advertisement
Skip to content

ശ്മശാനഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ

പി പി ചെറിയാൻ

വിശാലമായ ആ ശ്മശാനത്തിന് എപ്പോഴും ഒരു മരവിച്ച ഗന്ധമാണ്. അവിടെ ചിതറിക്കിടക്കുന്ന വെളുത്ത മാർബിൾ കല്ലറകൾ വെറും കല്ലുകളല്ല; അവ ഓരോന്നും ഓരോ മനുഷ്യരുടെ അപൂർണ്ണമായ കഥകളാണ്. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഹൈവേയ്ക്ക് അരികിലെ ആ ശ്മശാനഭൂമി എനിക്കെപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. അവിടത്തെ നിശബ്ദതയിൽ അല്പസമയം ചിലവഴിക്കുന്നത് എൻ്റെ ജീവിതത്തെ തന്നെ പുനർവിചിന്തനം ചെയ്യാൻ സഹായിക്കാറുണ്ട്. ഒരു വൈകുന്നേരം അവിടുത്തെ ഇടവഴിയിലൂടെ കാർ ഓടിച്ചുപോകുമ്പോൾ, എൻ്റെ കണ്ണുകൾ അറിയാതെ ഒരു കല്ലറയിൽ തറഞ്ഞുനിന്നു.സാവകാശം ആക്സിലറേറ്റിൽ നിന്നും കാൽ മാറ്റിയതോടെ കാറിന്റെ മുന്നോട്ടുള്ള നീക്കം നിലച്ചു .കല്ലറയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന ആ ശിലാഫലകത്തിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു: . അതിൽ ഇങ്ങനെ കൊത്തിവെച്ചിരുന്നു: “ഇവിടെ ഞാൻ സമാധാനത്തിൽ ഉറങ്ങുന്നു.”

ആ വരികളേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് അതിലെ തീയതികളാണ്. നാൽപ്പത് വയസ്സ് പോലും തികയാത്ത ഒരു മനുഷ്യൻ. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് പത്തു വർഷം മാത്രം ജീവിച്ച ഒരാൾ. 'സമാധാനം' എന്ന വാക്കിൽ തൂങ്ങിക്കിടന്ന് ആ കല്ലറ ഒരു രഹസ്യം കാത്തുസൂക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി.

ആ മനുഷ്യനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. ശവസംസ്കാര ചടങ്ങിന് ശേഷം അന്ന് അവിടം വിടുമ്പോൾ ആ ശിലാഫലകം അവിടെയുണ്ടായിരുന്നില്ല. അയാളുടെ ഭൂതകാലം ഒരു കരിനിഴൽ പോലെയായിരുന്നു. മദ്യത്തിന് അടിമയായി, സ്വന്തം കുടുംബത്തിനും നാട്ടുകാർക്കും ഒരു ബാധ്യതയായി മാറിയ ഒരാൾ. സമൂഹം അവനെ വെറുപ്പോടെ 'തിരുത്താൻ കഴിയാത്തവൻ' എന്ന് മുദ്രകുത്തി മാറ്റിനിർത്തി.

എന്നാൽ അയാളുടെ ജീവിതത്തിലേക്ക് ഒരു മാറ്റം വന്നത് അയാളുടെ ഭാര്യയിലൂടെയാണ്. ഒരു അനാഥാലയത്തിൽ വളർന്നവളാണെങ്കിലും, അവളുടെ മുഖത്ത് ഒരു വല്ലാത്ത ശാന്തതയും സൗമ്യതയും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ആദ്യരാത്രിയിൽ തന്നെ ലഹരിയിൽ ആടിയുലഞ്ഞെത്തിയ ഭർത്താവിനെ കണ്ടപ്പോൾ അവൾ പരിഭ്രാന്തിയോ കോപമോ പ്രകടിപ്പിച്ചില്ല. പകരം, അവൾ തിരഞ്ഞെടുത്തത് 'മൗനം' എന്ന വലിയ ആയുധമായിരുന്നു.

അവൾ അവനോട് കലഹിച്ചില്ല, കുറ്റപ്പെടുത്തിയില്ല. പക്ഷേ, എല്ലാ പുലർച്ചെയും അടുക്കളയുടെ കോണിൽ നിന്ന് ഉയർന്നിരുന്ന അവളുടെ നേർത്ത പ്രാർത്ഥനാ സ്വരങ്ങൾ അയാളുടെ ഉറക്കമില്ലാത്ത രാത്രികളെ അസ്വസ്ഥമാക്കി. ഒടുവിൽ ഒരു ദിവസം അയാൾ തകർന്നുപോയി. "നീ എന്തിനാണ് എന്നെ സ്നേഹിക്കുന്നത്? ഞാൻ വെറുക്കപ്പെടേണ്ടവനല്ലേ?" എന്ന് അയാൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു.

ശാന്തമായ ചിരിയോടെ അവൾ പറഞ്ഞു: "സ്നേഹം എന്നാൽ ഒരാളെ മാറ്റാൻ വേണ്ടി കാത്തിരിക്കുന്ന ഒന്നല്ല; ഒരാൾ മാറും വരെ അയാൾക്കൊപ്പം നിൽക്കുന്ന പ്രാർത്ഥനയാണ്."

ആ വാക്കുകൾ അയാളെ അടിമുടി മാറ്റിമറിച്ചു. പിന്നീടുള്ള പത്തുവർഷങ്ങൾ അയാൾ മറ്റൊരു മനുഷ്യനായിരുന്നു. നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ, ദയാലു, ഉത്തരവാദിത്തമുള്ള ഭർത്താവ്. എന്നാൽ വിധിക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു. ഒരു മഴരാത്രിയിൽ, മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അയാളെ കൊണ്ടുപോയി.

മരണവാർത്തയറിഞ്ഞ് ഞാൻ അവിടെ ചെല്ലുമ്പോൾ ആ സ്ത്രീയുടെ മുഖത്തെ ശാന്തത എന്നെ ഞെട്ടിച്ചു. അവളുടെ കണ്ണുകൾ നനഞ്ഞില്ല. വർഷങ്ങൾ നീണ്ട തന്റെ പ്രാർത്ഥനയും സ്നേഹവും സഫലമായതിന്റെ ഒരു ആത്മസംതൃപ്തി അവിടെയുണ്ടായിരുന്നു. താൻ വിതച്ച സ്നേഹത്തിൻ്റെ വിത്തുകൾ അയാളെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയെന്നും, ആ സമാധാനത്തിലാണ് അയാൾ യാത്രയായതെന്നും അവൾക്കറിയാമായിരുന്നു.

സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു ശ്മശാനത്തിൽ നിന്നും മടങ്ങുമ്പോൾ മൺകൂമ്പാരത്തിനു മുകളിൽ പൂക്കൾ നിരത്തിവച്ചിരുന്നു

ഇന്നും മിക്കവാറും എല്ലാ ഞായറാഴ്ചകളിലും അവൾ ആ കല്ലറയ്ക്കരികിൽ എത്തുന്നുവെന്നാണ് ഞാൻ പിന്നീടറിഞ്ഞത്.ഒരുപിടി വെള്ളപ്പൂക്കൾ അവിടെ സമർപ്പിക്കും. ആ ശിലാഫലകത്തിലെ 'സമാധാനം' എന്ന വാക്ക് വായിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ആ നേർത്ത പുഞ്ചിരിക്ക് ലോകത്തിലെ എല്ലാ വിജയങ്ങളേക്കാളും തിളക്കമുണ്ട്.

കാർ വീണ്ടും ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ എൻ്റെ മനസ്സിൽ ആ പഴയ പാട്ടുയർന്നു:

"ഒരിക്കലേവനും മരിക്കും നിശ്ചയം ,ഒരുങ്ങേല്ലാവരും മരിപ്പാൻ
ധനികൻ ,ദരിദ്രൻ, വയസ്സൻ.ശിശുവും മരിക്കുന്നില്ല ഈ ലോകേ

ഒന്നും നാമിഹേ കൊണ്ടുവന്നില്ല , ഒന്നുമില്ലാതെ പോകുമേ
സമ്പാദിച്ചതെല്ലാം പിൻപിൽ തള്ളേണം നമ്പിക്കൂടല്ലേ ഈ ലോകം"

സത്യമാണ്, നമ്മൾ സമ്പാദിച്ചതൊന്നും കൂടെ വരില്ല. പക്ഷേ, ആ സ്ത്രീ അയാൾക്ക് പകർന്നു നൽകിയ ആ സമാധാനവും സ്നേഹവും—അത് മാത്രം മരണത്തിന്റെ അതിരുകൾ കടന്നും അയാളുടെ ആത്മാവിനൊപ്പമുണ്ടാകും. നമ്മുടെ ജീവിതത്തിലും നാം സമ്പാദിക്കേണ്ടത് ഇത്തരം ചില നിമിഷങ്ങളല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest