ജോയ്‌സ് വര്ഗീസ്,കാനഡ
ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം.മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു.
വീട്ടിൽ പാർട്ട് ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ ഇതിനിടയിൽ പരിചയപ്പെട്ടു. വളരെ കുറഞ്ഞ വേതനം പറ്റുന്ന ഇവർ അവരുടെ കുടുംബത്തിന്റെ അത്താണിയാണ്. ഒത്തിരി പേരുടെ സ്വപ്നങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാർ. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, മക്കൾ, ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എല്ലാവരും ഉറ്റുനോക്കുന്നത് ഇവരെ മാത്രം. കടമ, ദയ ഇതൊക്ക മറ്റുള്ളവരിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ഇവരിൽ നിന്നും ആഗ്രഹിക്കുന്നു.
അകവും പുറവും ഒരുപോലെ ചുട്ടുപൊള്ളുന്ന ഇവർ എങ്ങനെ ജീവിക്കുന്നുവെന്നു പലരും അറിയാറില്ല. കടൽ കടന്നവർ ഭാഗ്യവാന്മാർ എന്നൊരു തോന്നലുള്ളവർ നാട്ടിൽ ഏറെയുണ്ട്. വിദേശങ്ങളിൽ ജീവിക്കുന്ന എല്ലാവരും ബുദ്ധിമുട്ടുന്നവരല്ലെങ്കിലും ഇതിൽ കഷ്ടപ്പെടുന്ന അനേകരുണ്ട്.
ആവശ്യങ്ങളുടെ അവസാനിക്കാത്ത പട്ടിക നീണ്ടുപോകുമ്പോൾ പറയാൻ ഇത്രമാത്രം, അവരുടെ യാതന നിങ്ങൾക്കറിയില്ല!'
പെർഫ്യൂം, സിഗരറ്റ്, കൂളിംഗ് ഗ്ലാസ് തുടങ്ങി ആഡംബരങ്ങളായി വന്നിറങ്ങുന്നവർ, അല്പം പോലും കരുണയില്ലാത്ത കാലവസ്ഥയിൽ, തൊഴിലാളിയുടെ അന്തസ്സിനും അവകാശത്തിനും ഒരു വിലയുമില്ലാത്ത നാട്ടിൽ, ഓരോ ദിവസവും തള്ളിനീക്കുന്നത് എങ്ങനെയെന്നു അവരെ പരിചയപ്പെട്ട പ്രവാസികൾക്ക് കുറച്ചൊക്കെ അറിയാം.
വീട്ടിൽ ജോലിക്ക് വന്നിരുന്ന ഒട്ടുമിക്കപേർക്കും പറയാനുള്ളത് ഒരേ കഥയായിരുന്നു. കുടുംബത്തെ കരപറ്റിക്കാൻ ഇറങ്ങിപുറപ്പെട്ടു, ഇപ്പോൾ ഒടുങ്ങാത്ത ആവശ്യങ്ങളുടെ ചുഴിയിൽ നിന്നും രക്ഷപ്പെടാനാകാതെ കറങ്ങുന്നു.
ഒരു ദിവസം തീരെ മെലിഞ്ഞുനീണ്ട ചെറുപ്പക്കാരൻ ഡോർബെൽ അമർത്തി.
'ഏൻ പേര് ശരവണൻ ', തമിഴ് ചുവയിൽ അവൻ പറഞ്ഞു. ഇവിടെ ഒരാളെ ജോലിക്ക് അന്വേഷിക്കുന്നുണ്ടെന്നു അറിഞ്ഞുവെന്നും അവനെ എന്റെ ഒരു സുഹൃത്ത് പറഞ്ഞുവിട്ടതാണെന്നും തമിഴും മലയാളവും കലർത്തി പറഞ്ഞൊപ്പിച്ചു.
"അമ്മാ... നീങ്ക കേരാളാ പീപ്പിൾ?"
"ഉം...", ഞാൻ തലയാട്ടി. ലക്ഷക്കണക്കിനു മലയാളികളെ പറിച്ചു നട്ട ഈ രാജ്യത്ത് മലയാളികളെ കാണാൻ എന്തു പ്രയാസം?, ഞാൻ ഉള്ളിൽ ചിരിച്ചു.
"എനക്ക് കേരളാ പീപ്പിൾ, റൊമ്പ പുടിക്കും, തങ്കപ്പെട്ടവര്, ഡീസന്റ്", അവൻ വെളുക്കെ ചിരിച്ചു.
"ങും...", ഞാൻ വീണ്ടും തലയാട്ടി, ഇതു കുറെ കേട്ടിരിക്കുണു, ഞാൻ വേഗത്തിൽ പറഞ്ഞവസാനിപ്പിച്ചത് പിടിച്ചെടുക്കാൻ ശരവണൻ പരുങ്ങി.
അവന്റെ സംസാരത്തിൽ മര്യാദയും വേഗതയും ചുറുചുറുക്കുമുണ്ടായിരുന്നു. അവന്റെ നീട്ടിയുള്ള'അമ്മാ' വിളിയും മലയാളം വാക്കുകളുടെ വികലമായ ഉച്ചാരണവും ഇടയ്ക്കിടെ എന്നെ ചിരിപ്പിച്ചു.
മലയാളം അറിയുമോ? എന്ന രണ്ടു വാക്ക് ചോദ്യത്തിന്, അവന്റെ താമസസ്ഥലവും ജോലിയും കൂട്ടുകാരും ലേബർ ക്യാമ്പിലെ സമൃദ്ധമായ മലയാളിസാന്നിധ്യവും കഴിഞ്ഞ വർഷത്തെ ഓണ സദ്യയും അണക്കെട്ട് പൊട്ടിയ പോലെ ഒഴുകിയെത്തി. ഇവന്റെ സംസാരം പാരയാകുമോ?
എന്നൊരു പേടി ഞാൻ ഉള്ളിൽ വെച്ചു.
"അമ്മാ തമിഴ് തെരിയുമാ?"
അവൻ തമിഴ് പേശി.
"കൊഞ്ചം, കൊഞ്ചം തെരിയും," ഞാനും രണ്ടു വാക്കു തമിഴ് പേശി, ബാക്കി മലയാളത്തിലും മിണ്ടി.
ഹിന്ദി, ഉറുദു, ബാംഗ്ളാ വരെ പാർട്ട് ടൈം ക്ലീനിംഗ് ജോലിക്കു വരുന്നവരോടു പയറ്റിനോക്കിയ എന്നോടാണോ കളി ശരവണാ?, ഞാൻ മനസ്സിൽ . പറഞ്ഞു. ഇവിടെ ജോലി റോക്കറ്റ് വിക്ഷേപണം ഒന്നുമല്ലല്ലോ. പാത്രം കഴുകാനും തറ തുടക്കാനും പറയാൻ എന്റെ തമിഴ് ഭാഷാപരിജ്ഞാനമൊക്കെ ധാരാളം മതി, ഞാൻ അതങ്ങ് ഉറപ്പിച്ചു. ഇവന് ജോലിയിൽ വൃത്തിയും വെടിപ്പുമുണ്ടായാൽ മാത്രം മതിയായിരുന്നു, ഞാൻ ആശിച്ചു.
"എന്നാ ശൊല്ലിയാലും തമിഴരു നാങ്കെ ഊരില് പക്കത്തിലിരിക്ക് ", തമിഴ് സിനിമയിൽ നിന്ന് കേട്ടു പഠിച്ച ചുരുക്കം ചില വാക്കുകൾ കൊണ്ട് ഞാനെന്റെ പൊട്ട തമിഴിന് മൂർച്ച കൂട്ടി. വ്യാകരണ നിയമങ്ങളോടു കൊഞ്ഞനം കുത്തുന്ന തമിഴ് കേട്ട് അവൻ ചിരിച്ചു. മുഴുവൻ വാചകവും തമിഴിൽ പേശി കുളമാക്കേണ്ട എന്നൊരു ധ്വനി ആ ചിരിയിലില്ലെ എന്ന് ഞാൻ സന്ദേഹിച്ചു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൊതുവെ സംസാരപ്രിയനായ ശരവണൻ മെല്ലെ മെല്ലെ കഥകൾ കെട്ടഴിച്ചിട്ടു. ക്യാമ്പിലെ വിശേഷങ്ങൾ നീട്ടി വിസ്തരിച്ചു വിളമ്പും. മലയാളികളുടെ കറികൾ രുചിച്ചതും മുറിയിൽ അരങ്ങേറിയ നുറുങ്ങു തമാശകളും അലക്കി ഉണങ്ങാനിട്ട ഷർട്ടും പാന്റും മോഷണം പോയതും വർത്തമാനങ്ങളിൽ നിറയും. അമ്മക്കു കൊടുത്തയക്കാൻ വാങ്ങിയ സാരിയുടെ നിറത്തെ കുറിച്ചവൻ പറയുമ്പോൾ, മകനെ കാണാൻ അവധിക്കാലം നോക്കി കാത്തിരിക്കുന്ന അമ്മയുടെ വിതുമ്പൽ എനിക്ക് കേൾക്കാനാകും.
അവനു വേണ്ടി ഞാൻ കരുതിവെച്ചിരുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കും.
"ഞാൻ കഴിച്ചാണ് വന്നത് "
എന്ന് പറഞ്ഞു വീണ്ടും ഭക്ഷണം കഴിക്കുന്ന അവൻ പറയും, ഞാൻ കുറെ പട്ടിണി കിടന്നിട്ടുണ്ട്, നിങ്ങൾക്കത് അതറിയില്ല.
ഗൾഫിൽ വരും മുൻപ് എന്താണ് ചെയ്തിരുന്നത്?, ഒരിക്കൽ ഞാൻ ചോദിച്ചു.
"നെല്ല് കമ്പനിയിൽ പണിയായിരുന്നു."
പാരഗ്രാഫ് ഉത്തരത്തിനു പകരം ഒരു രണ്ടു പേജ് പ്രബന്ധം എഴുതി എന്നെ ശരവണൻ തോൽപ്പിച്ചു. നെല്ല് വിതക്കുന്നതു മുതൽ കൊയ്തു പാറ്റി, അരിച്ചാക്കു ലോറിയിൽ കയറ്റുന്നത് വരെ വിവരണമെത്തി. എനിക്ക് ഒരു നീണ്ട ഡോക്യൂമെന്ററി കണ്ട ഫീൽ കിട്ടി.
"എനിക്ക് ആ ജോലികൾ മുൻപ് അറിയാം, ഞങ്ങൾക്ക് പത്തേക്കർ നെൽകൃഷി ഉണ്ടായിരുന്നു."
ങേ..? ഞാൻ ഒന്ന് ഞെട്ടിയോ?
വെറുതെ 'തള്ള് ' ആയിരിക്കുമോ? എന്നിട്ടെന്തിന് ഈ മരുഭൂമിയിൽ ലേബർ പണി ചെയ്യുന്നു? കുറച്ചു സമയം കൊണ്ട് പല ചോദ്യങ്ങളും എന്റെ തലയിൽ മിന്നി.
പക്ഷെ ഒരു നിമിഷം അവന്റെ സംസാരം നിലച്ചുപോയതും കണ്ണുകൾ ഈറനായതും ഞാൻ കണ്ടു. എന്തോ അവനെ അലട്ടുന്നുണ്ടെന്നു എനിക്ക് തോന്നി. കുറച്ചു സമയത്തിനു ശേഷം സംയമനം വീണ്ടെടുത്തു അവൻ പറഞ്ഞ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു, നോവായി നീറുന്നു.
വംശീയകലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു ശ്രീലങ്കൻ തമിഴ് കുടുംബം. കലാപം കീഴടക്കിയ ജാഫ്നയിലാണ് ശരവണന്റെ വീട്. അച്ഛനും അമ്മയും മുത്തശ്ശിയും നാലുമക്കളുമടങ്ങുന്ന കുടുംബം. അവൻ പന്ത്രണ്ടാം ക്ലാസ് ജയിച്ച് എം.എൽ.ടി കോഴ്സിനു പഠിക്കുമ്പോഴാണ് ശ്രീലങ്കയിൽ കലാപം പടർന്നതു്. തമിഴർ ഭയന്നു കഴിഞ്ഞ കാലഘട്ടമായിരുന്നത്. ജീവനും സ്വത്തിനും മാനത്തിനും സുരക്ഷയില്ലാതിരുന്ന അവസ്ഥ.
അവന്റെ വീട്ടിൽ അടുക്കളയിൽ എല്ലാവരും ചേർന്ന് നിലത്തിരുന്നാണ് ഉണ്ണാറുള്ളത്. വലിയ തളിക പാത്രങ്ങളിൽ കുറച്ചു വിഭവങ്ങൾ മാത്രം വിളമ്പും. നീണ്ടു നിൽക്കുന്ന കലാപം നശിപ്പിച്ച നാട്ടിൽ തമിഴരുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായി മാറിക്കൊണ്ടിരുന്നു. എത്ര ദിവസങ്ങൾ നമ്മൾ എല്ലാവരും ഇങ്ങനെ കൂടെയുണ്ടാകുമെന്ന ഭയം മുതിർന്നവരെ ഗ്രസിച്ചിരുന്നു. അതിനാൽ ഭക്ഷണ സമയത്ത് അസുഖകരമായ വാർത്തകൾ സംസാരിക്കരുത് എന്ന് അച്ഛൻ വിലക്കിയിരുന്നത്രെ. പറഞ്ഞു തേഞ്ഞ തമാശക്കഥകൾ വീണ്ടും വീണ്ടും വിളമ്പി ചിരിച്ച ഒരു അത്താഴവേളയിലാണ്, കലാപകാരികൾ നിറത്തോക്കുകളുമായി വീട്ടിൽ ഇരച്ചുകയറിത്. വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്ന കൈക്കുമ്പിളിലെ വെള്ളത്തുള്ളികളായിരുന്നു അവരുടെ ജീവനെന്ന് അച്ഛന് അറിയാമായിരിക്കാം!
പതിനാറു വയസ്സിനു മുകളിൽ ഉള്ള പുരുഷന്മായിരുന്നു അവരുടെ ഉന്നം. തോക്കിൻ തുമ്പ് താടിയിൽ മുട്ടി നിന്ന ഭയാനകനിമിഷം ശരവണൻ കണ്ണടച്ചുവെന്നും അവന് ഒന്നും പ്രാർത്ഥിക്കാൻ പോലും കഴിയാത്ത വിധത്തിൽ പ്രജ്ഞ മരവിച്ചുവെന്നും പറയുന്നു. ശരവണൻ തീരെ മെലിഞ്ഞ പ്രകൃതിയായതുകൊണ്ട് അവന് പതിനാറ് വയസ്സ് തികഞ്ഞില്ല എന്ന് മുത്തശ്ശി പറഞ്ഞ കള്ളം അവർ വിശ്വസിച്ചു, അവനെ വെറുതെ വിട്ടു.
അവരുടെ കൺമുമ്പിൽ തന്നെ അച്ഛന്റെയും ജേഷ്ഠന്റെയും ജീവനെടുത്തു. അവന്റെ വാക്കുകൾ മുറിഞ്ഞിരുന്നു. അവരുടെ വയറ്റിലാണ് അവർ വെടിയുതർത്തത്. ചോര ചീറ്റി, ആർത്തനാദത്തോടെ മറിഞ്ഞു വീഴുന്ന അച്ഛനേയും സഹോദരനും ഒരു നിമിഷം മൗനമായിരിക്കുമ്പോൾ അവന്റെ മുന്നിൽ തെളിയും. അതിനാലാണ് എപ്പോഴും എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിയ്ക്കാൻ അവൻ ശ്രമിക്കുന്നത്. ഇപ്പോഴും ആ ഞെടുക്കുന്ന കാഴ്ചയിൽ ഉറക്കം ഞെട്ടി അവൻ ഉണരാറുണ്ട് പോലും.
വീടും തൊടിയും മുഴുവനായും അവർ തീവെച്ചു നശിപ്പിച്ചു. കുടുംബത്തിൽ ബാക്കിയായവരെ ഇരുട്ടിലേക്കു ആട്ടിപ്പായിച്ചു. അലറിക്കരഞ്ഞ് രക്ഷപ്പെടാൻ ഓടുന്നതിനടയിൽ പിന്തിരിഞ്ഞ് നോക്കുമ്പോൾ വീടും അതിനുള്ളിലെ പ്രിയപ്പെട്ടവരും അഗ്‌നിഗോളമായി കുതിച്ചു പൊങ്ങുന്നതവർ കണ്ടു.
അവൻ പറഞ്ഞു നിറുത്തിയപ്പോൾ എനിക്ക് ശരീരത്തിൽ തരിപ്പ് കയറുന്നതായി തോന്നി.
പിന്നീടുള്ള പാലായനത്തിന്റെ നാളുകൾ. ഇരുട്ടിലേക്കും വിശപ്പിലേക്കുമുള്ള അലച്ചിൽ. മാറി മാറി താമസിച്ച അഭയാർത്ഥി ക്യാമ്പുകൾ. അനുഭവിച്ചവരുടെ സാക്ഷ്യത്തിന് മൂർച്ച കൂടും. അവരുടെ വാക്കുകൾക്ക് ജീവനുണ്ട്, വികാരങ്ങളുണ്ട്.
ശരവണന്റെ രോഗിയായ മുത്തശ്ശി ക്യാമ്പിൽ വെച്ചു മരിച്ചു. കൺമുമ്പിൽ സംഭവിച്ച ദുരന്തത്തിന്റെ നടുക്കം വിട്ടൊഴിയാതെ അനിയത്തി ചെറിയ ശബ്ദം കേട്ടാൽ പോലും ഞെട്ടി വിറക്കുന്ന അവസ്ഥയിലേക്കു വീണു.
ദുരിതം പെയ്ത വർഷങ്ങൾ, ദാരിദ്രവും ഭയവും രോഗവും ഞെരക്കിയപ്പോഴും ജീവിതത്തോടുള്ള അടങ്ങാത്ത ത്വര മാത്രം അവരെ ജീവിപ്പിച്ചു.
കലാപം ഒതുങ്ങിയപ്പോൾ അവർ നാട്ടിൽ തിരിച്ചെത്തി. മതിയായ രേഖകൾ ഉണ്ടെങ്കിൽ കൃഷിസ്ഥലം തിരിച്ചുകിട്ടും എന്ന് കേൾക്കുന്നു. സ്ഥലത്തിന്റെ ആധാരവും മറ്റു രേഖകളും ഒരു ചെറിയ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. ഒരു ആക്രമണവും തുരുത്തലും പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വീടുവിട്ടു പോകേണ്ടി വന്നാൽ കൈവശമെടുക്കണമെന്ന് അച്ഛൻ പറഞ്ഞേല്പിച്ചിരുന്നു.
"കലാപമവസാനിച്ചിട്ട് വർഷങ്ങളായിരുന്നു. അമ്മയിപ്പോൾ കൃഷിസ്ഥലം തിരിച്ചു ലഭിക്കാൻ കൈവശമുള്ള രേഖകളുമായി നെട്ടോട്ടത്തിലാണ്. സ്ഥലം തിരിച്ചുകിട്ടിയാൽ ഞാൻ തിരിച്ചു പോകും. എന്റെ അച്ഛനെപ്പോലെ നല്ല കൃഷിക്കാരനാകും.", നിറം കുറഞ്ഞ മുഖത്തെ തിളക്കമുള്ള കണ്ണുകളിൽ കൊച്ചു നക്ഷത്രം കണ്ണടച്ചു തുറന്നു.
"നിങ്ങൾക്ക് ഒന്നും അറിയില്ല."
അവൻ പിറുപിറുത്തു.
ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തത്ര ദുഃഖം പേറിയിരുന്ന ചെറുപ്പക്കാരനെ മരവിച്ച കണ്ണുകൾകൊണ്ടു നോക്കിയിരുന്നു. വാക്കുകൾ നഷ്ടപ്പെട്ട ആ സമയം ഞാൻ അവനോടു പറഞ്ഞു.
"ക്ഷമിക്കണം, ഞാൻ എല്ലാം ഒന്നുകൂടി ഓർമ്മിപ്പിച്ചുവല്ലെ?"
"ഇല്ല, അമ്മാ, അത് സാരമില്ല, ഇതെല്ലാം എങ്ങനെ മറക്കത്?", അവൻ നെടുതായി നിശ്വസിച്ചു.
"ശരവണൻ പൊയ്ക്കോളൂ, ഇന്ന് ജോലിയൊന്നും ചെയ്യേണ്ട.", ഞാനവനെ യാത്രയാക്കി. കൈകഴുകാൻ മറന്നു, സോപ്പുപത ഷർട്ടിൽ തുടച്ചു, വാതിൽ കടന്നുപോയ ശരവണൻ പറഞ്ഞത് ഞാൻ ഓർത്തു.
"നിങ്ങൾക്ക് ഒന്നും അറിയില്ല."
അതെ, നമുക്കറിയില്ല,
ഇല്ലാത്തവന്റെ വിശപ്പും കലാപവും യുദ്ധവും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തുന്ന ദുഖത്തിന്റെ ആഴവും. പിറന്ന വീടും നാടും അന്യമായി, ശൂന്യമായ ഭാവിയിലേക്ക് ഉററുനോക്കുന്നവരുടെ വികാരം നമുക്കറിയില്ല.
ഭക്ഷണത്തിനായി നീണ്ട തണ്ടുള്ള വലിയ പാത്രങ്ങൾ നീട്ടുന്ന ഗാസയിലെ യുദ്ധഭൂമിയിലെ നിസ്സഹായരായ മനുഷ്യക്കൂട്ടവും യുദ്ധം കൊണ്ട് വീർപ്പുമുട്ടുന്ന ഉക്രൈൻ എന്ന രാജ്യവും ഇന്ന് വാർത്തകളിൽ നിറയുന്നു. ലോകത്തിൽ ഒരിടത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് കേൾക്കുന്ന ആയിരമായിരം ശരവണന്മാരുടെ സ്വരം ഒന്നു തന്നെ.
സമാധാനത്തിന്റെ വെള്ളപ്പൂക്കൾ എല്ലായിടവും വിരിയുമെന്നും നമുക്ക് പ്രത്യാശിക്കാം. അതിൽ സഹാനുഭൂതിയുടെ ഒരിതളെങ്കിലും ഈ ഭൂമിയിൽ വിരിയട്ടെ !
