advertisement
Skip to content

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം പ്രവർത്തനോദ്‌ഘാടനം പ്രൗഡ്ഢ ഗംഭീരമായി നടത്തപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പുരാതനമായ മലയാളീ സംഘടന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ 2025-ലെ വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും വർണ്ണോജ്ജ്വലമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ട ചടങ്ങിൽ സമാജത്തിന്റെ മുൻ പ്രസിഡന്റുമാർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. സമാജം പ്രസിഡൻറ് സജി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈസ്റ്റർ ആശംസ നേരുന്നതിനും വിഷു ആശംസ നേരുന്നതിനും പ്രത്യേകം ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

പതിവിലുള്ള പരിപാടികളിൽ നിന്നും വ്യത്യസ്തമായി മുൻ പ്രസിഡന്റുമാരെ കോർത്തിണക്കി പുതുതായി രൂപീകരിക്കപ്പെട്ട "പ്രസിഡന്റ്‌സ്‌ ഫോറം" ഉദ്ഘാടനം ശ്രദ്ധേയമായി. അമ്പത്തിരണ്ട് വർഷം പൂർത്തീകരിച്ച് അൻപത്തിമൂന്നാമത്തെ വർഷത്തിൻറെ പ്രവർത്തനത്തിന് തുടക്കമെന്നോണം സമാജത്തിൻറെ വളർച്ചയ്ക്കും ഇന്നത്തെ നിലയിൽ എത്തുന്ന രീതിയിൽ സംഘടനയെ നേരായ പാതയിൽ നയിച്ചതിലും പ്രധാന പങ്ക് വഹിച്ച മുൻ വർഷങ്ങളിലെ പ്രസിഡന്റുമാരെ ഓരോരുത്തരെയും സ്റ്റേജിലേക്ക് വിളിച്ച് അവരെ ആദരിച്ചതും വികാരനിർഭരമായ മുഹൂർത്തങ്ങൾക്കാണ് വഴിയൊരുക്കിയത്.

സമാജം സെക്രട്ടറി മാത്യുക്കുട്ടി ഈശോ ചടങ്ങിൽ പങ്കെടുത്ത ഏവരെയും യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഏപ്രിൽ 21-ന് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞ ആഗോള കത്തോലിക്കാ സഭയുടെ നാഥനും ലാളിത്യത്തിന്റേയും ലോകനന്മയുടെയും പ്രതീകവുമായ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ്മകൾക്ക് മുൻപിലും, ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിനോദ സഞ്ചാരികളായിരുന്ന നമ്മുടെ സഹോദരങ്ങളുടെ വേർപാടിന്റെ ദുഖത്തിലും, സമാജത്തിൻറെ വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചതും നമ്മിൽ നിന്നും വേർപെട്ടുപോയതുമായ മുൻനേതാക്കളുടെ നിസ്വാർഥ സേവനങ്ങളുടെയും സ്നേഹത്തിന്റെയും ഓർമ്മകളിൽ പ്രണാമം അർപ്പിച്ചും അനുശോചനം രേഖപ്പെടുത്തിയും എല്ലാവരും എഴുന്നേറ്റ് നിന്ന് മൗന പ്രാർത്ഥനയോടെ ആദരവ് പ്രകടിപ്പിച്ചു.

സമാജത്തിന്റെ 2025-ലെ ഔദ്യോഗിക ചുമതലക്കാരുടെ സാന്നിദ്ധ്യത്തിൽ പ്രതിനിധിയായി പ്രസിഡൻറ് സജി എബ്രഹാം, ട്രസ്റ്റീ ബോർഡ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്ക്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ പ്രതിനിധിയായി ലീലാ മാരേട്ട്, മുൻ പ്രസിഡന്റുമാരുടെ സാന്നിദ്ധ്യത്തിൽ പ്രതിനിധിയായി പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലിൽ, വിശിഷ്ട അതിഥികളായ ഫാദർ യേശുദാസ്, ഡോ. മധു ഭാസ്കരൻ, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫോമായെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി പോൾ പി ജോസ് എന്നിവർ നിലവിളക്ക് തിരികൾ കത്തിച്ച് പ്രകാശിതമാക്കിയതോടെ പ്രവർത്തനോദ്ഘാടനം നടത്തിയതായി പ്രസിഡൻറ് സജി എബ്രഹാം പ്രഖ്യാപിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക് എല്ലാവരെയും പേര് വിളിച്ച് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചു.

ത്യാഗത്തിന്റെയും സമാധാനത്തിന്റെയും രക്ഷയുടെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് മലങ്കര കാത്തലിക്ക് വൈദികനും മേഴ്‌സി ഹോസ്പിറ്റൽ ചാപ്ലെയിനുമായ ഫാദർ യേശുദാസ് നൽകിയ ഈസ്റ്റർ സന്ദേശം ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. വിളവെടുപ്പിന്റെയും, പുതുവർഷത്തിന്റേയും, സമ്പൽ സമൃദ്ധിയുടെയും, മാനവികതയുടേയും സന്ദേശത്തിലൂന്നി പ്രശസ്ത കിഡ്നി രോഗ വിദഗ്ദ്ധനും നൂറു കണക്കിന് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി പ്രശസ്തിയിലുമായ ഡോ. മധു ഭാസ്കരൻ നൽകിയ വിഷു സന്ദേശം ഏവരെയും ആനന്ദത്തിലാക്കി. അതോടൊപ്പം ഏവരുടെയും മാനസികോല്ലാസത്തിനായി ആഘോഷത്തിൻറെ പ്രതീകമായി കലാതരംഗിണി ഡോ. റിയ ജോണിന്റെയും കലാമണ്ഡലം മേരി ജോണിന്റേയും നേതൃത്വത്തിൽ നടത്തപ്പെട്ട അതിമനോഹര നൃത്ത വിരുന്നും, സിവിൽ എൻജിനീയർ കൂടിയായ ഗായിക മഹിമ ജേക്കബ്ബിന്റെ ശ്രവണസുന്ദര ഗാനങ്ങളും, അനുഗ്രഹീത ഗായകൻ പ്രേംകൃഷ്ണയുടെ നാടൻ പാട്ടുകളുടെ അടിപൊളി ഗാനപെരുമഴയും പങ്കെടുത്ത ഏവരേയും ആഘോഷ കൊടുമുടിയിൽ എത്തിച്ചു. ജിനു ആൻ മാത്യു അവതാരകയായി അതിമനോഹരമായി പരിപാടികൾ ഇടതടവില്ലാതെ നിയന്ത്രിച്ചു.

പ്രസിഡൻറ് ഫോറം ഉദ്ഘാടനത്തിനായി സമാജം ട്രഷററും മുൻ പ്രസിഡൻറുമായ വിനോദ് കെയാർക്കേ മുൻ പ്രസിഡന്റുമാരെ പേര് വിളിച്ച് വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ഹർഷാരവത്തോടെ സദസ്സ് ഓരോരുത്തരേയും സ്റ്റേജിലേക്ക് ആനയിച്ച് ബൊക്കെ നൽകി സ്വീകരിച്ചു. അത് മുൻ പ്രസിഡന്റ്മാർക്ക് അഭിമാനത്തിന്റേയും ആദരവിന്റേയും മുഹൂർത്തങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ സന്നിഹിതരായിരുന്ന എല്ലാ മുൻ പ്രസിഡന്റുമാരും വേദിയിൽ നിരന്നു നിന്നപ്പോൾ നിലവിലെ സമാജം പ്രസിഡൻറ് ഏവർക്കും ആശംസകൾ അർപ്പിച്ച് പ്രസിഡന്റ്‌സ്‌ ഫോറം രൂപീകരിക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലിൽ മരണത്തിലൂടെ ഈ ലോകത്തിൽ നിന്നും വേർപെട്ടു പോയ മുൻ പ്രസിഡന്റുമാരുടെ പേരുകൾ വായിച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഫോറം കോർഡിനേറ്റർ മുൻ പ്രസിഡൻറ് ഷാജു സാം പ്രസിഡന്റ്‌സ്‌ ഫോറം രൂപീകരിച്ചതിലുള്ള നന്ദി രേഖപ്പെടുത്തി എല്ലാവർക്കും ആശംസകൾ അർപ്പിച്ചു.

യുവാക്കളെ സമാജത്തിന്റെ അംഗത്വത്തിലേക്ക് പ്രവേശിപ്പിക്കുന്നതിൻറെ ഭാഗമായി യുവ ഐ.ടി. വിദഗ്ദ്ധനായ ടിക്കു മാമ്മൻ കോശിയിൽ നിന്നും അഡ്‌മിഷൻ ഫോമം പ്രഥമ പ്രസിഡൻറ് പ്രൊഫ. ചെറുവേലിൽ കൈപ്പറ്റി അംഗത്വം നൽകി. പരിപാടികളുടെ ക്രമീകരണങ്ങളിൽ സഹകരിച്ച എല്ലാ സമാജം എക്സിക്യൂട്ടീവ് - ബി.ഓ.റ്റി. അംഗങ്ങളുടെ നിസ്വാർത്ഥ സേവനത്തിനും പങ്കെടുത്ത ഏവരുടെയും സഹകരണത്തിനും ട്രഷറർ വിനോദ് കെയാർക്കേ കൃതജ്ഞത രേഖപ്പെടുത്തി. പങ്കെടുത്തവർക്ക് വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest