advertisement
Skip to content

ടി അരുൺകുമാർ എഴുതിയ "പുലിമുരുകൻ, ബോക്സ്സ്ഓഫീസിലൊരു ഗർജജനം" എന്ന പുസ്തകത്തെപ്പറ്റി സുധീഷ് തൊടുവയൽ എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.

"പുലിമുരുകൻ, ബോക്സ്സ്ഓഫീസിലൊരു ഗർജജനം"  - ടി അരുൺകുമാർ
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ  ടി അരുൺകുമാർ T Arun Kumar എഴുതിയ "പുലിമുരുകൻ, ബോക്സ്സ്ഓഫീസിലൊരു ഗർജജനം" എന്ന പുസ്തകത്തെപ്പറ്റി സുധീഷ് തൊടുവയൽ Sudheesh Thoduvayal എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.  നന്ദി സുധീഷ്...

ലോകസിനിമ The story of the Kelly Gang ൽ നിന്നും, ഇന്ത്യൻ സിനിമ രാജ ഹരിശ്ചന്ദ്രയിൽ നിന്നും മലയാള സിനിമ വിഗതകുമാരനിൽ നിന്നും ഒട്ടേറെ നടന്നു നീങ്ങിയിരിക്കുന്നു. ലോകത്തിലെ മാറ്റങ്ങളെ സന്നിവേശിപ്പിച്ചും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും സിനിമ എന്ന കല പ്രകടമായ മാറ്റങ്ങൾക്ക് വിധേയമാവുകയും അത് ഓരോ കാലത്തെയും ദൃശ്യവിസ്മയങ്ങൾ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സിനിമയുടെ ഒട്ടുമിക്ക പ്രേക്ഷകരും

വളരെ ഉപരിപ്ലവമായി അതിലെ ആസ്വാദനത്തിന്റെ അംശത്തെ മാത്രം വിലയിരുത്തി മാനസിക ഉല്ലാസത്തിന്റെ അളവുകോൽ വച്ച് നല്ലതോ ചീത്തയോ എന്ന് വിലയുരുത്തന്നവരാണ്. ഭൂരിഭാഗം സിനിമകളുടെയും പരമമായ ലക്ഷ്യം അതാണെങ്കിലും ,ഒരു സിനിമ സംഭവിക്കുന്നതിന്റെ പിന്നിൽ സിനിമയേക്കാൾ അത്ഭുതപ്പെടുത്തുന്ന പലതുമുണ്ട്.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ  ടി അരുൺകുമാർ ഒരു സിനിമ സംഭവിക്കുന്നത് എങ്ങിനെ എന്ന് തന്റെ അസാമാന്യമായ അന്വേഷത്വരയും സിനിമയെപ്പറ്റിയുള്ള അറിവും  ഉപയോഗപ്പെടുത്തി, അതിൽ ഭാഗവാക്കായവരുമായി അടുത്ത് സംവദിച്ചും, യാത്ര ചെയ്തും ദീർഘമായ പഠനത്തിലൂടെ എഴുതിയതാണ് "പുലിമുരുകൻ, ബോക്സ്സ്ഓഫീസിലൊരു ഗർജജനം" എന്ന പുസ്തകം.
ഒരു ബിഗ് ബജറ്റ് മലയാളം കമേഷ്യൽ  സിനിമ, അതുണ്ടാക്കിയ വാർത്താപ്രാധാന്യം , കളക്ഷൻ റെക്കോർഡ് ,ദൃശ്യവിസ്മയം തീർക്കാൻ മലയാളത്തിൽ അതുവരെ ഉപയോഗിക്കപ്പെടാത്ത VFX പോലുള്ള നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ഇന്നൊവറ്റീവ് സൗണ്ട് മിക്സിംഗ്, കലാസംവിധാനം  ,ഇന്ത്യയിൽ  ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന, ഓരോ സിനിമയിലും പുതിയ കാര്യങ്ങൾ  പരീക്ഷിക്കുന്ന പീറ്റർ ഹെയ്ൻ എന്ന ആക്ഷൻ കൊറിയോഗ്രാഫറുടെ സ്വാധീനം തുടങ്ങിവയൊക്കെത്തന്നെയാവണം നൂതന കമേഷ്യൽ സിനിമയെ അളക്കാൻ പുലിമുരുകൻ എന്ന സിനിമയെ കുടുതൽ അറിയാനും  ഒരു പുസ്തകമെഴുതാനും എഴുത്തുകാരനെ പ്രേരിപ്പിച്ചത് എന്നു കരുതുന്നു.

കേവലം ഒരു സിനിമയെപ്പറ്റി മാത്രം പ്രതിപാദിച്ചുകൊണ്ടല്ല പുസ്തകം എഴുതപ്പെട്ടിട്ടുള്ളത് , ലോക സിനിമയെയും   ഇന്ത്യൻ സിനിമയെയും മലയാള സിനിമയെയും അടയാളപ്പെടുത്തിയ പല സിനിമകളെയും പ്രതിപാദിച്ച് സിനിമയുടെ ലോകത്തിലേക്ക് ഒരോ പ്രേക്ഷകനെയും സിനിമ വിദ്യാർത്ഥിയെയുമൊക്കെ കൈപിടിച്ച് കൊണ്ടുള്ള യാത്രയാണ് ഈ പുസ്തകം.

വർഷങ്ങൾ നീണ്ടു പോവുന്ന ഒരുപാട് പ്രയത്നങ്ങളുടെ ഒടുവിലാണ് ഓരോ സിനിമയും സംഭവിക്കുന്നത് എന്ന് ഈ പുസ്തകം വിശദമായി പറയുമ്പോൾ ഇത് വായിച്ചു കഴിയുന്ന വായനക്കാരൻ സിനിമയെ കുറച്ച്കൂടി ഗൗരവത്തോടു കൂടി നോക്കിക്കാണും എന്നതിൽ സംശയമില്ല. അതുകൊണ്ട്  തന്നെ സിനിമാസ്വാദനത്തിന്റെ പുതിയ മേച്ചിൻ പുറങ്ങളിലേക്കുള്ള ഒരു ഏണിപ്പടി കൂടിയാണ് ഈ പുസ്തകം.

വൈശാഖ്, ടോമിച്ചൻ മുളക്പാടം ,മോഹൻലാൽ ,ഉദയകൃഷണ ,ഗോപീ സുന്ദർ, ഷാജികുമാർ ,സനത്/മുരളി ,പീറ്റർ ഹെയ്ൻ ,പി എം സതീഷ് എന്നിവരുമായുള്ള സംഭാഷണത്തിലൂടെ നൂറ്കോടി ക്ലബിൽ ഇടംപിടിച്ച ഒരു സിനിമ എങ്ങിനെ പടുത്തുയർത്തി അഭ്രപാളികളിൽ ദൃശ്യവിസ്മയമായി എന്ന് അടുത്തറിയുമ്പോൾ ഓരോ വായനക്കാരനും എഴുത്തിൽ നിന്ന് പകർന്നു കിട്ടുന്ന അന്വേഷണത്വരയോടു കൂടി പുതിയ സിനിമകൾ കാണുമെന്നുറപ്പുണ്ട്.

സാങ്കേതികത്തികവോടെ ഒരു ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കപ്പെടുമ്പോൾ നേരിടുന്ന വെല്ലുവിളികളെ പ്രതിപാദിച്ച് ,ഒരു പോപ്പുലർ സിനിമയുമായി ബന്ധപ്പെട്ട കൗതുകങ്ങൾ ഇതൾ വിരിയുന്നതിനൊപ്പം ,സിനിമാ വിദ്യാർത്ഥികൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിലുള്ള ആഖ്യാനശൈലി ഉപയോഗപ്പെടുത്തി ഒരു കഥ പറയുന്നതുപോലെ  ഈ പുസ്തകം  മലയാള സാഹിത്യത്തിലും ,മലയാള സിനിമയിലും അടയാളപ്പെടുത്തുന്നു.
പുസ്തകത്തിന്റെ ആദ്യ പേജുകളിൽ എഴുത്തുകാരൻ ഇങ്ങനെ പറയുന്നു
" ഈ പുസ്തകം പുലിമുരുകൻ എന്ന സിനിമയെപ്പറ്റിയുള്ള പഠനമോ, അപഗ്രഥന മോ, വിലയിരുത്തലോ ഒന്നുമല്ല. എങ്കിലും എന്തുകൊണ്ട് ഇങ്ങനെ ഒരു പുസ്തകം എന്ന ചോദ്യം പരിഗണന അർഹിക്കുന്നതാണ്"

എഴുത്തുകാരൻ അതിനുത്തരവും പറയുന്നു.
"പുലിമുരുകനെ സമ്പന്ധിച്ചിടത്തോളം ആളുകൾ ഈ സിനിമ ആവേശത്തോടെ കണ്ടു എന്നത് വ്യക്തമാണല്ലോ ,എന്താണ് പ്രേക്ഷകരെ അതിന് പ്രേരിപ്പിച്ച ഘടകം എന്ന ചോദ്യം സ്വയം ചോദിച്ച നിമിഷത്തിലാണ് ശരിക്കും ഈ പുസ്തകം പിറക്കുന്നത്''
പുസ്തകത്തിന്റെ പേരും പുറം ചട്ടയും കണ്ട്  ഇത് പുലിമുരുകന്റെ ഒരു പ്രമോഷനാവുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും വായനയിൽ അത് മാറിക്കിട്ടി.  അത് പോലെ എത്ര പേർ ഈ പുസ്തകം വാങ്ങാതെ മാറ്റി വെച്ചിട്ടുണ്ടാവാം എന്ന് ഞാൻ അത്ഭുതപ്പെടുന്നു.   ഈ പുസ്തകം പുലിമുരുകനെപ്പറ്റി മാത്രമല്ല, സിനിമയിലെ മാറ്റങ്ങളിലേക്കു കാഴ്ചയെത്തിക്കുന്ന ഒരു കിളിവാതിൽ കൂടിയാണ്.

സുധീഷ് തൊടുവയൽ
Published by Current Books
Price : Rs 240/-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest