ സദ്യയുടെ ഒരുക്കങ്ങൾ തുടങ്ങുമായിരുന്നു. അടുക്കളയിൽ അമ്മയും സഹോദരിമാരും മറ്റ് ബന്ധുക്കളും ചേർന്ന് പപ്പടം ഉണ്ടാക്കുന്നു. അച്ഛനും ചേട്ടന്മാരും മുറ്റത്തെ തൂശനില വെട്ടി വൃത്തിയാക്കുന്നു. ചേനയും കായും വാഴപ്പിണ്ടിയും ഉൾപ്പെടെയുള്ള പച്ചക്കറികൾ വീട്ടിലെ കുട്ടികൾ പറമ്പിൽ നിന്നും ശേഖരിക്കുന്നു. ഓരോ കറിയും അതിൻ്റേതായ രുചിയിൽ തയ്യാറാക്കാൻ എല്ലാവരും കാണിക്കുന്ന ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതാണ്. പുളിയിഞ്ചി, ഇഞ്ചിത്തൈര്, മാങ്ങാക്കറി, പായസം തുടങ്ങി സദ്യയിലെ ഓരോ വിഭവങ്ങളും കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഉണ്ടാക്കുമായിരുന്നു.

ഓണസദ്യയ്ക്ക് ശേഷം പുലികളി കാണുവാനുള്ള യാത്ര മറ്റൊരു ആകർഷണമായിരുന്നു. കടുവയുടെ വേഷമിട്ട കലാകാരന്മാർ ശരീരത്തിൽ ചായം പൂശി, ചടുലമായ നൃത്തച്ചുവടുകളോടെ നഗരം ചുറ്റുമ്പോൾ ആ ആവേശം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ചെണ്ടയുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന പുലികളെ കാണാൻ ആളുകൾ തടിച്ചുകൂടുന്നു. പുലികളി കാണാൻ പോകുമ്പോൾ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയും, ആർപ്പുവിളികളും, ആഹ്ലാദവും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. പുലിവേഷമണിഞ്ഞ ആളുകളുടെ പുറകെ ഓടുന്നതും, നഗരവീഥികളിൽ പുലികൾ ചുവടുവെക്കുമ്പോൾ, അവരെ തൊട്ട് നോകുവാൻ ശ്രമിക്കുന്നതും കുട്ടിക്കാലത്തെ കൗതുകമുണർത്തുന്ന ഓർമ്മകളാണ്.

ഓർമ്മകളുടെ ചില്ലയിൽ പൂത്തുനിൽക്കുന്ന നിഷ്കളങ്ക ബാല്യവും, പൂവിളിയുടെ താളത്തിൽ ഉണർന്നിരുന്ന ഗ്രാമങ്ങളും, സ്നേഹത്തിൻ്റെ സദ്യ പങ്കിട്ട കുടുംബങ്ങളും, പുലിച്ചുവടുകളുടെ ആവേശമുണർത്തിയ തെരുവുകളും... അവയെല്ലാം മായാത്ത ചിത്രങ്ങളായി മനസ്സിൽ നിറയുന്നു. ഓണം നൽകുന്നത് സ്നേഹത്തിന്റെയും ,ഒത്തൊരുമയുടെയും, മനുഷ്യർ തമ്മിലുള്ള തുല്യതയുടെയും സന്ദേശം ആണ്. എന്നാൽ ഇന്ന് ആ ഹൃദയബന്ധങ്ങളുടെയും, സാഹോദര്യത്തിൻ്റെയും ഊഷ്മളത പുതിയ കാലത്തിൻ്റെ തിരക്കുകൾക്കിടയിൽ എവിടെയോ നഷ്ടമായിരിക്കുന്നു. എന്നോ നഷ്ട്ടപ്പെട്ട ആ നല്ല നാളുകളുടെയും, സമത്വത്തിൻ്റെയും, മാനുഷികബന്ധങ്ങളുടെയും പൊൻപുലരി വീണ്ടും വരുമെന്ന പ്രത്യാശയോടെ ..... ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest