advertisement
Skip to content

"അരുണ ശവങ്ങളിൽ ചവിട്ടാതെ നീങ്ങി. അങ്ങനെ നീങ്ങുമ്പോഴാണ് നഗരം ഇത്ര വലുതാണെന്ന് അവളറിയുന്നത്. "

അദ്ധ്യായം 11
സ്കൂൾ

കുതിരകൾ നിലത്ത് വെറുതെ ചവിട്ടി ശബ്ദമുണ്ടാക്കി. തെരുവിലെ കുട്ടികൾ അവയ്ക്ക് ചുറ്റും കൂടി.

കുതിരകളെയും അവയ്ക്ക് മുകളിൽ ഇരിക്കുന്ന മനുഷ്യരെയും അവർ കൗതുകത്തോടെ നോക്കി. അവരുടെ യൂണിഫോം കണ്ടപ്പോൾ അവർക്ക് കൗതുകം ഏറി.

പിന്നെ മുതിർന്ന ആൾക്കാരും പുറത്തിറങ്ങി വന്നു. അവരും ആഗതരുടെ ചുറ്റും കൂടി.
നാലു കുതിരകൾ. അവരിൽ ചുവപ്പും മഞ്ഞയും തൂവലുള്ള തൊപ്പി വെച്ച ഒരാൾ ഒരു ചുരുൾ കയ്യിലെടുത്തു. അതൊരു വിളംബരം ആയിരുന്നു. അയാളത് നിവർത്തി. അത് കേൾക്കാൻ ജനം കാതുകൂർപ്പിച്ചു. അവർക്കിത്തരം വിളംബരങ്ങൾ എന്നും ഇഷ്ടമായിരുന്നു.

രാജ്യത്തിന്റെ മാതൃകാവനിതയും വ്യവസായപ്രമുഖയുമായ മഹതി ശ്രീമതി.... ( അവൾ ദീദിയുടെ പേര് പറഞ്ഞു) ഇന്നാട്ടിന്റെ നന്മയ്ക്കായി ഒരു സ്കൂൾ കൂടി തുടങ്ങിയിരിക്കുന്നു. അതിലേക്ക് പെൺകുട്ടികളെ കൊണ്ടുപോകാനാണ് ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത് അവർ വെളിപ്പെടുത്തി. പിന്നീട് സ്കൂളിന്റെ പ്രത്യേകതകളെ കുറിച്ചുള്ള വർണ്ണന യായിരുന്നു.

അവർ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കുട്ടികൾക്ക് എന്തോ ഭയം തോന്നിത്തുടങ്ങിയിരുന്നു. അപ്പോൾ അവിടെ ഒരു വാഹനം വന്നുചേർന്നു. വലിയ ഒരു വാൻ.

അതിന് ഒരു കണ്ടെയ്നറിന്റെ വലിപ്പം ഉണ്ടായിരുന്നു. അതിന് കുട്ടികൾ അതുകണ്ട് അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയി.

വാനിൽ നിന്നും ഏതാനും പേർ ചാടിയിറങ്ങി.


അവർ കുട്ടികൾക്ക് പിന്നാലെ ഓടി. ചിലരൊക്കെ അവരുടെ പിടിയിൽ പെട്ടു.
പിടിയിലായ കുട്ടികൾ ഉറക്കെ നിലവിളിച്ചു. അൽപ്പനേരത്തേക്ക് തെരുവ് നിലവിളികൾ കൊണ്ട് മുഖരിതമായി.

ആഗർക്ക് വേണ്ടത് പെൺകുട്ടികളെ മാത്രമായിരുന്നു. പിടികൂടിയ കുട്ടികളുടെ തുടയ്ക്കിടയിലേക്ക് ടോർച്ച് പ്രകാശിപ്പിച്ചു നോക്കിയിട്ട് പെൺകുട്ടികൾ ആണെങ്കിൽ മാത്രം അവർ തെരഞ്ഞെടുത്തു. ലിംഗമുള്ളവരെ അവർ വലിച്ചെറിഞ്ഞു.

രണ്ടുപേർ അരുണയുടെ കുടിലിലേക്ക് ഓടിക്കയറി. അവൾ ഭയന്നു. ദാനുവിനെ ഒളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അരുണ.

അതിനു മുമ്പ് അവരിലൊരാൾ അവനെ ബലമായി പിടിച്ചു വാങ്ങി. ആണാണെന്ന് കണ്ടപ്പോൾ വലിച്ചെറിഞ്ഞിട്ട് ഇറങ്ങിപ്പോവുകയും ചെയ്തു.

അരുണ കരഞ്ഞുകൊണ്ട് ഓടിച്ചെന്ന് ദാനുവിനെ കയ്യിലെടുത്തു. അവൻ അനക്കം ഇല്ലാതെ കിടന്നു. അവൾ അവനെ പരിശോധിച്ചു. അവന് ജീവൻ ഇല്ലായിരുന്നു.
അരുണ അവന്റെ ശിരസ്സിലും പിന്നെ ദേഹമെമ്പാടും ചുംബിക്കാൻ തുടങ്ങി.

പുറത്ത് വണ്ടിയിൽ വന്നവർ കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു അപ്പോൾ.

അവർ എല്ലാ കുട്ടികൾക്കും ഔഷധം നൽകി. കുടിക്കാൻ മടിച്ചവരെ ബലമായി കുടിപ്പിക്കുകയും ചെയ്തു.

മരുന്ന് കഴിച്ച് അല്പം കഴിഞ്ഞപ്പോൾ കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. അവർ ഒരു കൈകൊണ്ട് വയറും മറുകൈകൊണ്ട് നെഞ്ചും അമർത്തിപ്പിടിച്ച് ഛർദ്ദിച്ചു.

അന്നോളം കഴിച്ച ആഹാരങ്ങളും പഠിച്ച അക്ഷരങ്ങളും ഭാഷയും പാട്ടുമെല്ലാം അവർ ഛർദ്ദിച്ചുകൂട്ടി. അവസാനം അവർ തളർന്നുവീണു. കണ്ണുകൾ പാതിയടഞ്ഞു.

ചകിതമായ ഹൃദയവുമായി അമ്മമാർ ഇതെല്ലാം കണ്ടുനിന്നു. കുട്ടികൾക്ക് അവർ റീഹൈഡ്രേഷൻ ലായനികൾ നൽകി.

തളർന്നുവീണ കുട്ടികൾ വളരെ വേഗം എഴുന്നേറ്റിരുന്നു. അവർ ഊർജ്ജം വീണ്ടെടുത്തു. അപ്പോൾ രക്ഷിതാക്കൾക്ക് സമാധാനമായി.

തുടർന്ന് വാക്സിനേഷൻ ആരംഭിച്ചു. അതോടെ കുട്ടികൾ പുതിയ മനുഷ്യരായി പരിവർത്തനം ചെയ്യപ്പെട്ടു. അവർ അമ്മമാരെ പോലും ശ്രദ്ധിക്കാതെ അനുസരണയോടെ വണ്ടിക്കുള്ളിലേക്ക് നടന്നു കയറി. അമ്മമാർക്ക് നാഭിയിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.

കുതിരപ്പുറത്ത് വന്നവർ പദ്ധതികൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. ഈ കുട്ടികളെ ഒരു നല്ല കാര്യത്തിനാണ് കൊണ്ടുപോകുന്നത്. ദീദിയുടെ പരിചരണത്തിന്റെയും അത്യാധുനിക സ്റ്റിറോയ്ഡ് ഔഷധങ്ങളുടെ പ്രയോഗത്തിലൂടെയും ഇവരെല്ലാം അതിവേഗം പൂർണ്ണവളർച്ചയുള്ള യുവതികളായി മാറും. ഒരേ അഴകളവുകളുള്ള അതിസുന്ദരിമാരായ യുവതികൾ. പിന്നെ അവരെ കാണാൻ സ്വന്തം സഹോദരന്മാർ പോലും പണമേറെ ചെലവാക്കേണ്ടി വരും.

അവർ പുതിയ ഭാഷകൾ ധരിക്കും. പുതിയ വേഷങ്ങളിലൂടെ സംസാരിക്കും. അവരുടെ ഭാഗ്യത്തിൽ രക്ഷിതാക്കൾ സന്തോഷിക്കുകയാണ് വേണ്ടത്.

മഴയേറ്റു പനിക്കാനും വെയിൽ കുടിച്ചു കറുക്കാനും ഉള്ളവരല്ല ഇവർ. ആളുകൾ സന്തുഷ്ടനായി.

വണ്ടി അകന്നുപോയി. കുതിരക്കാർ അവിടുള്ള എല്ലാ ആൺകുട്ടികൾക്കും ഗുളികൾ കൊടുത്തിട്ടാണ് മടങ്ങിയത്.

കുട്ടികൾ ആ ഗുളികകൾ കഴിച്ചു അപ്പോൾ ഒരത്ഭുതമുണ്ടായി. ഏതാനും നിമിഷം കൊണ്ട് അവരെല്ലാം പൂർണ്ണവളർച്ചയുള്ള പുരുഷന്മാരായി മാറി അച്ഛനമ്മമാരുടെ മുന്നിൽ നിന്നു.

അവർ അമ്മമാരെ തള്ളിമാറ്റിയിട്ട് നേരെ അടുക്കളയിലേക്ക് കയറി. ഏറ്റവും മൂർച്ചയുള്ള ആയുധങ്ങൾ കയ്യിലെടുത്ത് അവർ തെരുവിലേക്ക് തിടുക്കത്തിൽ അപ്രത്യക്ഷരായി.

ആയുധങ്ങളുടെ തിളക്കം അമ്മമാരുടെ കണ്ണിൽ കുത്തി.

തെരുവ് നീണ്ട ഒരു നിലവിളിയായി.

അരുണ എപ്പോഴോ ദാനുവിന്റെ ജഡവും എടുത്ത് പുറത്തിറങ്ങി.

തെരുവിൽ അസംഖ്യം കുട്ടികളുടെ ജഡങ്ങൾ നിരന്നു കിടന്നിരുന്നു. അവയിൽ ചവിട്ടാതിരിക്കാൻ അവൾക്ക് സൂക്ഷിച്ചു നടക്കേണ്ടിയിരുന്നു.

അവൾ ശ്രദ്ധയോടെയും ചാടിയും ചുവടുകൾ വച്ച്, ശവങ്ങളിൽ ചവിട്ടാതെ നീങ്ങി. കിളിത്തട്ട് കളിക്കും പോലെയോ

അക്കുകളിക്കും പോലെയോ ഉള്ള ഒരു ചലനമായിരുന്നു അത്. അഥവാ ചതുരംഗത്തിലെ കരു നീക്കും പോലെ.

അങ്ങനെ നീങ്ങുമ്പോഴാണ് നഗരം ഇത്ര വലുതാണെന്ന് അരുണ മനസ്സിലാക്കിയത്.
അവൾ ഏറെ ദൂരം പിന്നിട്ടു.

ഏതോ വഴിയിൽ വച്ച് അവൾ വീണ്ടും കുതിരക്കുളമ്പടി ശബ്ദം കേട്ടു. അവൾ ഭയന്ന് നടത്തേക്കു വേഗം കൂട്ടി. അവർക്കു വേണ്ടത് ദാനുവിനെ ആണെന്നും കയ്യിൽ കിട്ടിയാൽ അവനെ അവർ വീണ്ടും ജീവിപ്പിക്കും എന്നും അവൾ ഭയന്നു. ദാവിനെ അവര് ഇനി ജീവിപ്പിക്കാൻ പാടില്ല. ഇവനെന്നും തൻ്റെ ദാനു തന്നെ ആയിരിക്കണം.

അവൾ ഓടി.

ഓടിത്തളർന്നപ്പോൾ അവൾ ചുറ്റും നോക്കി. ഒരു കുടിലിന്റെ തിണ്ണയിൽ ഒരു വൃദ്ധ കുത്തിയിരിക്കുന്നത് അവൾ കണ്ടു.

അവരുടെ മുന്നിൽ ഒരു ഓട്ടുമൊന്ത ഇരിക്കുന്നുണ്ടായിരുന്നു. അരുണ ഓട്ടം നിർത്തിയിട്ട് അവരെ സമീപിച്ചു.

വൃദ്ധയ്ക്ക് ഒരു തവളയുടെ മുഖമായിരുന്നു. ഒരു തവള ഇരിക്കുമ്പോലെ തന്നെ ഇരിപ്പും. അവർ തവളയെപോലെ കണ്ണുകൾ തിരിച്ച് വൃദ്ധ അരുണയെ നോക്കി.

വൃദ്ധയുടെ മുന്നിലിരുന്ന് മന്തയിൽ നിറച്ചു വച്ചിരിക്കുന്നത് രക്തമാണെന്ന് അവൾ കണ്ടു.

അവൾ വീണ്ടും ഓടി.

വൃദ്ധ അരുണ പോയ വഴിയേ ഒന്ന് നോക്കി. കഫം തൊണ്ടയിലൂടെ കീഴ്പ്പോട്ടിറക്കിയിട്ട് അവർ അതേ ഇരിപ്പ് തുടർന്നു. തവള, വയറുവീർപ്പിക്കും പോലെയായിരുന്നു ആ പ്രക്രിയ.

ഓടിയോടിപ്പോയ അരുണ എത്തിയത് ഒന്നാം അധ്യായത്തിലാണ്.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest