advertisement
Skip to content

മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ (MAT) പ്രവർത്തന ഉത്ഘാടനം പ്രൗഢഗംഭീരമായി

ടാമ്പാ, ഫ്ലോറിഡ : മലയാളി അസ്സോസിയേഷന്‍ ഓഫാ ടാമ്പായുടെ പ്രവര്‍ത്തനോദ്ഘാടനം വൈവിധ്യമാര്‍ന്ന വര്‍ണ്ണശബളമായ കലാപരിപാടികള്‍ കൊണ്ടും, വമ്പിച്ച ജനപങ്കാളിത്വവും കൊണ്ടും മാറ്റിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതിചേര്‍ത്തു.

ഫെബ്രുവരി 28-നു ശനിയാഴ്ച വൈകുന്നേരം ആറുമണിയോടു കൂടിയാണ് ടാമ്പാ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ആഘോഷ പരിപാടികള്‍ക്കു തുടക്കമായത്.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സാംസ്‌കാരിക സാമുദായിക, ഫൊക്കാന-ഫോമ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
മുന്‍ പ്രസിഡന്റ് ശ്രീ.ജോണ്‍ കല്ലോലിക്കല്‍ തന്റെ ആമുഖ പ്രസംഗത്തിനുശേഷം, പുതുതായി സ്ഥാനമേല്‍ക്കുന്ന ഭാരവാഹികളെ സ്റ്റേജിലേക്കു ക്ഷണിച്ചു.

വിശിഷ്ടാതിഥികളായി എത്തിയ ഡോ.സൗമ്യ വിശ്വനാഥ്, ശ്രീ.ഗിരീഷ് നാരായണന്‍ എന്നിവരോടൊപ്പം, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്രീ. ബിജോയ് ജോസഫും കമ്മറ്റിയംഗങ്ങളും വേദിയിലെത്തി.

മുന്‍ പ്രസിഡന്റ് ശ്രീമതി സുനിതാ ഫ്‌ളൗവര്‍ഹില്‍ ചൊല്ലിക്കൊടുത്ത, സത്യപ്രതിജ്ഞ വാചകം ഏറ്റു ചൊല്ലി, പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ഭദ്രദീപം തെളിയിച്ചതിനുശേഷം, പ്രസിഡന്റ് ബിജോയ് ജോസഫ്, തന്നില്‍ വിശ്വാസമര്‍പ്പിച്ച് ഏല്‍പിച്ച ചുമതലകള്‍, കാര്യക്ഷമമായി, ആത്മാര്‍ത്ഥതയോടു കൂടി പ്രാവര്‍ത്തികമാക്കുമെന്ന് ഉറപ്പു നല്‍കി. 'മാറ്റി' ന്റെ പ്രവര്‍ത്തനങ്ങള്‍, കമ്മറ്റിയംഗങ്ങളുടേയും, പൊതുജനങ്ങളുടേയും സഹകരണത്തോടെ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടുതല്‍ യുവജന പങ്കാളിത്വം, കൂടുതല്‍ വനിതാ പ്രാതിനിധ്യം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രധാന അതിഥിയായി എത്തിയ ബേബികെയര്‍ മെഡിക്കല്‍ ഫിസിഷ്യന്‍ ഡോ.സൗമ്യ വിശ്വനാഥ് പാരമ്പര്യമായി കേരളത്തോടു തനിക്കുള്ള കുടുംബബന്ധം സദസ്യരുമായി പങ്കുവെച്ചു. മെഡിക്കല്‍ സേവനരംഗത്ത് ടാമ്പാ മലയാളികള്‍ ചെയ്യുന്ന മഹത്തായ സേവനങ്ങളെ അവര്‍ പ്രശംസിച്ചു.

വിശിഷ്ടാതിഥിയായ എത്തിയ ശ്രീ. ഗിരീഷ് നാരായണന്റെ ഫ്യൂഷന്‍ സംഗീതം ഏവരും ആസ്വദിച്ചു. തുടര്‍ന്നു മൂന്നുമണിക്കൂറുകളോളം ഇടവേളകളില്ലാതെ അരങ്ങേറിയ കണ്ണഞ്ചിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികളെ വിസ്മയഭരിതരാക്കി. ജിനിത ചാലയില്‍, ജോമോന്‍ തെക്കത്തോട്ടില്‍ എന്നിവര്‍ എം.സി.മാരായി പരിപാടികള്‍ നിയന്ത്രിച്ചു. ഇന്‍ഡ്യന്‍ വിഭവങ്ങളടങ്ങിയ ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു.

രാജു മൈലപ്രാ (മീഡിയ അഡൈ്വസര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -

Latest