advertisement
Skip to content

“സ്വയം എരിഞ്ഞുതീരേണ്ടവളല്ല സ്ത്രീ, കെടാവിളക്കായി ജ്വലിച്ചു നിൽക്കേണ്ടവളാണ്” ലിഷ ദിജി

“സ്വയം എരിഞ്ഞുതീരേണ്ടവളല്ല സ്ത്രീ, മറിച്ച് കെടാവിളക്കായി ജ്വലിച്ചു നിൽക്കേണ്ടവളാണ്”

യുവകവിയും കഥാകൃത്തുമായ ശ്രീമതി സജിത വിവേക് (സജിത തെന്നിലാപുരത്തി)ന്റെ രണ്ടാമത്തെ കഥാസമാഹാരം ജ്വാലാമുഖി, സ്ത്രീകൾക്ക് നേരെയുള്ള സാമൂഹിക അസമത്വങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന്റെ മാറ്റൊലിയാണ്. പതിനഞ്ച് കഥകൾ അടങ്ങിയ കഥാസമാഹാരത്തിലെ ഒരോകഥകളും വായിച്ചുതീരുമ്പോൾ പരിചിതമെന്ന് തോന്നുന്ന ചില വ്യക്തികൾ അവരുടെ ജീവിതങ്ങൾ എന്നിവയെല്ലാം നമ്മുടെ മനസ്സിലേക്ക് കടന്നുവരും. അങ്ങനെയാകുമ്പോൾ ജ്വാലാമുഖി നമ്മുടെയെല്ലാം കഥകളാണെന്ന് വായിക്കേണ്ടിയിരിക്കുന്നു.

പ്രാചീനകാലം മുതൽ ‘സ്ത്രീ’ പലതരം ചൂഷണങ്ങളിലൂടെ കടന്നുപോയിരുന്നതായി ചരിത്രരേഖകളും ഇന്നത്തെ സമകാലീന സംഭവങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. കലാപങ്ങളിലും യുദ്ധങ്ങളിലും വിപ്ലവങ്ങളിലും സാമൂഹിക അരക്ഷിതാവസ്ഥകളിലും ഏറ്റവും അധികം ചൂഷണത്തിനും പീഡനത്തിനും ഇരയാവുന്നത് സ്ത്രീകൾ തന്നെയാണെന്ന് കാണാം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുമ്പോളും ശ്രീമതി സജിത തെന്നിലാപുരത്തിന്റെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ പല സ്ത്രീകഥാപാത്രങ്ങളും കെട്ടുപോകാത്ത പ്രതീക്ഷകളായും നിരന്തരം പോരാടാനുള്ള ഊർജ്ജത്തിന്റെ പ്രഭവമായും രൂപാന്തരപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാം. വ്യക്തവും അച്ചടക്കപൂർണ്ണവുമായ എഴുത്തിന്റെ മാസ്മരികത അനുവാചകരിലേക്ക് കൗതുകത്തോടൊപ്പം പച്ചയായ ജീവിതഗന്ധങ്ങൾ കൂടി പങ്കുവയ്ക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അറിയാതെ പടരും. അതോടൊപ്പം അനന്തമായ ജീവിതസാധ്യതകളെക്കുറിച്ചുള്ള ഗഹനമായ ഉൾക്കാഴ്ചയും കരുത്തും പകർന്നുതരുന്ന പോരാട്ടവീര്യമായി വാക്കുകൾ പരിവർത്തനപ്പെട്ടിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.

വ്യക്തമായ സംഭാഷണങ്ങളും ലളിതമായ ആഖ്യാനശൈലിയും കൊണ്ട് വായിച്ചുമടുത്ത കഥകളിൽ നിന്നും വ്യത്യസ്തമായി പുതിയ ഭാവുകത്വങ്ങളുടെ മേച്ചിൽപുറങ്ങളിലേക്ക് സ്ത്രീജീവിതങ്ങളുടെ നിഗൂഢതലങ്ങളിലേക്ക് വായനക്കാരെ ഈ കഥകൾ കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് നിസ്സംശയം പറയാം. ഈ കഥാസമാഹാരത്തിലെ ഓരോ കഥകളും മികവു പുലർത്തുന്നുണ്ട്. എന്നിരുന്നാലും എന്നെ ഏറ്റവും അധികം ആകർഷിച്ച കഥകൾ തലൈക്കൂത്തൽ, ഇടിമിന്നലിനെ പ്രണയിച്ച പെൺകുട്ടി, കുടപിടിക്കുന്നവർ എന്നിവയാണ്.

തലൈക്കുത്തൽ എന്ന കഥ അവസാനിക്കുമ്പോൾ മനുഷ്യന്മാർ മനസ്സുള്ളവരാകുന്നത് കാരുണ്യങ്ങളിലൂടെയാണെന്ന് കൂടി തെളിയിച്ച മായയും ജീവിതം അമ്പേ തളർത്താൻ ശ്രമിച്ചിട്ടും ചീന്തിയെറിയപ്പെട്ടിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തിൽ തന്റെ കുഞ്ഞിന് സുരക്ഷിതത്വം ഒരുക്കുകയും മനസ്സിൽ പ്രതികാരം സൂക്ഷിക്കുകയും ചെയ്യുന്ന ഇരുപതുകാരിയായ പവിഴമെന്ന അമ്മയും സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത രാഷ്ട്രീയതലങ്ങൾ പങ്കുവയ്ക്കുന്നു.

ഇടിമിന്നലിനെ പ്രണയിച്ച പെൺകുട്ടിയിലൂടെ കടന്നുപോകുമ്പോൾ ഒരു മിന്നൽ മനസ്സിലേക്ക് ഏൽക്കാതിരിക്കില്ല. ഇടിമിന്നലിനേക്കാൾ ഭയാനകമായ ജീവിതം നയിക്കുന്ന എത്രയോ പെൺകുട്ടികൾ ആരാലും തിരിച്ചറിയപ്പെടാതെയും സ്വീകരിക്കപ്പെടാതെയും സമൂഹത്തിലുണ്ട്. ജീവിക്കാനുള്ള പ്രതീക്ഷകൾ അസ്തമിക്കുകയും എല്ലായിടത്തുനിന്നും തിരസ്കരണങ്ങളും സ്നേഹനിരാസങ്ങളും ഉണ്ടാകുമ്പോൾ തന്നെയാകാം ഏതു പെൺകുട്ടിയും ഇടിമിന്നലിനെ പ്രണയിക്കാം എന്ന അവസാന അത്താണിയിലേക്ക് ചിന്തകളെ പരിവർത്തനപ്പെടുത്തുന്നത്.

കുടപിടിക്കുന്നവരിലൂടെ സഞ്ചരിക്കുമ്പോൾ ചുറ്റുമുള്ള ജീവജാലങ്ങളിലേക്ക് കൂടി കരുതലിന്റെ കരങ്ങൾ നീട്ടുന്ന സ്ത്രീകഥാപാത്രങ്ങളെ ഒരുക്കിയെടുത്ത കഥാകാരി ഒരുകൂട്ടം നന്മവറ്റാത്ത മനുഷ്യർ ഏതുകാലഘട്ടത്തിൻറെയും അനിവാര്യതയാണെന്ന് വിളംബരം ചെയ്യുമ്പോളും തെരുവിൽ അലയുന്ന ജീവിതങ്ങളിലേക്ക് കൂടി ചിന്തകളെ വരച്ചുചേർത്തിരിക്കുന്നതായി കാണാം.

സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങളിൽ നിന്നും ആഴത്തിലുള്ള മനനങ്ങളിൽ കൂടിയുമാണ് ഓരോ കഥയും രൂപപ്പെടുന്നത്; രൂപപ്പെടേണ്ടത്. അത്തരം കഥകളിൽ, അവയുടെ അടിയൊഴുക്കായി, ആത്മാവായി അലിഞ്ഞു ചേർന്ന യാഥാർത്ഥ്യങ്ങൾ ഉണ്ടായിരിക്കാം. കഥകളെല്ലാം ജീവിതസ്പർശിയായിത്തീരുന്നത് ഇത്തരം സഹജാവബോധത്തിൽക്കൂടിയാവാം. ജ്വാലാമുഖി അന്വർത്ഥമാക്കുന്നത് സധൈര്യവും സുദീർഘവുമായ ഇരുളിലും പ്രകാശഭരിതമാകുന്ന സ്ത്രീയാത്രകളെ തന്നെയാണ്. ഒരുപാട് പേരിലേക്ക് ജ്വാലയായി പടരുവാൻ ജ്വാലാമുഖിക്കാവട്ടെ! ഇനിയുമേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest