ന്യൂയോർക്ക്: 1990-ൽ ലോങ്ങ് ഐലൻഡിൽ രൂപീകൃതമായ ഇന്ത്യൻ അമേരിക്കൻ മലയാളീ അസ്സോസ്സിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും സെപ്റ്റംബർ 14 ഞായറാഴ്ച ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ അതിവിപുലമായി നടത്തുന്നു. ബല്ലെറോസ് യൂണിയൻ ടേൺപൈക്കിലുള്ള സന്തൂർ കുട്ടനാടൻ റെസ്റ്റോറന്റിൽ നടക്കുന്ന ഓണസദ്യയിൽ സംഘടനാ അംഗങ്ങളെക്കൂടാതെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. തത്വ ചിന്തകനും അഭിനേതാവും വേദ പണ്ഡിതനുമായ പാർത്ഥസാരഥി പിള്ള ഓണസന്ദേശം നൽകും. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും നടത്തപ്പെടുന്നതാണ്.

പ്രസിഡൻറ് ബിജു ചാക്കോ, വൈസ് പ്രസിഡൻറ് ഉഷാ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ്, ട്രഷറർ ബേബി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ, ജോയിന്റ് ട്രഷറർ ജോർജ് തോമസ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ ബെഞ്ചമിൻ ജോർജ് ഉപദേശക സമിതി ചെയർമാൻ മാത്യു തോമസ്, ഓണം കമ്മറ്റി കോർഡിനേറ്റർമാരായ ജോൺ തോമസ്, ശോശാമ്മ ആൻഡ്രൂസ് മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഓണാഘോഷത്തിനുള്ള ക്രമീകണങ്ങൾ എല്ലാം പൂർത്തിയാക്കി. ഫോമയുടെയും ഫൊക്കാനയുടെയും റീജിയണൽ ഭാരവാഹികൾ, സമീപ പ്രദേശങ്ങളിലെ മറ്റ് സംഘടനാ നേതാക്കൾ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തുടങ്ങി ധാരാളം പേർ ഓണാഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ഫൊക്കാനയുടെ മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്യുന്നതാണ്.
