advertisement
Skip to content
രാ.പ്രസാദ്
അദ്ധ്യായം മൂന്ന്
കെട്ടിടം

അരുണ നടന്നുനടന്ന് പണിതീരാത്ത ഒരു കൂറ്റൻ കോൺക്രീറ്റ് സൗധത്തിൻ്റെ അടുത്ത് എത്തി. ആകാശംമുട്ടെ വളർന്ന് അനേകം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു മഹാസൗധം.

ചലനം നിലച്ച യന്ത്രങ്ങളുമായി പണിതീരാത്ത അത് ആരെയോ കാത്തുകിടന്നു, മൃതനഗരത്തിന്റെ ഭാവി പോലെ.

അതിൻ്റെ താഴെ അനേകം കോൺക്രീറ്റ് തൂണുകൾ ഉണ്ടായിരുന്നു. വണ്ണമുള്ള, ഭാരം താങ്ങുന്ന വലിയ തൂണുകൾ. അവയ്ക്കിടയിൽ ഇരുൾ ആയിരുന്നു, ഏതു പകലിലും.

രാ.പ്രസാദ്

അരുണ ആ ഇരുളിലേക്ക് നടന്നു. അകത്തേക്ക് ചെല്ലുംതോറും ഇരുൾ കനത്ത് രാത്രിയായിക്കൊണ്ടിരുന്നു.

അവൾ ആ രാത്രിയുടെ മധ്യത്തിൽ എത്തിനിന്നു.

അവിടെ നാലുപേർ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കയ്യിൽ മദ്യം നിറച്ച ക്ലാസുകൾ തുളുമ്പി നിന്നു.

പൂജയോ ആഭിചാരമോ ചെയ്യും പോലെ ശ്രദ്ധയോടെയാണ് അവർ മദ്യം കഴിച്ചുകൊണ്ടിരുന്നത്.

അവൾ അവർക്കു മുന്നിൽനിന്നു. അവർ മുഖമുയർത്തി.

നാലുപേരും സന്തോഷത്തോടെ അവളെ നോക്കി.

തീക്കുണ്ഡത്തിൽനിന്നുള്ള വെളിച്ചം തട്ടിയപ്പോൾ അരുണ ജ്വലിച്ചു. ആ ഗൗൺ മാത്രമായിരുന്നു അവളുടെ വേഷം.

മുലകൾ ചുരന്ന് അതിൻ്റെ മുൻവശം നനഞ്ഞിരിക്കുന്നത് അവർ കണ്ടു. അതവർക്ക് ഉന്മാദമേകുന്ന കാഴ്ചയായിരുന്നു.

കുതിരച്ചാണകത്തിൻ്റെ ഗന്ധം അവളുടെ മൂക്കിൽ അടിച്ചു കയറി. അടുത്തെവിടെയോ കെട്ടിയിട്ട കുതിരകൾ നിലത്ത് ചവിട്ടി ശബ്ദമുണ്ടാക്കി.

അരുണ തീയിലേക്ക് തുറിച്ചു നോക്കി നിന്നു.

നാലുപേരും കൂടി എഴുന്നേറ്റ് അവളെ വണങ്ങി. എന്നിട്ട് ഒരേ ശബ്ദത്തിൽ ക്ഷണിച്ചു.

'ആവോ ബഹൻ'

അവൾ മുന്നോട്ടു നീങ്ങി. അവരുടെ നടുവിൽ ചെന്നുനിന്നു. സാവധാനം ഗൗൺ അഴിച്ച് തലയ്ക്കു മുകളിലൂടെ ഊരിയെടുത്തു. അത് തീയിലേക്ക് എറിഞ്ഞു. എന്നിട്ട് അവൾ നിലത്ത് മലർന്നു കിടന്നു.

അവൾ സ്വപ്നരാമനെ ഓർക്കാൻ തുടങ്ങി.

തീക്കുണ്ഡത്തിൽ അവളുടെ ഗൗൺ ആളിക്കത്തി. ആ വെളിച്ചത്തിൽ അവളുടെ ദേഹം കൂടുതൽ തിളങ്ങി.

നാലുപേർ ആരംഭിച്ചു.

ഒരാൾ ഒരു കരണ്ടികൊണ്ട് അവളുടെ കണ്ണ് കോരിയെടുത്തു.

ഇടതു കണ്ണ് ! അയാൾ ആർത്തിയോടെ അത് ഭക്ഷിച്ചു. പിന്നീട് വലതു കണ്ണും അയാൾ കോരിയെടുത്തു. അത് സ്പൂണിനുനുള്ളിൽ തുളുമ്പി നിന്നു .അയാൾ അതും വിഴുങ്ങി. അത് തൊണ്ടയിലൂടെ ഇറങ്ങിപ്പോകുമ്പോൾ രുചി ആസ്വദിക്കാൻ എന്നവണ്ണം അയാൾ കണ്ണുകൾ അടച്ചുപിടിച്ചു.
സ്വപ്നരാമന് എത്ര ചുംബിച്ചാലും മതിയാകാത്ത കണ്ണുകൾ ആയിരുന്നുവല്ലോ അവ.

രണ്ടാമൻ കമിഴ്ന്നു കിടന്ന് അവളുടെ കവിൾത്തടങ്ങളും ചുണ്ടുകളും കാർന്നു തിന്നുവാൻ തുടങ്ങി. ചുണ്ടിലും താടിയിലും ഒലിച്ചിറങ്ങിയ ചോര അയാൾ വലതു കൈയിലെ ചൂണ്ടുവിരൽ കൊണ്ട് വടിച്ചെടുത്തു.

വിരലുകൾ വൃത്തിയാക്കാനായി അയാൾ ഈമ്പി വലിച്ചു.

അപ്പോൾ മൂന്നാമൻ അവളുടെ മുലകൾ മുറിച്ചെടുക്കുകയായിരുന്നു.

''മൃദുലമായ മാംസവും
ഞാവൽപഴം പോലെ
മുലഞെട്ടുകളും.."

അയാൾ ഒരു സിനിമാഗാനം മൂളിക്കൊണ്ട് അത് ഉയർത്തി കാട്ടി. എന്നിട്ട് ശബ്ദം ഉണ്ടാക്കിക്കൊണ്ട് അവ ചവച്ചിറക്കി. അരുണയ്ക്ക് ഇക്കിളിയായി.
'ഒന്നെനിക്കും ഒന്ന് ദാനുവിനും' സ്വപ്നരാമൻ പറയാറുള്ള കുസൃതിയോർത്ത് അവൾ ചിരിച്ചു.

നാലാമൻ ഒരു കത്തികൊണ്ട് അവളുടെ ഗർഭപാത്രം ചുഴന്നെടുത്തു. ആ കൃത്യം പൂർത്തിയായ നിമിഷത്തിൽ അവൾ ഓർത്തത് സ്വപ്നരാമൻ നൽകിയ രതിമൂർച്ഛകളാണ്.

അല്പം കഴിഞ്ഞ് അവർ നാലുപേരും എഴുന്നേറ്റു.

അവരുടെ ഔദ്യോഗിക വേഷങ്ങൾ ധരിച്ചു. ഇരുട്ടിൽ കെട്ടിയിരുന്ന കുതിരകളെ അഴിച്ച്, അതിന്മേലേറി അവർ യാത്രയായി.

അപ്പോൾ വൃദ്ധൻ അവിടെയെത്തി അണഞ്ഞു കൊണ്ടിരുന്ന തീയുടെ ആളലിൽ അയാൾ കണ്ടത് അരുണയുടെ അസ്ഥികൂടവും സമൃദ്ധമായ ഒരു മുടിക്കെട്ടും ആണ്.

അയാൾക്ക് മനംപിരട്ടൽ ഉണ്ടാക്കുന്ന ഒരു ഗന്ധം അവിടെയെങ്ങും നിറഞ്ഞുനിന്നു. അതെന്തിന്റേതാകാം.
അയാൾക്ക് ഓർമ്മയിൽ ചികഞ്ഞു.

ക്ഷീണം തോന്നിയ വൃദ്ധൻ ഒരു തൂണിൽ ചാരി നിലത്തിരുന്നു. ഓരോന്ന് ചിന്തിച്ചുകൊണ്ട്.

തീക്കുണ്ഡം അണഞ്ഞു.

വൃദ്ധന് ഒരു നിമിഷത്തിൽ ഓർമ്മ വന്നു, അത് മുലപ്പാലിന്റെ ഗന്ധമാണ്.

✍️സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️തുടരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest