യെമനിലെ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ള സർക്കാരിന്റെ പ്രധാനമന്ത്രി ഇസ്രയേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. അഹ്‌മദ് അൽ-റഹാവി എന്ന പ്രധാനമന്ത്രിയും മറ്റ് ചില മന്ത്രിമാരും വ്യാഴാഴ്ച തലസ്ഥാനമായ സനായിൽ വെച്ച് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹൂത്തി വിമതർ അറിയിച്ചു.
ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ നേതാക്കളിൽ ഇസ്രയേൽ സൈന്യം വധിക്കുന്ന ഏറ്റവും ഉയർന്ന പദവിയുള്ള വ്യക്തിയാണ് റഹാവി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സർക്കാർ നടത്തിയ ഒരു സാധാരണ ശിൽപ്പശാലയ്ക്കിടെയാണ് ആക്രമണം നടന്നതെന്ന് ഹൂത്തി ടെലിവിഷൻ അറിയിച്ചു. ഹൂത്തി നേതാക്കളുടെ ഈ സമ്മേളനം ഇസ്രയേലിന് വിമത നേതാക്കളെ ലക്ഷ്യമിടാനുള്ള ഒരു സുവർണ്ണാവസരമായി മാറിയതായി പറയപ്പെടുന്നു.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഹൂത്തി പ്രതിരോധ മന്ത്രി മേജർ ജനറൽ മുഹമ്മദ് നാസർ അൽ-അത്തിഫി, "യുഎസ് പിന്തുണയുള്ള സയണിസ്റ്റ് ശത്രുവിനെ നേരിടാൻ എല്ലാ തലത്തിലും ഹൂത്തികൾ തയ്യാറാണ്" എന്ന് പ്രസ്താവിച്ചു.
ഇസ്രയേൽ ഈ വിഷയത്തിൽ ഉടൻ പ്രതികരിച്ചില്ലെങ്കിലും, ഹൂത്തികൾ പുതിയ തരം ക്ലസ്റ്റർ സബ്-മ്യൂണിഷൻ ഉള്ള ഒരു മിസൈൽ തൊടുത്തുവിട്ടതിനെ തുടർന്ന് ഹൂത്തി നേതാക്കളെ ലക്ഷ്യമിട്ടതായി ഇസ്രായേൽ അധികൃതർ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി ഹൂത്തികൾ ചെങ്കടലിലെ കപ്പൽ ഗതാഗതത്തെ ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബർ 7 ആക്രമണത്തിന് ശേഷം പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ നടപടി. ഇതിനിടെ ഇവർ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ മിക്കതും തടസ്സപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം രണ്ട് വർഷം മുൻപ് ഗാസയിൽ യുദ്ധം ആരംഭിച്ചതുമുതൽ, ഇസ്രയേൽ തങ്ങളുടെ ശക്തമായ രഹസ്യാന്വേഷണ ശേഷി ഉപയോഗിച്ച് മിഡിൽ ഈസ്റ്റിലെ ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളെ ഇല്ലാതാക്കി വരുന്നുണ്ട്. കഴിഞ്ഞ വർഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച് ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയെയെയും രണ്ട് മാസങ്ങൾക്ക് ശേഷം ബെയ്റൂട്ടിൽ വെച്ച് ഹിസ്ബുള്ള നേതാവ് ഹസൻ നസറല്ലയെയും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ ഗാസയിലെ ഹമാസ് നേതാവ് യഹ്യ സിൻവാറിനെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.
ഹൂത്തി നേതാക്കളെയും വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഡിസംബറിൽ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. "ടെഹ്റാൻ, ഗാസ, ലെബനൻ എന്നിവിടങ്ങളിൽ ഹനിയെ, സിൻവാർ, നസറല്ല എന്നിവരെ ചെയ്തതുപോലെ ഹൂത്തി തീവ്രവാദ സംഘടനയുടെ തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളെ ഞങ്ങൾ ആക്രമിക്കും, അവരുടെ നേതാക്കളെ വധിക്കും. ഹുദൈദയിലും സനായിലും ഞങ്ങൾ ഇത് ചെയ്യും," അദ്ദേഹം പറഞ്ഞു.
2014-ൽ സനാ പിടിച്ചെടുത്ത് അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ പുറത്താക്കിയതിന് ശേഷം യെമന്റെ വടക്കൻ ഭാഗങ്ങൾ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. അതിനുശേഷം സൗദി പിന്തുണയുള്ള സഖ്യത്തിന് ഹൂത്തികളെ പുറത്താക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെ ഹൂത്തികൾ തങ്ങളുടെ അധികാരം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു.
