സുധീർ കരമന 200 സിനിമകൾ പിന്നിടുകയാണ്. ഒങ്കാറ എന്ന പേരിൽ കെ ആർ ഉണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഇരുന്നൂറാമത്തെ ചിത്രം പൂർത്തിയാക്കിയതിന്റെ ആഘോഷം നടന്നു.
ഒരു തെയ്യം കലാകാരന്റെ വേഷത്തിലാണ് സുധീർ കരമന ഈ ചിത്രത്തിൽ എത്തുന്നത്. വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തിലൂടെ 200 റാം മത്തെ ചിത്രം വരുന്നതിന്റെ ത്രില്ലിലാണ് സുധീർ കരമന.
കാസർക്കോട് ജില്ലയിലെ ഗോത്ര വിഭാഗമായ മാവിലാൻ സമുദായങ്ങളുടെ സംസാരഭാഷയായ മാവിലവുവിലാണ് ഒങ്കാറ ഒരുങ്ങുന്നത്. ആദിദ്രാവിഡഭാഷയായ മാവിലവുവിന് ലിപിയില്ല. പാട്ടിലൂടെയും വാമൊഴിയിലൂടെയും നിലനിർക്കുന്ന ഭാഷയാണിത്. നൂറ്റാണ്ടുകളായി ഗോത്രവിഭാഗങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ശ്രദ്ധേയമായ പാട്ടുകളും വിവിധ ആചാര അനുഷ്ഠാനങ്ങളും, തെയ്യം, മംഗലംകളി, എരുതുകളി എന്നിവയും ഒങ്കാറയിലൂടെ പ്രേക്ഷകരിൽ എത്തുകയാണ്.
ആദിമ ദ്രാവിഡ ഭാഷയായ 'മാവിളവു' വിൽ ചിത്രീകരിക്കുന്ന ആദ്യ സിനിമയാണ് ഒങ്കാറ. തെയ്യം, മംഗലംകളി എന്നീ കലാരൂപങ്ങളുടേയും പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി കെ ആർ ആണ്. ക്രിസ്റ്റൽ മീഡിയ, വ്യാസചിത്ര, സൗ സിനിമാസ് എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ , ജോർജ്, ഡോ. പ്രഹ്ലാദൻ വടക്കേപ്പാട്ട്, സൗമ്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ഒങ്കാറ ' തിരുവനന്തപുരം. കാസർഗോഡ്, ഉഡുപ്പി, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.
സുധീർ കരമനയ്ക്കൊപ്പം കന്നഡത്തിലേയും തുളുവിലേയും പ്രശസ്ത താരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് വെട്ടുകിളി പ്രകാശ്, സുഭാഷ് , സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, ഗോപിക, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.