ന്യുജേഴ്‌സി: കാനഡയിൽ പുതിയ രൂപതക്ക് സാധ്യതയുണ്ടെന്നും ഈ
16-)൦ തീയതി ബുധനാഴ്ച ആരംഭിക്കുന്ന യൂത്ത്- ഫാമിലി കോൺഫറൻസും ഏഷ്യാനെറ്റുമായി സഹകരിച്ചുള്ള അവാർഡ് ചടങ്ങും പുതിയൊരനുഭവമായിരിക്കുമെന്നും മലങ്കര യാക്കോബായ സഭ നോർത്ത് അമേരിക്ക അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ് അറിയിച്ചു. ഓൾഡ് ടാപ്പനിലെ പ്രൗഢഗംഭീരമായ ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അംഗങ്ങളുമായി നടത്തിയ പത്രസമ്മേളനത്തിൽ സഭയുടെ വളർച്ചയും നേട്ടങ്ങളും പ്രതീക്ഷകളും തിരുമേനി പങ്കുവച്ചു. ബുധൻ (ജൂലൈ 16) മുതല്‍ 19 ശനി വരെയുള്ള ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ വാഷിംഗ്ടണ്‍ ഡല്ലസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച്, വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളോടെ നടത്തുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുമേനി അറിയിച്ചു






ഭദ്രാസന സെക്രട്ടറി ഫാ. ജെറി ജേക്കബ് കോൺഫറൻസ് കാര്യങ്ങൾ വിശദീകരിക്കുകയും ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. അതിഭദ്രാസന ട്രഷറർ ജോജി കാവനാൽ, കൗൺസിൽ മെമ്പർ ജിൻസ് മാത്യു, യൂത്ത് ജോ. സെക്രട്ടറി ഡീക്കൻ ജോ ജോസഫ്, എന്നിവർക്ക് പുറമെ കോൺഫറൻസിന്റെ ടൈറ്റിൽ സ്പോണ്സര്മാരായ സ്പെക്ട്രം ഓട്ടോയോയുടെ സാരഥികളായ ബിനു ബേബി, പ്രിൻസ് ബേബി എന്നിവരും പങ്കെടുത്തു. പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, ന്യു യോർക്ക് ചാപ്ടർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, നാഷണൽ കൺവൻഷൻ ചെയർ സജി എബ്രഹാം, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്ക ഹെഡ് ഡോ. കൃഷ്ണ കിഷോർ, ജോർജ് ജോസഫ്, ജോർജ് തുമ്പയിൽ, ബിനു ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു.
അമേരിക്കയിലും കാനഡയിലും പ്രതിഭ തെളിയിച്ച പലരെയും ജനങ്ങള്‍ അറിയുന്നില്ല. അവരെ ആദരിക്കുകയും അവരുടെ നേട്ടങ്ങളും സംഭാവനകളും ജനങ്ങളിൽ എത്തിക്കുകയുമാണ് കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ടത്. അതിന്റെ തുടര്‍ച്ചയായി ഏഷ്യാനെറ്റ് ന്യൂസും സഭയുമായി സഹകരിച്ച് 17നു വ്യാഴാഴ്ചയാണ് അവാര്‍ഡ്‌നൈറ്റ്. കമ്മ്യൂണിറ്റി സര്‍വ്വീസ്, ഹെൽത്ത് കെയര്‍, യൂത്ത് തുടങ്ങി വിവിധ കാറ്റഗറിയില്‍ അവാര്‍ഡുകള്‍ നൽകുന്നു. ഏഷ്യാനെറ്റ് ന്യുസുമായി സഹകരിച്ച് നടത്തുന്ന രണ്ടാമത്തെ അവാർഡ് ചടങ്ങാണിത്. കാനഡയിൽ നയാഗ്രയിൽ കഴിഞ്ഞ വര്ഷം നടത്തിയ പരിപാടി വലിയ വിജയമായിരുന്നുവെന്ന് തിരുമേനി ചൂണ്ടിക്കാട്ടി.
അവാർഡ് പരിപാടി സുദീർഘമായ പ്രക്രിയക്ക് ശേഷമാണ് . ആദ്യം നോമിനേഷന്‍ ക്ഷണിക്കുന്നു. അത് ഷോട്ട്‌ലിസ്റ്റ് ചെയത് ജൂറിയുടെയും സഭയുടെയുമൊക്കെ തീരുമാനത്തെ അടിസ്ഥാനമാക്കി വിജയികളെ തീരുമാനിക്കുന്നു . ഇത്തവണയും തിരഞ്ഞെടുത്തിരിക്കുന്നത് അന്താരാഷ്ട്ര രംഗത്തും അമേരിക്കയിലും മികവ് തെളിയിച്ചവരെ തന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ വലിയൊരും ടീം തിരുവനന്തപുരത്തും ഇതിനായി പ്രവർത്തിച്ചികൊണ്ടിരിക്കുന്നു.
ഏറ്റവും പ്രധാനപ്പെട്ടകാര്യം ഇക്കാര്യത്തിൽ സഭയുടെ അകമഴിഞ്ഞ സഹകരണമാണ്. ഞങ്ങള്‍ ഏഷ്യാനെറ്റ് ന്യുസുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്നു.
യാദൃശ്ചികമായാണ് ഏഷ്യാനെറ്റ് ന്യുസുമായി ഇത്തരമൊരു ബന്ധം സ്ഥാപിതമായതെന്ന് തിരുമേനി പറഞ്ഞു. കാനഡയിലെ വിശ്വാസികളാണ് ഇതിനു പ്രേരകമായത്. സഭ വളര്‍ന്ന് അവിടെ 36 പള്ളികളായി. അതിനാൽ കോൺഫറൻസ് അവിടെ നടത്താമെന്ന ചിന്തയായി. കാനഡയിലെ സഭാംഗങ്ങളിൽ നല്ലൊരു പങ്ക് അടുത്ത നാളുകളിൽ കാനഡയിൽ എത്തിയവരാണ്. മുപ്പതോ നാല്‍പതോ വര്ഷം മുമ്പ് വന്നവരല്ല. അവര്‍ക്ക് ഏഷ്യാനെറ്റുമായും മറ്റ് മീഡിയയുമായുമൊക്കെ വലിയ ബന്ധമാണ്. ഏഷ്യാനെറ്റ് തന്നെ ഒരു അവാർഡ് പരിപാടി മുൻപ് അവിടെ നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാകാം ഏഷ്യാനെറ്റിന്റെ കാനഡ കോര്‍ഡിനേറ്റര്‍ ജിത്തു, കാനഡയിലെ സഭാ കൗണ്‍സില്‍ മെമ്പറുമായി ബന്ധപ്പെട്ടു .
അതൊരു നല്ല കാര്യമാണെന്ന് സഭാ കൗണ്‍സില്‍ തീരുമാനിച്ചു. മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. ഇവിടെ ജനിച്ചു വളര്‍ന്ന കുട്ടികൾക്കും തങ്ങൾക്കും ഇങ്ങനെയൊക്കെ ആകാമെന്ന് മാതൃകയാവും.
ഏഷ്യാനെറ്റ് ന്യുസിന്റെ സഹകരണം മൂലം ഇവിടെയും നാട്ടിലുമൊക്കെ ഈ പരിപാടിക്ക് വലിയ ശ്രദ്ധ ലഭിക്കും . ഏഷ്യാനെറ്റ് ന്യൂസ് ലോകത്ത് എല്ലായിടത്തും അനേകം എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങ് നടത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയില്‍ ഏറ്റവും വിജയകരമായി നടത്തിയ് ആദ്യം കാനഡയില്‍ ആണ്. അതിന് ശേഷം ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാർഡ് ലോസ് ആഞ്ചലസില്‍ നടത്തി. പിന്നീട് ന്യൂയോര്‍ക്കില്‍. ആഗോളതലത്തില്‍ പരിചയമുള്ളതിന്റെ അടിസ്ഥാനത്തിലാണ് സഭയെ സമീപിച്ചതും സഭ അത് അംഗീകരിച്ചതും. അതേസമയം, ഏഷ്യാനറ്റ് ന്യുസുമായി സഹകരിക്കുന്നു എന്നത് കൊണ്ട് അവരുടെ കുത്തകയാണെന്ന ചിന്തവേണ്ട.
എല്ലാ ബഗാഗത്തു നിന്നുമുള്ള മലയാളികൾ ഉള്‍പ്പെട്ടതാണ് ഭദ്രാസനം . ഒരു മലയാളം ചാനലുമായി സഹകരിക്കുമ്പോൾ നമുക്ക് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇങ്ങനെയൊരു സഹകരണം വന്നതോടെ നാട്ടിലും ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ ശ്രദ്ധ കിട്ടി. ഇത്രയും പള്ളികള്‍ ഉണ്ടെന്നും സഭ ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജനങ്ങളെ അറിയിക്കാനായി. ഇവിടേക്ക് വരുന്നവർക്കും നാട്ടിലുള്ളവര്‍ക്കും ഇവിടെ ഇങ്ങനെയൊരു സഭയും ഭദ്രാസനവുമുണ്ടെന്നും അതിന്റെ പാസ്റ്ററൽ കെയർ ഇവിടെയുള്ളവർക്ക് ലഭ്യമാവുമെന്നുമൊക്കെ ബോധ്യമാവും. ഇതൊക്കെയാണ ഭദ്രാസനത്തിന്റെ നേട്ടങ്ങൾ. 1993 ൽ ആണ് ഇവിടെ ഭദ്രാസനവും ഏഷ്യാനെറ്റും തുടങ്ങിയതെന്നതും തന്നെ ആകർഷിച്ചു .
കോൺഫറസ്‌നെ അവാർഡ് പരിപാടി ദോഷമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നുവെന്ന് തിരുമേനി പറഞ്ഞു. കോൺഫറസിൽ ഒരു കലാപരിപാടി പതിവായിരുന്നു. പക്ഷെ നാട്ടിൽ നിന്ന് ഈ സമയത്ത് ഇവിടെ കലാപരിപാടിയുമായി എത്തുന്നവർ ഇല്ലെന്നു പറയാം. അതിനു പകരം ഏറെ ഗുണപ്രദവും എന്നാൽ ഉല്ലാസകരവുമായ അവാർഡ് പരിപാടി ഏറ്റെടുക്കുകയായിരുന്നു.
അമേരിക്കയിൽ 1960 മുതലാണ് മലയാളികള്‍ കൂടുതല്‍ പഠിക്കാനും മറ്റുമായി എത്തിയത്. അന്ന് എല്ലാ സഭകളും ഒന്നിച്ചാണ് ആരാധന നടത്തിയത്. പിന്നീട് പല പള്ളികൾ ഉണ്ടായി. 1975 ൽ സഭ രണ്ടായി. ആ സമയത്ത് കേരളത്തില്‍ വടക്ക് പ്രദേശത്താണ് തങ്ങൾക്ക് പാസ്‌ററൽ കെയര്‍ കൊടുക്കാന്‍ സാധിച്ചത്. സൗത്തില്‍ കൂടുതലും ഓര്‍ത്തഡോക്‌സ് വിഭാഗമായിരുന്നു. അക്കാലത്ത് കേരളത്തിനു പുറത്തുള്ള പള്ളികളില്‍ അച്ചന്‍മാരെ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ 75 വരെയുള്ള പള്ളികള്‍ ഒന്നിച്ച് തുടങ്ങിയതാണ് . 75നു ശേഷമാണ് സ്വതന്ത്രമായി ന്യൂയോര്‍ക്കില്‍ സ്റ്റാറ്റൻ ഐലൻഡിൽ മോർ ഗ്രീഗോറിയോസ് പള്ളി സ്ഥാപിക്കുന്നത്. ആ പള്ളിയുടെ അമ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം. അവിടം മുതല്‍ നമ്മള്‍ ഓരോ ഇടവകകള്‍ സ്ഥാപിച്ചു. അങ്ങനെ വളര്‍ന്നു. ഞാന്‍ 2004 ൽ ചുമതലയെടുക്കുമ്പോള്‍ 23 പള്ളികളാണുണ്ടായിരുന്നത്. ഇപ്പോള്‍ 83 പള്ളികള്‍ ഇവിടെയും കാനഡയിലുമായി ഉണ്ട്.
ഇവിടെ ജനിച്ചു വളർന്ന പത്തോളം വൈദികരും 30 ൽ പരം ശമ്മാശന്മാരും ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്നു.
കാനഡയിൽ വിദ്യാര്ഥികളാക്കായി പാസ്റ്ററൽ കെയർ മാത്രമല്ല പല വിധത്തിലുള്ള സേവനങ്ങൾ സഭ ചെയ്യുന്നു. കോൺഫറൻസിൽ അവിടെ നിന്ന് അധികം പേർക്ക് വരാൻ വിസ പ്രശ്നങ്ങളും മറ്റുമുണ്ട്. കാനഡയിൽ തന്നെ കൂടുതൽ പ്രോഗ്രാമുകൾ നടത്താനാണ് തീരുമാനം. കാനഡയിൽ 33 സ്ഥലത്താണ് കുർബാന ഉള്ളത്. ന്യു ഫൗണ്ട്ലാന്ഡിൽ പുതുതായി സർവീസ് തുടങ്ങി.
കാനഡയിൽ രൂപത ആലോചിക്കുന്നുവെങ്കിലും അമേരിക്കയിൽ മറ്റൊരു രൂപതയെപ്പറ്റി ഇപ്പോൾ ആലോചനയില്ല. ഒരു ഭൂഖണ്ഡം മുഴുവൻ താൻ ഓടി നടക്കേണ്ടി വരുന്നുവെങ്കിലും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിക്കുന്നു. ആളുകൾ കുറവുള്ള സ്ഥലത്തും വൈദികരുടെ സേവനം ലഭ്യമാക്കാൻ ശ്രമിക്കുന്നു. അതൊരു മിഷൻ പോലെയാണ് തങ്ങൾ കരുതുന്നത്.
കോൺഫറൻസിന്റെ ആദ്യദിവസം ബിസിനസ് മീറ്ററിംഗും തെരഞ്ഞെടുപ്പും നടത്തും. ഒരു തവണയാണ് ഭാരവാഹികൾ സേവനമനുഷ്ഠിക്കുക. പിറ്റേന്നാണ് ഉദ്ഘാടന സമ്മേളനം. ബ്രിട്ടനിൽ നിന്നുള്ള സാറാ നൈറ്റ് ആണ് പ്രധാന പ്രഭാഷക. സഭാചരിത്ര പണ്ഡിതയാണ് അവർ . നിഖ്യ സുനഹദോസിന്റെ 1700 മത് വാര്ഷികം ഈ വര്ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ഇത് പ്രധാനമാണ് . നാട്ടിൽ നിന്നുള്ള മാത്യുസ് മോർ അന്തോണിമോസ് മെത്രാപ്പോലീത്ത, പാത്രിയര്കീസ് ബാവായുടെ അസിസ്റ്റന്റ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുക്കും.
യൂത്തിനു പ്രത്യേക സമ്മേളനമാണ് ഒരേ സമയം നടക്കുക. യുവജനത കോളജിലെത്തിയാൽ പള്ളികളിൽ വരുന്നില്ല എന്ന പ്രതിസന്ധി എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്. 33 വയസിൽ തന്നെ ബിഷപ്പായി നിയമിച്ചത് യുവാക്കളെ ആകർഷിക്കുകയും പ്രാതിനിധ്യം നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുമായിരുന്നു. യുവാക്കൾ പരസ്പരം ആശയവിനിമയം നടത്തിയാണ് പലരും സഭാകാര്യങ്ങളിലേക്ക് തിരിയുന്നത്.
അമേരിക്കയിലെ മറ്റു മലയാളി സഭാവിഭാഗങ്ങൾക്ക് ഒന്നുമില്ലാത്തത്ര മനോഹരമായ ഭദ്രാസന ആസ്ഥാനം കോവിഡ് കാലത്ത് വാങ്ങിയ കാര്യവും തിരുമേനി വിശദീകരിച്ചു. കൊറിയൻ ചർച്ചായിരുന്നു ഇത്. 50,000 സ്കവയർ ഫീറ്റ് വിസ്തീർണം. ടൗണിന്റെ പിന്തുണയും ലഭിക്കുന്നു. 600 പേർക്കിരിക്കാവുന്ന പള്ളിക്ക് ഒന്നര മില്യന്റെ മദ്ബഹ നിർമ്മിക്കുന്നു. പള്ളിയുടെ ബേസ്‌മെന്റിലെ ഹാളിൽ 400 ൽ പരം പേർക്കിരിക്കാം. ഇത് മലയാളികളുടെ വിവിധ പരിപാടികൾ നടത്താൻ ചെറിയ തുകക്ക് ലഭ്യമാണ്.
സ്പെക്ട്രം ഓട്ടോയുടെ ലോയൽറ്റി പ്രോഗ്രാം വഴി ആളുകൾക്ക് സ്ഥിരവും ചെലവ് കുറഞ്ഞതുമായ സേവനം നൽകാൻ കഴിയുമെന്ന് ബിനു ബേബി പറഞ്ഞു. 1600 ഓളം ഫൈവ് സ്റ്റാർ റിവ്യൂ സ്ഥാപനത്തെപ്പറ്റി കണ്ടുവെന്നു ഫാ. ജെറി ജേക്കബ് പറഞ്ഞു. നമ്മുടെ ആളുകളുടെ സ്ഥാപനങ്ങൾ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിഭദ്രാസന ട്രഷറർ ജോജി കാവനാൽ പ്രസ് മീറ്റിൽ പങ്കെടുത്തവർക്കു നന്ദി പറഞ്ഞു.
