advertisement
Skip to content

"ഓർമ്മകൾ ഒരു പുനരുജ്ജീവനമാണ്" നോവൽ റിവ്യൂ

"ഓർമ്മകൾ ഒരു പുനരുജ്ജീവനമാണ്."   ഓർമ്മകളിൽ നാം മുഴുകുമ്പോൾ കഴിഞ്ഞ കാലം നമ്മുടെ മുന്നിൽ സത്യമെന്നത് പോലെ പുനർജനിക്കുന്നു.   കൗമാരം മുതൽ പ്രണയിച്ചു പിന്നീട് വിവാഹിതരാവുകയും വിവാഹത്തിന് ശേഷം പ്രണയം ഒരു ഉത്സവം പോലെ ആഘോഷിക്കുകയും ചെയ്ത തന്റെ പ്രണയത്തിന് ഓർമ്മകളിലൂടെ ജീവൻ കൊടുക്കുകയാണ് 'നിനക്കുള്ള കത്തുകൾ' എന്ന പുസ്തകത്തിലൂടെ ജിജി ജോഗി ചെയ്യുന്നത്.  നടനും ഗായകനും എഴുത്തുകാരനുമായ സന്തോഷ് ജോജിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മകളിൽ എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്.

ജിജി എഴുതുന്നു.  " ഓരോ ഓർമയിലും നിന്നെ ഞാൻ ഖനനം ചെയ്യുകയാണ്.  ഓരോ അടരുകളിൽ നിന്നും നിന്നെ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്. നിന്റെ അറകളിലെ പ്രണയം കോരിക്കുടിക്കാൻ ആർത്തി പിടിക്കുകയാണ്.  അന്ന് നിന്റെ കണ്ണീരു വീണയിടമാവാം ഇന്ന് ഞാൻ തൊട്ടപ്പോൾ പൊടിഞ്ഞു പോയത്.  നിന്റെ ഒരു ചുംബനം മതി എന്റെയുള്ളിൽ പൊടിഞ്ഞു പോയതിന്റെയെല്ലാം കേടുപാടു തീർക്കാൻ."
പ്രണയജീവിതമാണ് ഈ കുറിപ്പുകളുടെ കാതൽ.

"ഓരോ വാക്കും പെറുക്കിയെടുത്ത് ഭംഗി പിടിപ്പിച്ച്‌ ആത്മവിശ്വാസത്തോടെ നീ പറഞ്ഞുകൊണ്ടിരുന്നു.  ഇടയിലെപ്പോഴോക്കെയോ പാടി.   സ്വന്തം ഈണത്തിൽ സ്വന്തം കവിതകൾ പാടി.   അതിനുമിടയിൽ ഏറെ ലാളിച്ചു... നമ്മുടെ ചുണ്ടുകൾ പരസ്പരം ഈണമിട്ടു.  ചൂരൽകൊണ്ടുള്ള ഊഞ്ഞാലിൽ എന്നെയും മടിയിലിരുത്തി നീ പാടിക്കൊണ്ടേയിരുന്നു.  ആ രാത്രികളിലെ ഇരുട്ടിൽ നിന്റെ പ്രണയമായിരുന്നു നിലാവ്.  നിന്റെ മടിത്തട്ടായിരുന്നു ഭൂമി... നിന്റെ നെഞ്ചയിരുന്നു ചന്ദ്രൻ."   വായിക്കുന്നവരിൽ പ്രണയഭാവം ഉണർത്താനും തങ്ങളുടെ പ്രണയജീവിതത്തെ ഒന്ന് കൂടെ സജീവമാക്കാനും പ്രേരിപ്പിക്കും വിധം ജീവൻ കൊടുത്തതാണ് ഇതിലെ ഭൂരിഭാഗം കത്തുകളും.   ചെറിയ രീതിയിലാണെങ്കിലും തങ്ങളുടെ പ്രണയകഥ ഈ കത്തുകളിലൂടെ വായനക്കാർക്ക് പരിചയപ്പെടുത്തുന്നുണ്ട് എഴുത്തുകാരി.

"പരസ്പരം കണ്ണിടഞ്ഞാൽ അടിവയറ്റിൽ നിന്നും തീപാറുന്ന സ്ഥിതിയിൽ നമ്മളുടെ പ്രണയം പൊരിഞ്ഞു നിൽക്കുന്ന സമയം!   നീയെന്നെ ചുറ്റിപ്പറ്റി അടുത്തു തന്നെയുണ്ടായിരുന്നു.  എപ്പോഴും.   (അതോ, ഞാൻ നിന്നെയോ?'  എന്നിങ്ങനെ പ്രണയത്തിന്റെ ജീവനുറ്റ വിവരണങ്ങൾ ഇതിൽ നമുക്ക് കാണാം.  ഇത് പലപ്പോഴും ശാന്തമായി പെയ്യുന്ന മഴ മാത്രമായിരുന്നില്ല.  ആർത്തലച്ചു പെയ്യുന്ന പെരുമഴയുമായിരുന്നു.    ഒരൊറ്റ തോന്നലിന്റെ പുറത്തു നിസ്സാര പൈസ മാത്രം കൈയ്യിൽ വെച്ച് തോന്നുന്നിടത്തേക്ക് ഒരു യാത്ര.  യാത്രയിൽ പെയ്തിറങ്ങുന്ന പ്രണയമഴയിൽ കുളിച്ചു കയറുന്നവർ പ്രണയത്തിന്റെ തിരുനടയിൽ പാടുന്ന സ്വാതന്ത്ര്യത്തിന്റെ യുഗ്മഗാനം.   അവിചാരിതയെ ആഘോഷമാക്കുന്ന സജീവത്വം.   "എന്റെ പപ്പു... നമ്മളൊരു സൂപ്പർ ടീമാണ്,ട്ടോ.. (ചേർത്തു നിർത്തിയാൽ വെള്ളം ചോരാത്ത ടീമെന്ന് അമ്മയുടെ ഭാഷ്യം) അതുകൊണ്ടാവും ഒപ്പമുള്ള ഒരൊറ്റ നിമിഷവും മടുക്കാതെ വൻവിജയമാക്കാൻ നമുക്ക് കഴിഞ്ഞത്."

ഈ പ്രണയഭാവം ചിലപ്പോഴൊക്കെ ഒരു മാതൃഭാവത്തിലേക്കും മാറുന്നുണ്ട്.   "ഞാനല്ലേ നിന്റെ മൂത്ത കുഞ്ഞ്.  പക്ഷെ, പാല് മുഴുവൻ അവൾക്കും,ല്ലേ.  ഇങ്ങനെയായാൽ, ഞാൻ വേറെയാരോടെങ്കിലും ഇരന്നു കുടിക്കേണ്ടിവരുമല്ലോ ഇതിന്റെ രുചിയൊന്നറിയാൻ."  ആ പാതിരാത്രിയിലും ഞാൻ പൊട്ടിച്ചിരിച്ചു.  പ്രസവത്തിന്റെ മുറിവുകൾ വേദനിക്കും വരെ."  പ്രണയിനി തന്റെ കാമുകി മാത്രമല്ല, അമ്മ കൂടിയായിരുന്നു ജോഗിക്ക്.

കവിത തുളുമ്പുന്ന ഭാഷയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
"നിന്നോടെനിക്കുള്ളത്, കടുംപച്ചക്കാട്ടിൽ ഒരു ചുവന്ന പൂവെന്നപോൾ അത്രയും നിറമാർന്ന പ്രണയം!!!"
"ആ ക്രിസ്തുമസ് രാത്രിയിൽ എന്നെ ഉമ്മനക്ഷത്രങ്ങളാൽ നീയലങ്കരിച്ചു."

"മഴമേഘങ്ങൾ പലപ്പോഴും നിന്നെ മൗനിയാക്കുമായിരുന്നു.  ഉത്സാഹം വെടിഞ്ഞ് നീ വീടിന്റെ അകത്തളങ്ങളിലോ എന്റെ നെഞ്ചിൻകൂട്ടിലോ ഒതുങ്ങിക്കൂടും... ഇരുണ്ട മേഘങ്ങൾ തുള്ളികളായി ചിതറാൻ തുടങ്ങുമ്പോൾ പക്ഷെ, നീ ചിറകു വിടർത്തും... പ്രണയാതുരനാകും.  അതുവരെ മൂടി നിന്ന നിശ്ശബ്ദതയെ ചുംബനങ്ങളുടെ സീൽക്കാരംകൊണ്ട് കീറിമുറിക്കും... പിന്നെ നിനനക്ക് മഴയുടെ താളമാണ്, പുതുമണ്ണിന്റെ മണമാണ്, വൃശ്ചികക്കാറ്റിന്റെയാവേശമാണ്.  അപ്പോൾ നിന്നിലേക്കു പടരാതിരിക്കാനാവില്ലെനിക്ക്.  നിനക്ക് ആർത്തലച്ചു പെയ്യാനുള്ള ഭൂമിയായിരുന്നു ഞാൻ... നിന്നെ പ്രണയത്തോടെ സ്വീകരിക്കുന്ന ഭൂമി."  എന്നിങ്ങനെ സുന്ദരമായ ഭാഷ കൊണ്ട് അലങ്കരിച്ചതാണ് ഈ പ്രണയകാവ്യത്തിലെ ഏറെ വരികളും.  അതിനാൽ തന്നെ വായന ലളിതമാകുമ്പോഴും ചിന്തയും വികാരങ്ങളും ഒട്ടും നഷ്ടപ്പെടുത്താതെ കൈമാറാൻ എഴുത്തുകാരിക്കാവുന്നുണ്ട്.   അപൂർവ്വമായി മാത്രമേ ഇത്തരം നല്ല ഭാഷ ആത്മഭാഷണങ്ങളിൽ കാണാറുള്ളൂ എന്നതിനാൽ വായന വലിയൊരു സന്തോഷമായിരുന്നു.

പരിഭവമില്ലാതെ പ്രണയമുണ്ടോ?   പ്രണയത്തിന്റെ കുത്തൊഴുക്കിനുള്ളിലും പറയാതെ, സ്വയം യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയനോടുള്ള പരിഭവം കത്തുകളിൽ മറച്ചു വെക്കുന്നില്ല.   "എല്ലാറ്റിനുമിടയിലും നീ അരക്ഷിതനായിരുന്നു."   എന്ന് എഴുത്തുകാരി തിരിച്ചറിയുന്നുണ്ട്.  സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ദാഹത്തിൽ പുറത്തു ചാടി ദുർഗുണപരിഹാര പാഠശാലയിലേക്കെത്തി ജീവിതം എന്തെന്ന് പഠിച്ചു തുടങ്ങിയ തന്റെ പ്രിയനെ അവൾ കണ്ടെത്തുമ്പോൾ അവന്റെ രണ്ടു കൈകളിലും ആത്മഹത്യയുടെ മുറിപ്പാടുകളുണ്ടായിരുന്നു.   "ഇനിയൊരിക്കലും നിന്നെ വിട്ടുകൊടുക്കില്ലെന്ന് തന്നെ ആ പതിനാറാം വയസ്സിൽ ഞാൻ തീരുമാനിച്ചിരുന്നു.... പക്ഷെ, നിന്നെ പിടിച്ചു നിർത്താൻ എന്റെ പ്രണയം പോരായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു." എന്ന് ഉൾവലിയുകയും, മരണത്തിന്റെ കൈകളിലേക്ക് അവൻ സ്വയം നടന്നു പോയപ്പോൾ "പക്ഷെ പപ്പൂ... നീയവർക്ക് നിഷേധിച്ചത് പകരം വെക്കാനാവാത്ത നിന്റെ വാത്സല്യമാണ്.  എത്ര പുസ്തകം വായിച്ചാലും എത്ര ലോകം കണ്ടാലും അവർക്ക് കണ്ടെടുക്കാനാവാത്ത നിന്റെ സ്നേഹമാണ്.  നിന്റെ ഭ്രാന്തുകളാണ്.  നിന്റെ പ്രതിഭകളാണ്." എന്ന് മക്കളെയോർത്ത് പരിതപിക്കുകയും ചെയ്യുന്നുണ്ട് അവൾ.   തന്നെത്തന്നെയും മറ്റുള്ളവരെയും ഒന്ന് പറ്റിക്കുക അവന്റെ സ്വഭാവത്തിൽ ഉണ്ടായിരുന്നു. സ്വയം പീഡനവും.   "സ്വയം പീഡനം നിന്നെയോർത്താവുമ്പോൾ അതിന് ഇരട്ടി വേദനയാണ്.  ഇരട്ടി സുഖവും.  സാരല്യ.. പോട്ടെ." എന്ന് പശ്ചാത്തപിക്കുന്നുണ്ട് അവൻ.  മരണം അവന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അവൾ തിരിച്ചറിയുന്നത് പിന്നീടാണ്.   "പലതരം മരണങ്ങളിൽ നിന്റെ മുഖഭാവം എങ്ങനെയായിരിക്കുമെന്ന് നീ അഭിനയിച്ചു കാണിക്കാൻ തുടങ്ങി..... ഒടുവിൽ നീ പറഞ്ഞു.   "എന്റെ അമ്മുക്കുട്ടീ ഞാൻ മരിച്ചാൽ ഇതിലേതെങ്കിലുമൊന്നായിരിക്കും എന്റെ ഭാവം."  ഒടുവിൽ തിരിച്ചറിയാനാവാത്ത മുഖം മറച്ച വെള്ള തൂവാലയിൽ തൊടുമ്പോൾ ആ മുഖഭാവങ്ങളിലൊന്നായിരിക്കാം അവനെന്ന് അവൾ കേഴുന്നു.

ഓരോ എഴുത്തുകളുടെയും അഭിസംബോധനയും (എന്റെ പ്രിയപ്പെട്ട പപ്പു, എന്റെ പ്രണയമേ, എന്റെ നിനക്ക്, എന്റെ സ്വന്തമേ, എന്റെ മുത്തേ, എന്റെ പ്രിയപ്പെട്ടവനേ എന്നിങ്ങനെ.)  യാത്രാമൊഴിയും (പ്രണയത്തോടെ നിന്റെ ഞാൻ, നിന്റെ ഉന്മാദിയായ ഞാൻ, നിന്റെ അമ്മു, എന്ന് നിന്റെ ഞാൻ, നിന്റെ മഴ നനഞ്ഞ പെണ്ണ് , നിലാവുമ്മകളോടെ നിന്റെ പെണ്ണ്,  പ്രണയവാത്സല്യങ്ങളോടെ നിന്റെ അമ്മുപ്പെണ്ണ് എന്നിങ്ങനെ..)  കത്തുകളുടെ സ്വഭാവത്തിനും വികാരത്തിനും ചേർന്ന വിധത്തിലാണ് എന്നതും കത്തുകളെ പ്രിയതരമാക്കുന്നുണ്ട്..
ഈ പുസ്തകത്തിൽ അല്പസ്വല്പം മാറ്റങ്ങളോടെ ഒരു സിനിമക്ക് അടിസ്ഥാനമാകാവുന്ന മനോഹരമായ പ്രണയകാവ്യം ഒളിഞ്ഞു കിടപ്പുണ്ട്.  അത് ആരെങ്കിലും കണ്ടെത്തും എന്ന് തന്നെ കരുതുന്നു.

എങ്കിലും തന്റെ പ്രണയത്തെ ഇന്നും ജീവിപ്പിക്കുന്നത് അവനെപ്പറ്റിയുള്ള ഓർമ്മകളാണെന്ന് അവൾക്കുറപ്പുണ്ട്.   ഓരോ ഇലയനക്കത്തിലും പാതയുടെ ഓരോ വളവിലും അവൾ അവന്റെ സാന്നിദ്ധ്യം അവൾക്കൊപ്പമുണ്ട്.   ഇടിവെട്ടും വെടിക്കെട്ടും വരുന്ന രാത്രികളിൽ അവന്റെ അഭാവത്തിൽ വിറക്കുമ്പോഴും ഓർമ്മകളിൽ അവൻ അടുത്ത മഴയിൽ ശക്തിയായി പെയ്ത് അവളെ നനക്കുന്നു.   പ്രണയമില്ലാത്ത ജീവിതം വ്യർത്ഥമാണെന്നു പറയാതെ പറയുന്നുണ്ട് ഈ പുസ്തകം.  പ്രണയത്തിന്റെ ഓർമ്മകൾ അനശ്വരമാണെന്നും ഈ മനോഹര പ്രണയഗാഥ ഉറപ്പു തരുന്നു.

പ്രസാധനം - മാതൃഭൂമി ഗ്രാസ് റൂട്ട്സ്
വില - 100 രൂപ
പേജുകൾ - 88

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest