ന്യൂ യോർക്ക് :അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും വലിയ കേന്ദ്ര സംഘടനയായ 'ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ മംഗളകരമായി പര്യവസാനിച്ച സന്തോഷ വാര്‍ത്ത ഏവരും അറിഞ്ഞു കാണുമല്ലോ. പ്രവാസി മലയാളികളുടെ കേരള കണ്‍വന്‍ഷനുകളില്‍ വച്ച് ചരിത്രം സൃഷ്ടിച്ച ഈ കൂട്ടായ്മയുടെ ഗംഭീര വിജയത്തിനു പിന്നില്‍ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പങ്കാളിത്തവും പ്രാര്‍ത്ഥനയുമുണ്ടെന്ന് നിസംശയം പറയട്ടെ. ഈ അഭിമാന നിമിഷത്തില്‍ നമ്മുടെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ ഒരു കവിതാ ശകലമാണ് മനസ്സില്‍ തിരതല്ലുന്നത്...
''എന്റെ വഴിയിലെ വെയിലിനും നന്ദി
എന്റെ ചുമലിലെ ചുമടിനും നന്ദി
എന്റെ വഴിയിലെ തണലിനും, മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി...''
കര്‍ക്കിടമാസ ക്കാലമായിരുന്നിട്ടും കാലാവസ്ഥ പോലും ഫൊക്കാനയ്ക്ക് അനുകൂലമായി നിന്നതിന് പ്രകൃതിയോടും നന്ദി... അമേരിക്കയില്‍ ജോലിയുടെ തിരക്കുകള്‍ ഏറെയുള്ളവരും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരും അത് വകവയ്ക്കാതെ പോലും കുടുംബത്തിന്റെ ആവശ്യം എന്ന നിലയില്‍ത്തന്നെ കേരള കണ്‍വന്‍ഷനെ കാണുകയും അതില്‍ ഭാഗമാവുകയും ചെയ്തതിനും ഹൃദപൂര്‍വം നന്ദി... ജന്മനാട്ടിലേക്ക് എത്തിയ ഞങ്ങളെ ചേര്‍ത്തുപിടിക്കുകയും സ്വീകരിക്കുകയും ചെയ്ത കേരളക്കരയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-ആത്മീയ നേതാക്കള്‍ മുതല്‍ ഓരോ വ്യക്തിയുടെയും പിന്തുണയ്ക്കും അഗാധമായ നന്ദിയും അളവറ്റ സ്‌നേഹവും ഇവിടെ പ്രകടിപ്പിക്കുകയാണ്.
കര്‍മഭൂമിയായ അമേരിക്കയ്ക്കും ജന്‍മനാടായ കേരളത്തിനും ഇടയിലൊരു ഉറച്ച പാലമായി നിന്നുകൊണ്ട് ഇനിയും ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ കണ്‍വന്‍ഷന്റെ ഈ വിജയം ഫൊക്കാനയ്ക്ക് ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിങ്ങളോരോരുത്തരും ചെയ്തു തന്ന എല്ലാവിധ സഹായങ്ങള്‍ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടവരാണ്. അതെല്ലാം അങ്ങേയറ്റം വിലമതിക്കുന്നതുമാണ്. ഏവരുടെയും സ്‌നേഹ സഹകരണത്തിന് മുന്‍പില്‍ ചാരിതാര്‍ത്ഥ്യത്തോടെ കൈകള്‍ കൂപ്പുന്നു...
തുടർന്നും ഇതുപോലുള്ള സഹകരണം ഉണ്ടാകും എന്ന് പ്രതിക്ഷിച്ചുകൊണ്ട് .
ഫൊക്കാനയ്ക്കുവേണ്ടി
സജിമോന്‍ ആന്റണി-പ്രസിഡന്റ്
ശ്രീകുമാര്‍ ഉണ്ണിത്താന്‍-ജനറല്‍ സെക്രട്ടറി
ജോയി ചാക്കപ്പന്‍-ട്രഷറര്‍
ഒപ്പം മറ്റ് കമ്മിറ്റി അംഗങ്ങളും
