ഷിക്കാഗോ:ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴിയുള്ള ഒരു പഴയ ട്രക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്, ആറ് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 19-കാരൻ പിടിയിലായി. ഷിക്കാഗോയിലെ വെസ്റ്റ്‌മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് (Nedas Revuckas) ആണ് അറസ്റ്റിലായത്.
30-കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാർട്ട്‌മെന്റിൽ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ഇയാൾ അപ്പാർട്ട്‌മെന്റിന് തീയിടുകയും വീട്ടിലെ വളർത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു.
എലിസയുടെ ഭർത്താവ് വിറ്റ 1994 മോഡൽ ഫോർഡ് റേഞ്ചർ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാൽ വാഹനത്തിന്റെ അവസ്ഥയിൽ അതൃപ്തനായിരുന്ന ഇയാൾ, ലൈസൻസ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
പ്രതി തന്റെ മുതുകിൽ ഒരു സ്ക്രൂഡ്രൈവർ ഒളിപ്പിച്ചുപിടിച്ച് അപ്പാർട്ട്‌മെന്റിലേക്ക് കയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഗർഭസ്ഥ ശിശുവിനെ വധിക്കൽ, കവർച്ച, തീയിടൽ , മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ ഡ്യൂപേജ് കൗണ്ടി ജയിലിൽ കഴിയുകയാണ്.