advertisement
Skip to content
KeralaLatestIndia

ഒടുവിൽ കോൺഗ്രസിന് ബോധ്യപ്പെട്ടു, ശശി തരൂരിനെ കൂടെക്കൂട്ടുന്നതാണ് നല്ലതെന്ന്

Shashi Tharoor

രാജേഷ് തില്ലങ്കേരി

പാവം പാവം രാജകുമാരനായ രമേശ് ചെന്നിത്തലയോട് ഈ കെ സി വേണുഗോപാൽ ഈ ചതി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല. രമേശ് ജിയെ ക്ഷണിതാവാക്കി മൂലക്കിരുത്താനും വിശ്വപൗരനായ ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് ഉൾപ്പെടുത്താനുമുള്ള തീരുമാനം കോൺഗ്രസിന് പുത്തനുണർവ്വുനൽകുമെന്ന് ചെന്നിത്തല ഒഴികെയുള്ളവർക്ക് വ്യക്തമായി.

ശശി തരൂർ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയായിരുന്നയാളാണ്. കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലു വിളിച്ചുകൊണ്ട് സംഘടനാ തെരഞ്ഞെടുപ്പിൽ ശക്തിയുക്തം പോരാടിയപ്പോൾ കേരളത്തിൽ വിരലിൽ എണ്ണാവുന്നവർമാത്രമായിരുന്നു തരൂരിനെ പിന്തുണച്ചെത്തിയത്. എ ഗ്രൂപ്പിന്റെ പിന്തുണയുണ്ടെന്നൊക്കെ പറഞ്ഞു കേട്ടിരുന്നുവെങ്കിലും തരൂരിന്റെ നീക്കത്തിൽ എ, ഐ ക്യാമ്പുകൾക്കിടയിൽ ചില ആശങ്കകൾ ഉടലെടുത്തിരുന്നു.

തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുമ്പോൾ ജി 24 എന്നൊരു ഗ്രൂപ്പ് ദേശീയതലത്തിൽ രൂപപ്പെട്ടിരുന്നു. എന്നാൽ ഗുലാംനബി ആസാദും മറ്റും കളം വിട്ടതോടെ ആ ഗ്രൂപ്പിന് വലിയ പ്രസക്തിയില്ലാതായി, മാത്രവുമല്ല ശശി തരൂർ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഈ സംഘം പിന്തുണച്ചതുമില്ല.
എന്നാൽ അധ്യക്ഷസ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ തോൽവിയുണ്ടായെങ്കിലും ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നീക്കങ്ങൾ നത്തി. രമേശ ചെന്നിത്തലയേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും ഒരു പോലെ ചൊടിപ്പിച്ച നീക്കമായിരുന്നു അത്. കേരളത്തിൽ തെക്കുവടക്കൻ ജില്ലകളിൽ ചില പരിപാടികളിൽ ശശി തരൂർ പങ്കെടുക്കാനെത്തിയതോടെ കോൺഗ്രസ് നേതൃത്വം പരസ്യമായി രംഗത്തെത്തി. പാർട്ടിയുടെ അനുമതിയില്ലാതെ യോഗങ്ങളിൽ പങ്കെടുക്കരുതെന്ന് കോഴിക്കോട്ടെത്തിയ തരൂരിനോട് ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളെ കാണാനെത്തിയതും മുസ്ലിംലീഗ് നേതാക്കളുമായുള്ള ചർച്ചകളിലും അപകടം മണത്തു. എൻ എസ് എസ് നേരത്തെ ഡൽഹി നായരെന്നു വിളിച്ച് അധിക്ഷേപിച്ചിരുന്ന തരൂരിനെ അവർ നല്ല നായരാക്കി പുനരവതരിപ്പിച്ചു. ക്രൈസ്തവ മതമേലദ്ധ്യക്ഷൻമാരെയും മറ്റും സന്ദർശിക്കാനും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വടക്കൻ ജില്ലകളിലും തരൂർ നടത്തിയ രാഷ്ട്രീയ നീക്കത്തിന് വലിയ സ്വീകാര്യത ലഭിച്ചു.

ഇതോടെ മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്ന ചെന്നിത്തലയ്ക്കും കുപ്പായം തയ്ക്കാൻ കൊടുത്തിരിക്കുന്ന വി ഡി സതീശനും ആകെ ബേജാറായി. പാർട്ടിക്ക് വഴങ്ങമമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. പാർട്ടിയിൽ സീനിയറല്ലെന്ന ആരോപണവും തരൂർ കേൾക്കേണ്ടിവന്നു.

വിഷയം കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായി ചർച്ച ചെയ്തു നടപടികൾ സ്വീകരിക്കാമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുത്തു. രാഡജസ്ഥാനിൽ അതിശക്തനായ അശോക് ഗഹ്ലോട്ടിനെ താഴെയിറക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ സച്ചിൻ പൈലറ്റിനെയും ശശി തരൂരിനെയും പോലുള്ള നേതാക്കളെ കൂടെ നിർത്തി പാർട്ടിയെ അടിമുടി നന്നാക്കിയെടുക്കാനുള്ള നീക്കമാണ് ഖർഗ്ഗെയും ഹൈക്കമാന്റും നടത്തുന്നത്.

കെ സി വേണുഗോപാൽ നടത്തിയ ചടുലമായ നീക്കത്തിൽ ശശി തരൂർ 39 അംഗ നിർവ്വാഹക സമിതിയിൽ ഇടം കണ്ടു. ദേശീയ നിർവ്വാഹകസമിതിയിൽ എത്തുമെന്ന് വിശ്വസിച്ചിരുന്ന, അല്ലെങ്കിൽ അങ്ങിനെ ആഗ്രഹിച്ചിരുന്ന ചെന്നിത്തലയ്ക്ക് സ്ഥിരം ക്ഷണിതാവാകാനെ പറ്റിയുള്ളൂ.. മുഖ്യമന്ത്രിയാവാനുള്ള അവസാന ശ്രമവും ഉപേക്ഷിക്കേണ്ടിവരുമോ, അതോ ശശരി തരൂർ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമോ. ഇതുരണ്ടുമല്ലാത്ത മറ്റൊരാൾ , അത് മറ്റാരുമല്ല കെ സി വേണുഗോപാൽ ഒരു അവസരം കൈവന്നാൽ കേരളത്തിൽ പറന്നിറങ്ങുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. എന്തായാലും കേരള രാഷ്ട്രീയത്തിൽ ഇനി ചെന്നിത്തലയ്ക്ക് വലിയ പ്രസക്തിയില്ലാതാവുകയാണ്. കുപ്പായം മറ്റാർക്കെങ്കിലും ചുളുവിലയ്ക്ക് വിൽക്കുകയാവും ഉചിതം. പതിനേഴ് വർഷം മുൻപ് താൻ അലങ്കരിച്ച പദവിയാണ് ക്ഷണിതാവ് . രാജീവ് ഗാന്ധിയുടെ കാലത്ത് എൻ എസ് യു നേതാവായി വളർന്ന ചെന്നിത്തല കാലം പിന്നിട്ടപ്പോൾ ഇതാ സ്ഥിരം ക്ഷണിതാവായി ഒരു മൂലയിൽ. രണ്ടര വർഷം മുൻപ് പ്രതിപക്ഷേ നാതാവിന്റെ കസേരയില്ലാതായി, പിന്നീട് മുഴുവൻ സ്വപ്‌നവും എ ഐ സി സി നിർവ്വാഹകസമിതി അംഗത്വമായിരുന്നു. ഇതാണ് രാഷ്ട്രീയം. പാവം കൊടിക്കുന്നിൽ സുരേഷ് എം പിയും പ്രത്യേകം ക്ഷണിതാവായതിന്റെ ക്ഷീണത്തിലാണത്രേ.. പലതരത്തിലുള്ള സ്വപ്‌നങ്ങൾ കണ്ടിരുന്നവരെല്ലാം ഞെട്ടിയുണരട്ടേ, അങ്ങിനെയെങ്കിലും കോൺഗ്രസ് ഉണരട്ടെ.

വാൽകഷണം : രാ്ഷ്ട്രീയത്തിൽ ഉയർച്ചയും താഴ്ചയും കണ്ടിട്ടുണ്ടെന്നും, ചെന്നിത്തലയ്ക്ക് ഒരു തരത്തിലുമുള്ള അതൃപ്തിയും ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സതീശൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest