മലയാളിയുടെ ദേശീയോത്സവമായ ഓണം ലക്ഷ്യംവെക്കുന്നത് മാനവരാശിയെ ഉന്നത പദവിയിലേക്ക് ഉയര്‍ത്തിയ കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ദര്‍ശനങ്ങളാണ്. മനുഷ്യരെല്ലാം ഒന്നുപോലെ മനസമാധാന ത്തോടെ ജീവിച്ചതിന്‍റെ ഐശ്യരാഭിലാഷമാണ്, ആവേശമാണ് ചിങ്ങമാസത്തില്‍ ലോകമെങ്ങും കാണുന്ന ഓണാഘോഷങ്ങള്‍. മഹാബലി ജീവിച്ചിരിന്നോയെന്ന് ചോദിച്ചാല്‍ ചരിത്രത്താളുകളില്‍ ഐതിഹ്യങ്ങള്‍ നിറഞ്ഞ കഥകളാണ്. ഭാരതത്തിനും ലോകത്തിനും അമൂല്യമായ 'മഹാഭാരതം' എന്ന ദാര്‍ശനിക ഇതിഹാസ കാവ്യം സംഭാവന ചെയ്ത വേദവ്യാസന്‍ എന്നറിയപ്പെട്ട വ്യാസമഹര്‍ഷിയുടെ ജനന മരണത്തെക്കുറിച്ചു് ചരിത്രത്തെളിവുകള്‍ ഇല്ലാത്തതുപോലെയാണ് മഹാബലി ജീവിച്ചിരുന്നോ ഇല്ലയോ എന്നത്. ഇന്ന് ജീവിച്ചിരി ക്കുന്ന മനുഷ്യര്‍ മഹാബലിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷമാക്കുമ്പോള്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മില്‍ എത്രപേര്‍ മറ്റുള്ളവരെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു. നമ്മുടെ സ്നേഹത്തില്‍ എത്രയോ വഞ്ചന, കപടത നിറഞ്ഞിരിക്കുന്നു. മനുഷ്യ നന്മകകള്‍ക്കായി എത്രയോ ഉദാരവും സാംസ്കാരികമായ ദേശീയബോധമാണ് ഈ ഓണകഥ സമ്മാനിക്കുന്നത്.
ഏത് കഥയും രൂപപ്പെടുന്നത് ജീവിതത്തില്‍ നിന്നാണ്. ആ കഥകള്‍ക്ക് ഒരു ലക്ഷ്യമുണ്ട്. എന്തി നാണ് വ്യാസമഹര്‍ഷി സരസ്വതി നദി തീരത്തിരുന്ന് മഹാഭാരതമെഴുതിയത്? അദ്ദേഹം ജീവിച്ചിരുന്ന കാലത്തു് ചാതുവര്‍ണ്യ ജീര്‍ണ്ണ സംസ്കാരത്തില്‍ മനുഷ്യരെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യര്‍, ശൂദ്രര്‍ തുടങ്ങി പല പേരുകളില്‍ വേര്‍തിരിച്ചതിന് എതിരായിട്ടാണ് മഹാഭാരതം എഴുതപ്പെട്ടത്. ഇതുപോലെ ഈശ്വര ചിന്തയില്‍ ധ്യാനിച്ചിരുന്ന ഏതോ ബുദ്ധിജീവി മഹാബലിയെന്ന രാജാവിനെ കേന്ദ്രബിന്ദുവായി എഴുതപ്പെട്ട കഥയെന്ന് വിവക്ഷിക്കുന്നതിന്‍റെ കാരണം ലോഗന്‍റെ മലബാര്‍ മനുവേലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവമാണ് കേരളം ആഘോഷിക്കുന്ന ഓണം. വാമനനും മഹാബലിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയത് തൃക്കാക്കരവെച്ചെന്നാണ് കഥ. കേരളം വാണിരുന്ന ചേരമാന്‍പെരുമാള്‍ മക്കയിലേക്ക് കപ്പല്‍മാര്‍ഗ്ഗം യാത്ര തിരിച്ചത് പൊന്നിന്‍ചിങ്ങമാസത്തിലെ പൊന്നോണ ദിവസമായിരിന്നുവെന്ന മറ്റൊരു കഥ. എന്‍റെ നാടായ മാവേലിക്കരയില്‍ നിന്ന് ചെറുപ്പത്തില്‍ ഞാന്‍ കേട്ടിട്ടുള്ള കഥ മഹാബലി മാവേലിക്കര ഭരിച്ചിരിന്നുവെ ന്നാണ്.കഥകളുടെ കഥാകാരന്‍ ആരായാലും മഹാബലി ജീവിച്ചിരുന്നാലും ചെറുപ്പത്തിലേ ഓണസ്മരണകള്‍ ഇന്നുള്ള ഓണത്തേക്കാള്‍ സാമൂഹ്യമായ ഐക്യം, സാഹോദര്യം, സ്നേഹം നിലനിന്നിരിന്നു.
സ്കൂളില്‍ പഠിക്കുന്ന കാലം കുട്ടികളെല്ലാം ഓണ അവധിക്കായി കാത്തിരുന്നു. അന്ന് എനിക്ക് ഏറെ ഇഷ്ടമുള്ളത് കിളിത്തട്ടുകളി, ഓണത്തല്ല്, ഊഞ്ഞാലാട്ടം, നൂറനാട് ലെപ്രെസ്സി സാനിറ്റോറിയത്തില്‍ പോയി നാടകം കാണുക ഇതൊക്കെയാണ്. സ്കൂള്‍ ഓണ അവധിക്ക് മുന്‍പ് തന്നെ കൂടെ പഠിക്കുന്നവ രില്‍ നിന്ന് ചോദിച്ചറിയും. നിന്‍റെ വീട്ടില്‍ ഊഞ്ഞാല്‍ കെട്ടുമോ? ചിലര്‍ പറയും അച്ഛന്‍ ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ട്. അമ്മയും സഹോദരിമാരും അടുത്ത കൂട്ടുകാരികളും ചേര്‍ന്ന് പൂക്കളമിടുന്നുണ്ട്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ കിട്ടും. ആ സമയം സ്കൂളിന് തെക്കുഭാഗത്തുള്ള സദാശിവന്‍റെ വീട്ടിലേക്ക് ഊഞ്ഞാലിലാടാന്‍ ഓടുക പതിവായിരിന്നു. പഠിക്കുന്ന കാലം വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന നല്ല ഭക്ഷണം ഓണക്കാലമാണ്. തൂശനിലയില്‍ കാണുന്ന നാടന്‍ അരി ചോര്‍, പപ്പടം, പഴം, സാമ്പാര്‍, അവിയല്‍, തോരന്‍, ഉപ്പേരി, അരിയുണ്ട, പച്ചടി, കിച്ചടി, നാരങ്ങ അച്ചാര്‍ തുടങ്ങി അടപ്രഥമന്‍ പായസത്തില്‍വരെയെത്തി നില്‍ക്കും. ഇന്നാണ് മഹാബലിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നുന്നത്. ദാരിദ്ര്യത്തില്‍ കഴിയുന്ന വര്‍ക്കും വയറുനിറയെ ഭക്ഷണം ലഭിക്കുന്ന പൊന്നിന്‍ തിരുവോണ നാളുകള്‍.
അന്ന് വീട്ടില്‍ ജോലിക്ക് വന്നുപോയിട്ടുള്ളവര്‍ക്ക് അരി, തേങ്ങ, ചേന, പച്ച വാഴയ്ക്ക തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍ കൊടുക്കാറുണ്ട്. ആ കൂട്ടത്തില്‍ അമ്മയുടെ വക ഒരു രൂപയും കൊടുക്കും. എന്‍റെ നാട്ടിലെ സാധാരണക്കാര്‍പോലും ജാതിമതം നോക്കാതെ പാവങ്ങളെ ഓണക്കാലത്തു് സഹായിച്ചിരുന്നു. മതത്തേക്കാള്‍ മനുഷ്യരെ സ്നേഹിച്ചവര്‍. മാത്രവുമല്ല കുടുംബ സുഹൃത്തുക്കള്‍ പരസ്പരം ഓണ വിരുന്നില്‍ പങ്കെടുക്കാറുണ്ട്. എന്‍റെ വീട്ടില്‍ വന്നിട്ടുള്ള കളീയ്ക്കല്‍, ചാങ്കുര്‍ തൈവിള കുടുംബത്തിലുള്ളവരെ ഓര്‍ക്കുന്നു. ഇതെല്ലാം മുന്‍പുണ്ടായിരുന്ന മാനവികതയുടെ നേര്‍കാഴ്ചകളാണ്.
ഓണ സദ്യ കഴിഞ്ഞാല്‍ പിന്നീട് കലാ കായിക പരിപാടികളില്‍ പങ്കെടുക്കുകയാണ്. അതില്‍ പുലികളി, കോല്‍ക്കളി, വട്ടക്കളി, ഉറിയടി തുടങ്ങി പലതുണ്ട്. കിഴക്കേക്കരയിലുള്ള തയ്യിലെ വീട്ടില്‍ ഊഞ്ഞാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാനും പോയിരുന്നു. മത്സരത്തില്‍ പങ്കെടുക്കണമെങ്കില്‍ പത്തു് പൈസ കൊടുക്കണം. ഞാന്‍ വിദ്യാര്‍ത്ഥിയായതിനാല്‍ അഞ്ചു് പൈസ കൊടുത്താല്‍ മതി. ഊഞ്ഞാല്‍ മത്സരം കാണാന്‍ അടുത്തുള്ളവരൊക്കെ വരും. വൃക്ഷലതാദികളുടെ മധ്യത്തില്‍ വടംകൊണ്ടാണ് കയര്‍ കെട്ടിയിരിക്കുന്നത്. കിഴക്ക് പുഞ്ചപ്പാടങ്ങള്‍. അവിടെ നിന്നാല്‍ ഹരിതാഭ ഭംഗി നിറഞ്ഞ താമരക്കുളം ഗ്രാമത്തെ കാണാം. എന്നേക്കാള്‍ പ്രായമുള്ളവര്‍ ആകാശംമുട്ടെ കയറില്‍ പാറി പറക്കുന്നത് സന്തോഷം നിറഞ്ഞ മിഴികളോടെ നോക്കുന്നുണ്ടെങ്കിലും കുട്ടികള്‍ പരിഭ്രമത്തോടെയാണ് നോക്കുന്നത്. മത്സരത്തില്‍ ഞാന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഒന്നും രണ്ടും വിജയികള്‍ക്കാണ് സമ്മാനമുള്ളത്. മുതിര്‍ന്ന യുവാക്കള്‍ എന്‍റെ ചുമലില്‍ തലോടി അഭിനന്ദിച്ചു.
ഓണമോര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന മറ്റൊരു ചിത്രം എന്‍റെ നാടകം കരിമുളയ്ക്കല്‍ തുരു ത്തിയിലമ്പലത്തില്‍ അവതരിപ്പിച്ചതാണ്. ഈ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓണക്കാലത്തു് താമരക്കുളം നെടിയാണിക്കല്‍ അമ്പല മൈതാ നത്തു് വെച്ച് നടന്ന കിളിത്തട്ടുകളിയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അതിന്‍റെ പ്രേത്യകത മുതിര്‍ന്നവര്‍ ക്കൊപ്പം എന്നെയും ഉള്‍പ്പെടുത്തി. രണ്ട് ടീമുകളിലായി പത്തുപേര്‍ വീതമാണ് പങ്കെടുക്കുക. എതിര്‍ ടീമിനെ തൊടാതെ രക്ഷപ്പെട്ടാല്‍ വിജയിക്കും. വലിയ അണ്ണന്മാരുടെ മുന്നിലെത്തിയ പയ്യനെ അവരത്ര ഗൗരവമായി കണ്ടില്ല. എന്നെക്കൂടി പിടികൂടിയാല്‍ ഞങ്ങളുടെ ടീം തോല്‍ക്കും. ഒടുവില്‍ അവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഞങ്ങള്‍ വിജയിച്ചു. ചത്തിയറ വി.എച്ച്.എസ് സ്കൂള്‍ സ്ഥാപക മാനേജര്‍, താമരക്കുളം പഞ്ചായത്തു പ്രസിഡന്‍റ്, സാംസ്കാരിക നായകന്‍ ജനങ്ങളുടെ പ്രിയംങ്കരനായിരുന്ന മണ്മ റഞ്ഞ ശ്രീ.കൊപ്പാറ നാരായണന്‍ നായരായിരുന്നു സമ്മാനവിതരണം നടത്തിയത്.
ചെറുപ്പത്തില്‍ മിക്ക വീടുകളുടെ മുറ്റത്തു് ചെടികള്‍ നിറസൗന്ദര്യങ്ങളോടെ വളരുന്നത് കാണാം. അത് സ്കൂളിലുമുണ്ട്. സ്കൂള്‍ കുട്ടികളാണ് വീട്ടുമുറ്റത്തു് ചെടികള്‍ നട്ടുവളര്‍ത്തുക. ഇന്നത്തെ എത്ര കുട്ടികള്‍ക്ക് പൂക്കളുടെ സുഗന്ധം ആസ്വദിക്കുന്നുവെന്ന് അറിയില്ല. ഓണത്തിന് വേണ്ടുന്ന കൃഷിവിഭവങ്ങള്‍ പാടത്തും പറമ്പത്തു് നിന്ന് ലഭിക്കുമായിരിന്നു. ഇന്ന് മണ്ണില്‍ നിന്ന് പൊന്നുവിളയിക്കുന്നതിന് പകരം മല യാളികള്‍ രാസവളത്തില്‍ വളര്‍ത്തിയ പച്ചക്കറി സാധനങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി മണ്ണ് തിന്ന കോഴിയെപോലെ രോഗികളായി മാറുന്നു. അധ്വാനിച്ചാല്‍ മഹിമ കുറയുമെന്ന് കരുതുന്നവര്‍.
കൂട്ടുകാരുടെ വീട്ടുമുറ്റത്തു് കണ്ടിരുന്ന ഓണപ്പൂക്കളം വര്‍ണ്ണവൈവിധ്യം നിറഞ്ഞ ഓണസദ്യപോലെ മനസ്സില്‍ നിന്ന് മായാത്തതാണ്. വിവിധ നിറത്തിലുള്ള റോസ്, വാടാമല്ലി, ശംഖ്പുഷ്പം, നാല് മണിപ്പൂക്കള്‍, ജമന്തി, കണ്ണാന്തളി, മന്ദാരം, നങ്യാര്‍വട്ടം, കാശിത്തെറ്റി, വാഴപ്പൊടി, ചെമ്പരന്തി, തുമ്പ തുടങ്ങി ധാരാളം പൂക്കളുടെ നിറ സാന്ന്യധമാണ് അതിമനോഹരമായ പൂക്കളത്തിന് ഭംഗി കൂട്ടുന്നത്.
കാലത്തിന്‍റെ പുനര്‍നിര്‍മ്മിതിയില്‍ ഓണത്തിനും ധാരാളം പരിവര്‍ത്തനങ്ങള്‍ സംഭവിച്ചു. ചുരുക്കം വീടുകളില്‍ ഓണ സദ്യയൊരുക്കുമെങ്കിലും ആ ജോലി ഹോട്ടലുകള്‍ ഏറ്റെടുത്തു. തൂശനിലയില്‍ നിന്ന് റബര്‍ ഇലയായി. ഭക്ഷണത്തിന്‍റെ ഗുണനിലവാരം ആര്‍ക്കും പ്രശ്നമല്ല. മധുരത്തേക്കാള്‍ ഇരട്ടി മധുരം മതി. ഓണപരിപാടികള്‍ ദൃശ്യമാധ്യമങ്ങളില്‍ വിരുന്നുകാരായി. യുവജനത അവരുടെ സ്വാധിനത്തിലായി നാട്ടിലെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകള്‍ ഓണത്തിന്‍റെ മഹത്വം വെളിപ്പെടുത്തുന്നു. വിദേശത്തെ ങ്കില്‍ സംഘടനകള്‍ പണം വാങ്ങി ഹോട്ടല്‍ സദ്യ വിളമ്പുന്നു. നമ്മുടെ റോഡുകള്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നതുപോലെ ജാതി മത രാഷ്ട്രീയക്കാര്‍ മഹാബലിയുടെ സ്നേഹത്തെ കീരിയും പാമ്പുംപോലെ വളര്‍ത്തി വലുതാക്കി അപമാനിക്കുമ്പോള്‍ മഹാബലിയുടെ മഹോന്നത സന്ദേശത്തെ പ്രവാസികള്‍ മാനിക്കുന്നു. മനുഷ്യ സ്നേഹബന്ധങ്ങള്‍ ജാതിമത സങ്കുചിത ചിന്തകളില്‍ നിന്നകന്ന് ഇണങ്ങി കഴിഞ്ഞിരു ന്നെങ്കില്‍ മനുഷ്യരെല്ലാം ആമോദത്തോടെ വസിക്കുമായിരിന്നു. ഓണം എത്ര ആര്‍ഭാടമായി ആഘോഷി ച്ചാലും ഇന്നും മനസ്സില്‍ ഒളിമങ്ങാതെ ജീവിക്കുന്നത് ചെറുപ്പത്തിലനുഭവിച്ച സുഗന്ധപൂരിതമായ ഓണാവസ്ത്രവും ഓണപ്പാട്ടും ഓണക്കളികളുമാണ്.
