advertisement
Skip to content

മുൻ മന്ത്രി ടി എച്ച് മുസ്തഫ വിടവാങ്ങി: അരങ്ങൊഴിയുന്നത് കോൺഗ്രസിന്റെ കരുത്തനായ നേതാവ്

സ്വന്തം ലേഖകൻ

കൊച്ചി : മുതിർ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി എച്ച് മുസ്തഫ (82) അന്തരിച്ചു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ഇന്നു കാലത്തായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട്. ആലുവ മാറമ്പള്ളി ജുമാ.മസ്ജിദ് ഖബർസ്ഥാനിൽ. കോൺഗ്രസിലെ തലമുതിർന്ന നേതാവാണ് വിടവാങ്ങിയത്.  ഒരു വ്യാഴവട്ടക്കാലം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു ടി എച്ച് മുസ്തഫ.

എറണാകുളം  പെരുമ്പാവൂർ വാഴക്കുളത്ത് ടി.കെ.എം. ഹൈദ്രോസിന്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബർ ഏഴിനായിരുന്നു ടി എച്ച് മുസ്തഫയുടെ ജനനം. എസ്.എസ്.എൽ.സി.യാണ് വിദ്യാഭ്യാസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ്  പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച്  എം എൽ എയായി.  1978-ൽ കേരളത്തിലെ കോൺഗ്രിസിൽ പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റിൽ പരാജയം ഏറ്റുവാങ്ങി.  കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോടായിരുന്നു മുസ്തഫ പരാജയപ്പെട്ടത്. ഇതോടെ മുസ്തഫ തട്ടകം കുന്നത്തുനാട്ടിലേക്ക് മാറി.  1982, 1987, 1991, 2001 വർഷങ്ങളിൽ കുന്നത്ത്‌നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു.

2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായിരിക്കെയാണ് അന്ത്യം.

കാസർകോട്  മഞ്ചേശ്വരം മുതൽ തിരുവനന്തപുരത്തെ ഗവർണറുടെ വസതിയായ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ ദൂരമുള്ള കാൽനട ജാഥയായ കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചിന്റെ ക്യാപ്റ്റനായിരുന്നു ടി എച്ച് മുസ്തഫ.

കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ നേതാവായിരുന്ന മുസ്തഫ ഡി സി സി അധ്യക്ഷനെന്ന നിലയിൽ ഏറെ വർഷങ്ങളോളം പ്രവർത്തിച്ചു.

1968-1978 എറണാകുളം ഡി.സി.സി. പ്രസിഡൻറ്, 1978-1983 കെ.പി.സി.സി. ജനറൽ സെക്രട്ടറി, 1983-1997 കെ.പി.സി.സി. വൈസ് പ്രസിഡൻറ്
1982-1986 കേരള ഖാദി വ്യവസായ ബോർഡ് വൈസ് ചെയർമാൻ
1982,1984 കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നെടുമ്പാശേരി
ഡയറക്ടർ, കേരള റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ, ആലുവ, കുന്നത്ത്‌നാട് താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി
ഐ.എൻ.ടി.യു.സിയുടെ 22 ൽ പരം തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിത്വ പദവി
1965 മുതൽ പെരുമ്പാവൂർ മുസ്ലീം ജമായത്ത് പ്രസിഡൻറ്
പെരുമ്പാവൂർ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സ്ഥാപകാംഗം
 എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങി നിരവധി സഹകരണ സംഘങ്ങളുടെ ഡയറക്ടർ പദവിയിലും ടി എച്ച് മുസ്തഫ പ്രവർത്തിച്ചിട്ടുണ്ട്.

എന്നും കെ കരുണാകരനൊപ്പം

കോൺഗ്രസിൽ എന്നും ലീഡർ കെ കരുണാകരനൊപ്പം അടിയുറച്ച രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച നേതാവായിരുന്നു ടി എച്ച് മുസ്തഫ. അതുകൊണ്ടു തന്നെ നിരവധി രാഷ്ട്രീയ വിവാദങ്ങളിലും മുസ്തഫ പ്രധാന കഥാപാത്രമായിട്ടുണ്ട്. കെ കരുണാകരനെ രാഷ്ട്രീയമായി ഏറെ പിടിച്ചുലച്ച പാമോലിൻ കേസാണ് പ്രധാനം.

1991-1995 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയും പാമോലിൻ കേസിൽ അകപ്പെട്ടു. നീണ്ടകാലത്തെ നിയമപോരാട്ടമായിരുന്നു അത്. കെ കരുണാകരൻ മലേഷ്യയിൽ നിന്നും പാമോലിൻ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്ന ആരോപണമാണ് ടി എച്ച് മുസ്തഫയെ ഏറെ പിടിച്ചുലച്ചത്. കോൺഗ്രസിലെ ഗ്രൂപ്പു വഴിക്കിന്റെ പേരിലാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു മുസ്തഫ എക്കാലവും ആറോപിച്ചിരുന്നത്. കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവർത്തിച്ചിരുന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. പാമോലിൻ കേസിൽ രണ്ടാം വട്ട അന്വേഷണം പ്രഖ്യാപിച്ചതിലും ടി എച്ച് മുസ്തഫ നടത്തിയ പ്രതികരണം കോൺഗ്രസിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. തന്നെ പ്രതിയാക്കുകയാണെങ്കിൽ അന്നത്തെ ധനമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയേയും പ്രതിചേർക്കണമെന്നായിരുന്നു മുസ്തഫയുടെ പ്രതികരണം. കേസിൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയിരുന്നു. 2016 ൽ കെ സി ജോസഫും കെ ബാബുവും മത്സരിക്കരുതെന്ന പ്രസ്താവനയാണ് പിന്നീട് പാർട്ടിയിൽ ഉണ്ടായ മറ്റൊരു വിവാദപരാമർശം. മൂന്നോ നാലോ തവണ മത്സരിച്ചുകഴിഞ്ഞാൽ മത്സര രംഗത്തുനിന്നും മാറണെന്നും, യുവാക്കൾക്ക് അവസരം നൽകണമെന്നുമായിരുന്നു മുസ്തയുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest