ഡാളസ് /കോട്ടയം :ശ്രീ ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് കോട്ടയത്തുള്ള സിഎംഎസ് കോളേജിൽ വെച്ച് വിവിധ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ട്രസ്റ്റിന്റെ അഖിലേന്ത്യ കോർഡിനേറ്ററായ കേണൽ പ്രൊഫസർ ഡോക്ടർ കാവുമ്പായി ജനാർദ്ദനൻ അധ്യക്ഷനേയും മുഖ്യാതിഥിയേയും വിശിഷ്ടാതിഥികളേയും സ്വാഗതം ചെയ്തു. അതിനു ശേഷം അഖിലേന്ത്യാതലത്തിൽ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവിധ കാരുണ്യസേവാ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. ദരിദ്രരായ 3,64,100 സ്കൂൾ കുട്ടികൾ ക്കും 29,310 കോളേജ് വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായം, പാവപ്പെട്ടവർക്ക് ഭവന നിർമ്മാണം, സ്വയംതൊഴിൽ പദ്ധതി, സാധു പെൺകുട്ടികളുടെ വിവാഹം തുടങ്ങിയവയ്ക്കുള്ള ധനസഹായം എന്നിവ നൽകിയതുൾപ്പെടെ ₹14,66,30,000 മലയാളി യായ ശ്രീ ജോസഫ് ചാണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു എന്നത് അവിശ്വസനീയമായി തോന്നാവുന്ന കാര്യമാണ്. ഇതിനു പുറമേ, പാവപ്പെട്ട വർക്ക് ഭവനനിർമ്മാണം, ഭവന പുനർനിർമാണം, ചികിത്സ, പെൺകുട്ടികളുടെ വിവാഹo എന്നിവയ്ക്ക് സാമ്പത്തിക സഹായങ്ങൾ നൽകി. അനാഥാലയങ്ങൾക്കും സ്വയം തൊഴിൽ പദ്ധതികൾക്കും സാമ്പത്തിക സഹായം നൽകി. കനിവിന്റെ സൂര്യതേജസ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന കോട്ടയം സ്വദേശിയായ ശ്രീ ജോസഫ് ചാണ്ടി അമേരിക്കൻ പൗരൻ കൂടിയാണ്. അമേരിക്കയിൽ നിന്നുകൊണ്ട് ഇന്ത്യയിലെ നിസ്വാർത്ഥരായ സാമൂഹ്യ സേവകരുടെ സഹായത്താൽ ഇന്ത്യയിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.






കോട്ടയത്തെ സിഎംഎസ് കോളേജ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ സാബു മാത്യു അധ്യക്ഷത വഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെയും മാനേജിംഗ് ട്രസ്റ്റിയുടെ ഉദാരതയെയും വളരെയധികം പ്രശംസിച്ചു. കോട്ടയം ജില്ലയിൽ ട്രസ്റ്റിനു വേണ്ടി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ശ്രീ ഗോപി കൃഷ്ണന് മദർ തെരേസ ജീവകാരുണ്യ സേവാ പുരസ്കാരം നൽകി.
ഉമ്മൻചാണ്ടി മെമ്മോറിയൽ ഭവന പുനരുദ്ധാരണ പദ്ധതി മുഖ്യാതിഥി ഡോക്ടർ മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി പഞ്ചായത്തിലെ 10 പാവപ്പെട്ട കുടുംബ ങ്ങൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി വഴി ഒന്നര ലക്ഷം രൂപയാണ് ട്രസ്റ്റ് നൽകിയത്. ഉമ്മൻചാണ്ടി മെമ്മോറിയൽ ഭവന നിർമ്മാണ പദ്ധതി വിശിഷ്ടാതിഥി അഡ്വക്കേറ്റ് സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് വേണ്ടി ട്രസ്റ്റ് മൂന്നുലക്ഷം രൂപ സഹായധനം നൽകി. കോട്ടയം സിഎംഎസ് കോളേജിലെയും പുതുപ്പള്ളി വി ജെ ഓ എം സ്കൂളിലെയും 10 വീതം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അഞ്ചു സൂസൻ ജോർജ്, കോട്ടയം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ബി ഗോപകുമാർ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ട്രസ്റ്റിന്റെ കോട്ടയം ജില്ലാ കോഡിനേറ്റർ ആയ സുനിൽ ദേവ് നന്ദി പ്രകടനം നടത്തിയതോടെ യോഗം സമാപിച്ചു.
