സെബാസ്റ്റ്യൻ ആൻ്റണി
സോമർസെറ്റ്, ന്യൂജേഴ്‌സി: സോമർസെറ്റിലെ സെൻ്റ് തോമസ് സീറോ-മലബാർ കാത്തലിക് ഫൊറോനാ ദേവാലയം ഇടവകയുടെ 10-ാം വാർഷികം 2025 ജൂലൈ 11-ന് സമുചിതമായി ആഘോഷിക്കുന്നു. ഈ ചരിത്രനിമിഷത്തിൽ, ഇടവകാംഗങ്ങൾ ഒന്നിച്ച് ദൈവത്തിന് നന്ദി അർപ്പിക്കാൻ ഒത്തുചേരുന്നു. ഈ വിശുദ്ധ ആഘോഷത്തിൽ പങ്കെടുക്കാൻ ഇടവകയുടെ പുതിയ വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലീശ്ശേരി എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ജൂലൈ 11-ന് വൈകുന്നേരം 7:30-ന് ബിഷപ്പ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് ആഘോഷമായ കൃതജ്ഞതാബലി അർപ്പിക്കും. ഇടവകയുടെ സ്ഥാപക വികാരിയായ ഫാ. തോമസ് കടുകപ്പിള്ളിയും നിലവിലെ വികാരി ഫാ. ജോണിക്കുട്ടി പുലീശ്ശേരിയും സഹകാർമികത്വം വഹിക്കും. വിശുദ്ധ ദിവ്യബലിക്ക് ശേഷം, ഇടവകാംഗങ്ങൾക്കായി ഒരു സ്നേഹവിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്, ഇത് സമൂഹത്തിൻ്റെ ഐക്യവും സഹോദര്യവും പ്രകടമാക്കും.
ഇടവകയുടെ വളർച്ച: ഒരു തിരിഞ്ഞുനോട്ടം
ഫാ. ഫിലിപ്പ് വടക്കേക്കരയുടെ നേതൃത്വത്തിൽ 2000-ൽ 15 കുടുംബങ്ങളാൽ മിൽടൗണിലെ ഔവർ ലേഡി ഓഫ് ലൂർദ്സ് പള്ളിയിൽ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാനയോടെ പുതിയ മിഷൻ പ്രവർത്തനം ആരംഭിച്ചു. ഈ മിഷൻ പ്രവർത്തനങ്ങൾക്ക് ഫാ. തോമസ് പെരുനിലവും എല്ലാ വിധ സഹായസഹകരങ്ങളും നൽകി. 2004 ജനുവരിയിൽ ഈസ്റ്റ് മിൽസ്റ്റോണിലെ താൽക്കാലിക ദൈവാലയത്തിലേക്ക് മാറിയ ഇടവക, പ്രതിവാര കുർബാന ആരംഭിച്ചു. 2006-ൽ, സമൂഹം ഒന്നിച്ച് ഈസ്റ്റ് മിൽസ്റ്റോണിൽ പള്ളിയും റെക്ടറി കെട്ടിടങ്ങളും വാങ്ങി, ഒരു ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചു. 2006 ഡിസംബറിൽ മിഷൻ ഇടവകയാക്കി ഉയർത്തി ബഹുമാനപ്പെട്ട തോമസ് കാടുകപ്പിള്ളി അച്ചനെ ഇടവക വികാരിയാക്കി നിയമിച്ചു. പുതുതായി കടന്നു വരുന്ന കുടുംബാംഗങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങളുടെ അഭാവം എത്രയും പെട്ടെന്ന് ഒരു പുതിയദേവാലയം എന്ന ആശയത്തിലേക്ക് ഇടവകാംഗങ്ങൾ എത്തിച്ചേർന്നു. വികാരി അച്ചന്റെ നേതൃത്വത്തിൽ ഒരു ബിൽഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും മൂന്നു വർഷത്തെ കൂട്ടായ കഠിന പ്രയഗ്നത്താൽ 2009 ഡിസംബർ 6-ന് പുതിയ ദൈവാലയും നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു. 2010 ജനുവരി ഒന്നിന് പുതിയ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2013 ജൂലൈ 14-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ശിലാശീർവാദകർമ്മം നിർവഹിച്ചു.
Building Committee.jpg
2015 ജൂലൈ 11-ന് രാവിലെ 9 മണിക്ക് 600-ലധികം വിശ്വാസികൾക്ക് ആരാധന അർപ്പിക്കാൻ സൗകര്യമുള്ള മനോഹരമായ പുതിയ ദേവാലയം ചിക്കാഗോ സീറോ മലബാർ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൂദാശ ചെയ്ത് വിശ്വാസികൾക്കായി തുറന്നുകൊടുത്തു.
ഫ്രാങ്ക്ളിൻ ടൗൺഷിപ്പിൻ്റെ ഹൃദയഭാഗത്ത് 600 -ലധികം ആളുകൾക്ക് ആരാധന നടത്താൻ സൗകര്യമുള്ള ഈ ദേവാലയം, ആയിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളും , 10-ലധികം CCD ക്ലാസ് മുറികളും , 150-ലധികം കാറുകൾക്ക് പാർക്കിംഗ് സൗകര്യവും ഉൾപ്പെടുന്ന ഒരു ആധുനിക കെട്ടിടസമുച്ചയമായി നിലകൊള്ളുന്നു.
ഇന്ന്, ഏകദേശം 125-ൽ നിന്ന് 350 -ലധികം കുടുംബങ്ങളായി ഇടവക വളന്നുകൊണ്ടിരിക്കുന്നു.
വികാരിമാർ: ഒരു പൈതൃകം
ഫാ. തോമസ് കടുകപ്പിള്ളിൽ (2006-2016): ഇടവകയുടെ ആദ്യ വികാരിയും, ഇടവകയെ ആത്മീയ അടിത്തറ സ്ഥാപിച്ചുകൊണ്ട് സുശക്തമായ ഒരു സമൂഹമാക്കിമാറ്റി.
ഫാ. ലിഗോറി പി. കട്ടിയകാരൻ (2016-2020): ഇടവകയുടെ വളർച്ച ത്വരിതപ്പെടുത്തി.
ഫാ. ആന്റണി പുല്ലുകാട്ട് സേവ്യർ (2020-2025): സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്തികൊണ്ട് ഇടവകയെ മുന്നോട്ട് നയിച്ചു .
ഫാ. ജോണിക്കുട്ടി ജോർജ് പുലീശ്ശേരി (2025-നിലവിൽ): ജൂലൈ ഒന്നിന് ഇടവകയുടെ പുതിയ വികാരിയായി നിയമിതനായി. ഇടവകയെ വളർച്ചയുടെ പുതിയ അധ്യായത്തിലേക്ക് നയിക്കുന്നതിനു പുറമെ, ആഴമുള്ള ആത്മീയതയുടെ പാത തെളിയിച്ചു കൊണ്ട് മുന്നോട്ട് നയിക്കുന്നു
ഐക്യത്തിൻ്റെ ശക്തി
ഈ ഇടവകയുടെ ശക്തി അതിൻ്റെ അംഗങ്ങളുടെ ഐക്യവും സഹകരണവുമാണ്. പുതിയതായി എത്തുന്ന കുടുംബങ്ങൾ ഈ പിന്തുണാ ശൃംഖലയിൽ തുടർച്ചയായി പങ്കാളികളാകുന്നു.
ആഘോഷങ്ങളും സാംസ്കാരിക പൈതൃകവും
ക്രിസ്മസ്, ഈസ്റ്റർ, സെൻ്റ് തോമസിൻ്റെ തിരുനാൾ എന്നീ ആഘോഷ വേളകളിൽ ദേവാലയം ശേഷിയിലധികം കവിഞ്ഞ് നിറയുന്നു. യുവജനങ്ങളുടെയും കുട്ടികളുടെയും പ്രവർത്തനങ്ങൾ ഈ ആഘോഷങ്ങളെ ഉജ്ജ്വലമാക്കുന്നു. 325-ലധികം വിദ്യാർത്ഥികൾക്ക് CCD ക്ലാസുകൾ വിശ്വാസ പരിശീലനം നൽകുന്നു. സീറോ-മലബാർ അക്കാദമി, മലയാളം, ശാസ്ത്രീയ നൃത്തം, യോഗ, കായിക പരിശീലങ്ങൾ തുടങ്ങിയ ക്ലാസുകളിലൂടെ കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം വളർത്തുന്നു. 200-ൽ അധികം വിദ്യാർത്ഥികൾ ഈ ക്ലാസുകളിൽ പങ്കെടുക്കുന്നു.
സമൂഹ പ്രവർത്തനങ്ങൾ
വാർഷിക ഫാമിലി നൈറ്റ് , തീർത്ഥാടനം, സ്പോർട്സ്, ഇടവക പിക്നിക് എന്നിവ സമൂഹ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു. ഇടവകയെ ഒമ്പത് പ്രാദേശിക വാർഡുകളായി തിരിച്ചിരിക്കുന്നു, ഇത് ദ്വൈമാസ മീറ്റിംഗുകളിലൂടെ വിശ്വാസ യാത്ര പങ്കിടാൻ അംഗങ്ങളെ സഹായിക്കുന്നു. ഈ വാർഡുകൾ ഇടവക കൗൺസിലിലേക്ക് പ്രതിനിധികളെ അയക്കുന്നു. ജോസഫ് ഫാദേഴ്സ്, മരിയൻ മദേഴ്‌സ് , വിൻസെൻ്റ് ഡി പോൾ സൊസൈറ്റി , ചെറുപുഷ്പ മിഷൻ ലീഗ് , യൂത്ത് ഗ്രൂപ്പ് , അൾത്താർ സർവീസ് ഗ്രൂപ്പ് , പ്രയർ ഗ്രൂപ്പ് , ചർച്ച് കോയർ, നൈറ്റ് ഓഫ് കൊളംബസ്, മറ്റ് പയസ് അസോസിയേഷന്‍ തുടങ്ങിയ ഭക്തി സംഘടനകൾ ഇടവകയുടെ ആത്മീയ ജീവിതത്തെ സമ്പന്നമാക്കുന്നു. പ്രകൃതി സംരക്ഷണ ത്തിന് ഊന്നൽ കൊടുക്കുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്താൻ ഉതകുന്ന പരിപാടികളും നടത്തപ്പെടുന്നു. മാലിന്യ പുനർസംസ്കരണം, ഓർഗാനിക് ഫാമിങ്, സൗരോർജ്ജ പദ്ധതികൾ എന്നിവ ഇതിൽ ചിലതു മാത്രം.
ഒരു വിശ്വാസ സമൂഹത്തിൻ്റെ മാതൃക
സെൻ്റ് തോമസ് സീറോ-മലബാർ ഫൊറോനാ ദേവാലയം, ക്രിസ്തീയ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും മാതൃകയാണ്. ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തോലിക ക്രിസ്ത്യാനികളെ അനുസ്മരിപ്പിക്കുന്ന ഈ ഇടവക, കുടുംബങ്ങളെ ഒരു വിപുലമായ കുടുംബമായി കണക്കാക്കുന്നു. ഈ 10-ാം വാർഷികത്തിൽ, ഈ സ്നേഹവും കൂട്ടായ്മയും തുടരാൻ ഇടവകാംഗങ്ങൾ ഒന്നായി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകായും ചെയ്യുന്നു.
ഈ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ വികാരി അച്ചനും, ട്രസ്റ്റിമാരും എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ബോബി വർഗീസ് (ട്രസ്റ്റി): 201-927-2254
റോബിൻ ജോർജ് (ട്രസ്റ്റി): 848-391-6535
സുനിൽ ജോസ് (ട്രസ്റ്റി): 732-421-7578
ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി): 201-527-8081
വെബ്: www.stthomassyronj.org
