advertisement
Skip to content

ഒരു പുതിയ നമ്പര്‍

രാജു മൈലപ്രാ

എനിക്ക് ഈയിടെ ഒരു പണി കിട്ടി. ഒരു എട്ടിന്റെ പണി.
ഞാനൊരു സംഭവമാണെന്നും എന്നെ ആര്‍ക്കും പറ്റിക്കുവാന്‍ കഴിയില്ല എന്നുമാണ് എന്റെ ഒരു ധാരണ. എന്നാല്‍ എത്രയോ തവണ, ഞാനറിയാതെ തന്നെ, പലരും എന്നെ പലതവണ പറ്റിച്ചിട്ടുണ്ടെന്നുള്ളതാണു വാസ്തവം. പറ്റിക്കപ്പെടുവാന്‍ വേണ്ടി മാത്രം, പിന്നെയും ഈയുള്ളവന്റെ ജീവിതം ബാക്കി.

'എന്തു തിന്നും, എന്തു കുടിക്കും, എന്തു ധരിക്കും' എന്നു ഞാന്‍ അമിതമായി ചിന്തിക്കാറില്ല- അതൊക്കെ എന്റെ ഭാര്യയുടെ നിയന്ത്രണത്തിലാണ്. ആവശ്യങ്ങള്‍ നടന്നു പോകണം എന്നതിനപ്പുറം വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും എനിക്കില്ല. ആഢംബരങ്ങള്‍ക്കായി അദ്ധ്വാനിക്കുവാന്‍ എനിക്കു താല്‍പര്യവുമില്ല. അതു എന്റെ കുറ്റമല്ല. ജന്മനാ ഞാനൊരു മടിയനാണ്.

എന്റെ കൈയിലിരിക്കുന്ന ഫോണ്‍, എന്നെപ്പോലെ ഒരു പഴഞ്ചനാണെന്ന് ഭാര്യയ്‌ക്കൊരു തോന്നല്‍. പുതിയൊരു ഫോണ്‍ എിക്കുവേണമെന്ന് അവള്‍ക്കൊരു വാശി.

'സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും'- എന്നു തിരുവചനം പറയുന്നു. കുറച്ചുകൂടി സാമര്‍ത്ഥ്യം കുറഞ്ഞ ഒന്നിനെ മതിയായിരുന്നു എനിക്ക് എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എന്നെയും വലിച്ചിഴച്ചു കൊണ്ട് അവള്‍ 'Spectrum'- ഷോറൂമിലേക്കു പോയി.

കടയിലേക്കു കാലെടുത്തു വച്ചതും 'May I hlep you' എന്നൊരു മധുരമൊഴിയുമായി ഒരു യുവസുന്ദരി ഞങ്ങളെ അകത്തേക്ക് ആനയിച്ചു. 'Thank you. We are just looking around' - ഞാന്‍ അവളില്‍ നിന്നൊരു സാമൂഹ്യ അകലം പാലിക്കുവാന്‍ ശ്രമിച്ചു.

ചുമ്മാതെ കയറി ഇറങ്ങുവാന്‍ ഇതു തന്റെ തന്തയുടെ വകയാണോ?' എന്നൊരു മുഖഭാവം അവളുടെ മുഖത്ത്.
ചൂണ്ടയില്‍ ഞാന്‍ കൊത്തിയില്ല എന്നു മനസ്സിലായപ്പോള്‍, അവള്‍ വല മാറ്റി വീശി.

എന്റെ ഭാര്യയുമായി ആ തരുണീമണി ഒരു സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
'You are from India'
'Yeah'
'I like your Indian curry'- അവള്‍ വളഞ്ഞ വഴിയിലൂടെ, ചൂണ്ടയുടെ ചരടു വലിക്കുകയാണ്.
'Oh, really- I can make good fish curry for you'- ഭാര്യ അവളുടെ പാചക നൈപുണ്യത്തെപ്പറ്റി വാചാലയായി.

പിറവം സ്റ്റൈലിലൊരു മീന്‍ കറി വെച്ചു കൊടുത്താല്‍ വെള്ളക്കാരിയുടെ അണ്ണാക്കു മുതല്‍ ആസനം വരെ അഗ്നിപര്‍വ്വതം പൊട്ടത്തെറിക്കുമെന്നുള്ള കാര്യമോര്‍ത്തപ്പോള്‍ ഞാനറിയാതെ ചിരിച്ചു പോയി.

'ഞങ്ങള്‍ കഴിഞ്ഞ പത്തു നാല്‍പ്പതു വര്‍ഷം ന്യൂയോര്‍ക്കിലായിരുന്നുവെന്നും, ഫ്‌ളോറിഡായില്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂവെന്നും, മകന്‍ നേവി ഓഫീസറാണെന്നും, മക്കള്‍ ഒക്കെ നല്ല നിലയിലാണെന്നും' മറ്റുമുള്ള ഒരു കുടുംബ ചരിത്രം, ആ വെള്ളക്കാരിയുടെ മുന്നില്‍, ഒരു ഈസ്റ്റുമാന്‍ കളറില്‍ അവള്‍ പ്രദര്‍ശിപ്പിച്ചു.

കൂട്ടത്തില്‍ കൊച്ചുമക്കളുടെ ഫോട്ടോകളും കാണിച്ചു കൊടുത്തു. 'Oh-They are so adorable'- ചൂണ്ടയുടെ ചരടു മുറുകുകയാണ്. പ്രായം സ്ത്രീകളുടെ ഒരു ബലഹീനതയാണല്ലോ!

'Oh C'mon! You don't look that old- May be forty, at the most forty '
ആ കോംപ്ലിമെന്റില്‍ പുഷ്പ കമഴ്ന്നടിച്ചു വീണു.

നിവര്‍ന്നെഴുന്നേറ്റപ്പോള്‍ അവളുടെ കൈയില്‍ ഒരു ഐഫോണ്‍ 17 പ്രോ മാക്‌സ്. എന്റെ കൈയിലിരുന്ന പഴഞ്ചന്‍ ഫോണ്‍ പതിനഞ്ചു ഡോളറിനു ട്രേഡ് ഇന്‍ ചെയ്തു.

അതിലെ ഡാറ്റ മുഴുവന്‍ പുതിയ ഫോണിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു.

'കണ്ടോ എന്റെ കഴിവ്' എന്ന ഭാവത്തില്‍, എന്റെ ഭാര്യ അവളുടെ അഞ്ചടി ഉയരം, അഞ്ചര അടിയിലേക്കുയര്‍ത്തി.
വീട്ടില്‍ വന്നു കയറി ഞാന്‍ ഫോണ്‍ ഒന്നു പരിശോധിച്ചു. തരക്കേടില്ല. കൊള്ളാം. പക്ഷേ, പട്ടിയുടെ കൈയില്‍ പൊതിയാതേങ്ങാ കിട്ടിയ ഒരവസ്ഥ. അതു ശരിയായ രീതിയില്‍ ഉപയോഗിക്കുവാനുള്ള അറിവ് എനിക്കില്ല. അവിടെയും ഇവിടെയുമെല്ലാം നിരവധി ആപ്പും കോപ്പും.

എന്റെ അഞ്ചു വയസ്സുകാരി കൊച്ചുമകള്‍ക്ക് ഐഫോണ്‍ എന്നൊക്കെ പറഞ്ഞാല്‍ വെറും അപ്പൂപ്പന്‍ താടിയാണ്. പെട്ടെന്നൊരു കോള്‍-പുതിയ ഫോണിലേക്ക് ആദ്യമായി വരുന്ന വിളിയാണ്. ഞാന്‍ ഭയത്തോടും വിറയലോടും കൂടി ഫോണ്‍ കൈയിലെടുത്തു.

“ഹലോ. മി.ജോര്‍ജ്”
“സ്പീക്കിംഗ്”.
“മൈ നേമ് ഈസ് എഡ്വാര്‍ഡ്. ഐ ആം കോളിംഗ് ഫ്രെം ദ ആപ്പിള്‍ കമ്പനി. കണ്‍ഗ്രാജുലേഷന്‍സ് ഓണ്‍ യുവര്‍ ന്യൂ പര്‍ച്ചേസ്. ബട്ട് ഐ ആം സോറി ടു ഇന്‍ഫോം യു ദാറ്റ് ദേര്‍ വാസ് എ മിസ്‌റ്റേക്ക് ഫ്രം അവര്‍ സൈഡ്. ഇന്‍സ്റ്റഡ് ഓഫ് ഓ ന്യൂ ഫോണ്‍, വീ സെന്റ് യൂ എ റീഫര്‍ബിഷ്ഡ് ഫോണ്‍”.

ഇടക്ക് ഞാന്‍ അയാളോട് എന്തോ പിച്ചും പേയും പറയുന്നുണ്ട്. എന്റെ തലച്ചോറിന്റെ ഏറിയ പങ്കും അവന്റെ കക്ഷത്തിനിടയിലായ കാര്യം ഞാനറിഞ്ഞില്ല.

വീ അപോളജൈസ് ഫോര്‍ അവര്‍ മിസ്‌റ്റേക്ക്. സോ, പീസ് സെന്റ് ഇറ്റ് ബാക്ക്, വീ വില്‍ സെന്റ് യൂ എ ന്യൂ വണ്‍ റൈറ്റ് അവേ. വീ വില്‍ ഓള്‍സോ ഗിവ് യൂ 150 ഡോളര്‍ വിസാ കാര്‍ഡ് ആസ് എ കോമ്പന്‍സേഷന്‍ ഫോര്‍ യുവര്‍ ഇന്‍കണ്‍വീനിയന്‍സ്.

പുതിയ ഫോണിന്റെ കൂടെ 150 ഡോളറും കൂടി. ഭാഗ്യം കയറി വരുന്ന ഓരോ വഴികളേ!
അടുത്തുള്ള Fedex സ്റ്റോറിലേക്കു ഒരു പ്രീ പെയ്ഡ് ലേബല്‍ അയച്ചിട്ടുണ്ടെന്നും, ്അവിടെ ചെന്നാല്‍ ബാക്കി കാര്യങ്ങള്‍ അവര്‍ ശരിയാക്കിക്കൊള്ളുമെന്നും ഉറപ്പു നല്‍കി. എഡ് വേര്‍ഡുമായി നേരിട്ടു ബന്ധപ്പെടുവാനുള്ള ഒരു ഫോണ്‍ നമ്പരും നല്‍കി.

ഫോണ്‍ അയച്ചു കഴിഞ്ഞിട്ട് എഡ്വേര്‍ഡ് തന്ന നമ്പരിലേക്കു വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. പാവം, എന്നെ സഹായിച്ച ക്ഷീണത്തില്‍ ഉറങ്ങിക്കാണും.

അടുത്ത ദിവസം രാവിലെ വീണ്ടും വിളിച്ചു. നോ ആന്‍സര്‍ എവിടെയോ എന്തോ ഒരു പന്തികേട്. ട്രാക്കിംഗ് നമ്പര്‍-വെച്ചു ചെക്കു ചെയ്തപ്പോള്‍, എന്റെ ഫോണ്‍ ക്യൂബയിലുള്ള ഏതോ ഒരു കാസ്‌ട്രോയുടെ അഡ്രസിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലായി.

ഉടനെ തന്നെ Fedex Delivery കമ്പനിയെ വിളിച്ചു ഒരു 'സ്റ്റോപ് ഡെലിവറി' റിക്വസ്റ്റിട്ടു. ഫോണ്‍ പോയിട്ടില്ലെന്നും അതു എനിക്കു തന്നെ തിര്യെ കിട്ടുമെന്നും അവര്‍ ഉറപ്പു നല്‍കി. കൂടെ ഒരു കേസ് നമ്പറും-അടുത്ത ദിവസവും വിളിച്ചു. എന്‍ക്വയറി മറ്റൊരു ഡിപ്പാര്‍ട്ടുമെന്റിലേക്കു മാറ്റിയിരിക്കുന്നു. വറി ചെയ്യണ്ടാ-ഫോണ്‍ തിരിച്ചു കിട്ടും- ഈ ഒരു പരിപാടി കുറച്ചു ദിവസം തുടര്‍ന്നു.

ഞാന്‍ വീണ്ടും പറ്റിക്കപ്പെട്ടു എന്നു മനസ്സിലായി. ഫോണ്‍ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോഴാണ്, എന്റെ ജീവിതം ആ ഫോണ്‍ നമ്പറിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നു മനസ്സിലായത്.

സോഷ്യല്‍ സെക്യൂരിറ്റി, പെന്‍ഷന്‍, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡുകള്‍, വൈദ്യസഹായം എല്ലാ വെരിഫിക്കേഷന്‍ കോഡും ആ നമ്പറിലേക്കാണു പോകുന്നത്.

ഞാന്‍ ശരിക്കും വെള്ളം കുടിച്ചു. കുടിച്ചുകൊണ്ടേയിരിക്കുന്നു.

ഏതായാലും ആ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ട് പുതിയൊരു നമ്പര്‍ കരസ്ഥമാക്കി.

മൂഷിക സ്ത്രീ, പിന്നെയും മൂക്ഷിക സ്ത്രീയായ അവസ്ഥ. ഒരു സുഹൃത്ത് എന്നോടു ചോദിച്ചു.

'താന്‍ എന്തിനാ ഇടയ്ക്കിടെ ഫോണ്‍ നമ്പര്‍ മാറ്റുന്നത്?'
'അതൊക്കെയീ ഗോപാലകൃഷ്ണന്റെ ഒരു നമ്പരാ'- എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest