ഫൊക്കാന പെന്‍സില്‍വേനിയ റീജിയന്റെ പ്രസിഡന്റ് ഷാജി സാമുവേല്‍ ഫൊക്കാന അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഫിലാഡല്‍ഫിയയില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുന്നതിലും ഷാജി നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. ഈ നേട്ടമാണ് അദ്ദേഹത്തെ വീണ്ടും മത്സരിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന ടീമിന്റെ ഭാഗമായാണ് ഷാജി സാമുവേല്‍ മത്സരിക്കുന്നത്.
ഫിലാഡല്‍ഫിയ മലയാളികള്‍ക്കിടയില്‍ സാമുഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന നേതാവാണ് ഷാജി. ഫിലാഡല്‍ഫിയയിലെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിട്ടുള്ള ഒരു ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയാണ്.
ഫിലാഡല്‍ഫിയ ഏരിയയിലെ പ്രമുഖ മലയാളി സംഘടനയായ മാപ്പിന്റെ കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴും എല്ലാ മലയാളി അസോസിയേഷനുകളുമായും വളരെയധികം സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഷാജി തന്റെ പ്രവര്‍ത്തന രീതിയിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്.
കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി സ്‌കൂള്‍ - കോളജ് തലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി നേതൃനിരയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ത്തിവന്ന നേതാവാണ് ഷാജി. കേരള യൂത്ത് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്.
വൈ.എം.സി.എയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, വൈസ് മെന്‍സ് ക്ലബിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചതിനുശേഷം 2015-ല്‍ ആണ് അമേരിക്കയില്‍ എത്തിയത്. യുവതലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെക്കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ ഷാജി സാമുവേലിന്റെ മത്സരം യുവത്വത്തിനും അനുഭവ സമ്പത്തിനും കിട്ടുന്ന അംഗീകാരമാണ്