മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് നല്ല വേദികൾ ഒരുക്കുന്നതിനും ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിച്ചു വരുന്ന “കലാവേദി” എന്ന കലാ സംഘടന ECHO എന്ന സാമൂഹിക ചാരിറ്റി സംഘടനയിലെ "സീനിയർ വെൽനെസ്സ് പ്രോഗ്രാം" അംഗങ്ങൾക്ക് സമർപ്പണമായി നടത്തിയ സംഗീത സന്ധ്യ ജനശ്രദ്ധ നേടി. അനുഗ്രഹീത കലാകാരൻ സിബി ഡേവിഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന കലാവേദി വർഷംതോറും നടത്തിവരുന്ന സംഗീത സായാഹ്നമാണ് ഈ വർഷം ECHO അംഗങ്ങൾക്കായി സമർപ്പിച്ചത്. നല്ല ഒരു ഗായകൻ കൂടിയായ സിബി ഡേവിഡ് പ്രാദേശിക കലാകാരന്മാരെ കോർത്തിണക്കി കൊണ്ട് നടത്തി വരുന്ന കലാപരിപാടികൾ ഇതിനോടകം ജനശ്രദ്ധ നേടിയ പ്രോഗ്രാമുകളാണ്. കോവിഡ് കാലത്ത് ഫോമയുമായി സഹകരിച്ച് സൂം പ്ലാറ്റ്‌ഫോമിലൂടെ കലാവേദി പല എപ്പിസോഡുകളിലായി അവതരിപ്പിച്ച "സ്നേഹ സംഗീതം" പരിപാടി വൻ വിജയമായിരുന്നു.
ന്യൂയോർക്കിൽ അറിയപ്പെടുന്ന അനുഗ്രഹീത ഗായകരായ അലക്സ് ഫ്രാൻസിസ്, സൂസൻ വർഗ്ഗീസ്, ലിയാ റെയ് ഐസൻ, പ്രേം കൃഷ്ണൻ, ജോസ് ടി. ജോൺ (ഡെന്നി) എന്നിവരുടെ അതിമനോഹരമായ സംഗീതാലാപനം പ്രേക്ഷകരുടെ മനസ്സിന് കുളിർമ്മയേകി. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളായി ഏവരുടെയും മനസ്സിൽ തങ്ങി നിന്നിരുന്ന ശ്രവണസുന്ദര ഗാനങ്ങൾ അതിൻറെ തനതായ ഈണത്തിൽ ഗായകർ ആലപിച്ചപ്പോൾ കേൾവിക്കാരായ എല്ലാവരുടെയും മനസ്സുകൾ പഴയകാല സ്മരണകളിലേക്ക് ആഴ്ന്നിറങ്ങി അവരുടെ ചെറുപ്പകാലങ്ങളിലെ ജീവിതത്തിലൂടെ മിന്നിമറയുകയായിരുന്നു. ഗാനങ്ങൾ ആലപിച്ച ഗായകരോടൊപ്പം തന്നെ മൂളിപ്പാട്ടായി പാട്ടുകൾ ആലപിച്ച് എല്ലാവരും ചിരകാല സ്മരണകളിലൂടെ യാത്രചെയ്ത് ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. എക്കാലവും നാടൻ പാട്ടുകളിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമായി അനുഗ്രഹീത ഗായകൻ പ്രേം കൃഷ്ണൻ ആലപിച്ചപ്പോൾ ശ്രോതാക്കളെല്ലാവരും ആ പാട്ടുകൾ ഏറ്റുപാടി ആസ്വദിച്ചു. മയൂര സ്കൂൾ ഓഫ് ഡാൻസിൻറെ സാരഥിയായ പ്രശസ്ത നർത്തകി ബിന്ദ്യാ ശബരി പരിപാടികളുടെ ആരംഭത്തിൽ അവതരിപ്പിച്ച നയനസുന്ദരമായ സെമി ക്ലാസ്സിക്കൽ ഡാൻസ് ഏവരും നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയവും മതപരവുമായ അതിർ വരമ്പുകൾക്കപ്പുറം പരമ്പരാഗത കലകളിലൂടെയും സംസ്കാരത്തിലൂടെയും ആഗോള മൈത്രി നിലനിർത്തുക എന്ന ദൗത്യത്തോടെ ന്യൂയോർക്കിൽ രണ്ട് പതിറ്റാണ്ട് മുമ്പ് രൂപം കൊണ്ട കലാ-സാംസ്കാരിക സംഘടനയാണ് കലാവേദി ഇന്റർനാഷണൽ. ദാരിദ്ര മേഖലയിലുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നിവ നൽകുന്നതിന് മുൻതൂക്കം നൽകുന്ന സംഘടന കൂടിയാണ് കലാവേദി. ഇതിനോടകം നൂതന ശൈലിയിലൂടെ നിരവധി കലാപരിപാടികൾ അവതരിപ്പിച്ച് കലാവേദി ജനപിന്തുണ കരസ്ഥമാക്കിയിട്ടുണ്ട്. കലാവേദി സാരഥികളായ പ്രസിഡൻറ് സിബി ഡേവിഡ്, മുൻ പ്രസിഡൻറ് ക്രിസ് തോപ്പിൽ, സെക്രട്ടറി ബിജു ചാക്കോ, ട്രഷറർ മാത്യു മാമ്മൻ, വൈസ് പ്രസിഡൻറ് കോരസൺ വർഗ്ഗീസ്, ജോയിൻറ് സെക്രട്ടറി ആൻറണി ജോസഫ്, ജോയിൻറ് ട്രഷറർ ഷാജി വർഗ്ഗീസ്, ഫിനാൻഷ്യൽ അഡ്വൈസർ ഷാജു സാം, ഓഡിറ്റർമാരായ സജി മാത്യു, ബിജു സാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഗീത സന്ധ്യ ക്രമീകരിച്ചത്.
ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയാണ് എക്കോ (ECHO - Enhance Community through Harmonious Outreach). വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പന്ത്രണ്ട് വർഷം മുമ്പ് രൂപീകൃതമായ ECHO ഇപ്പോൾ നമ്മുടെ സമൂഹത്തിലെ ഏകാന്തത അനുഭവിക്കുന്ന സീനിയർ വ്യക്തികൾക്ക് വേണ്ടി "സീനിയർ വെൽനെസ്സ് പ്രോഗ്രാം" നടത്തി ജനസമ്മതി ആർജ്ജിച്ച സംഘടനയാണ്. സീനിയർ അംഗങ്ങളുടെ മാനസീക-ശാരീരിക-ആരോഗ്യ പരിപാലനത്തിനായി എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 3 മുതൽ 7 വരെ ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി മാർട്ടിൻ കമ്മ്യൂണിറ്റി ഹാളിൽ (1601 Marcus Ave, New Hyde Park, NY 11040) നടത്തി വരുന്ന സൗജന്യ വെൽനെസ്സ് പ്രോഗ്രാമിൽ ധാരാളം പേർ പങ്കെടുത്ത് ആരോഗ്യ പരിപാലനം നടത്തുന്നു. ECHO-യുടെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിനായി ലെവി ടൗണിൽ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ (110 School House Road, Levittown, NY 11756) എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 4 മുതൽ 7 വരെ വെൽനെസ്സ് പ്രോഗ്രാം നടത്തിവരുന്നു. പ്രസ്തുത സൗജന്യ പരിപാടിയിൽ ധാരാളം സീനിയർ അംഗങ്ങളാണ് പങ്കെടുക്കുന്നത്. ഈ സംഘടനയിലെ സീനിയർ അംഗങ്ങൾക്ക് സമർപ്പണമായാണ് കലാവേദി ഗാന സന്ധ്യ അവതരിപ്പിച്ചത്.
കലാവേദി സെക്രട്ടറി ബിജു ചാക്കോ ഏവർക്കും സ്വാഗതം ആശംസിച്ച് സംഗീത സന്ധ്യക്ക് തുടക്കം കുറിച്ചു. പ്രസിഡൻറ് സിബി ഡേവിഡ് കലാവേദിയുടെ പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ച് അദ്ധ്യക്ഷ പ്രസംഗം നടത്തി. അതിഥിയായി പങ്കെടുത്ത കാർത്തികേയൻ നിലമ്പൂർ, എക്കോ ഡയറക്ടർ സാബു ലൂക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. റെജി മാത്യു പരിപാടികളുടെ അവതാരകനായി വളരെ മനോഹരവും സരസവുമായി പ്രോഗ്രാം സമയബന്ധിതമായി നിയന്ത്രിച്ചു. ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെട്ട ഗാന സന്ധ്യയിൽ എക്കോയിലെ സീനിയർ പൗരന്മാരെ കൂടാതെ സമൂഹത്തിലെ മറ്റ് വ്യക്തികളും പങ്കെടുത്ത് പരിപാടി ആസ്വദിച്ചു.