advertisement
Skip to content

അക്വാറ്റിക്‌സ് ക്ലബിനു റൂബി ജൂബിലി

തൃശൂര്‍: അക്വാറ്റിക്‌സ് ക്ലബിന്റെ (40 ാം വാര്‍ഷിക) റൂബി ജൂബിലി ആഘോഷവും ഓണാഘോഷ പരിപാടികളുടെ സമാപനവും തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് പുതുക്കാടന്‍ അധ്യക്ഷനായി.

റൂബി ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീര്‍ ഡയറക്ടറിയുടെ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. നീന്തല്‍ അടക്കം വിവിധ മല്‍സരങ്ങളില്‍ ജേതാക്കളായവര്‍ക്കു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സെക്രട്ടറി ജോഫി ജോസഫ് പ്രസംഗിച്ചു.

ആയിരത്തിലേറെ അംഗങ്ങളും കുടുംബാംഗങ്ങളും ഒരുക്കിയ കലാവിരുന്നും ഫാഷന്‍ ഷോയും ഉണ്ടായിരുന്നു. പ്രസിഡന്റ് ജോസ് പുതുക്കാടന്റെ നേതൃത്വത്തില്‍ അക്വാ റോക്കേഴ്‌സ് നൃത്തവും ഡോക്ടര്‍മാര്‍ അണിയിച്ചൊരുക്കിയ 'ആശുപത്രിയിലെ അട്ടഹാസം' എന്ന സ്‌കിറ്റും അടക്കമുള്ള കലാവിരുന്ന് ആകര്‍ഷകമായി.

നിരവധി സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന ക്ലബ്, സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി പിന്നാക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും അടക്കമുള്ളവ വിതരണം ചെയ്തിട്ടുണ്ടെന്നു പ്രസിഡന്റ് ജോസ് പുതുക്കാടന്‍ വെളിപെടുത്തി. പ്രകൃതി ദുരന്തങ്ങളില്‍ ദുരിതമനുഭവിച്ചവര്‍ക്കും ഭവനരഹിതര്‍ക്കും സഹായങ്ങള്‍ നല്‍കി.

നീന്തല്‍ പരിശീലനത്തിനായി നാല്‍പതു വര്‍ഷം മുമ്പ് തൃശൂരിലെ പൗരപ്രമുഖരായ നാല്‍പതോളം പേര്‍ ചേര്‍ന്ന് ആരംഭിച്ച ക്ലബ് അക്കാലത്തെ ജില്ലാ കളക്ടര്‍ വിനോദ് റായിയാണ് ഉദ്ഘാടനം ചെയ്തത്. ക്ലബ് നിര്‍മിച്ച തൃശൂരിലെ ആദ്യ നീന്തല്‍ക്കുളം 1986 ഒക്ടോബര്‍ രണ്ടിന് അന്നത്തെ ഡിജിപി എം.കെ. ജോസഫാണ് ഉദ്ഘാടനം ചെയ്തത്. നീന്തല്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ബില്യാര്‍ഡ്‌സ്, ടേബിള്‍ ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ അനേകായിരങ്ങളാണ് ഇവിടെ പരിശീലനം നേടിയത്. ആധുനിക സംവിധാനങ്ങളോടെയാണ് സ്വിമ്മിംഗ് പൂളും കോര്‍ട്ടുകളും പരിപാലിക്കുന്നത്. മനോഹരവും ശീതീകരിച്ചതുമായ ഓഡിറ്റോറിയം അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest