ദുബായ് : സൗ സാൽ പെഹലെ… നൂറല്ല ആയിരം വർഷം കഴിഞ്ഞാലും അനശ്വര ഗായകൻ മുഹമ്മദ് റഫീ
സാഹബിന്റെ ഓർമ്മകൾ കാതുകളിലേക്ക് സംഗീത സാന്ദ്രമായി എത്തുമെന്ന് വിളിച്ചോതി ടീ൦ ഇവന്ഡേയ്‌ഡ്‌സ്
സയാസി ഫോക്‌ലോർ തിയേറ്ററിൽ ഒരുക്കിയ സംഗീത സന്ധ്യ.









ഇരുട്ടു മൂടിയ പുറം കാഴ്ചകൾക്കൊപ്പം സയാസിയിലെ വെളിച്ചം മങ്ങി തുടങ്ങിയപ്പോൾ ഏവരുടെയും
ഹൃദയത്തെ സ്പർശിച്ചു കൊണ്ട് യുവ ഗായകൻ ഡോ.സൗരവ് കിഷന്റെ കണ്ഠത്തിലൂടെ “ആനെ സേ ഉസ്‌കെ
ആയേ ബഹാർ” എന്ന വരികൾ സ്നേഹത്തിന്റെ മന്ദസ്മിതം പോലെ അലിഞ്ഞിറങ്ങിയപ്പോൾ
സംഗീത രാവിന്റെ കുളിർക്കാറ്റ് തിങ്ങി നിറഞ്ഞ സദസ്സിലെ ഏവരെയും തലോടി.
ദിൻ ദൽ ജായെ എന്ന ഗാനം ഹൃദയത്തെ നൊമ്പരപ്പെടുത്തിയപ്പോൾ, ചാഹൂങ്ക മേ തുജേ യിലൂടെ
സൗഹൃദത്തിന്റെ മാധുര്യം പ്രണയത്തിലേക്ക് മാറുന്ന ആ പഴയ കാഴ്ചകളും മനസ്സിലൂടെ മിന്നി മറഞ്ഞു.
തേരെ മേരെ സപ്നേ, ജൊ വാദാ കിയാ വോ, മുജേ ഇഷ്‌ക് ഹേ തു ജീസെ എന്നീ ഗാനങ്ങൾ
ഏവരുടെയും ഹൃദയ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി.
ഡോ.സൗരവ്, യുവ ഗായിക കല്യാണിയുമായി ചേർന്ന് ആജ് കൽ തേരെ മേരെ ചർച്ചേ പാടി തകർക്കുമ്പോൾ
ഹാൾ നിറയെ കയ്യടിയായിരുന്നു.
എല്ലാം മറന്നു പോയ പ്രണയത്തിന്റെ നിശബ്ദ കണ്ണീരായി എല്ലാവരുടെയും ഹൃദയങ്ങളെ തൊട്ടു തലോടി കടന്നു
പോയി ഗം ഉഠാനെ കെ ലിയെ മേ തോ ജിയെ ജാഊങ്ക എന്ന വരികൾ.
പ്രണയത്തിന്റെ സ്നേഹ തീരങ്ങളിലൂടെ നമ്മെ കൊണ്ട് പോയതോടൊപ്പം തന്നെ ടൂട്ടെ ഹുവെ ക്വാബോനെ,
അഭി ന ജാ ഓ ചോഡ്കർ കെ ദിൽ അഭീ ഭരാ നഹി, ക്യാ ഹുവാ തേരാ വാദാ എന്നീ വരികൾ വേദനയുടെ മൃദു
സ്പർശം പോലെ നമ്മെ തൊട്ടു തലോടിപ്പോയി.
മധുബൻ മേരാ ദിൽ നാച്ചറെ, ബദൻ പേ സിതരെ, യാഹൂ, ചാഹേ കോയി മുജേ ജംഗ് ലീ കഹേ..
തുടങ്ങിയ ഗാനങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ ആൾക്കാർ അതിനൊത്തു ചുവടു വെക്കുകയും ചെയ്തു
സമയം കടന്നു പോകവേ ഹാളിലേക്ക് വന്ന സൗ സാല് പെഹലെ വരികൾ… ഒരു വേള കാലചക്രം തന്നെ നിലച്ച
പോലെ തോന്നി. ഒരു ശതാബ്ദം മുന്നേ ഭൂമിയിലേക്ക് ഇറങ്ങി വന്ന കരച്ചിലിൽ തുടങ്ങിയ സ്വരം ഇന്നും അതേ
മാധുര്യത്തിൽ അന്തരീക്ഷത്തിലാകെ തളം കെട്ടി നിൽക്കുന്ന പ്രതീതിയുളവാക്കി.
സമാപനത്തോടടുക്കവേ നൊസ്റ്റാൾജിയ യും ആത്മീയതയും നിറഞ്ഞ യേ ദുനിയാ യേ മെഹഫിൽ, ഇഹ്‌സാൻ തെര
ഹോഗ മുജ്പ്പർ എന്നീ വരികൾ ഹൃദയങ്ങളെ തൊടുകയും, കോൻ ഹെ ജൊ സ്വപ്നേ മേ ആയ എന്ന വരികൾ
കണ്ണടച്ചാസ്വദിച്ചിരുന്ന മനസ്സുകളിലേക്ക് സ്വപ്നങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുകയും ഹൃദയങ്ങളെ ഉണർത്തുകയും ചെയ്തു.
ആവേശത്തിന്റെ ഉച്ചസ്ഥായിലെത്തിയ പർദാ ഹേ പർദ.. യും കഴിഞ്ഞു മൃദുവായി തുടങ്ങി ഉച്ചസ്‌ഥാ യിലേക്കെത്തിയ
ദുനിയാ കെ രഖ് വാല…അതു വെറും ഒരു പാട്ട് മാത്രമെല്ലായിരുന്നു.. ഒരു പ്രാർത്ഥനയായി ആത്മാവിന്റെ പുനർജനിയായി
റഫി സാഹബിന്റെ ആ മാസ്മരിക ശബ്ദം പുനർജനിക്കുകയായിരുന്നു..
റഫി സാഹബ്, നിങ്ങൾ എവിടെയും പോയിട്ടില്ല, നിങ്ങളുടെ സ്വര മാധുര്യം ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്നു എന്നു
ശ്രോതാക്കൾ ഒന്നടങ്കം അടക്കം പറയുകയായിരുന്നു. പരിപാടിയുടെ ആദ്യന്തം വരെ മുഴുവൻ ശ്രോതാക്കളും സദസ്സിൽ
തന്നെ നിലയുറപ്പിച്ചു എന്നത് മുഹമ്മദ് റാഫിയോടും, അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങളോടും തലമുറകൾ
കാട്ടുന്ന ബഹുമാനവും, പ്രീതിയും വിളിച്ചോതി.
ടീ൦ ഇവന്ഡേയ്‌ഡ്‌സ് തങ്ങളുടെ 18ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു മുഹമ്മദ്
റാഫിയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടി "സൗ സാല് പെഹലെ"
മുഹമ്മദ് റാഫി, ലത മങ്കേഷ്‌കരോടൊത്തു പാടി അവിസ്മരണീയമാക്കിയ പ്രശസ്ത ഗാനം കൂടിയാണ് "സൗ സാൽ പെഹലെ"
പരിപാടി ചലച്ചിത്ര പിന്നണി ഗായകൻ കെ കെ നിഷാദ് ഉദ്‌ഘാടനം ചെയ്തു. പിന്നണി ഗായിക ചിത്ര അരുൺ
മുഖ്യാതിഥിയായി പങ്കെടുത്തു. ഇവന്ഡേയ്‌ഡ്‌സ് ഡയറക്ടർ യാസിർ ഹമീദ് പരിപാടി നിയന്ത്രിച്ചു.
സിറാജ് , സനന്ദ്, ബിനിൽ , സത്യജിത് ,സനൽ, നിതിൻ ജോയ് തുടങ്ങിയവർ ഓർക്കസ്ട്രേഷന് നേതൃത്വം നൽകി.
ജമീൽ ലത്തീഫ്, മലയിൽ മുഹമ്മദ് അലി, പോൾ ടി ജോസഫ് ,മൊയ്‌ദു കുട്ട്യാടി , സിറാജുദ്ധീൻ മുസ്തഫ, ഡോ ബാബു റഫീഖ്
അഡ്വ.ഹാഷിക് ,ഹൈദ്രോസ് തങ്ങൾ,പുന്നക്കൻ മുഹമ്മദ് അലി, അജിത് ഇബ്രാഹിം, അഡ്വ.ബക്കർ അലി, ഹാരിസ് കോസ്മോസ്
ഷീല പോൾ ,റാബിയ ഹുസൈൻ, ഷീതള ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു.
അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, ബഷീർ തിക്കോടി നന്ദിയും പറഞ്ഞു.
ഷിറോജ് ഇയ്യക്കാട് ,ജലീൽ മഷൂർ , റഷീദ് കിഴക്കയിൽ, ജുനീഷ് , ഫൈസൽ നാലുകുടി, അഷ്‌റഫ് ,ഷാജഹാൻ,
ഷഹൽ, അശോകൻ, മുഹാദ് , മുജീബ് , ബഷീർ, മൊയ്‌ദു ,ഹാരിസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.