advertisement
Skip to content

പത്മരാജൻ എന്റെ ഗന്ധർവ്വൻ നോവൽ

പത്മരാജൻ - രാധാലക്ഷ്മി പ്രണയമാണ് ഈ പുസ്തകത്തിന്റെ ഒന്നാമത്തെ ആകർഷണം. ഈ പ്രണയം എഴുതുമ്പോളും തന്നെപ്പറ്റി സത്യസന്ധമായ ഒരു വിവരണം വായനക്കാർക്ക് എഴുത്തുകാരി ഉറപ്പ് നൽകുന്നുണ്ട്.

"ഭൂമിയിൽ നിന്റെയൊപ്പം ജീവിച്ച് നിന്റെ ഓർമ്മയുമായി മരിക്കുന്ന ദേവൻ എന്ന പേരുള്ള ഒരു മനുഷ്യനാവും" എന്ന് ആണയിട്ടു പറഞ്ഞ എന്റെ ഗന്ധർവ്വൻ.  "ഈ ഭൂമിയിലൊരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണ് കണ്ടെത്തി വിശ്രമിക്കണം" എന്നെഴുതി വെച്ച എന്റെ ഗന്ധർവ്വൻ.

മലയാളത്തിന്റെ സ്വന്തം ഗന്ധർവ്വനെപ്പറ്റി അദ്ദേഹത്തിന്റെ പ്രിയതമ രാധാലക്ഷ്മി പത്മരാജൻ എഴുതിയ ഓർമ്മക്കുറിപ്പുകളാണ് "പത്മരാജൻ എന്റെ ഗന്ധർവ്വൻ" എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

മലയാള സാഹിത്യലോകത്തും സിനിമാലോകത്തും പുതുമയുടെ തൂവാനത്തുമ്പികളെ പറത്തി വിട്ട പത്മരാജൻ എന്ന പ്രതിഭ മലയാളിയെ കാലങ്ങൾ കഴിഞ്ഞിട്ടും ഭ്രമിപ്പിക്കുന്നു.   എന്നാൽ പത്മരാജൻ എന്ന വ്യക്തിയുടെ ജീവിതത്തെപ്പറ്റി അത്രയധികമൊന്നും ആർക്കും അറിയുമെന്ന് തോന്നുന്നില്ല.   എന്തായാലും എനിക്ക് പത്മരാജന്റെ സാഹിത്യവും സിനിമയും ഒരു പോലെ ഇഷ്ടമായിരുന്നെങ്കിലും അതിന്റെ നന്മകളെപ്പറ്റി വാതോരാതെ സംസാരിക്കാം എന്നിരിക്കിലും അദ്ദേഹത്തെക്കുറിച്ചു കൂടുതലായി അറിയുമായിരുന്നില്ല.  പത്മരാജൻ എന്ന വ്യക്തിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത് ഈ പുസ്തകമാണ്.

പത്മരാജൻ പ്രേമിച്ചാണ് കല്യാണം കഴിച്ചത് എന്ന് തന്നെ എനിക്ക് അറിയില്ലായിരുന്നു.  തന്നെക്കാൾ ഒരു വയസ്സ് മൂത്ത സ്ത്രീയെയാണ് പ്രണയിച്ചു കല്യാണം കഴിച്ചത് എന്നത് അത്രയും തന്നെ അറിയില്ലായിരുന്നു.  മുതിർന്നവരെ കല്യാണം കഴിച്ച സെലിബ്രിട്ടീസ് ആയി സച്ചിൻ ടെണ്ടുൽക്കറും എ കെ ആൻറണിയും മാത്രമായിരുന്നു എന്റെ ലിസ്റ്റിൽ ഇത് വരെ.  ഇപ്പോൾ പത്മരാജനും കൂടെ കൂടി.

പത്മരാജൻ - രാധാലക്ഷ്മി പ്രണയമാണ് ഈ പുസ്തകത്തിന്റെ ഒന്നാമത്തെ ആകർഷണം.    ഈ പ്രണയം എഴുതുമ്പോളും തന്നെപ്പറ്റി സത്യസന്ധമായ ഒരു വിവരണം വായനക്കാർക്ക് എഴുത്തുകാരി ഉറപ്പ് നൽകുന്നുണ്ട്.

"കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നത് കൊണ്ട് ഒരുപാട് താലോലിച്ചാണ് എന്നെ വളർത്തിയത്.

അതിന്റെതായ പല ദോഷങ്ങളും എനിക്കുണ്ടായിരുന്നു.  എല്ലാവരോടും തുറന്നു പെരുമാറുന്ന ശീലം.   മനസ്സിൽ യാതൊന്നും ഒളിച്ചു വെക്കാത്ത സ്വഭാവം.  ആരെന്തു പറഞ്ഞാലും ഞാൻ വിശ്വസിക്കും. ...ആകാശവാണിയിൽ ഉദ്യോഗസ്ഥയായി കയറുമ്പോഴും ഞാൻ പന്ത്രണ്ടു വയസ്സുള്ള ബാലികയായിരുന്നു മാനസികമായി."

"ഒരുപാട് സ്നേഹം കിട്ടി വളർന്നത് കൊണ്ടാവാം, കാണുന്ന, പരിചയപ്പെടുന്ന എല്ലാവരോടും എനിക്ക് സ്നേഹം തോന്നിയിരുന്നത്.  ആരോടും ഒരു വ്യത്യാസവും കാണിക്കാത്ത എന്റെ പെരുമാറ്റം ഒരുപാട് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയിട്ടുമുണ്ട്.  അന്നത്തെ അപക്വമായ എന്റെ ജീവിതത്തെക്കുറിച്ചു ഓർക്കുമ്പോൾ ലജ്ജയും ദേഷ്യവുമൊക്കെ തോന്നാറുണ്ട്.    ഒട്ടും അടക്കവും ഒതുക്കവുമില്ലാത്ത, ആരെക്കണ്ടാലും പല്ലിളിച്ചു കാണിക്കുന്ന ഒരു പരമവിഡ്ഢിയുടെ ഇമേജാണ് ഞങ്ങളുടെ ബോസായ മിസ് സത്യഭാമയ്ക്ക് എന്നെക്കുറിച്ച് ഉണ്ടായിരുന്നത്.   ടൗണിലെ ഓഫീസിൽ നിന്ന് അവർ സ്റുഡിയോയിലെത്തിയാൽ മൂന്നരത്തരം എനിക്ക് വഴക്ക് കേട്ടിരിക്കും."

എന്നിങ്ങനെയുള്ള ഒരു സ്വയം ഇകഴ്ത്തലിൽ നിന്നാണ്   ഭാവിയിൽ നായകനാവുന്ന വില്ലന്റെ വരവ് അവതരിപ്പിക്കുന്നത്.   "തിരുവനന്തപുരത്തു ഒരുപാട് കളികൾ കളിച്ച ആ 'വില്ലന്റെ' വരവ് എന്നെ കുറേശ്ശെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു."  കൂടാതെ, സ്ത്രീ വർഗ്ഗത്തോട് തന്നെ ബഹുമാനമില്ലാത്ത ഒരാളും.

"വല്ലാതെ കുറച്ചു മാത്രം സംസാരിക്കുന്ന, സ്ത്രീവർഗ്ഗത്തോടകമാനം വല്ലാത്ത ഒരുതരം പുച്ഛം തന്നെ പുലർത്തുന്ന, തരം കിട്ടുമ്പോൾ സ്ത്രീകളെ കളിയാക്കാൻ വഴികാണുന്ന പത്മരാജൻ സ്ത്രീകൾക്ക് ഗർഭപാത്രവും പുരുഷന്മാർക്ക് തലച്ചോറും നൽകിയാണ് ബ്രഹ്മാവ് തന്റെ സൃഷ്ടി നടത്തിയിരിക്കുന്നത് എന്നുവരെ പറഞ്ഞ അവസരങ്ങളുണ്ട്."

"പത്മരാജൻ ഏതെങ്കിലും വിധത്തിൽ സ്റുഡിയോവിലോ മറ്റോ വെച്ച് തന്നെ സമീപിച്ചുവോ" എന്ന മറ്റുള്ളവരുടെ സംശയങ്ങൾ പക്ഷെ അവരെത്തമ്മിൽ അടുപ്പിക്കുകയായിരുന്നു. "ആ ചിങ്ങമാസത്തിൽ ഒരു ഞായറാഴ്ച്ച ഉച്ചയ്ക്ക് മുൻപുള്ള ഇടവേളയിൽ പത്മരാജൻ ഇങ്ങനെപ്പറഞ്ഞു.  "ദിവസവും നമ്മളെ രണ്ടുപേരെയുംകൂടെ ഇങ്ങനെ ഒരുമിച്ചു ഡ്യൂട്ടിക്കിടുകയാണെങ്കിൽ എന്റെ മാന്യതയുടെ പരിവേഷം അങ്ങ് മാറിപ്പോകും." പത്മരാജനെ ചെറിയ ഒരനുജനായിട്ടേ കരുതിയിട്ടുള്ളു എന്ന് ചെറിയ പതർച്ചയോടെ ഞാൻ പറഞ്ഞെങ്കിലും 'അങ്ങനെ കരുതുവാൻ എനിക്ക് കഴിയുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.   തൊട്ടാവാടിയായ എന്റെ മനസ്സ് സന്തോഷിച്ചെങ്കിലും കണ്ണീരടക്കാൻ എനിക്ക് കഴിഞ്ഞില്ല."

വില്ലന്മാർ ഏറെയുണ്ടായിരുന്ന സിനിമയായിരുന്നു പത്മരാജന്റെ പ്രണയം.   ഒരു സന്നിഗ്ധ ഘട്ടത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി.  "അവിവാഹിതരായ രണ്ടു ചേട്ടന്മാരുടെയും ഒരനിയത്തിയുടെയും വിവാഹപ്രായമെത്താത്ത ഒരു സഹോദരനാണ് ഞാൻ.  ഈ ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണം കഴിക്കണമെന്ന് ഞാൻ വീട്ടിലേക്ക് ചെന്ന് പറഞ്ഞാൽ അവർ എനിക്കൊരു മുലക്കുപ്പി വാങ്ങിച്ചു തരും.   രാധാലക്ഷ്മിയുടെ ജീവിതത്തിൽ ഇത്രയധികം കോളിളക്കം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.   ഇരുപത്തിരണ്ടു വയസ്സുള്ള ഒരു പെൺകുട്ടിയോട് ഇനിയും നാലഞ്ചു വർഷം കാത്തിരിക്കൂ എന്ന് പറയാൻ എനിക്ക് കഴിയില്ല. എന്നോട് പൊറുക്കൂ."

ഇങ്ങനെ പിരിയുന്നതിന്റെ വക്കിൽ നിന്നിട്ടും പിന്നെയും ആ പ്രണയവല്ലരി പൂക്കുകയും തളിർക്കുകയും ചെയ്ത കഥ പുസ്തകം വായിച്ചറിയൂ.
ചെറുപ്പത്തിലേ പ്രണയകാലത്തു പോലും പത്മരാജൻ പ്രകടിപ്പിച്ച അറിവും പക്വതയും വിവേകവും നമ്മെ അതിശയിപ്പിക്കും.    "ഒരിക്കൽ പത്മരാജൻ പറഞ്ഞു.  'ജീവിതം ഒരു തുറന്ന പുസ്തകമാണ് എന്ന് പ്രഖ്യാപിച്ചു നടക്കുന്നതിൽ യാതൊരർത്ഥവുമില്ല.   എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാൻ പോയതാണ് രാധാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം.     രഹസ്യമായി വെക്കേണ്ട പലതും അങ്ങനെ വെക്കാതിരുന്നത് വലിയ തെറ്റായിപ്പോയി.   തെറ്റ് ചെയ്യാത്തവർ മനുഷ്യരല്ല.  ഈ പ്രായത്തിൽ ഒരു പെൺകുട്ടിക്ക് ഒരു ചെറുപ്പക്കാരനോട് പ്രേമം തോന്നുന്നത് അത്ര വലിയ തെറ്റൊന്നുമല്ല.   മനുഷ്യന്റെ ശാരീരിക വളർച്ചയുടെ മാനസീകമായ വികാസം മാത്രമാണത്."    മറ്റൊരിടത്തു എഴുതിയിരിക്കുന്നത് നോക്കൂ.  "വീണ്ടും ഒരു ദിവസം കൂടെ പത്മരാജൻ വന്നു.   ആരുമില്ലാത്തപ്പോൾ തന്നെ.  എല്ലാ നിയന്ത്രണങ്ങളും വിട്ടുപോകാവുന്ന ഒരു സന്ദർഭമായിരുന്നിട്ടുംകൂടി അന്നദ്ദേഹം എന്നോട് പറഞ്ഞു.  'എല്ലാവിധ പരിശുദ്ധിയോടും കൂടിവേണം തങ്കം എന്റെ മണിയറയിൽ പ്രവേശിക്കാൻ.  ഉണ്ണിയേട്ടൻ നമ്മിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം നമ്മളായിട്ട് തന്നെ നശിപ്പിക്കരുത്.'"

സ്ത്രീകളോടുള്ള പത്മരാജന്റെ സമീപനം മാറുന്നതും ശക്തമായ ഏറെ സ്ത്രീകഥാപാത്രങ്ങൾക്ക് പത്മരാജൻ ജന്മം കൊടുക്കുന്നതും ചരിത്രമാണ്.
"പിൽക്കാലത്ത് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ പലപ്പോഴും മിസ് സത്യഭാമ പത്മരാജന്റെ ഉള്ളിന്റെയുള്ളിൽ ഒരു മാതൃകയായി ഉണ്ടായിരുന്നിരിക്കണം.  ജീവിതത്തിന്റെ ഒരു കാലയളവ് വരെ അദ്ദേഹം വളരെ കുറച്ചു സ്ത്രീകളെ മാത്രമേ തലയിൽ വല്ലവരും ഉള്ളവരായി കണക്കാക്കിയിരുന്നുള്ളു. അവരിൽ ഏറ്റവും മുന്നിൽ അദ്ദേഹത്തിന്റെ അമ്മയായിരുന്നു."    ഈ അമ്മസ്ഥാനം ഒരു പരിധി വരെ പത്മരാജൻ തന്റെ പ്രിയതമയ്ക്കും നൽകിയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

നവഭാവുകത്വത്തിന്റെ വക്താവായിരുന്നു പത്മരാജൻ.  പുതുമ ഇഷ്ടപ്പെടുന്ന പത്മരാജനെ തലമുറകൾ കഴിഞ്ഞീട്ടും ജനങ്ങൾ നെഞ്ചേറ്റുന്നതിന് ഒരു കാരണം പുതുമയ്ക്ക് വേണ്ടിയുള്ള അദമ്യമായ ആഗ്രഹമാണ്.   എപ്പോഴും മാറ്റം ഇഷ്ടപ്പെടുന്ന യുവത്വത്തിന് ഇന്നും ഹരമായി പത്മരാജൻ മാറിയിട്ടുണ്ടെങ്കിൽ എന്തായിരിക്കും പത്മരാജൻ എന്ന വ്യക്തി എന്നത് എന്റെ മനസ്സിൽ ഒരു സമസ്യയായിരുന്നു.  ഈ പുസ്തകം വായിച്ചപ്പോൾ ആ സമസ്യ ഒരു പരിധി വരെ പൂരിപ്പിക്കപ്പെട്ടു എന്ന് തോന്നുന്നു.
"ഒരു ജോലിക്കും തളച്ചിടാനാവാത്ത ചേതനയാണ് എന്റേത്.   ഒരു പക്ഷിയെപ്പോലെ സർവ്വസ്വതന്ത്രനായിപ്പറക്കാൻ മാത്രമേ എന്നെക്കൊണ്ടു കഴിയൂ."
"എനിക്ക് മനഃശാസ്ത്രപരമായി എന്തോ തകരാറുണ്ടെന്ന് തോന്നുന്നു.   കുറെ നാളുകൾ കഴിയുമ്പോൾ എനിക്ക് ആ മുറിയിലെ അല്ലെങ്കിൽ ആ വീട്ടിലെ താമസം മടുക്കുന്നു.   പുതുമക്ക് വേണ്ടിയുള്ള ദാഹം എന്റെയുള്ളിലെവിടെയോ സുപ്താവസ്ഥയിലുണ്ടാവും." എഴുതുന്ന പത്മരാജനെ ഈ പുസ്തകത്തിൽ കണ്ടെടുക്കാനാവുന്നു.

"ജീവിതത്തിന്റെ വൈവിധ്യത്തിൽ ഞാൻ വിശ്വസിക്കുന്നു.   നോവൽറ്റിയില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കുക വയ്യ.   ഒരു വർഷത്തിന്മേൽ ഞാൻ സ്വീകരിച്ചിട്ടുള്ള ഹെയർ സ്റ്റൈൽ ഇല്ല.   ഒരു വർഷത്തിന്മേൽ പഴക്കമുള്ള ഒരൊറ്റ വസ്ത്രവും എന്നോടൊപ്പം കാണില്ല.   ഇതെല്ലം എന്റെ മനസ്സിന്റെ ചഞ്ചലതയാണ് കാണിക്കുന്നത് എന്ന് അഭിപ്രായമുണ്ടോ?  എന്നാൽ വര്ഷങ്ങളോളം കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് തങ്കം എന്ന പെൺകുട്ടിയുടെ സ്നേഹം."  ഇവിടെ പത്മരാജൻ എന്ന വ്യക്തിയിൽ പഴമയും പുതുമയും എങ്ങനെ സമാസമം ഇഴ ചേർന്നിരിക്കുന്നു എന്ന ചിന്ത ലഭിക്കുന്നുണ്ട്.
"നേടാൻ ഉദ്ദേശിക്കുന്നത് പലതും ഒരു വിവാഹം കാരണം നേടാനാവാതെയാകുമോ എന്നു ഞാൻ ഭയപ്പെടുന്നു.  പലപ്പോഴും ഒരു സ്വാതന്ത്രജീവിയുടെ ഹൃദയലാഘവത്തോടെ ജീവിതം വെച്ചു പന്താടാൻ തുടങ്ങിയവനാണ് ഞാൻ....." അറുപത്തിയേഴിന്റെ തുടക്കത്തിലെപ്പോഴോ അദ്ദേഹം എഴുതി.   "എനിക്കിപ്പോൾ ആകെ ഒരു സുഹൃത്തു മാത്രമേയുള്ളൂ.  അതെന്റെ തങ്കമാണ്." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു." പത്മരാജന്റെ സ്വാതന്ത്ര്യമോഹം എപ്പോഴും കുടുംബമെന്ന കൂട്ടിന്റെ ഭദ്രത ഉറപ്പു വരുത്തിക്കൊണ്ടായിരുന്നു.  കുടുംബബന്ധത്തിന്റെ സുരക്ഷയ്ക്കായി സിനിമ അഭിനയം വേണ്ട എന്ന് വെച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

കൂടാതെ മക്കളുമായും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ബന്ധമായിരുന്നു.
"പത്മരാജൻ വീട്ടിൽനിന്ന് പോയാലുടൻ മാധവിക്കുട്ടിക്ക് എന്തെങ്കിലും അസുഖം തുടങ്ങും.  പനി, ഛർദ്ദിൽ എന്ന് വേണ്ട, എന്തെങ്കിലുമൊക്കെ അസുഖങ്ങൾ.   അദ്ദേഹം വീട്ടിലെത്തിയാൽ സുഖപ്പെടുകയും ചെയ്യും.   അച്ഛന്റെ സാമീപ്യം അവൾക്കെപ്പോഴും ആവശ്യമെന്ന് തോന്നി.  പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ."
"മക്കളെ വഴക്ക് പറയാത്ത അച്ഛൻ.   അവർക്കെന്നും കളിക്കൂട്ടുകാരനും വഴികാട്ടിയും എല്ലാമെല്ലാമായിരുന്നു അവരുടെ അച്ഛൻ.  വഴക്ക് പറയലും തല്ലുകൊടുത്തു അനുസരിപ്പിക്കലുമൊക്കെ എന്റെ മാത്രം ജോലിയായിരുന്നു."

"പരസ്പരം ഒളിക്കുവാൻ പത്മരാജനും എനിക്കും ജീവിതത്തിലൊന്നും ഉണ്ടായിരുന്നില്ല."

"പത്മരാജനോടൊത്തു ജീവിച്ച ഇരുപത്തിയൊന്നു വർഷങ്ങൾ എന്റെ സുവർണ്ണവർഷങ്ങൾ എന്നുപറയാൻ ഒരു നിമിഷം പോലും എനിക്കാവശ്യമില്ല.  അദ്ദേഹം എന്നിൽ ചൊരിഞ്ഞ സ്നേഹവും വിശ്വാസവും വാത്സല്യവും അത്രയ്ക്കായിരുന്നു."  എന്നൊക്കെ അദ്ദേഹത്തിന്റെ പ്രിയതമയിൽ നിന്ന് കിട്ടുന്ന സാക്ഷ്യപത്രങ്ങൾ അദ്ദേഹത്തിന്റെ കുടുംബം എന്ന സംവിധാനത്തിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്.
എഴുത്തുകാരനായ പത്മരാജനെ മലയാളം വേണ്ടത് പോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.  നക്ഷത്രങ്ങളെ കാവൽ, വാടകയ്ക്ക് ഒരു ഹൃദയം തുടങ്ങി പത്മരാജൻ എഴുതിയ നോവലുകളുടെ ജീവിതവും ഭാവുകത്വവും മലയാളി ഇനിയും അംഗീകരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.  ചെറുപ്പത്തിലേ സാഹിത്യ അക്കാദമി അവാർഡ് കിട്ടിയെങ്കിലും മറ്റു പ്രമുഖ അവാർഡ് കമ്മറ്റിക്കാർ ആ പ്രതിഭയോട് നീതികാണിച്ചില്ല എന്നെനിക്ക് തോന്നുന്നു.   അദ്ദേഹത്തിന്റെ എഴുത്തിന്റെ ലോകത്തെ സഞ്ചാരം അത് കൊണ്ട് തന്നെ എനിക്ക് താല്പര്യമുള്ള ഒന്നായിരുന്നു.

"കോളേജ് കാലത്തു കോളേജ് മാഗസീനിലൊന്നും പത്മരാജൻ എഴുതിയിട്ടില്ല.  ഒരു ചെറുകഥാമത്സരത്തിലും പങ്കെടുത്തിട്ടില്ല.  ഒരു കലാപരിപാടിയിലും പങ്കെടുക്കാത്ത കാലമായിരുന്നു അത്.  അന്നും കഥ എഴുതിക്കൊണ്ടിരുന്നു.   പക്ഷെ അതാരും അറിഞ്ഞിരുന്നില്ല."
"മുപ്പത്തിയൊന്നാംതിയ്യതി രാത്രിയിൽ മൂന്നുമണിക്ക് രണ്ടു കാറുകളുടെയും മൂന്ന് സ്കൂട്ടറുകളുടെയും അകമ്പടിയോടെ 'നക്ഷ്ടത്രങ്ങളെ കാവൽ' എന്ന നോവൽ കുങ്കുമത്തിന്റെ ഓഫീസിൽ കൊടുത്തു."

"എഴുതിത്തുടങ്ങാൻ വല്ലാത്ത മടിയാണ്.   നിർബന്ധപൂർവ്വം ഒരു മുറിക്കകത്താക്കുക എങ്കിൽ മാത്രമേ എഴുതിത്തുടങ്ങൂ.   അവസാനകാലത്തൊക്കെ എഴുതാൻ എന്ന് പറഞ്ഞ് ജഗതിയിലുള്ള ഫ്ലാറ്റിലേക്ക് പോകുമ്പോൾ, 'ഇനി എഴുതിത്തീർത്തിട്ട് ഇങ്ങോട്ട് പോന്നാൽ മതി' എന്നു ഞാൻ പറയും.   എല്ലാം സമ്മതിച്ചിട്ടിവിടെനിന്നിറങ്ങുന്ന ആൾ തിരിച്ചെത്തിയിരിക്കും.   പിന്നെ രാവിലെ നാലു മണിക്ക് അലാറം വെച്ച് എഴുന്നേൽപ്പിച്ചു വീണ്ടും ഫ്ലാറ്റിലേക്ക് പറഞ്ഞു വിടും. എഴുത്ത് ഒരൊഴുക്കിൽ എത്തുന്നത് വരേയ്ക്കും ഇത് തന്നെയായിരിക്കും ഗതി."
സിനിമയുടെ മേഖലയിലേക്ക് തിരിഞ്ഞില്ലായിരുന്നെങ്കിൽ മലയാളസാഹിത്യത്തിലെ ഒന്നാം നമ്പർ എഴുത്തുകാരൻ ആവാൻ സാധ്യതയുള്ളയാളായിരുന്നു പത്മരാജൻ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.  അതിനാൽ "അദ്ദേഹത്തിന്റെ ഉള്ളിലെ എഴുത്തുകാരൻ എന്നും അതൃപ്തനായിരുന്നു.   മനസ്സ് ദാഹിച്ചതുപോലെ ഒരു കൃതി രചിക്കാൻ ഒരിക്കലും അദ്ദേഹത്തിന് കഴിഞ്ഞില്ല.   പൂർണ്ണതയെക്കുറിച്ചുള്ള ആ സ്വപ്നം അദ്ദേഹത്തോടൊപ്പം തന്നെ പൊലിഞ്ഞു പോയിരിക്കുന്നു." എന്ന് വായിച്ചപ്പോൾ തല കുലുക്കാതെ  വയ്യെന്നായി.
പത്മരാജന്റെ എഴുത്തിനെപ്പറ്റി നല്ല ചില ചിത്രങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്.

തിരക്കഥയുടെ കാര്യത്തിലും പത്മരാജന്റെ ചിന്ത രാധാലക്ഷ്മി പങ്കു വെക്കുന്നുണ്ട്.

"ഒരു സത്യം ഞാൻ മനസ്സിലാക്കുന്നു.   മലയാളത്തിൽ ഇതേ വരെ ഒരു സ്ക്രീൻപ്ലേ എഴുത്തുകാരൻ ഇല്ല.   നാടകം പരത്തിയും കുറുക്കിയും എഴുതുന്നവരാണ് ഇവിടുത്തെ എഴുത്താളർ."

ഒരു നോവലിന് വേണ്ടിത്തന്നെ പലർക്കായി പലവട്ടം തിരക്കഥകൾ എഴുതേണ്ടി വന്നപ്പോൾ പത്മരാജൻ പറഞ്ഞത് കേൾക്കുക.  "പല സംവിധായകർ ഒരു കഥ എങ്ങനെ കാണുന്നു എന്ന് എനിക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.   നാലോ അഞ്ചോ തിരക്കഥ ആ നോവലിന് വേണ്ടി ഞാൻ എഴുതി.   വളരെ ബുദ്ധിമുട്ടിക്കുന്ന ഒരേർപ്പാടായിരുന്നെങ്കിലും മറ്റൊരു തരത്തിൽ അതെനിക്ക് പ്രയോജനം ചെയ്തു."
പത്മരാജൻ രാധാലക്ഷ്മിക്കെഴുതിയ കത്തുകളാണ് ഈ പുസ്തകത്തിലെ പല കാര്യങ്ങളും ഓർമയിലെടുക്കാൻ എഴുത്തുകാരിയെ സഹായിക്കുന്നത്.   അത് ശരിയുമാണ്.  അവർ എഴുതിയിരിക്കുന്നത് നോക്കുക.  "ശാരീരികബന്ധത്തേക്കാൾ എത്രയോ കെട്ടുറപ്പുള്ള ഒരു ബന്ധമായിരുന്നു ഞങ്ങൾ കത്തുകളിലൂടെ ഉണ്ടാക്കിയെടുത്തത്.."  "വീട്ടിലെ പശുവും പട്ടിയും വരെ ഞങ്ങളുടെ കത്തുകളിൽ പ്രധാന കഥാപാത്രങ്ങളാവാറുണ്ടായിരുന്നു."

പ്രണയം തുളുമ്പുന്ന കത്തുകളും അക്കൂട്ടത്തിലുണ്ട്.   "നിനക്കായി ഒരു സമ്മാനം ഞാൻ തരുന്നുണ്ട്.  ഒരു മഞ്ചാടിക്കുരു.എന്നൊരിക്കൽ അദ്ദേഹമെഴുതിയപ്പോൾ 'ആ മഞ്ചാടിക്കുരു സ്ഫടികപാത്രത്തിലിട്ടു സൂക്ഷിക്കു'മെന്ന് ഞാൻ മറുപടിയും എഴുതിയതാണ്."
ഹൃദയം പ്രേമാർദ്രമാകുന്ന അവസരങ്ങളിൽ വികാരം മുറ്റിനിൽക്കുന്ന കാവ്യാത്മകമായ ശൈലിയിലും അദ്ദേഹം എഴുതുമായിരുന്നു.  "ഉരുക്ക് പോലുള്ള പലകകൾ പോലും തുളച്ചു കയറുന്നവനാണ് വണ്ട്.  പക്ഷെ, ലോലലോലമായ താമരയിതളുകൾക്കുള്ളിൽ, കൂമ്പിയ താമരപ്പൂവിനുള്ളിൽ അകപ്പെട്ടുകഴിയുമ്പോൾ അവൻ സ്വസ്ഥമായി, സുഖമായി ആ ബന്ധനം അനുഭവിക്കുന്നു.   പ്രേമവും ഒരു താമരപ്പൂവാണ്."
പത്മരാജന്റെ അവസാന നാളുകളെപ്പറ്റിയുള്ള വിവരണങ്ങളും ഈ പുസ്തകത്തിന്റെ ഭാഗമാണ്.  ആരോഗ്യസംരക്ഷണത്തിൽ അല്പം കൂടെ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഈ ഗന്ധർവ്വനെ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു എന്ന തോന്നലാണ് എനിക്ക് ആ ഭാഗം വായിച്ചപ്പോൾ കിട്ടിയത്.  പക്ഷെ മനുഷ്യരുടെ നിയമങ്ങളോ വിധിയോ അല്ലല്ലോ ഗന്ധർവ്വന്മാർക്ക് എന്ന് ഞാൻ ആശ്വസിക്കാൻ ശ്രമിക്കുന്നു.

നാം അറിയാത്ത പത്മരാജന്റെ പല സ്വഭാവവിശേഷങ്ങളും ഈ പുസ്തകത്തിലൂടെ അനാവൃതമാകുന്നുണ്ട്.

"തന്നെ ആരെങ്കിലും തോല്പിക്കാൻ ശ്രമിക്കുന്നു എന്ന തോന്നലുണ്ടായാൽ അതിനൊരിക്കലും നിന്നുകൊടുക്കാൻ പത്മരാജനെ കിട്ടുമായിരുന്നില്ല."

"വളരെ മുൻപ് തന്നെ ഫാന്റസിയോടുള്ള പ്രേമം പത്മരാജനുണ്ടായിരുന്നു."  "നോക്കി നിൽക്കെ ഒരു യക്ഷിയോ പ്രേതമോ മറ്റോ കടന്നു വന്നിരുന്നെങ്കിൽ എന്ന്'കൊതിച്ചു പോയി.  എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ഈ അശരീരാത്മാക്കളെ ഒന്നു കാണുക എന്നത്.'
"യക്ഷിയെ കാണാനുള്ള മോഹമെഴുതിയത് അദ്ദേഹം എനിക്കെഴുതിയ നൂറ്റിയൊന്നാമത്തെ കത്തിലായിരുന്നു."
"ആ ഹൃദയത്തിൽ തൃശൂരിലെ സുഹൃത്തുക്കൾക്ക് നേടാൻ കഴിഞ്ഞത്രയും ഇടം തിരുവനന്തപുരത്തെ കൂട്ടുകാർക്ക് കരസ്ഥമാക്കാൻ കഴിഞ്ഞില്ല."
"രണ്ടു വർഷമായി ഞാൻ തൃശ്ശൂർ വന്നിട്ട്.  ഞാൻ പോകുന്നു.  ഈ നഗരം എനിക്കിഷ്ടപ്പെട്ടതായിരുന്നു.  കിതയ്ക്കുന്ന നഗരം.   വ്രീളാമുഖിയായി നിൽക്കുന്ന നഗരം.  നനഞ്ഞൊലിക്കുന്ന, നിലാവ് കുതിർന്ന ഇരുട്ട് കുത്തിയ പ്രഭാതശോണിമയാർന്ന കത്തിയെരിയുന്ന നഗരം."
"പത്മരാജന്റെ സ്വഭാവത്തിൽ ഞാൻ കണ്ടിട്ടുള്ള മറ്റൊരു പ്രത്യേകത നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളോടും സംഘടനകളോടുമുള്ള പ്രകടമായ അതൃപ്തിയാണ്.  പലപ്പോഴും തത്വചിന്തകളിലേക്കും അതുവഴി സ്വന്തമായിട്ടൊരു മതം എന്ന ലക്ഷ്യത്തിലേക്കും തെന്നിമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്."

"ഏറ്റവും പുതിയ പുസ്തകങ്ങൾ വിൽക്കുന്ന ബുക്ക്സ്റ്റാളുകൾ, ഏറ്റവും പുതിയ ഇംഗ്ലീഷ് സിനിമകൾ വരുന്ന സിനിമാ തിയറ്ററുകൾ, നല്ല ലൈബ്രറി, നല്ല ഇറച്ചിയും മത്സ്യവും കിട്ടുന്ന ഹോട്ടലുകൾ, നല്ല നീന്തൽക്കുളങ്ങൾ ഇവയെല്ലാം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു."
"നോക്കുന്നിടം മുഴുവൻ പച്ചച്ചിരിക്കണം.   മുറ്റത്തു നിന്നാൽ പച്ചപ്പു കൊണ്ടൊരു മതിൽ-പ്രകൃതിയുമായി അത്രയധികം ഇഴുകിച്ചേർന്ന ഒരു ബന്ധമായിരുന്നു അദ്ദേഹത്തിന്."

എന്നിങ്ങനെ അത് ഈ പുസ്തകത്തിൽ പടർന്നു കിടക്കുന്നു.

ചുരുക്കത്തിൽ പത്മരാജനെ ഇഷ്ടപ്പെടുന്നവർ നഷ്ടപ്പെടുത്തരുതാത്തതാണ് പത്മരാജൻ എന്റെ ഗന്ധർവ്വൻ എന്ന പുസ്തകത്തിന്റെ വായന.  "ഞാൻ ഗന്ധർവ്വൻ.  ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരി."    ആ ഗന്ധർവ്വൻ ഒരിക്കൽ നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ?
പത്മരാജൻ എന്റെ ഗന്ധർവ്വൻ - രാധാലക്ഷ്മി പത്മരാജൻ

പ്രസാധനം - മാതൃഭൂമി ബുക്സ്
പേജ് - 160
വില - 150 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest