advertisement
Skip to content

പുതുപ്പള്ളിയിൽ പുതുതരംഗം, ചാണ്ടി ഉമ്മന് മിന്നും വിജയം 37719 വോട്ടിന്റെ ഭൂരിപക്ഷം

ബി ജെ പിക്ക് കെട്ടിവച്ച കാശു നഷ്ടമായി. ഭരണ വിരുദ്ധവികാരമില്ലെന്ന് സി പി എം. യു ഡി എഫിന് കൂടിയത് 14,726 വോട്ടുകൾ, സി പി എമ്മിന് കുറഞ്ഞത് 11735 . 61.19 ശതമാനം വോട്ടുകൾ യു ഡി എഫിന് ലഭിച്ചു

വാശിയേറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി നേടിയ മിന്നും വിജയം എൽ ഡി എഫ് കേന്ദ്രങ്ങളിൽ ഏറെ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി സുരക്ഷിതമായി 53 വർഷക്കാലം കൊണ്ടുനടന്ന പുതുപ്പള്ളി മണ്ഡലം കാക്കാനായി മകൻ ചാണ്ടി ഉമ്മനെ ഏൽപ്പിക്കുമ്പോൾ യു ഡി എഫ് ഒറ്റക്കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാവാൻ പുതുപ്പള്ളിക്ക് എന്തുകൊണ്ടും യോഗ്യൻ ചാണ്ടിയാണ് എന്നു. ഉമ്മൻ ചാണ്ടിയുടെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ നിന്നും പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയവർക്കും കള്ളക്കേസുണ്ടാക്കി ദ്രോഹിക്കുകയും ചെയ്തവർക്കുള്ള ശക്തമായ താക്കീതായിരിക്കും ഈ ഉപതെരഞ്ഞെടുപ്പെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ പ്രതികരണം. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടുന്നുവെന്ന ആരോരപണവും അച്ചു ഉമ്മൻ ഉന്നയിച്ചിരുന്നു.

ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ ശക്തനാണ് മരിച്ച ഉമ്മൻ ചാണ്ടിയെന്നായിരുന്നു യു ഡി എഫിന്റെ വിശ്വാസം. അതുതന്നെയായിരുന്നു യു ഡി എഫ് കേന്ദ്രങ്ങളുടെ ആത്മധൈര്യവും. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം പുതുപ്പള്ളിയിൽ അവതരിപ്പിക്കാവുന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയായിരുന്നു ചാണ്ടി ഉമ്മൻ. അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനെയുമായിരുന്നു കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയായി കണ്ടിരുന്നത്. ഉമ്മൻ ചാണ്ടിയുടെ മരണം കഴിഞ്ഞ് ഇരുപതാംദിവസം പ്രഖ്യാപിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പ് ഇടതുകേന്ദ്രങ്ങളെ ആദ്യം ഞെട്ടിച്ചിരുന്നു. ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി സ്ഥാനാർത്ഥിയെ നിർത്തരുതെന്നായിരുന്നു യു ഡി എഫിന്റെതായി വന്ന ആദ്യ പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികളായി സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സി പി എം കേന്ദ്രങ്ങൾ അപ്പോൾ തന്നെ മറുപടി കൊടുത്തിരുന്നു. കേരളത്തിൽ ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയായിരുന്നു ഉമ്മൻ ചാണ്ടിക്ക് ലഭിച്ചത്. ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിനീളെ ലഭിച്ച ആദരാജ്ഞലികൾ, ഒരു നോക്കുകാണാനായി മണിക്കൂറുകൾ കാത്തുനിന്ന ജനക്കൂട്ടം, പുതുപ്പള്ളിയിലെ ജനത ഒന്നടങ്കം ഉമ്മൻ ചാണ്ടിയെ കാണാനായി കാത്തിരുന്ന സംഭവം സമാനതകളില്ലാത്തതായിരുന്നു. ഇതെല്ലാം ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്ന ജനപ്രീതിയാണ് വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ നേതാക്കൾക്കും വ്യക്തവുമായിരുന്നു. അതു കൊണ്ടു തന്നെയാണ് മൂന്നാം വട്ടവും പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ സി പി എം തീരുമാനിച്ചതും.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ഒരുതരത്തിലും അക്രമിക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ സി പി എം പറഞ്ഞിരുന്നത്. എന്നാൽ സി പി എമ്മിന് അത്തരമൊരു പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കാൻ പറ്റില്ലായിരുന്നു. പ്രചരണത്തിന്റെ തുടക്കദിവസം സി പി എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്രമിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പുതുപ്പള്ളിയിലെ വികസനം ചർച്ച ചെയ്യുമെന്നു പ്രഖ്യാപിച്ച ഇടതുമുന്നണി അച്ചു ഉമ്മനെതിരെ സൈബർ അക്രമണം നടത്തിയാണ് ഇലക്ഷൻ പ്രചാരണം കൊഴുപ്പിച്ചത്. അച്ചു ഉമ്മൻ കേസ് കൊടുത്തതോടെ മാപ്പപേക്ഷയുമായി സൈബർ ഗുണ്ടകൾ രംഗത്തെത്തിയെങ്കിലും ഇതെല്ലാം ചാണ്ടിയുടെ പെട്ടിയിലേക്ക് വോട്ടുകൾ നിറക്കുന്നതായിരുന്നു.

ഭരണ വിരുദ്ധ വികാരം പ്രകടമാവുമോ എന്ന ചോദ്യത്തിന് അതും പ്രകടമാവുമെന്നു പറഞ്ഞ ,സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരാജയം നേരത്തെ തന്നെ ഏറ്റുപറഞ്ഞിരുന്നു. നമുക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ മന്ത്രി വി എൻ വാസവനടക്കമുള്ള നേതാക്കൾ പുതുപ്പള്ളിയിൽ അട്ടിമറിവിജയം കൈവരിക്കുമെന്നായിരുന്നു അവസാനഘട്ടംവരെ നേതാക്കൾ പ്രചരിപ്പിച്ചിരുന്നത്.

കോട്ടയം ജില്ലയിലെ എട്ട് പഞ്ചായത്തുകൾ ചേർന്നതാണ് പുതുപ്പള്ളി മണ്ഡലം. രണ്ട് പഞ്ചായത്തുകൾ ഒഴികെ ആറു പഞ്ചായത്തുകളിൽ എൽ ഡി എഫിനാണ് ഭരണം, എന്നാൽ വോട്ടെടുപ്പിൽ ഒരു പഞ്ചായത്തിലും ജെയ്ക്കിന് ഭൂരിപക്ഷം ലഭിച്ചില്ല. ആദ്യ ഘട്ടംമുതൽ അവസാന റൗണ്ടുവരെ ചാണ്ടി ഉമ്മന്റെ ജൈത്രയാത്രയാണ് ഉണ്ടായത്. സി പി എം പുതുപ്പള്ളിയിൽ പരാജയം നേരത്തെ മുന്നിൽ കണ്ടിരുന്നു. എന്നാൽ നേതാക്കളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് 37719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ചരിത്രം സൃഷ്ടിച്ചു. കഴിഞ്ഞ തവണ രാഷ്ട്രീയമായി ഏറ്റവും പ്രതിസന്ധി നേരിട്ടപ്പോഴും ഉമ്മൻ ചാണ്ടി ഒൻപതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കരകയറിയത്. ജെയ്ക്കിന്റെ രണ്ടാം വട്ടത്തെ പെർഫോമൻസ് സി പി എമ്മിന് വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചു. അതുതന്നെയാണ് അപ്പനെ രണ്ടു തവണ നേരിട്ട ജെയ്ക്കിനെ മകനെ നേരിടാനും സി പി എം നിയോഗിച്ചത്. എന്നാൽ ജെയ്ക്കിന്റെ ഹാട്രിക്ക് വിജയമാണ് പുതുപ്പള്ളിയിൽ കേരളം കണ്ടത്. പുതുപ്പള്ളിയിൽ പുതുയുഗം പിറന്നിരിക്കുന്നു. അതേ, ചാണ്ടി ഉമ്മൻ എന്ന 37 കാരൻ പുതുപ്പള്ളിയിൽ നിന്നും ചരിത്ര വിജയം നേടിയിരിക്കുന്നു.
ജാഗ്രതയോടെ മുന്നേറിയില്ലെങ്കിൽ വരാനിരിക്കുന്നത് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഈ തിരിച്ചടി. കേവലം സഹതാപതരംഗം എന്നുമാത്രം വിശേഷിപ്പിച്ച് പുതുപ്പള്ളിയിലെ തോൽവിയെ പഠിക്കാൻ ശ്രമിച്ചില്ലെങ്കിൽ ഭാവി ശുഭകരമാവില്ലെന്ന് വ്യക്തം. അതുപോലെ രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ സമീപിക്കാതെ വർഗീയതയും വിശ്വാസത്തെയും മറ്റും മറപിടിച്ച് വോട്ട് നേടാമെന്ന ധാരണയ്ക്കുള്ള കനത്ത തിരിച്ചടിയാണ് ബി ജെ പിക്കു നൽകിയിരിക്കുന്നത്.

പരമ്പരാഗത കോൺഗ്രസ് മണ്ഡലമായ പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ വിജയം സാങ്കേതികമായി പിണറായി സർക്കാരിനെ ബാധിക്കില്ലെങ്കിലും, ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടിയത് സർക്കാർ വിരുദ്ധതയുടേതുകൂടിയാണെന്ന ആരോപണം ശക്തമാണ്. സി പി എമ്മിന്റെ നേതാക്കളും ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ ഉത്തരം പറയേണ്ടിവരുമെന്ന് വ്യക്തം. തോൽവി പരിശോധിക്കുമെന്ന് എം വി ഗോവിന്ദന്റെ ആദ്യ പ്രതികരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാൽകഷണം : ബി ജെ പിയുടെ വോട്ട് എവിടെ പോയി എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സി പി എമ്മിന്റെ വോട്ടുകൾ ചോർന്നത് ഇ പി ജയരാജൻ ആദ്യം പരിശോധിക്കൂ എന്നിട്ടാവാം ബി ജെ പിയുടെ വോട്ടിന്റെ കാര്യത്തിലുള്ള ആശങ്കയെന്ന് കെ സുരേന്ദ്രൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest