advertisement
Skip to content

ഒമാനിലെ സിദ്ദിക്ക് ഹസ്സന്റെ രണ്ടാമത്തെ പുസ്തകം 'കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യ സമര സേനാനികൾ' പ്രകാശനം ചെയ്തു

ഷാർജ: ഒമാനിലെ സാമൂഹിക പ്രവർത്തകനും , ലോകകേരള സഭാംഗവുമായ സിദ്ദിക്ക് ഹസ്സന്റെ രണ്ടാമത്തെ പുസ്തകം 'കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യ സമര സേനാനികൾ' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഹണി ഭാസ്‌കർ നെല്ലറ ഗ്രൂപ്പ് എം.ഡി. നെല്ലറ ഷംസുവിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. ദുബായിലെ ജീവകാരുണ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരി, അധ്യാപകനും എഴുത്തുകാരനുമായ നിസാർ ഇൽത്തുമിഷ്, മോട്ടിവേറ്റർ ഷിഹാബുദ്ധിൻ, എഴുത്തുകാരൻ ഗോപാൽജി, ലുലു ഗ്രൂപ്പിന്റെ ജനറൽ മാനേജർ ആഷിക് തിരൂർ, ലിപി അക്ബർ എന്നിവർ പങ്കെടുത്തു. പ്രകാശനച്ചടങ്ങിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എത്തി ചടങ്ങിന് ആശംസകൾ നേർന്നു.

നേരത്തെ കേരളത്തിലെ നൂറ് നവോത്ഥാന നായകരെക്കുറിച്ചുള്ള പുസ്തകം രചിച്ചതിൽ നിന്നുള്ള പ്രചോദനമാണ് രണ്ടാമത്തെ പുസ്തകമെഴുതാൻ പ്രചോദനമായതെന്ന് സിദ്ദിക്ക് ഹസ്സൻ പറഞ്ഞു. ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിൽ കെ.കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, എ.കെ.ജി., വി. എസ്.അച്യുതാനന്ദൻ, ഇ.എം.എസ് തുടങ്ങിയ മുപ്പതുപേരുടെ പോരാട്ടങ്ങളുടെ ലഘു കുറിപ്പുകളാണുള്ളത്. മുൻമന്ത്രിയും മുൻ നിയമസഭാസ്പീക്കറുമായ പി.പി.തങ്കച്ചന്റേതാണ് അവതാരിക.

ഗാന്ധിജിയും നെഹ്രുവും, പട്ടേലും, സുഭാഷ് ചന്ദ്രബോസും ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമരസേനാനികൾ പുതിയ തലമുറയ്ക്ക് എന്നും ആവേശവും , പ്രചോദനവുമാണ്. എന്നാൽ കേരളത്തിലേക്ക് വന്നാൽ സ്വാതന്ത്ര്യസമര സേനാനികളെന്നത് ഏതാനും നേതാക്കളിൽ മാത്രമായി ഒതുങ്ങുന്നു എന്നതാണ് സത്യം. കെ.കുമാറിനെയും ഐ.കെ.കുമാരനെയും വക്കം മജീദിനെയും പോലുള്ളവരെ പുതിയ തലമുറ വേണ്ടത്ര മനസ്സിലാക്കിയോ എന്ന് സംശയമാണ്. അത്തരം ധീരദേശാഭിമാനികളെ പരിചയപ്പെടുത്തുകയാണ് പുതിയ പുസ്തകത്തിന്റെ ലക്ഷ്യം.
'പാഠപുസ്തകങ്ങൾ പോലും രാഷ്ട്രീയവൽക്കരിക്കുകയും , നമ്മുടെ സ്വാതന്ത്ര്യ സമരത്തെയും, സേനാനികളെയും അവഗണിക്കുകയും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരെ മഹാന്മാരാക്കുകയും ചെയ്യുന്ന ഭരണാധികാരികൾ വാഴുന്ന ഭീതിജനകമായ കാലത്ത് , സിദ്ദിക്ക് ഹസ്സന്റെ പുസ്തകത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് അവതാരികയിൽ പി.പി.തങ്കച്ചൻ പറയുന്നു .

എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശിയായ സിദ്ദിക്ക് ഹസ്സൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി ഒമാനിലെ സാമൂഹിക രംഗത്തു സജീവമാണ് . ഓ.ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് , ഇന്ത്യൻ സ്‌കൂൾ മുലദ്ദയിലെ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് , ഇന്ത്യൻ എംബസി വെൽഫയർ കമ്മിറ്റി അംഗം, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം കോ കൺവീനർ ,ലോക കേരള സഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സിദ്ദിക്ക് ഹസ്സൻ ഗോനു, ഷഹീൻ പ്രകൃതിക്ഷോഭങ്ങളുടെ സമയത്തും ,2018 ൽ കേരളത്തിലെ മഹാപ്രളയകാലത്തും കോവിഡ് മഹാമാരിയുടെ സമയത്തുമെല്ലാം ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായി ഇടപെട്ടിട്ടുണ്ട് . മലയാളം ഒമാൻ ചാപ്റ്റർ അവാർഡ് , ഭാരത് ഗൗരവ് സമ്മാൻ അവാർഡ് , ദുബായിയിലെ യു.ആർ.എഫ് ഗ്ലോബൽ അവാർഡ് , ഇന്ത്യൻ സോഷ്യൽ ക്ലബ് അവാർഡ് , ബ്രിട്ടീഷ് പാർലമെന്റിന്റെ എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . ആദ്യ പുസ്തകമായ 'കേരളത്തിലെ നൂറ് നവോത്ഥാന നായകർ' എന്ന പുസ്തകത്തിന് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അവാർഡ് ലഭിച്ചു. പത്ര മാധ്യമങ്ങളിൽ ആനുകാലിക വിഷയങ്ങളിൽ എഴുതാറുണ്ട്. സബിതയാണ് ഭാര്യ. മുഹമ്മദ് സുഹൈൽ, മുഹമ്മദ് സാഹിൽ എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest