ഡാളസ്: ഡാളസിലെ ഒരു മോട്ടൽ മാനേജറുടെ അതിദാരുണമായ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.വ്യാഴാഴ്ച ഡാളസ് കൗണ്ടി മജിസ്ട്രേറ്റ് ജഡ്ജിക്ക് സമർപ്പിച്ച അറസ്റ്റ് സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. കേസിൽ പ്രതിയായ 37-കാരനായ യോർഡാനിസ് കോബോസ്-മാർട്ടിനെസ്, കൊല്ലപ്പെട്ട 50-കാരനായ ചന്ദ്ര നാഗമല്ലയ്യയുമായി ജോലിസ്ഥലത്ത് വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഡൗണ്ടൗൺ സ്യൂട്ട്‌സ് മോട്ടലിൽ സഹപ്രവർത്തകരായിരുന്ന ഇവർ തമ്മിൽ ഒരു വാഷിങ് മെഷീൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. ഇത് കോബോസ്-മാർട്ടിനെസിനെ പ്രകോപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഇയാൾ വാക്കത്തിയെടുത്ത് നാഗമല്ലയ്യയെ ആക്രമിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നാഗമല്ലയ്യ തന്റെ ഭാര്യയും മകനും ഉണ്ടായിരുന്ന മോട്ടൽ ഓഫീസിലേക്ക് ഓടിക്കയറി. എന്നാൽ, കോബോസ്-മാർട്ടിനെസ് പിന്തുടർന്ന് ആക്രമണം തുടർന്നു. നാഗമല്ലയ്യയുടെ ഭാര്യയും മകനും തടയാൻ ശ്രമിച്ചെങ്കിലും പ്രതി അവരെ തള്ളിമാറ്റി.
അക്രമത്തിനിടെ നാഗമല്ലയ്യയുടെ തല ശരീരത്തിൽ നിന്ന് വേർപെടുത്തപ്പെട്ടതായി പോലീസ് പറയുന്നു. ശേഷം പ്രതി ആ തല പാർക്കിങ് സ്ഥലത്തേക്ക് ചവിട്ടി മാറ്റുകയും പിന്നീട് ഒരു മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രക്തത്തിൽ കുളിച്ച നിലയിൽ കത്തി കൈവശം വെച്ച് നിൽക്കുന്ന കോബോസ്-മാർട്ടിനെസിനെ ഡാളസ് ഫയർ-റെസ്ക്യൂ ടീം കണ്ടെത്തുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്യലിൽ കോബോസ്-മാർട്ടിനെസ് കുറ്റം സമ്മതിച്ചു.
കൊലപാതകക്കുറ്റം ചുമത്തി ഇയാളെ ഡാളസ് കൗണ്ടി ജയിലിൽ അടച്ചു. പ്രതിക്ക് മുമ്പ് ഫ്ലോറിഡയിലും ഹൂസ്റ്റണിലും ക്രിമിനൽ കേസുകളുണ്ടായിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു. നാഗമല്ലയ്യയുടെ കുടുംബത്തെയും ദാരുണമായ ഈ സംഭവം ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.
