advertisement
Skip to content

സോണിയ റഫീക്ക് എഴുതിയ പെൺകുരിശ് നോവൽ റിവ്യൂ

പത്തിൽ ഏഴു കഥകളും സ്ത്രീ പക്ഷത്തോട് ചേർന്നു നിൽക്കുന്നവയാണ്. പുസ്തകത്തിന്റെ പേരായ പെൺകുരിശ് എന്നത് ഈ കഥകളിലെ അഞ്ചു കഥകൾക്കെങ്കിലും കൃത്യമായി യോജിക്കുന്നതാണ് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല എന്നതാണ് സത്യം.

"മുടിക്കു ഭംഗിയുണ്ട്.  പക്ഷെ, അത് മുഖഭംഗിയെ / ശരീര ഭംഗിയെ എത്ര മാത്രം സമ്പന്നമാക്കുന്നു എന്നതിൽ എനിക്ക് സംശയമുണ്ട്.  കെട്ടിത്തൂക്കിയിട്ടൊരു പൊക്കണംപോലെ അത് തോന്നിത്തുടങ്ങിയാൽ വെട്ടി നിരത്തുക തന്നെ വഴി."  കാലത്തിന്റെ സ്പന്ദനം ഏറ്റു വാങ്ങിക്കൊണ്ട് കാലത്തിന് മുൻപേ സഞ്ചരിക്കുന്ന സ്ത്രീപക്ഷ കഥകൾ കൊണ്ട് സമൃദ്ധമാണ് സോണിയ റഫീക്ക് Sonia Rafeek എഴുതിയ പെൺ കുരിശ് എന്ന സമാഹാരം.  കരുത്തുറ്റ ഭാഷയും തീക്ഷ്ണമായ ചിന്തകളും പക്ഷം ചേർന്നുള്ള നിലപാടുകളും മടി കാണിക്കാത്ത പരീക്ഷണോത്സുകതയുമാണ് സോണിയ റഫീഖിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്.  വായനയുടെയും കാഴ്ചയുടെയും പരപ്പിലേക്കും ആഴത്തിലേക്കും നല്ല വണ്ണം യാത്ര ചെയ്തിട്ടുള്ള എഴുത്തുകാരിയുടെ അറിവും ചിന്തയും ഭാവനയും സമന്വയിപ്പിച്ച പത്തു കഥകളാണ് പെൺ കുരിശ് എന്ന കഥാ സമാഹാരത്തിലുള്ളത്.

പത്തിൽ ഏഴു കഥകളും സ്ത്രീ പക്ഷത്തോട് ചേർന്നു നിൽക്കുന്നവയാണ്.  പുസ്തകത്തിന്റെ പേരായ പെൺകുരിശ് എന്നത് ഈ കഥകളിലെ അഞ്ചു കഥകൾക്കെങ്കിലും കൃത്യമായി യോജിക്കുന്നതാണ് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല എന്നതാണ് സത്യം.

പെൺകുരിശ് എന്ന ആദ്യ കഥ സോണിയ റഫീക്കിന്റെ വായനയുടെയും ചിന്തയുടെയും ആഴത്തിലേക്ക് വിരൽ ചൂണ്ടുന്നു.  ചിത്രകാരി ഫ്രിഡ കാഹ്ലോ, നർത്തകി ഇസഡോറ ഡങ്കൻ, എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായിരുന്ന മാർഗരറ്റ് ഡുറാസ് എന്നിവർ മലയാളത്തിന്റെ നീർമാതളത്തിന്റെ ശവക്കല്ലറയിൽ ഒരു മെയ് മാസം 31 ന് നടത്തുന്ന സന്ദർശനമാണ് പെൺകുരിശ് എന്ന കഥയുടെ വിഷയം.  

നിത്യപ്രണയിനിയുടെ കുഴിമാടത്തിൽ അവർ ഒത്തു ചേർന്ന് സ്വയം ചിന്തിക്കുന്നു, ചർച്ച ചെയ്യുന്നു, കണ്ടെത്തുന്നു.  "ചിത്രത്തിലെ സ്ത്രീക്ക് നൃത്തം ചെയ്യാത്തതായി ഒരു അവയവും ഉണ്ടായിരുന്നില്ല.  മുടിയിഴകൾക്ക് പോലും സ്വാഭാവികമായൊരു താളമുണ്ടായിരുന്നു."  നൃത്തം ചെയ്യുമ്പോൾ "വിരലുകൾക്ക് ചെത്തിക്കൂർപ്പിച്ച പെൻസിലിന്റെ മൂർച്ചയും മനോഹാരിതയും." "തൃക്കണ്ണിൽ പുരുഷനെ ആവാഹിച്ച നാല് സ്ത്രീകളാൽ ഒരു പെൺകുരിശ്."  അവരുണ്ടാക്കി. ശിൽപങ്ങൾക്ക് മാറ്റമാണ് ദിശാസൂചി.  "ശില്പത്തിന്റെ കൺകോണിലൊരു കണ്ണുനീർത്തുള്ളിയായോ വിരൽത്തുമ്പിൽ മൂർച്ഛയായോ നാഭിയിലെ ചുഴിയുടെ ആഴമായോ ഒക്കെ പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങൾ."  സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ലോകത്തെല്ലായിടത്തും ഒന്നു തന്നെയാണെന്നും സാഹിത്യവും കലയും സിനിമയുമെല്ലാം കൈ കോർത്ത് ഈ കുരിശിനെ ഭാരമില്ലാതാക്കി സ്ത്രീത്വത്തെ ആഘോഷമാക്കി ജീവിതത്തെ സന്തോഷത്തോടെ നേരിടേണ്ടതുമാണെന്ന് ഈ കഥ പറയാതെ പറയുന്നു.    "ഈ പുരുഷന്മാർക്കൊക്കെ എന്താണ് ഒരേ മുഖം?"  "ഭർതൃമുഖങ്ങൾ!  പുരുഷന്മാരുടെ ഏറ്റവും മടുപ്പിക്കുന്ന മുഖഭാവം ഭർതൃഭാവമല്ലേ?' എന്ന് മുഴുവൻ പുരുഷ സമൂഹത്തെയും പ്രതിസ്ഥാനത്തു നിർത്തുമ്പോഴും  "കുഞ്ഞുങ്ങളുള്ള സ്ത്രീകളാലാണ് ജീവിതം പൂർണ്ണമായി ജീവിക്കപ്പെടുന്നത്.  കുട്ടികൾ അവർക്ക് ദൃഢത സമ്മാനിക്കുന്നു.  സ്ത്രീകളും അവരുടെ കുട്ടികളും, അതാണ് ഈ ലോകത്തെ ദുർബലമാക്കാത്ത ഒരേയൊരു കാഴ്ച.' എന്ന് ഈ കഥയിൽ എടുത്തെഴുതിയത് നന്നായി.

മറ്റൊരു നല്ല കഥയാണ് സക്കർഫിഷ്.  വീട്ടുകാർ അവധിക്ക് പോകുന്ന തക്കത്തിൽ വീട് സ്വന്തമാക്കി ഉപയോഗിക്കുകയും, വീട്ടുകാർ തിരിച്ചു വന്നിട്ടും നിയന്ത്രണം വിട്ടുകൊടുക്കാതെ തന്റെ സ്വാധീനം നില നിർത്തുകയും ചെയ്യുന്ന ഖലീൽ എന്ന അന്യദേശ തൊഴിലാളിയുടെ കഥയായ സക്കർഫിഷ് പല മാനങ്ങളുള്ള കഥയാണ്.  എഴുത്തുകാരിയുടെ ബിംബകല്പനയിലുള്ള താല്പര്യത്തേയും വിപുലമായ കാഴ്ചപ്പാടിന്റെ സാധ്യതകളെയും ഇത് വിളിച്ചോതുന്നു.   കാഴ്ചപ്പാടുകളിൽ അനായാസമായി മാറ്റം വരുത്തി കഥയെ ഒഴുക്ക് നഷ്ടപ്പെടാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് പ്രതിഭയുള്ള എഴുത്തുകാരിയെ കാണിച്ചു തരുന്നുണ്ട്.  "ആ വിരലുകൾക്കിടയിലൂടെ ഒരു കൊക്കപ്പുഴുവിനെപ്പോലെ തുളഞ്ഞു കയറി ഖലീലിന്റെ ശരീരത്തിലെ അദൃശ്യാവയവമായി മാറുവാൻ അവന്റെയുള്ളിലൊരു ആഗ്രഹം വന്നു നിറഞ്ഞു" എന്നത്   സക്കർ ഫിഷിന്റെ ചിന്തയായി പറയുമ്പോഴും അത് ഖലീലിന്റെത് തന്നെയായിരുന്നു എന്ന് പിന്നീട് അനായാസേന വായനക്കാർക്ക് വ്യക്തമാവും വിധം മികച്ചതാണ് എഴുത്ത്.

സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ് Y.  ഒരു മലയാളം കഥയ്ക്ക് Y എന്ന പേരിട്ടതിലെ ഔചിത്യം എന്നെ മുൻപ് കുഴച്ചിരുന്നു.  പക്ഷെ, കഥ വായിച്ചു കഴിഞ്ഞപ്പോൾ ഈ കഥയ്ക്ക് Y എന്നല്ലാതെ പേരിടാനും സാധിക്കുകയില്ല എന്ന് തിരിച്ചറിയുന്നു.  അടുക്കളയുടെ ഇരുട്ടിലേക്ക് അവളൊരു നേർ രേഖയായി നടന്നു.  അതൊരു ചതുരമുറി."  "ഫർക്കക്കുരിശിന്റെ ശിഖരങ്ങളിൽ ഇടത് ജീർണ്ണതയിലേക്കും വലത് സമ്പുഷ്ടിയിലേക്കുമാണ്.  രണ്ടിൽ എവിടേക്ക് സഞ്ചരിക്കണമെന്ന ആശങ്കയിൽ അവൾ Y യുടെ ശാഖാപ്പിരിവിൽ സംഭ്രമിച്ചു നിന്നു."  "അടുക്കളയെ ചുറ്റിവളരുന്ന കുശിനിപ്പാവൽ. കുശനിയിൽ അവളൊരു പാവൽ.  കുശിനിപ്പാവൽ.  മറ്റിടങ്ങളിലില്ലാത്ത കയ്പാണ് അവൾക്ക് അടുക്കളയിൽ."  അടുക്കളയിൽ ചുറ്റപ്പെടുന്ന സ്ത്രീകളുടെ മനസികാവസ്ഥയിലേക്കും അവർ  നേരിടുന്ന അവഗണനകളിലേക്കും വിരൽ ചൂണ്ടുക മാത്രമല്ല, അവ എങ്ങനെ ഒരാളെ മതിഭ്രമത്തിന്റെ വക്കത്തെത്തിക്കുന്നു എന്ന് കാണിച്ചു തരികയും ചെയ്യുന്നുണ്ട് ഈ കഥയിൽ.  എന്നാൽ മതിഭ്രമത്തിന്റെ അവസ്ഥയിൽ നിന്ന് വിപ്ലവത്തിന്റെ അവസ്ഥയിലേക്ക് അവൾ എത്തപ്പെട്ടുവെങ്കിൽ കുറ്റം അവളുടേതല്ല എന്ന് ഉറക്കെ പറയുന്നുണ്ട് ഈ കഥ.   ഹെർബേറിയത്തിൽ സോണിയ റഫീഖ് എഴുതി വായനക്കാർ ഇഷ്ടപ്പെട്ട ഫാത്തിമയുടെ കുറിപ്പുകളുടെ ഒരു ചെറു പതിപ്പ് ഈ കഥയിൽ കാണാനായത് ആഹ്ലാദകരമായി.

"പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലാത്തതും എന്നാൽ സംഭവിച്ചേ തീരൂ എന്ന് നിർബന്ധമുള്ളതുമായ വിഷയങ്ങളാവുമ്പോൾ നിസ്സംഗതയാണല്ലോ ഏറ്റവും നല്ല കീഴ്വഴക്കം?'  വിവാഹകാര്യത്തിലാവുമ്പോൾ ഇത് അങ്ങനെ തന്നെയാണ്.  'ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ' എന്നത് അള മുട്ടിയാൽ ചേരയും കടിക്കും എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുന്നകഥയാണ്.  "എനിക്ക് പഠിക്കണം, പി. ജി. ചെയ്യണം, അതിനു ശേഷം നിങ്ങൾ കൊണ്ടു നിർത്തുന്ന ഏതൊരുവനെയും ഞാൻ സ്വീകരിച്ചോളാം."  "അനിലയുടെ എതിർപ്പുകൾ കണക്കിലെടുക്കേണ്ടതായി ആർക്കും തോന്നിയില്ല.  കുറെയേറെ മനുഷ്യർ, ഭക്ഷണം, ചടങ്ങുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ ഇവയ്ക്കു നടുവിലൂടെ അവൾ ഇറങ്ങിപ്പോയി."  ഒരു പക്ഷെ, കുശിനിപ്പാവലിലേക്കുള്ള ഒരു ഇറങ്ങിപ്പോക്ക്.  തീവ്ര നിലപാടുള്ള y എന്ന കഥയും ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ എന്ന കഥയും ഒന്ന് തന്നെയല്ലേ എന്ന് നാം ചിന്തിക്കുമ്പോഴും Y രചനയുടെ സങ്കേതങ്ങളിൽ മികച്ചതും അനുഭവിപ്പിക്കുന്നതുമാവുമ്പോൾ രണ്ടാമത്തേത് അങ്ങനെയാവുന്നില്ല.

"ശരീരം, ശാരീരം, സാരീരം" എന്ന പരീക്ഷാത്മക കഥ നമ്മെ വസ്തുതകൾക്കൊണ്ട് സത്യമെന്ന് അംഗീകരിപ്പിക്കുമ്പോഴും അതിന്റെ ക്രിയാത്മകത കൊണ്ട് അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കും ചെയ്യും.  ഒരു സാരി എങ്ങനെ ഒരു സ്ത്രീയെ അടിമയാക്കി, അസ്വതന്ത്രയാക്കി നില നിർത്തുന്നു എന്നതാണ് ഈ 'കഥയുടെ' സാരം.  "ഇപ്പോൾ ഈ കിടപ്പിൽ ഞാൻ ഒരു പെരുമ്പാമ്പിനാൽ ചുറ്റിവരിയപ്പെട്ടിരിക്കുകയാണ്.  ഏകദേശം ആറു മീറ്ററോളം വരുന്ന ഒന്ന്." എന്ന് തുടങ്ങുന്ന കഥ സാരിയുടുപ്പിന്റെ ഞൊറിയളവുകളും ചുറ്റിവരിയലുകളും എല്ലാം കഴിയുമ്പോൾ, "എന്റെ ശരീരത്തിൽ പെരുമ്പാമ്പ് ചുറ്റിയിരുന്നില്ല.  ഞാൻ പെരുമ്പാമ്പിനാൽ വിഴുങ്ങപ്പെട്ടതായിരുന്നു.  പെരുമ്പാമ്പിനെ ഉദരത്തിലെ മുഴപ്പുകളായി എന്റെ ശരീരം/സാരീരം." എന്നിടത്തേക്ക് എത്തുന്ന ഈ സരസമായ കഥനം ചിന്തനീയം തന്നെ.  "ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ" എന്ന കഥയിലെ 180 ഡിഗ്രി ഇവിടെയും അവർത്തിക്കപ്പെടുന്നുണ്ട്.  "അങ്ങനെയൊരു 180 ഡിഗ്രി തിരിവ് സംഭവിക്കുന്ന രാത്രിയിലാണ് അമാവാസികളുടെ കൂട്ടമരണം സംഭവിക്കുക."  പുരുഷന് മനസ്സിലാക്കാൻ കഴിയാത്ത സ്ത്രീ എന്ന ചിന്ത മറ്റു പല കഥകളിലുമെന്ന പോലെ ഇതിലും പറയുന്നുണ്ട്, പക്ഷെ കുറച്ചു കൂടെ നന്നായി. "പാവാടയ്ക്കുള്ളിൽ തിരുകിയ ഭാഗങ്ങൾക്കു മാത്രം അവളുടെ വിയർപ്പുമണം. മറ്റുഭാഗങ്ങൾ അവളെ അറിയുന്നതേയില്ല.  നൂറ്റാണ്ടുകളുടെ സമ്പർക്കത്തിനു ശേഷവും പുരുഷന് അജ്ഞാതമായ സ്ത്രീ അകങ്ങളെപ്പോലെ". എന്ന് എഴുത്തുകാരിയിലെ സ്ത്രീപക്ഷവാദി പരിഹസിക്കുന്നുണ്ട്.  ക്രിയാത്മകത അതിന്റെ ഉയരത്തിൽ എന്ന് പറഞ്ഞ് ശരീരം, ശാരീരം, സാരീരം എന്ന കഥയെക്കുറിച്ചുള്ള അഭിപ്രായം നിറുത്താം.

ഒരു ബ്യൂട്ടി സലൂണിന്റെ പശ്ചാത്തലത്തിൽ ഈജിപ്തിലെ മമ്മികളെ ഓർമിപ്പിച്ചു കൊണ്ട് പറയുന്ന നെഫെർറ്റിറ്റി എന്ന കഥ  സൗന്ദര്യം പൂശിയ മുഖങ്ങളെ സ്ത്രീ എന്നത് കൊണ്ടു മാത്രം അംഗീകരിക്കാത്ത സമൂഹത്തിനെതിരെയുള്ളതാണ്.  ചരിത്രത്തിൽ പ്രബലയായ ഒരു സ്ത്രീ, നെഫെർറ്റിറ്റി. അവരുടെശവകുടീരത്തെപോലും ആക്രമിച്ചവർ, "ഇത്രയും പ്രബലയായ സ്ത്രീ, അവളെ ചരിത്രമറിയാതെ പോകണമെന്നവർ ആഗ്രഹിച്ചിട്ടുണ്ടാവും."  "വ്യക്തമല്ലേ അത്?  മരണശേഷം ഒരു സ്ത്രീയെ ഈ വിധം അക്രമിക്കുന്നതിലൂടെ അവളുടെ സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും അല്പാംശങ്ങൾ പോലും മായ്ച്ചു കളയുകയല്ലേ?" ഞാൻ എഴുതി.  എന്ന് കഥാകാരി പറയുന്നു.  സൗന്ദര്യവും കഴിവും ഉണ്ടായാലും സമൂഹം അംഗീകരിക്കാത്ത സ്ത്രീത്വം എന്ന ചിന്തയെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കഥയും.

ഈ സമാഹാരത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ വൈ ഫൈ ആണ്.  "ആർദ്രത, അനുകമ്പ, ആശ്വാസം ഇതൊക്കെ പെൺ ആതുരശുശ്രൂഷകർക്ക് മാത്രം സാധ്യമാകുന്ന സംഗതികളായി തെറ്റിദ്ധരിച്ചിരുന്ന ആശുപത്രി മുറികളിൽ സേതുരാമൻ ആൺപരിചരണശീലങ്ങൾ ഒരു ഡ്രിപ്പ് കുപ്പിയിൽ നിന്നെന്ന പോലെ തുള്ളിതുള്ളിയായി ഇറ്റിച്ച് ഇറക്കുകയായിരുന്നു."  എഡിസനോട് മത്സരിച്ചു വൈദ്യുതിയുടെ വക്രധാര അഥവാ പ്രത്യവർത്തിധാര (AC) കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്സയെപ്പോലും അറിയാവുന്ന സേതുരാമനെയും അതിശയിപ്പിക്കുന്ന അറിവും ഓർമ്മയും കമലുന്നിസ എന്ന ഊമയായ നൃത്തക്കാരിക്കുണ്ടായിരുന്നു.  കമലുന്നിസയുടെ പരിചരണം കാലം സേതുരാമനു നൽകുമ്പോൾ, അവർ തമ്മിലുള്ള വാർധക്യ പ്രണയത്തിലേക്ക് ഒരു വില്ലൻ കടന്നുവരുമ്പോൾ, എല്ലാം വായന അനുഭവമാകുകയും കഥാപാത്രങ്ങൾ മനസ്സിൽ ജീവിക്കുകയും ചെയ്യും വിധം മിഴിവുറ്റതായി ഈ കഥയെ അവതരിപ്പിച്ചിരിക്കുന്നു.  പരസ്പര പൂരകമായ ഒരു ജീവിതത്തിന്റെ ചേർച്ച ആരെയും മോഹിപ്പിക്കും വിധം അവതരിപ്പിക്കുന്നുണ്ട്.  എന്തുകൊണ്ടും ഈ സമാഹാരത്തിലെ മികച്ച കഥയാണ് വൈ ഫൈ.

"പട്ടുനൂൽപ്പുഴുക്കൾ വാ പിളർന്നത് മൾബറി ഇലകൾക്കു വേണ്ടിയായിരുന്നില്ല", നീലയും പച്ചയും ഇടയ്ക്കിടെ ചുവക്കാറുണ്ട്.", കളിജീവനം എന്നീ കഥകൾ വേണ്ടത്ര നന്നായില്ല എന്ന് തോന്നി.

ലളിതവായനയെക്കാളുപരിയായി പക്വതയാർന്ന വായന ആവശ്യപ്പെടുന്ന കഥകളാണ് പെൺകുരിശിലുള്ളത്.  ഭൂരിഭാഗം കഥകളും വായനക്കാരുടെ ബുദ്ധിയോടാണ് സംവദിക്കുന്നത്.   വൈ ഫൈ, Y എന്നീ കഥകൾ ബുദ്ധിയോട് ഇഷ്ടം കൂടുമ്പോഴും അത് പ്രിയപ്പെട്ടതാവുന്നത് അനുഭവത്തിന്റെ തലത്തിൽ ഹൃദയത്തിന് തൊട്ടറിയാൻ കഴിഞ്ഞതു കൊണ്ടാണ്.  നെഫെർറ്റിറ്റി എന്ന കഥയും ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ എന്ന കഥയും ആ അവസ്ഥയ്ക്കടുത്തെത്തുന്നുമുണ്ട്. "പട്ടുനൂൽപ്പുഴുക്കൾ വാ പിളർന്നത് മൾബറി ഇലകൾക്കു വേണ്ടിയായിരുന്നില്ല" എന്ന കഥ ഈ സാധ്യതയെ മുതലെടുക്കാതെ പോയ ഒന്നായും തോന്നി.

സോണിയയുടെ എഴുത്തിന് കവിതകളേക്കാൾ ചിത്രകലയോടാണ് സാദൃശ്യം പറയാനാവുക.  ഒരു ആധുനിക ചിത്രകാരൻ തനിക്ക് പറയാനുള്ളത് മനോഹരമായി വർണ്ണങ്ങളെക്കൊണ്ടും ബിംബങ്ങളെക്കൊണ്ടും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെ മനോഹരമാണ് സോണിയയുടെ എഴുത്ത്.  ചിത്രകാരൻ ഉദ്ദേശിച്ച അർത്ഥത്തെ മനസ്സിലാക്കുന്നവർക്ക് കിട്ടുന്ന സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകും.  കലയുടെ ഈ ചാതുരി മൊത്തം കഥയിലും എന്നാൽ ചിലപ്പോഴൊക്കെ അവിടവിടെയായും വിതറുന്നുണ്ട് എഴുത്തുകാരി.  "എന്റെ വള്ളികളിലെ മഞ്ഞപ്പൂക്കൾ ഞാൻ ഈ തേനിൽ മുട്ടിക്കും.  നിന്റെ തേനുമ്മകൾ എന്റെ മഞ്ഞയെ തേൻനിറമാക്കും.  തേൻനിറമുള്ള പൂക്കളുമായി ഞാൻ ഈ ഫർക്കക്കുരിശിന്റെ തണ്ടുകളിൽ പടർന്നു കിടക്കും."    "മറ്റൊരുവന്റെ വായിലോട്ട് ഊതിവീർപ്പിച്ചൊരു ബബിൾഗം കുമിളയുടെ അനൗചിത്യം പോലെ സക്കർ മുന്നൂറ്റിയാറിലെ ഭരണിയിൽ ഒട്ടിക്കിടന്നു." എന്നിങ്ങനെ എഴുത്തിന്റെ മാസ്മരികത നമുക്ക് വായിച്ചാസ്വദിക്കാം.

വായനയുടെ ആഴത്തിൽ പോയി മുങ്ങിക്കണ്ടെടുത്ത മുത്തുകളും ചിന്തയുടെ ഉലയിൽ ഊതിക്കാച്ചിയെടുത്ത ആശയങ്ങളും ക്രിയാത്മകതയുടെ ഗിരിശൃംഗങ്ങളിൽ നിന്ന് സമൂഹത്തോട് ആവശ്യപ്പെടുന്നത് നേരിലേക്കും നന്മയിലേക്കുമുള്ള ഉറപ്പാണ്.  ഇത് ഔദാര്യമായല്ല അവകാശമാണ് എഴുത്തുകാരി പരിഗണിക്കുന്നത്.  ഇല്ലെങ്കിൽ പ്രതികരണത്തിന്റെ ഒരു 180 ഡിഗ്രി പ്രതിപ്രവർത്തനം മുൻകൂട്ടി കാണുന്നു.  സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങളാണ് കഥകൾക്ക് തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് പുസ്തകത്തിന് പ്രസക്തി വർധിപ്പിക്കുന്നുണ്ട്.  ഒപ്പം തന്നെ മാനവികതയെ മുൻനിർത്തിയുള്ള കഥകളിലേക്ക് ഒരു ചുവടുമാറ്റത്തിന് സമയമായില്ലേ എന്ന പ്രതീക്ഷയും നൽകുന്നുണ്ട്.  ഈ കഥാകാരി പ്രതിഭയുടെ ഉറവകൾ മുഴുവൻ ലോകത്തിനും തുറന്നുകൊടുക്കുന്ന ദിവസം കഥാലോകം കാത്തിരിക്കുക തന്നെ ചെയ്യും.

പ്രസാധനം - മാതൃഭൂമി ബുക്സ്
പേജ് - 112
രണ്ടാം പതിപ്പിന്റെ വില - 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest