advertisement
Skip to content

പട്ടികജാതി അതിക്രമ നിയമം അട്ടിമറിക്കുന്നു

ദളിത് പരാതികൾക്ക് പ്രത്യേക പോലീസ് സ്റ്റേഷൻ വേണമെന്ന് പട്ടികജാതി സംഘടനകൾ

കോഴിക്കോട് : പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങളുടെ പരാതികളിൽ ജില്ലാ പോലീസ് ഭരണകൂടം കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രാഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികൾക്ക് മുൻ ജാമ്യത്തിന് സാവകാശം നൽകി സംരക്ഷിക്കുന്ന ജില്ലാ പോലീസ് ഭരണകൂടത്തിന്റെ ദളിത് വിരുദ്ധ സമീപനത്തിനെതിരെ ജില്ലാ പോലീസ് എസ് സി / എസ് ടി വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെയും വിവിധ ദളിത് സംഘടനാ പ്രതിനിധികളുടെയും നേതൃത്വത്തിൽ റൗണ്ട് ടേബിൾ മീറ്റ് സംഘടിപ്പിച്ചു.

പട്ടിക വിഭാഗത്തിൽപ്പെട്ടവരുടെ പരാതികളിൽ പോലീസ് റസീത് നൽകാത്തതും എഫ് ഐ ആർ ഇടാത്തതും പ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യം വർദ്ധിച്ചു വരുന്നതിനാൽ ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് പട്ടിക വിഭാഗങ്ങളുടെ പരാതികളും മറ്റും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എട്ട് ദളിത് കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ച സംഭവം, എരഞ്ഞിക്കലിൽ നാല് കുടുംബങ്ങളുടെ വഴി വേലി കെട്ടി അടച്ച പരാതി , കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയിൽ പീഢനത്തിന് ഇരയായ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ പരാതി , മണ്ണൂരിലെ ബിരുദ്ധ വിദ്യാർത്ഥിനിയെ കാണാതായ പരാതി തുടങ്ങി ഒട്ടനവധി കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാനോ, വസ്തുത തിരിച്ചറിയാനോ സാധിക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് സാവകാശം നൽകുന്നതിനായി കേട്ടുകേൾവിയില്ലാത്ത ന്യായങ്ങൾ പറഞ്ഞ് പോലീസ് മന:പൂർവ്വം ദിവസങ്ങൾ നീട്ടി കൊണ്ടുപോകുകയാണ്. സ്റ്റേഷൻ തല പരാതികൾക്ക് പരിഹാരത്തിനുള്ള അപ്പീൽ അതോറിട്ടിയായ ജില്ലാ പോലീസ് എസ് സി / എസ് ടി വിജിലൻസ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന പരാതികൾ പോലും ഉയർന്ന ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ ദേശീയ പട്ടികജാതി കമ്മീഷൻ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവർക്ക് സംഘടനാ തലത്തിൽ പരാതികൾ നൽകും .

നിലവിൽ പട്ടികജാതി അതിക്രമ നിയമ പ്രകാരം പ്രഥമ വിവര റിപ്പോർട്ടുകൾ സമർപ്പിച്ച കേസുകളിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ അധ്യക്ഷത വഹിച്ചു. കേരളാ ദലിത് ഫെഡറേഷൻ (ഡി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. കേരള പുലയർ മഹാ സഭ സംസ്ഥാന കമ്മിറ്റി അംഗം രൻജിത്ത് ഒളവണ്ണ, മലബാർ മേഖല പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി രാഘവൻ ബി, കേരളാ സാംബവർ സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി.ബി ശ്രീധരൻ, കേരളാ ചക്ലിയൻ സമിതി ജില്ലാ സെക്രട്ടറി കണ്ണൻ. ഇ , ഭാരതീയ പട്ടിക ജന സമാജം ജില്ലാ സെക്രട്ടറി വി. ടി ഭരതരാജൻ, കരിമ്പാല സമുദായ ക്ഷേമ സമിതി ജില്ലാ പ്രസിഡണ്ട് രാജൻ സി, പി.എം.ഷാജി, വിനീഷ്, വേലായുധൻ ചെറുവറ്റ, ശങ്കരൻ എം.സി, ഗണേശൻ പി തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest