advertisement
Skip to content

സോമർസെറ്റ് സെൻ്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയം: പത്താം വാർഷികം ഭക്തിനിർഭരമായി ആഘോഷിച്ചു

സെബാസ്റ്റ്യൻ ആൻ്റണി

സോമർസെറ്റ്, ന്യൂജേഴ്‌സി: സാമർസെറ്റിലെ സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയം തങ്ങളുടെ പത്താം വാർഷികം ഭക്തിയോടും ആഹ്ലാദത്തോടും സമന്വയിപ്പിച്ച് വിപുലമായി ആഘോഷിച്ചു. ജൂലൈ 11-ന് വൈകുന്നേരം 7:30-ന് ചിക്കാഗോ രൂപതയുടെ അഭിവന്ദ്യനായ മുൻ ബിഷപ്പ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയാത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിശുദ്ധ ദിവ്യബലി മധ്യേ അദ്ദേഹം വചന സന്ദേശം നൽകി.

റവ. ഫാ. ഫിലിപ്പ് വടക്കേക്കര, ദേവാലയത്തിൻ്റെ ആദ്യ വികാരിയും നിലവിൽ ചിക്കാഗോ രൂപതയുടെ വികാരി ജനറലുമായ റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ഫിലാഡൽഫിയ സിറോ മലബാർ ഫൊറോനാ ദേവാലയ വികാരി റവ. ഫാ. ജോർജ് ദാനവേലിൽ, കൂടാതെ ഇടവകയുടെ വികാരി റവ. ഫാ. ജോണികുട്ടി പുലീശ്ശേരി, എന്നിവർ സഹകാർമ്മികരായി.

വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽ നടന്ന പൊതുസമ്മേളനം ഇടവക സമൂഹത്തിൻ്റെ കെട്ടുറപ്പിൻ്റെയും സ്നേഹബന്ധങ്ങളുടെയും പ്രതീകമായി. ട്രസ്റ്റിമാർ നേതൃത്വം നൽകിയ സമ്മേളനത്തിൽ നാനൂറിലധികം ഇടവകാംഗങ്ങൾ പങ്കെടുത്തു. ചിക്കാഗോ രൂപതയുടെ നിലവിലെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് വെർച്വലായി ആശംസാ സന്ദേശം നൽകി.

മുൻ ബിഷപ്പ് എമറിറ്റസ് മാർ ജേക്കബ് അങ്ങാടിയാത്ത്, റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ഫിലാഡൽഫിയ സിറോ മലബാർ ഫൊറോനാ ദേവാലയ വികാരി റവ. ഫാ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സോമർസെറ്റ് ദേവാലയത്തിൻ്റെ മുൻ വികാരിമാരായ റവ. ഫാ. ലിഗോറി ജോൺസൺ ഫിലിപ്പ്, റവ. ഫാ. ആന്റണി പുല്ലുക്കാട്ട് എന്നിവർ വെർച്വലായി സന്ദേശങ്ങൾ നൽകി.

ദേവാലയ നിർമ്മാണത്തിൽ നിർണായക പങ്ക് വഹിച്ച ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളെയും ഇടവകാംഗങ്ങളെയും ചടങ്ങിൽ അനുസ്മരിച്ചു. കമ്മിറ്റി അംഗം അജിത്ത് ചിറയിലിന്റെ അനുഭവസ്മരണ പ്രസംഗം ഏവർക്കും പ്രചോദനമായി. ബിൽഡിംഗ് കമ്മിറ്റിയിലെ നിരവധി അംഗങ്ങൾ വേദിയിൽ സന്നിഹിതരായിരുന്നു. ദേവാലയ ഗായക സംഘം പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ മംഗളഗാന ആലാപനം ശ്രദ്ധേയമായി.

പൊതുസമ്മേളനത്തിന് ശേഷം പത്താം വാർഷികത്തിൻ്റെ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. തുടർന്ന്, പങ്കെടുത്ത എല്ലാവർക്കും വികാരി അച്ചനും ട്രസ്റ്റിമാരും നന്ദി അറിയിച്ചു. ആഘോഷപരിപാടികളോടനുബന്ധിച്ച് ദേവാലയത്തിലെ യുവജനങ്ങളുടെ നൃത്ത പരിപാടികളും നടത്തപ്പെട്ടു. ഇടവക കൂട്ടായ്മയുടെ പ്രതീകമായ സ്നേഹപൂർവ്വമായ വിരുന്നോടെ അനുഗ്രഹത്തിന്റെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ഭക്തിനിര്‍ഭരമായ ആഘോഷത്തിന് തിരശീല വീണു.

ഈ ദിനം ദൈവകൃപയുടെയും, വിശ്വാസികളുടെ അചഞ്ചലമായ ഐക്യത്തിൻ്റെയും, ശുശ്രൂഷകരുടെ സമർപ്പിത നേതൃത്വത്തിൻ്റെയും ഉജ്ജ്വലമായ സാക്ഷ്യമായി മാറി. തങ്ങളുടെ ദശവാർഷികം ആഘോഷിച്ച സെൻ്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയം, വിശ്വാസത്തിലും കൂട്ടായ്മയിലും ആഴമായി വേരൂന്നിയ ഈ സമൂഹം അടുത്ത ദശകവും ദൈവാനുഗ്രഹത്താലും ഐക്യത്താലും സമ്പന്നമായിരിക്കുമെന്ന് പ്രാർത്ഥനയോടെയും ദൃഢവിശ്വാസത്തോടെയും പ്രഖ്യാപിച്ചു. ഈ ആഘോഷം, വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു കൂട്ടായ്മയുടെ ശക്തിയെയും അതിൻ്റെ ഭാവിയിലെ വളർച്ചയെയും വിളിച്ചോതുന്നു.

ട്രസ്റ്റിമാർ:

ബോബി വർഗീസ്: 201-927-2254
റോബിൻ ജോർജ്: 848-391-6535
സുനിൽ ജോസ്: 732-421-7578
ലാസർ ജോയ് വെള്ളാറ: 201-527-8081
വെബ്സൈറ്റ്: www.stthomassyronj.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest