advertisement
Skip to content

"തലയോട്ടി ചിരിക്കുകയാണ്. ജീവിതത്തിന് നേരെയുള്ള നീണ്ട ചിരി. താനാടിത്തീർന്ന ജീവിതം ഒരു നീണ്ട കരച്ചിലായിരുന്നു എന്നതിനറിയാം ." നോവൽ തുടരുന്നു

അദ്ധ്യായം നാല്
"ബച്ചു "

വൃദ്ധൻ തൂണിൽ ചാരിയിരുന്നു. തീക്കുണ്ഡം എരിഞ്ഞുതീർന്നിരുന്നു.

കാലിൽ എന്തോ സ്പർശിച്ചതായി അയാൾക്കു തോന്നി. അയാൾ സൂക്ഷിച്ചുനോക്കി.
കല്ലുവിന്റെ നായയാണ്, ബച്ചു !

അയാൾ ആദ്യം ഒന്നു ഭയന്നു. പിന്നെ മനസ്സിലായി, അത് തന്നോട് ഇണങ്ങിക്കൂടാൻ ശ്രമിക്കുകയാണ്.

എന്തിന് ?

ഇനിയും ശവം വേണ്ടിയിട്ടോ? അയാൾക്ക് മരണത്തിൻറെ ഓർമ്മയുണ്ടായി.
പക്ഷേ ബച്ചു ഒരു ശബ്ദം പുറപ്പെടുവിച്ചു. അത് വേദനയുടെതാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

ഭയം മാറിയപ്പോൾ അയാൾ അവൻ്റെ മുഖത്ത് തൊട്ടു.

അയാളുടെ കയ്യിൽ എന്തോ കടിച്ചു. മുള്ളുകൊള്ളും പോലെ ഒരനുഭവം.

വൃദ്ധൻ കൈനീട്ടി ഒരു വിറകുകൊള്ളിയെടുത്ത് ആഞ്ഞൂതി. അതിൻ്റെ വെളിച്ചത്തിൽ പട്ടിയുടെ മുഖം പരിശോധിച്ചു.

അതേ ഇടംകണ്ണ്! വലം കണ്ണിലെ തുരങ്കം!

അതിലൂടെ ഉറുമ്പുകൾ നിരനിരയായും അല്ലാതെയും സഞ്ചരിക്കുന്നു. അകത്തേക്കും പുറത്തേക്കും നീങ്ങുന്ന സംഘങ്ങൾ.

വൃദ്ധൻ സൂക്ഷിച്ചു നോക്കി. വിറകുകൊള്ളിയുടെ നേർത്ത വെളിച്ചം തുരങ്കത്തിലേക്ക് പതിച്ചു. ഉറുമ്പുകൾ ഒരു ജനസമൂഹം പോലെ തോന്നിച്ചു.

തുരങ്കത്തിലൂടെയോ ചരിത്രത്തിലൂടെയോ യാത്ര ചെയ്യുന്ന ഒരു ജനതതി.
'ശവംതീനികളാണ്'

വൃദ്ധൻ പിറുപിറുത്തു. അയാൾ തൻ്റെ കയ്യിൽ കടിച്ച ഉറുമ്പുകളെ തൂത്തു മാറ്റി.
ബച്ചുവിൻ്റെ മുഖം കൈകളിൽ കോരിയെടുത്ത് അയാൾ ശക്തിയായി ഊതി.

തുരങ്കകവാടത്തിൽ കൊടുങ്കാറ്റടിച്ചു. ദേശാടരുടെപറ്റം ചിതറി. അവ പരക്കം പാഞ്ഞു.
ബച്ചു നന്ദിപൂർവ്വം വാലിട്ടടിക്കുന്നത് വൃദ്ധൻ അറിഞ്ഞു.

അയാൾ അവനെ തീയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അണഞ്ഞു തുടങ്ങിയ തീയ് അയാൾ ഊതി പൊലിപ്പിച്ചു. വെളിച്ചം!

കണ്ണിലെ ഉറുമ്പുകൾ അകന്നിരിക്കുന്നു വൃദ്ധൻ കീശയിൽ കയ്യിട്ടു. അതിൽ എന്തൊക്കെയോ കിലുങ്ങി.

അയാൾ ഒരു മാല പുറത്തെടുത്തു. വലിയ മുത്തുകൾ കോർത്ത, പൊട്ടിയ ഒരു മാല.
തെരുവിൽ നിന്നും എന്തെങ്കിലും ഒക്കെ പെറുക്കിയെടുക്കുന്ന ശീലം ഉണ്ടായിരുന്നു അയാൾക്ക്. അങ്ങിനെ തലേന്ന് കിട്ടിയതാണ് ഈ മാല.

വളരെ വലിയ മുത്തുകൾ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. ഇളം നീലമുത്തുകൾ.
അതിൽ നിന്നും അയാളൊരു മുത്ത് അടർത്തിയെടുത്തു. അത് കൈവെള്ളയിൽ വച്ചു പരിശോധിച്ചു. എന്നിട്ട് ബച്ചുവിൻ്റെ മുഖത്തേക്ക് നോക്കി.

"ഭാഗ്യം ഇത് നിനക്ക് ചേരും''

അയാൾ പറഞ്ഞു.

അല്പനേരത്തെ പരിശ്രമം കൊണ്ട് ആ മുത്ത്, അയാൾ ബച്ചുവിന്റെ വലതു കണ്ണിൻ്റെ ഭാഗത്തുള്ള ദ്വാരത്തിൽ പതിപ്പിച്ചു. ദ്വാരമടഞ്ഞു.

'ഇനി ഒന്നും പേടിക്കാനില്ല'

അയാൾ അവനെ ആശ്വസിപ്പിച്ചു. അവൻ വാലാട്ടി.

അവന് നീല നിറമുള്ള ഒരു കണ്ണ് ലഭിച്ചിരിക്കുന്നു വൃദ്ധൻ അവൻ്റെ ശിരസ്സിൽ തലോടി.

മറുകൈയിലിരുന്ന അനേകം നീലക്കണ്ണുകൾ കോർത്ത മാല അയാൾ കീശയിലിട്ടു.
അപ്പോൾ ഒരു ചിരി കേട്ടു.

അവർ നോക്കി. അരുണയുടെ അസ്ഥികൂടം എഴുന്നേറ്റ് ഇരിക്കുന്നു.

അത് വിരലിലെ അസ്ഥികൾ കൊണ്ട് തലമുടി ഇരുന്നയിടം ചികഞ്ഞു.

തലയോട്ടി ചിരിക്കുകയാണ്. നീണ്ടചിരി. ജീവിതത്തിന് നേരെയുള്ള ചിരി.

ജീവിതത്തെപ്പറ്റി ഓർത്താണ് അത് ചിരിച്ചത്. താൻ ആടി തീർത്ത ജീവിതം.

അതൊരു നീണ്ട കരച്ചിലായിരുന്നു എന്ന സത്യം തലയോട്ടിയുടെ ചിരിയിലുണ്ട്.

അവൾ തൻ്റെ കഥ പറയാൻ ആരംഭിച്ചു.

വൃദ്ധനും ബാച്ചുവും പിന്നെ മറ്റൊരാളും അവളുടെ കഥ കേൾക്കാനിരുന്നു.

തലയോട്ടിയുടെ ഒടുങ്ങാത്ത ചിരി ഒരു കഥയായി നീണ്ടു.

✍️സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️തുടരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest