advertisement
Skip to content

നിന്നെ, നീ വരയ്ക്കുമ്പോൾ

ശ്രീദേവി മധു

ശ്രീദേവി മധു


വെറുതെയെന്തിന്
വഴി നീളെത്തെളിയുന്ന
കണ്ണഞ്ചും നിറങ്ങളെ
നീ വാരിയണിയണം !
നിന്നോളം നിറവാർന്നതില്ലതില്ലൊന്നു പോലും

നിന്നെയറിയാത്തവർക്ക്
നിന്നിൽ ചേർത്തു വയ്ക്കാൻ
മാത്രമുള്ളത്, അവ

നീ കണ്ട വെളുത്ത ചിരികളിലെ
കറുപ്പത്രയും വേണ്ട
നിൻ്റെ തീരാരാവുകളിലെ
നിലാവിനെ മറയ്ക്കാൻ...

ചാലുകീറി ഒലിച്ചിറങ്ങിപ്പോയ
ആ മഞ്ചാടിച്ചോപ്പിനോളമൊക്കില്ല
ഇനിയെത്ര നിറഭേദങ്ങൾ
നിൻ മുന്നിൽ നിരന്നാലും...

കുറിച്ച വരികളിൽ
നിന്നെ ചേർത്തു വയ്ക്കാതിരിക്കുക
വരികൾക്കിടയിലാവും
നീ സ്വസ്ഥയാവുക

കണ്ട കാഴ്ചകളിൽ
നീ സ്വത്വം തിരയേണ്ടത്
മാറ്റി നിർത്തപ്പെട്ടിടങ്ങളിലെ
ഉണങ്ങാവടുക്കളിലാണ്,
പൊള്ളച്ചിരികളിലല്ല

ശലഭച്ചിറകടിയോളം
പതിഞ്ഞതാവരുതിനി നിൻ്റെ വാക്കുകൾ
നെടുവീർപ്പുകനത്ത
നിൻ നിശബ്ദതയോളം
ആഴമേറട്ടെ അവയ്ക്ക്, മൂർച്ചയും !
പിഞ്ചിലേതൊട്ടിന്നോളം
കണ്ട ദ്രംഷ്ടകളേക്കാളും
അരം വച്ചത്...

ചിന്തകളുരസി തീ കായുക,
നെഞ്ചിലൊരു തീ വിത്ത് പാകുക,
നെഞ്ചിടറിയൊരു തുള്ളിയിറ്റാൽ
ഒരു കാട്ടുതീ പടരുവാൻ..

പവിത്ര പ്രണയാകാശങ്ങളിൽ
നീ കണ്ട നക്ഷത്രങ്ങളെ
പെറുക്കിക്കൂട്ടണമിടനേരങ്ങളിൽ..
നിവൃത്തികേടിൻ്റെ രാവുകൾക്ക്
എണ്ണമിടാൻ വേണ്ടി...

പെണ്ണേ....
നിന്നെയറിയാതെ
നിന്നിലാഴുന്ന
മൃഗഭോഗതൃഷ്ണയെ
നിഷേധത്തിൻ്റെ കട്ടക്കരി കൊണ്ട്
കടുപ്പിച്ചടയാളപ്പെടുത്തുക

നിന്നെ.....
നീ വരയ്ക്കുമ്പോഴെങ്കിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest