സണ്ണി മാളിയേക്കൽ
ഓസ്റ്റിൻ:"അമേരിക്കയിലെ വളരെ പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ ആൻ്റ് റൈറ്റേഴ്സ് കോൺഫറൻസിൽ (Austin film festival and writers conference). പ്രശസ്ത സിനിമ - സീരിയൽ സംവിധായകനായ ഷാജിയെം പങ്കെടുക്കുന്നു
പേര് സൂചിപ്പിക്കുന്നതുപോലെ സിനിമകൾക്കും സംവിധായകർക്കും മാത്രമല്ല, തിരക്കഥാകൃത്തുക്കൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ അപൂർവ്വം ഫെസ്റ്റിവലുകളിൽ ഒന്നാണ് ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ. ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന 32 -ാം മത് ഫെസ്റ്റിവലിൽ 180 -ഓളം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിനോടൊപ്പം നടക്കുന്ന റൈറ്റേഴ്സ് കോൺഫറൻസിൽ ഏതാണ്ട് ഇരുന്നൂറോളം തിരക്കഥകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഷാജിയെമ്മിന്റെ ഒരു തിരക്കഥയും ഈ വർഷത്തെ റൈറ്റേഴ്സ് കോൺഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കലാസംവിധായകനായി സിനിമയിലെത്തിയ ഷാജിയെം മൂന്ന് സിനിമകളും പതിനെട്ടോളം ടെലിവിഷൻ സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും മികച്ച സംവിധായകൻ എന്ന അവാർഡ് അടക്കം പ്രശസ്തമായ നിരവധി അവാർഡുകളുടെ ജേതാവാണ് ഷാജിയെം.
സറീന വഹാബ് നായികയായി അഭിനയിച്ച "പരസ്പരം", മീരാ ജാസ്മിൻ നായികയായി എത്തിയ "മിസ് ലേഖാ തരൂർ കാണുന്നത്" എന്നീ പ്രശസ്ത സിനിമകൾക്കു പുറമേ "അരുണ", "നിഴലുകൾ", "മേലോട്ട് കൊഴിയുന്ന ഇലകൾ", പ്രശസ്ത നടി ഷീല അഭിനയിച്ച "വെളുത്ത കത്രീന" തുടങ്ങി നിരവധി സീരിയലുകളും അദ്ദേഹത്തിൻ്റേതായുണ്ട്. സംവിധായകൻ, ആർട്ട് ഡയറക്ടർ എന്നീ നിലകളിലല്ലാതെ സിനിമാ പോസ്റ്റേഴ്സിലും അദ്ദേഹത്തിൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഷാജിയെം.
ഒരു നല്ല സംവിധായകൻ എന്ന പോലെ, നല്ല ഒരു ചിത്രകാരനും കൂടിയാണ് ഷാജിയെം.ഷാജിയെം ഈ വർഷത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട് എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വാർത്തയാണ്!